നാഴികക്കല്ല് പിന്നിട്ട് ടാറ്റാ ന്യൂ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ്
തിരുവനന്തപുരം: 20 ലക്ഷത്തിലധികം ടാറ്റാ ന്യൂ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്തുകൊണ്ട് സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ടാറ്റാ ന്യൂവും എച്ച്ഡിഎഫ്സി ബാങ്കും.
ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട റിവാർഡ് ക്രെഡിറ്റ് കാർഡുകളിലൊന്നായി മാറി ടാറ്റാ ന്യൂ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്.
2022 ഓഗസ്റ്റിൽ പുറത്തിറക്കിയതിനുശേഷം, കാർഡ് ഗണ്യമായ മുന്നേറ്റമാണ് കൈവരിച്ചത്.
അംബാനി വീണ്ടും 100 ബില്യണ്‍ ഡോളർ ക്ലബ്ബിൽ
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി വീണ്ടും 100 ബില്യണ്‍ ഡോളർ ക്ലബ്ബിൽ. രണ്ട് മാസത്തിനുള്ളിൽ ഏകദേശം 20 ബില്യണ്‍ ഡോളറായാണ് അംബാനിയുടെ ആസ്തി വർധിച്ചത്. ഇതോടെ മുകേഷ് അംബാനി ലോകത്തെ അതിസന്പന്നരുടെ ആദ്യ പതിനാറുപേരുടെ പട്ടികയിൽ ഇടം പിടിച്ചു. നിലവിൽ 14-ാം സ്ഥാനത്താണ്.
മാർച്ച് പകുതി മുതൽ ഇന്ത്യൻ ഓഹരിവിപണിയിലുണ്ടായ ശക്തമായ കുതിപ്പും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവുമാണ് ഇന്ത്യയിലെ മുൻനിര ശതകോടീശ്വരന്മരുടെ ആസ്തിയിൽ വർധനയ്ക്കു കാരണമായത്.
ഫോർബ്സിന്റെ റിയൽ-ടൈം ബില്യണേഴ്സ് റാങ്കിംഗ് അനുസരിച്ച്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി 106.1 ബില്യണ്‍ ഡോളറാണ്. മാർച്ച് തുടക്കത്തില അംബാനിയുടെ ആസ്തി 81 ബില്യണ്‍ ഡോളറായി താഴ്ന്നിരുന്നു.
അടുത്തകാലത്തുണ്ടായ തകർച്ചയിൽനിന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെയും ജിയോ ഫിനാൻഷൽ സർവീസസിന്റെ ശക്തമായി തിരിച്ചുവരാണ് അംബാനിക്കു നേട്ടമായത്. ഇവയുടെ ഓഹരികൾ യഥാക്രമം 25 ശതമാനവും 29 ശതമാനവും ഉയർന്നു.
ഉയർച്ചയുണ്ടായിട്ടും, അംബാനിയുടെ ആസ്തി ഇപ്പോഴും 2024 ജൂലൈ എട്ടിന് സ്ഥാപിച്ച 120.8 ബില്യണ്‍ ഡോളറിന്റെ റിക്കാർഡിനേക്കാൾ ഏകദേശം 20 ശതമാനം താഴെയാണ്.
ഗൗതം അദാനിക്കും നേട്ടം
അദാനി ഗ്രൂപ്പ് ചെയർമാനും ഇന്ത്യയിലെ രണ്ടാമത്തെ സന്പന്നനുമായ ഗൗതം അദാനിയും ഓഹരിവിപണിയിലുണ്ടായ കുതിപ്പിൽ നേട്ടമുണ്ടാക്കി. അദ്ദേഹത്തിന്റെ ആസ്തി 61.8 ബില്യണ്‍ ഡോളറിലെത്തി. എന്നാൽ ഇപ്പോഴും 2024 ജൂണ്‍ മൂന്നിനു രേഖപ്പെടുത്തിയ 120.8 ബില്യണ്‍ ഡോളറിന്റെ എക്കാലത്തെയും ഉയർന്ന ആസ്തിയേക്കാൾ 57 ശതമാനം താഴെയാണ്.
സണ്‍ ഫാർമസ്യൂട്ടിക്കലിന്റെ ദിലീപ് സാങ്വിയും ഭാരതി എയർടെല്ലിന്റെ സുനിൽ മിത്തലും 4.9 ബില്യണ്‍ ഡോളറിലധികം നേട്ടം കൈവരിച്ചു. ഇതോടെ ഇരുവരുടെയും ആസ്തി യഥാക്രമം 28.8 ബില്യണ്‍ ഡോളറും 27.4 ബില്യണ്‍ ഡോളറുമായി ഉയർത്തി. സാങ്വി ഇപ്പോൾ തന്റെ മുൻ ഉയർന്ന നിലയേക്കാൾ 10 ശതമാനം താഴെയും മിത്തൽ 2024 സെപ്റ്റംബറിലെ തന്റെ വ്യക്തിഗത റിക്കാർഡിൽനിന്ന് ഒരു ശതമാനം മാത്രം താഴെയാണ്.
രാധാകൃഷ്ണൻ ദമാനി (അവന്യു സൂപ്പർമാർട്സ്), സാവിത്രി ജിൻഡാൽ (ഇന്ത്യയിലെ ഏറ്റവും വലിയ ധനിക), ശിവ് നാടാർ (എച്ച്സിഎൽ ടെക്നോളജീസ്) എന്നിവരുടെ ആസ്തികളും വർധിച്ചു.
ലക്ഷ്മി മിത്തലും ഉദയ് കൊടക്കും മികച്ച നിലയിൽ
ആർസെലർ മിത്തലിന്റെ ചെയർമാനായ ലക്ഷ്മി മിത്തലും കൊടക് മഹീന്ദ്ര ബാങ്കിന്റെ മുൻ എംഡി ഉദയ് കൊടക്കും നേരത്തെയുണ്ടായ നഷ്ടങ്ങളിൽ നിന്ന് പൂർണമായും കരകയറി. ഇവരുടെ ആസ്തികൾ എക്കാലത്തെയും ഉയർന്ന നിലയിലെത്തി. മിത്തലിന്റെ ആസ്തി 22.8 ബില്യണ്‍ ഡോളറും കൊട്ടക്കിന്റെ ആസ്തി 16.6 ബില്യണ്‍ ഡോളറുമായി. 2025 ജനുവരി മുതൽ യഥാക്രമം 3.7 ബില്യണ്‍ ഡോളറും 3.1 ബില്യണ്‍ ഡോളറുമാണ് നേടിയത്.
ഓഹരിവിപണിയിലെ കുതിപ്പ് നിരവധി ശതകോടീശ്വരന്മാരുടെ സന്പത്തിൽ റിക്കാർഡ് വർധനയുണ്ടാക്കിയെങ്കിലും എക്കാലത്തെയും ഉയർന്ന ആസ്തിയിൽനിന്ന് വളരെ പിന്നിലുള്ള ശതകോടീശ്വരന്മാരുമുണ്ട്. സൈഡസ് ലൈഫ്സയൻസസിലെ പങ്കജ് പട്ടേലിന്റെയും ഡിഎൽഎഫിന്റെ കെ.പി. സിംഗിന്റെയും ആസ്തികൾ 45 ശതമാനം കുറഞ്ഞു.
2024ൽ ഇവരുടെ ആസ്തികൾ ഉയർന്ന് യഥാക്രമം 12.3 ബില്യണും 20.9 ബില്യണുമായിരുന്നു.സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാൻ സൈറസ് പൂനവാലയുടെ ആസ്തി ഉയർന്ന നിലയേക്കാൾ 27 ശതമാനം താഴെയാണ്. മാർക്രോടെക് ഡെവലപ്പേഴ്സിന്റെ മംഗൾ പ്രഭാത് ലോധ, ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ നുസ്ലി വാഡിയ എന്നിവരുടെ ആസ്തിയും ഏകദേശം 22 ശതമാനം കുറഞ്ഞു.
ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റെ അഞ്ച് ശതമാനം ഉടമസ്ഥാവകാശം ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്
കണ്ണൂർ: ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റെ അഞ്ചുശതമാനം ഉടമസ്ഥാവകാശം ഓഹരിക്കൈമാറ്റത്തിലൂടെ ഏറ്റെടുത്ത് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ. കഴിഞ്ഞ നവംബറിൽ പ്രഖ്യാപിച്ച ലയനത്തിന്റെ ഭാഗമായാണു നടപടി. ഓഹരിക്കൈമാറ്റത്തിലൂടെയാണു 849 കോടി രൂപ മൂല്യമുള്ള ഷെയറുകൾ സ്വന്തമാക്കിയത്.
രാജ്യത്തെ മുൻനിര ആരോഗ്യപരിചരണ സേവന ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെയും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റെയും ലയന നടപടികൾക്കു തുടക്കമായി. ആദ്യഘട്ടമായി ഓഹരി കൈമാറ്റ വ്യവസ്ഥയിൽ അഞ്ചു ശതമാനം ഷെയറുകൾ ഏറ്റെടുത്തു.
ബിസിപി ഏഷ്യ-2 ടോപ്കോ നാല് പ്രൈവറ്റ് ലിമിറ്റഡ്, സെന്റല്ല മൗറീഷ്യസ് ഹോൾഡിംഗ്സ് ലിമിറ്റഡ് എന്നീ മാതൃസ്ഥാപനങ്ങളിൽനിന്നാണു ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികൾ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഏറ്റെടുത്തത്. 2024 നവംബറിലാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെയും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റെയും ലയനം പ്രഖ്യാപിച്ചത്.
849.13 കോടി രൂപ മൂല്യമുള്ള ക്യൂസിഐഎല്ലിന്റെ 1,90,46,028 ഇക്വിറ്റി ഷെയറുകളാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിനു കൈമാറിയത്. പകരം ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ 1,86,07,969 ഷെയറുകൾ ഒന്നിന് 10 രൂപ നിരക്കിൽ ബിസിപി, സെന്റല്ല കമ്പനികൾക്കും നൽകി.പൂർണമായും ഓഹരികൾ മാത്രം ഉപയോഗിച്ചുള്ള പണരഹിത ഇടപാടാണു നടന്നത്.
ബിഎസ്ഇ ലിമിറ്റഡ്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ്, കോന്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ എന്നിവയുടെ അനുമതിയോടെയാണ് ഓഹരിക്കൈമാറ്റത്തിനു തുടക്കമിട്ടത്. ഇരുസ്ഥാപനങ്ങളിലെയും നിക്ഷേപകരെയും വിശ്വാസത്തിലെടുത്ത ശേഷമായിരുന്നു നീക്കം. ഇപ്പോൾ നടന്നിട്ടുള്ള ഓഹരിക്കൈമാറ്റം പ്രാബല്യത്തിൽ വരുന്നതിനും ഈ സ്ഥാപനങ്ങളുടെ അന്തിമഘട്ട അനുമതി ആവശ്യമാണ്.
ഇന്ത്യയിലെ ഏറ്റവും ശക്തമായ ആരോഗ്യസേവന ശൃംഖലയായി മാറുന്നതിനുള്ള യാത്രയിലെ നിർണായക ചുവടുവയ്പാണ് ഈ ഓഹരിക്കൈമാറ്റമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
വിപണിയിൽ ഏറെ തന്ത്രപ്രധാനമായ നീക്കമാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറും ക്യൂസിഐഎല്ലും തമ്മിലുള്ള ലയനം. അതിലേക്കുള്ള ആദ്യ പടിയാണ് ഇപ്പോഴത്തെ ഓഹരിക്കൈമാറ്റമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുടനീളം സാന്നിധ്യമുള്ള ഒരു ഏകീകൃത ആശുപത്രി ശൃംഖലയ്ക്ക് അടിത്തറ പാകുന്നതാണ് ഈ നീക്കം.
ലയനം പൂർത്തിയാകുന്നതോടെ എല്ലാ നിക്ഷേപകർക്കും പങ്കാളികൾക്കും ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രയോജനങ്ങൾ ലഭിക്കുമെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി. പുതുതായി ഇഷ്യു ചെയ്തിട്ടുള്ള ഷെയറുകൾക്ക് ആസ്റ്ററിന്റെ നിലവിലെ ഓഹരികളുടെ അതേ മൂല്യവും ഉടമസ്ഥാവകാശവും തന്നെയാകും ഉണ്ടാകുക.
നിയമപ്രകാരമുള്ള അനുമതികൾ കിട്ടിക്കഴിഞ്ഞാൽ ലയനം പൂർത്തിയാകും. പിന്നെ ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ’എന്നായിരിക്കും സ്ഥാപനം അറിയപ്പെടുക. ആസ്റ്ററിനും ബിസിപിക്കും ഒരുമിച്ചായിരിക്കും പിന്നീടുള്ള നിയന്ത്രണാവകാശം.
ഇന്ത്യയിലെ പ്രബലരായ രണ്ട് ആരോഗ്യസേവന ദാതാക്കൾ കൈകോർക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് വിപണി ഉറ്റുനോക്കുന്നത്. രാജ്യത്തുടനീളം ഉന്നതനിലവാരമുള്ള ചികിത്സാ സംവിധാനങ്ങൾ ഒരുക്കുകയാണ് ഇരുസ്ഥാപനങ്ങളുടെയും ലക്ഷ്യം. ഈ വർഷം തന്നെ ലയനം പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
മാന്പഴം കയറ്റുമതിയിലും അംബാനി മുന്നിൽ
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ലോകത്തെ അതിസന്പന്നരുടെ പട്ടികയിൽ 14-ാം സ്ഥാനത്തുള്ള മുകേഷ് അംബാനി ലോകത്തെ ഏറ്റവും വലിയ മാന്പള ക്കയറ്റുമതിക്കാരൻ. റിലയൻസ് ഇൻഡസ്ട്രീസ് ആണ് ലോകത്ത് ഏറ്റവും കൂടുതൽ മാന്പഴം കയറ്റുമതി ചെയ്യുന്നത്.
പെട്രോളിയം, ടെലികമ്യൂണിക്കേഷൻ, റീട്ടെയ്ൽ ബിസിനസ് തുടങ്ങിയ മേഖലകളിൽ നേട്ടങ്ങൾ സ്വന്തമാക്കിയ അംബാനി ‘പഴങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്ന മാന്പഴത്തിന്റെ കയറ്റുമതിയിലും മുന്നിലെത്തി കാർഷികമേഖലയിൽ വലിയ ചലനമാണ് ഉണ്ടായിരിക്കുന്നത്. ഗുജറാത്തിലെ ജാംനഗറിലെ വിശാലമായ 600 ഏക്കറോളം വരുന്ന മാന്പഴത്തോട്ടം. ഏകദേശം 600 ടണ്‍ പ്രീമിയം മാന്പഴമാണ് ഓരോ വർഷവും ഇവിടുന്ന് വിളയിച്ച് കയറ്റുമതി ചെയ്യുന്നത്.
ജാംനഗറിലെ എണ്ണശുദ്ധീകരണശാല കാരണം കർശനമായ പാരിസ്ഥിതിക നിയമങ്ങൾ നിലവിൽ വന്ന 1997ലാണ് റിലയൻസ് മാന്പഴക്കൃഷി തുടങ്ങിയത്. മലിനീകരണ നിയന്ത്രണ ബോർഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിനായി, തരിശുഭൂമിയെ മാന്പഴത്തോട്ടമാക്കി മാറ്റുന്നതിനുള്ള ഒരു പദ്ധതി കന്പനി ആരംഭിച്ചു.
ഇത് ധീരുഭായ് അംബാനി ലഖിബാഗ് അമ്രായ് ഫാമിന്റെ സൃഷ്ടിക്ക് കാരണമായി. തരിശായിക്കിടന്ന 600 ഏക്കർ ഭൂമിയിൽ മാന്പഴം കൃഷി ചെയ്യാൻ തുടങ്ങി. നിയമങ്ങൾ പാലിക്കാനുള്ള ഒരു മാർഗമായി ആരംഭിച്ചത് ശ്രദ്ധേയമായ കാർഷികവിജയമായി മാറുകയായിരുന്നു.
ഇപ്പോൾ 1.3 ലക്ഷത്തിലധികം മരങ്ങൾ നിറഞ്ഞ ഈ തോട്ടത്തിൽ പരന്പരാഗതവും ആധുനികവുമായ കൃഷി രീതികൾ സംയോജിപ്പിച്ച് 200-ലധികം തരം മാവുകൾ വളരുന്നു. ഇന്ത്യയുടെ കാർഷിക വേരുകളെ ആദരിക്കുന്ന ഈ തോട്ടത്തിന് പതിനാറാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി അക്ബർ സ്ഥാപിച്ച ചരിത്രപ്രസിദ്ധമായ ലഖിബാഗ് തോട്ടത്തിൽ നിന്നാണ് ഈ പേര് സ്വീകരിച്ചത്.
വരണ്ട കാലാവസ്ഥയും ഉപ്പുരസമുള്ള മണ്ണും നേരിടാൻ റിലയൻസ് നൂതന കൃഷി രീതികൾ അവതരിപ്പിച്ചു. ഭൂഗർഭജലം ശുദ്ധീകരിക്കുന്ന ഒരു ഡീസലൈനേഷൻ പ്ലാന്റിന്റെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി റിലയൻസ് പ്രതികരിച്ചു. അതേസമയം, ഡ്രിപ്പ് ഇറിഗേഷനും മഴവെള്ള സംഭരണ സംവിധാനങ്ങളും സുസ്ഥിരമായ കൃഷിയും ഉയർന്ന വിളവും ഉറപ്പു നല്കി.
അൽഫോൻസോ, കേസർ, സിന്ധു, അമ്രപാലി തുടങ്ങിയ ജനപ്രിയ ഇന്ത്യൻ മാന്പഴ ഇനങ്ങളും ഫ്ളോറിഡയിൽനിന്നുള്ള ടോമി ആറ്റ്കിൻസ്, കെന്റ് തുടങ്ങിയ അന്താരാഷ്ട്ര ഇനങ്ങളും ഇസ്രയേലിൽനിന്നുള്ള കീറ്റ്, ലില്ലി, മായ എന്നിവയും ഈ തോട്ടത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു.
ഏകദേശം 600 ടണ്‍ പ്രീമിയം മാന്പഴങ്ങളുടെ വാർഷിക ഉൽപ്പാദനത്തോടെ, റിലയൻസ് ഇപ്പോൾ ഏഷ്യയിലെ മുൻനിര മാന്പഴ കയറ്റുമതിക്കാരാണ്, പ്രാദേശിക, അന്തർദേശീയ വിപണികളിൽ വിതരണം ചെയ്യുന്നു.
അക്ഷയതൃതീയ: സ്വർണവില്പന 1,500 കോടി രൂപയ്ക്കു മുകളിൽ
കൊച്ചി: അക്ഷയ തൃതീയ ദിനമായ ഇന്നലെ സംസ്ഥാനത്തെ സ്വർണക്കടകളിൽ 1,500 കോടി രൂപയ്ക്കു മുകളിൽ സ്വർണവില്പന നടന്നതായി സ്വർണ വ്യാപാരികൾ. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായില്ല. ഗ്രാമിന് 8980 രൂപയും പവന് 71,840 രൂപയുമായിട്ടാണ് ഇന്നലെ സ്വർണവില്പന നടന്നത്.
രാവിലെ മുതൽ സ്വർണക്കടകളിൽ തിരക്ക് അനുഭവപ്പെട്ടു. വിലവർധനയുണ്ടായിട്ടും സ്വർണം വാങ്ങുന്നവരുടെ പർച്ചേസ് പവറിൽ യാതൊരു കുറവും വന്നിട്ടില്ല.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ, കോയിനുകൾ, 24 കാരറ്റ് ബാറുകൾ, ഡയമണ്ട്, പ്ലാറ്റിനം, വെള്ളി ആഭരണങ്ങൾ തുടങ്ങിയവ എല്ലാ ആഭരണശാലകളിലും വില്പനയ്ക്ക് ഒരുക്കിയിരുന്നു. നൂറു മില്ലിഗ്രാം മുതലുള്ള ആഭരണങ്ങൾ ജ്വല്ലറികളിൽ ലഭ്യമായിരുന്നു.
ഏറ്റവും കുറഞ്ഞ തൂക്കം സ്വർണമെങ്കിലും വാങ്ങിക്കുക എന്നതായിരുന്നു പ്രത്യേകത. സംസ്ഥാനത്തെ 12,000ത്തോളം ജ്വല്ലറികളിലേക്ക് അഞ്ചു ലക്ഷത്തോളം കുടുംബങ്ങൾ സ്വർണം വാങ്ങാൻ എത്തിയതായും പ്രതീക്ഷയ്ക്കനുസരിച്ചുള്ള വ്യാപാരം നടന്നതായും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
1,500 കോടി രൂപയ്ക്കു മുകളിൽ സ്വർണവ്യാപാരം നടന്നതായാണു സ്വർണ വ്യാപാര മേഖലയിൽനിന്നു ലഭിക്കുന്ന സൂചനകളെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൾ നാസർ എന്നിവർ അറിയിച്ചു. കഴിഞ്ഞവർഷത്തേക്കാൾ 35 ശതമാനത്തോളം മികച്ച വരുമാനമാണ് സ്വർണത്തിൽനിന്ന് ഇത്തവണ ലഭിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ധനലക്ഷ്മി ബാങ്കിലൂടെ യുപിഐ വഴി ജിഎസ്ടി അടയ്ക്കാം
തൃശൂർ: യുപിഐ വഴി ജിഎസ്ടി ഇടപാടുകൾ നടത്തുന്നതിനു സൗകര്യമൊരുക്കി ധനലക്ഷ്മി ബാങ്ക്. ഉപയോക്താക്കൾക്ക് ഈ സൗകര്യം നൽകുന്ന ബാങ്കുകളിൽ രാജ്യത്തെ ഏഴാമത്തേതും സംസ്ഥാനത്തുനിന്നുള്ള ആദ്യത്തെയും ബാങ്കാണ് ധനലക്ഷ്മി ബാങ്ക്.
ജിഎസ്ടി രജിസ്ട്രേഷനുള്ള ഉപഭോക്താക്കൾക്കു ധനലക്ഷ്മി ബാങ്കിന്റെ ഇടപാടുകാരാകണമെന്ന നിബന്ധന ഇല്ലാതെതന്നെ പേയ്മെന്റുകൾ നടത്താം.
സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന്റെ (സിബിഐസി) നിബന്ധനകൾക്കനുസൃതമായി ജിഎസ്ടി പേയ്മെന്റ് സ്വീകരിക്കുന്ന ധനലക്ഷ്മി ബാങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് വഴി ഉയർന്ന പരിധിയില്ലാതെയും, യുപിഐ വഴി പരമാവധി ഒരു ലക്ഷം രൂപവരെയും ഇടപാടുകൾ നടത്താവുന്നതാണ്.
കെഎല്‍എം ആക്സിവ ഫിനാന്‍ഷ്യല്‍ ഫ്രീഡം ഡ്രൈവ് റോഡ് ഷോ അഞ്ചു മുതല്‍
കൊച്ചി : കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് ‘സാമ്പത്തിക സ്വാതന്ത്ര്യം’ എന്ന പ്രമേയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന റോഡ് ഷോ ‘ഫിനാന്‍ഷ്യല്‍ ഫ്രീഡം ഡ്രൈവ്’ അഞ്ചിന് കാസര്‍ഗോഡുനിന്ന് ആരംഭിക്കും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 14 ജില്ലകളിലൂടെയും റോഡ്ഷോ കടന്നുപോകും.
റോഡ് ഷോ യുടെ സംസ്ഥാനതല ഉദഘാടനം അഞ്ചിന് കാസര്‍ഗോഡ് മെയിന്‍ ബ്രാഞ്ചില്‍ നടക്കും. 21 ന് തിരുവനന്തപുരത്ത് റോഡ് ഷോ സമാപിക്കും. സാമ്പത്തിക സാക്ഷരത പ്രചരിപ്പിക്കുക, നിക്ഷേപങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ അവബോധം നല്‍കുക, സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
റോഡ് ഷോ കടന്നു പോകുന്ന 63 കേന്ദ്രങ്ങളില്‍ പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ നല്കുന്ന സ്വീകരണ ചടങ്ങുകളില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ അണിചേരും. പത്രസമ്മേളനത്തില്‍ സിഇഒ മനോജ് രവി, വൈസ് പ്രസിഡന്റ് വി.സി.ജോര്‍ജ്കുട്ടി, വൈസ് പ്രസിഡന്റ് (ഫിനാന്‍സ്) എറിന് ലിസ്ബത്ത് ഷിബു എന്നിവർ പങ്കെടുത്തു.
ഫെഡറല്‍ ബാങ്കിന് 4,052 കോടി രൂപ അറ്റാദായം
കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തിൽ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 4052 കോടി രൂപയായി ഉയർന്നു. സാന്പത്തിക വർഷത്തിലെ നാലാംപാദത്തിന്റെ മാത്രം അറ്റാദായം 13.67 ശതമാനം വളര്‍ച്ചയോടെ 1,030.23 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 12.24 ശതമാനം വര്‍ധിച്ച് 5,18,483.86 കോടി രൂപയായും ഉയര്‍ന്നു.
മുന്‍വര്‍ഷം ഇതേ പാദത്തില്‍ 252534.02 കോടി രൂപയായിരുന്ന നിക്ഷേപം 12.32 ശതമാനം വര്‍ധനവോടെ 283647.47 കോടി രൂപയായി. വായ്പാ വിതരണത്തിലും ബാങ്കിനു മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 209403.34 കോടി രൂപയില്‍നിന്ന് 234836.39 കോടി രൂപയായി വര്‍ധിച്ചു. 12.15 ശതമാനമാണു വളര്‍ച്ചാനിരക്ക്.
റീട്ടെയില്‍ വായ്പകള്‍ 14.50 ശതമാനം വര്‍ധിച്ച് 77212.16 കോടി രൂപയായി. വാണിജ്യ ബാങ്കിംഗ് വായ്പകള്‍ 26.76 ശതമാനം വര്‍ധിച്ച് 27199 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 8.39 ശതമാനം വര്‍ധിച്ച് 79773.79 കോടി രൂപയിലും ബിസിനസ് ബാങ്കിംഗ് വായ്പകള്‍ 11.44 ശതമാനം വര്‍ധിച്ച് 19064.36 കോടി രൂപയിലുമെത്തി. സ്വര്‍ണവായ്പകള്‍ 20.93 ശതമാനം വളര്‍ച്ചയോടെ 30505 കോടി രൂപയായി ഉയർന്നു.
മൊത്തവരുമാനം 13.70 ശതമാനം വര്‍ധനവോടെ 7654.31 കോടി രൂപയിലെത്തി. 4375.54 കോടി രൂപയാണു ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.84 ശതമാനമാണിത്. അറ്റനിഷ്ക്രിയ ആസ്തി 1040.38 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.44 ശതമാനമാണിത്. 75.37 ശതമാനമാണു നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 33121.64 കോടി രൂപയായി വര്‍ധിച്ചു. 16.40 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം.
മിഡ് യീല്‍ഡ് സെഗ്മെന്റുകളിലും കറന്റ് അക്കൗണ്ടിലും ശ്രദ്ധയൂന്നിക്കൊണ്ടുള്ള തങ്ങളുടെ സമീപനത്തിനു മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് ബാങ്ക് എംഡിയും സിഇഒയുമായ കെ.വി.എസ്. മണിയന് പറഞ്ഞു.
ശാലിനി വാര്യര്‍ സിഇഒ
കൊച്ചി: നോണ്‍ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായ (എന്‍ബിഎഫ്സി) ഗോശ്രീ ഫിനാന്‍സ് ലിമിറ്റഡ് (ജിഎഫ്എല്‍) ശാലിനി വാര്യരെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും (സിഇഒ) കോ-പ്രമോട്ടറായും പ്രഖ്യാപിച്ചു.
ഫെഡറല്‍ ബാങ്കില്‍ റീട്ടെയില്‍ ബാങ്കിംഗ് വിഭാഗത്തിനു നേതൃത്വം നല്കുന്ന ശാലിനി വാര്യര്‍ നിലവില്‍ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ജൂണ്‍ രണ്ടിന് പുതിയ ചുമതല ഏറ്റെടുക്കും.
വെഡ്ഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ് കൊച്ചിയില്‍
കൊച്ചി: പ്രഥമ വെഡ്ഡിംഗ് ആന്‍ഡ് മൈസ് ടൂറിസം കോണ്‍ക്ലേവ് കൊച്ചിയില്‍ നടക്കും. വെഡ്ഡിംഗ് ആന്‍ഡ് മൈസ് ടൂറിസം രംഗത്തെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനും രാജ്യത്തെ വെഡ്ഡിംഗ് മൈസ് ടൂറിസം ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിനുമായി സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് 14ന് വൈകുന്നേരം അഞ്ചിന് ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ ഉദ്ഘാടനസമ്മേളനം നടക്കും. 15, 16 തീയതികളില്‍ കൊച്ചിയിലെ ലെ മെറിഡിയനിലാണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളും നടക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയുള്ള വാണിജ്യ കൂടിക്കാഴ്ചകള്ക്കുപുറമെ ഈ രംഗത്തെ അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും നടക്കും.
വെഡ്ഡിംഗ് ആന്‍ഡ് മൈസ് ടൂറിസം രംഗത്ത് രാജ്യത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് കെടിഎം 2024 ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ചര്‍ച്ചകളുടെ ഫലമായാണു ഈ മേഖലയിലെ അന്താരാഷ്ട്ര സമ്മേളനം കേരളത്തില്‍ നടത്താന്‍ ധാരണയായതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
കൊച്ചി, മൂന്നാര്‍, കുമരകം, കൊല്ലം, കോവളം, തൃശൂര്‍, കോഴിക്കോട്, വയനാട്, ബേക്കല്‍ എന്നീ സ്ഥലങ്ങളിലെ മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ മൈസ് സമ്മേളനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കും. ബീച്ചുകള്‍, കായലുകള്‍, മലനിരകള്‍ എന്നിവ കോര്‍ത്തിണക്കി വിവാഹ ടൂറിസം സംഘടിപ്പിക്കുമെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു.
തിരുവനന്തപുരം മിൽമയ്ക്ക് 39.07 കോടി രൂപയുടെ ലാഭം
തിരുവനന്തപുരം: ഇക്കഴിഞ്ഞ സാന്പത്തിക വർഷം 39.07 കോടി രൂപയുടെ ചരിത്ര ലാഭവുമായി മിൽമ തിരുവനന്തപുരം മേഖല യൂണിയൻ. കഴിഞ്ഞ പത്തു വർഷത്തിനിടെ ഏറ്റവും ലാഭം നേടിയ സാന്പത്തിക വർഷമാണിതെന്ന് മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് അറിയിച്ചു.
ലാഭവിഹിതത്തിൽനിന്ന് 35.08 കോടി രൂപ അധിക പാൽവിലയായും 3.06 കോടി രൂപ കാലിത്തീറ്റ സബ്സിഡി ആയും ക്ഷീരകർഷകർക്ക് നൽകി. സാന്പത്തിക വർഷം അവസാനിക്കുന്പോൾതന്നെ മുഴുവൻ ലാഭവിഹിതവും ക്ഷീരകർഷകർക്ക് നൽകിയതായും ചെയർമാൻ പറഞ്ഞു.
യൂക്കോ ബാങ്കിന് 2,445 കോടി അറ്റാദായം
കൊച്ചി: യൂക്കോ ബാങ്ക് 2024-25 സാമ്പത്തികവര്‍ഷം 2445 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. 2025 മാര്‍ച്ച് 31ന് ബാങ്കിന്റെ പ്രവര്‍ത്തനലാഭം 6,037 കോടി രൂപയായി.
ആകെ ബിസിനസ് 14.12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 5,13,527 കോടി രൂപയിലെത്തി. ബാങ്കിന്റെ ആകെ നിഷ്ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 3.46 ശതമാനത്തില്‍നിന്ന് 2.69 ശതമാനമായി കുറഞ്ഞു.
അറ്റ പലിശ വരുമാനം, പലിശേതര വരുമാനം എന്നിവയില്‍ ഉണ്ടായ ഗണ്യമായ വര്‍ധനയാണ് അറ്റാദായം കുത്തനേ ഉയരാന്‍ കാരണമെന്ന് ബാങ്ക് എംഡിയും സിഇഒയുമായ അഷ്വനി കുമാര്‍ അറിയിച്ചു. 2024-25 സാമ്പത്തികവര്‍ഷത്തില്‍ ബാങ്ക് ഓരോ മേഖലയിലും മികച്ച വളര്‍ച്ച കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.
അക്ഷയതൃതീയ: പ്രത്യേക ഓഫറുകളുമായി ജോയ് ആലുക്കാസ്
കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്, അക്ഷയതൃതീയയോടനുബന്ധിച്ച് പ്രത്യേക ഓഫറുകൾ അവതരിപ്പിച്ചു. 75,000 രൂപയോ അതിനുമുകളിലോ വിലവരുന്ന ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുന്നവർക്ക് 500 മില്ലിഗ്രാം 24 കാരറ്റ് സ്വർണബാർ സൗജന്യമായി ലഭിക്കും.
1,50,000 രൂപയുടെ ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് ഒരു ഗ്രാം 24 കാരറ്റ് സ്വർണബാറോ ലക്ഷ്മീ പ്രതിമയോ സൗജന്യമായി ലഭിക്കും. നാളെ വരെയാണ് ഓഫറുകളുടെ കാലാവധി.
ഇന്നു ജോയ്ആലുക്കാസ് ഷോറൂമിൽനിന്ന് 75,000 രൂപയ്ക്കോ അതിനുമുകളിലോ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് 200 മില്ലിഗ്രാം 22 കാരറ്റ് സ്വർണനാണയവും 10,000 രൂപയുടെ വെള്ളി ആഭരണങ്ങളുടെ പർച്ചേസുകൾക്ക് അഞ്ചു ഗ്രാം വെള്ളിനാണയവും സൗജന്യമായി ലഭിക്കും.
10 ശതമാനം അഡ്വാൻസ് പ്രീബുക്ക് ഓഫറിലൂടെ ഇപ്പോഴത്തെ സ്വർണനിരക്ക് ലോക്ക് ചെയ്യാനും, ലോക്ക് ചെയ്ത ദിവസത്തെ നിരക്കിൽ ഉപഭോക്താക്കൾക്കു സ്വർണാഭരണങ്ങൾ പർച്ചേസ് ചെയ്യാനും സാധിക്കും.
അക്ഷയതൃതീയ നാളുകളിൽ മികച്ച ഓഫറുകൾ ഉപഭോക്താക്കളിലെത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നു ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു.
സ്വർണം പവന് 320 രൂപ വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 8,980 രൂപയും പവന് 71,840 രൂപയുമായി.
ഡോ. ആസാദ് മൂപ്പന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
കണ്ണൂർ: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും എകെഎംജി എമിറേറ്റ്സിന്റെ സ്ഥാപക പ്രസിഡന്റുമായ ഡോ. ആസാദ് മൂപ്പനെ എകെഎംജിയുടെ മറായ 2025 ബൈന്യല് കണ്‍വന്‍ഷനില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്കി ആദരിച്ചു.
റാസല്‍ഖൈമയിലെ കള്‍ച്ചറല്‍ ഡെവലപ്മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ ലോകമെമ്പാടുമുള്ള പ്രമുഖ ഹെല്‍ത്ത് കെയര്‍ പ്രഫഷണലുകളും പ്രതിനിധികളും പങ്കെടുത്തു. ആരോഗ്യ പരിചരണ മേഖലയിലെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും മികച്ച സംഭാവനകളും ഒപ്പം എകെഎംജി എമിറേറ്റ്സ് സ്ഥാപിക്കുന്നതിലും സംഘടനയെ വളര്‍ത്തുന്നതിലും വഹിച്ച നിര്‍ണായക പങ്കും പരിഗണിച്ചാണ് ഡോ.ആസാദ് മൂപ്പന് അവാര്‍ഡ് നല്കി ആദരിച്ചത്.
വഴി മാത്രമല്ല വിവാഹ മുഹൂർത്തവും തെറ്റിച്ച് ഗൂഗിൾ മാപ്പ്
ഇരിട്ടി: ഗൂഗിൾ മാപ്പ് വഴി തെറ്റിക്കുന്നത് പതിവാണ്. എന്നാൽ, വിവാഹ മുഹൂർത്തം തെറ്റിച്ച സംഭവമാണ് കഴിഞ്ഞ ദിവസം ഇരിട്ടിയിൽ നടന്നത്.
തിരുവനന്തപുരം സ്വദേശിയായ വരനും സംഘവും ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ കീഴൂർ ക്ഷേത്രത്തിൽ മുഹൂർത്ത സമയമായ 10.30ന് എത്തി കാത്തുനിന്നു.
ഇരിട്ടി മാടത്തിൽ സ്വദേശിനിയായ വധുവും സംഘവും മുഹൂർത്ത സമയത്തുതന്നെ കീഴൂർ ക്ഷേത്രസന്നിധിയിൽ എത്തിയെങ്കിലും രണ്ടു കൂട്ടരും പരസ്പരം കാണാൻ കഴിയാതെ വന്നതോടെയാണ് ഗൂഗിളും കീഴൂരും ചേർന്ന് തങ്ങളുടെ വിവാഹം മുടക്കാൻ ശ്രമിക്കുന്നത് വധൂവരന്മാർ അറിയുന്നത്.
വധുവിന്റെ ബന്ധു അയച്ചുകൊടുത്ത ഗൂഗിൾ ലൊക്കേഷൻ മാറിയതോ അല്ലെങ്കിൽ വരന്റെ ബന്ധുക്കൾ ടൈപ്പ് ചെയ്ത സ്ഥലം മാറിയതോ...എന്ത് സംഭവിച്ചു എന്നറിയില്ല. വരനും കൂട്ടരും പയ്യോളിയിൽ വന്നപ്പോൾ ഗൂഗിൾ പറഞ്ഞ വഴിയിലൂടെ പയ്യോളിയിലെ കീഴൂരിൽ എത്തി. വധുവും സംഘവും വിവാഹം നടക്കേണ്ട ഇരിട്ടിയിലെ കീഴൂരിലും.
രണ്ടു സ്ഥലങ്ങളും തമ്മിൽ ഏകദേശം 60 കിലോമീറ്റർ വ്യത്യാസം. എന്തായാലും കാര്യം പിടികിട്ടിയതോടെ ഇരു കൂട്ടർക്കും ആശ്വാസമായെങ്കിലും പയ്യോളിയിൽനിന്ന് ഇരിട്ടി കീഴൂരിലേക്ക് വരനും സംഘവും എത്തി ക്ഷേത്രസന്നിധിയിൽ വച്ച് മാലയിടുന്നതുവരെ ആശങ്കയുടെ നിമിഷങ്ങൾ ആയിരുന്നു.
മുഹൂർത്തം തെറ്റിയെങ്കിലും മൂന്ന് മണിക്കൂർ വൈകിയെങ്കിലും അമ്പലനടയിൽ മാലചാർത്തിയതിന്റെ ആശ്വാസത്തിലാണ് വധൂവരൻമാർ.
ഗൂഗിൾ മാപ്പ് ചതിച്ച് പല വാഹനങ്ങളും അപകടത്തിൽപെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കല്യാണ കാര്യത്തിൽ ഗൂഗിളിന്റെ ഇടപെടൽ.
ദേശീയ കോ-ലെൻഡിംഗ് ഉച്ചകോടിക്ക് സൗത്ത് ഇന്ത്യൻ ബാങ്ക് ആതിഥേയത്വം വഹിച്ചു
കൊച്ചി: ദേശീയ കോ-ലെൻഡിംഗ് ഉച്ചകോടിക്ക് സൗത്ത് ഇന്ത്യൻ ബാങ്ക് കൊച്ചിയിൽ ആതിഥേയത്വം വഹിച്ചു. സീഡ് (സിനർജൈസിംഗ് എമർജിംഗ് എന്റർപ്രൈസസ് ഡിജിറ്റലി) എന്ന പേരിലുള്ള ദേശീയ ഉച്ചകോടിയുടെ ഒന്നാമത്തെ സീസണിലൂടെ നിലവിലുള്ളതും വളർന്നുവരുന്നതുമായ എൻബിഎഫ്സികൾ, എച്ച്എഫ്സികൾ എന്നിവയുമായുള്ള കോ-ലെൻഡിംഗ് സഹകരണം ശക്തമാക്കാനാണു ലക്ഷ്യമിട്ടത്.
ബാങ്കിന്റെ സ്ട്രാറ്റജിക് അലയൻസസ് ആൻഡ് ഡിജിറ്റൽ ബിസിനസ് ഡിപ്പാർട്ട്മെന്റാണ് സീഡ് ഉച്ചകോടി സംഘടിപ്പിച്ചത്. റീട്ടെയിൽ, കൃഷി, എംഎസ്എംഇ മേഖലകളിൽ കോ-ലെൻഡിംഗ് പങ്കാളികളെ പ്രയോജനപ്പെടുത്താനുള്ള ബാങ്കിന്റെ ദീർഘകാല കാഴ്ചപ്പാടുമായി യോജിച്ചുപോകുന്നതാണ് ഈ നീക്കങ്ങൾ.
പ്രമുഖ എൻബിഎഫ്സികൾ, എച്ച്എഫ്സികൾ എന്നിവ പങ്കെടുത്ത ഉച്ചകോടിയിൽ ബാങ്കുമായി സഹകരിക്കാവുന്ന വിവിധ കോ-ലെൻഡിംഗ് സംവിധാനങ്ങൾ അവതരിപ്പിച്ചു.
ഭവനവായ്പകൾ, പേഴ്സണൽ വായ്പകൾ, ബിഎൻപിഎൽ (ഇപ്പോൾ വാങ്ങി പിന്നീടു പണംനൽകുന്ന രീതി ) കാർഷിക കാർഷികേതര സ്വർണപ്പണയ വായ്പകൾ, പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങൾക്കുള്ള റീട്ടെയിൽ, വാണിജ്യവായ്പകൾ, സുരക്ഷിതവും അല്ലാത്തതുമായ വിദ്യാഭ്യാസവായ്പകൾ എന്നിവയ്ക്കു സഹായകരമാകുന്ന നിരവധി കോ-ലെൻഡിംഗ് സംവിധനങ്ങളെപ്പറ്റിയും ഉച്ചകോടിയിൽ ചർച്ചചെയ്തു.
അക്ഷയതൃതീയ നാളെ ; സ്വർണവ്യാപാരികളുടെ ലക്ഷ്യം 1,500 കോടിയുടെ വില്പന
കൊച്ചി: സംസ്ഥാനത്ത് അക്ഷയതൃതീയ നാളില്‍ 1,500 കോടി രൂപയുടെ വില്പനയാണ് സ്വര്‍ണവ്യാപാരികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം അക്ഷയതൃതീയ ദിവസം 1,200 കോടി രൂപയുടെ വ്യാപാരം നടന്നതായാണു കണക്കുകള്‍. നാളെയാണ് അക്ഷയതൃതീയ.
സ്വര്‍ണം വാങ്ങാന്‍ നല്ല ദിവസം എന്ന വിശ്വാസത്തില്‍ മുന്‍വര്‍ഷങ്ങളിലെല്ലാം ഈ ദിനം സ്വര്‍ണക്കടകളില്‍ വന്‍ തിരക്കായിരുന്നു. ജിഎസ്ടി വിഭാഗത്തില്‍നിന്നു ലഭ്യമായ കണക്കനുസരിച്ച് സാധാരണദിവസങ്ങളില്‍ പ്രതിദിനം 300 മുതല്‍ 400 കോടി രൂപയുടെ സ്വര്‍ണവ്യാപാരമാണു കേരളത്തില്‍ നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം മേയ് പത്തിനായിരുന്നു അക്ഷയതൃതീയ. അന്നു സ്വർണം ഗ്രാമിന് 6,700 രൂപയും പവന് 53,600 രൂപയുമായിരുന്നു നിരക്ക്. ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,940 രൂപയും പവന് 71,520 രൂപയുമായി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗ്രാമിന് 2305 രൂപയുടെയും പവന് 18,440 രൂപയുടെയും വിലവര്‍ധനയാണ് ഉണ്ടായത്. ഒരു വര്‍ഷത്തിനിടെ 35 ശതമാനത്തിലധികം വര്‍ധനയാണ് സ്വര്‍ണവിലയിൽ രേഖപ്പെടുത്തിയത്.
അക്ഷയതൃതീയയോടനുബന്ധിച്ച് ഇത്തവണയും സ്വര്‍ണവിപണിയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് ഓള് കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍, കോയിനുകള്‍ എന്നിവ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നവരുടെ തിരക്ക് ഒഴിവാക്കാനായി അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
അക്ഷയതൃതീയ ഓഫറുകളുമായി മുത്തൂറ്റ് റോയല്‍ ഗോള്‍ഡ്
കൊച്ചി: മുത്തൂറ്റ് എം. മാത്യു ഗ്രൂപ്പിന്റെ കമ്പനികളിലൊന്നായ മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് പ്രത്യേക അക്ഷയതൃതീയ ഓഫറുകള്‍ പ്രഖ്യാപിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 999 പരിശുദ്ധിയുള്ള 24 കാരറ്റ് സ്വര്‍ണനാണയങ്ങള്‍, ബിഐഎസ് ഹാള്‍ മാര്‍ക്കുള്ള 916 പരിശുദ്ധിയുള്ള 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍, ആകര്‍ഷകമായ വെള്ളി ആഭരണങ്ങള്‍ എന്നിവ എറണാകുളം കലൂരിലെ റോയല്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് ഹെഡ് ഓഫീസില്‍നിന്നു വാങ്ങാം. ഇന്ത്യയിലുടനീളം ഡെലിവറിയുമുണ്ട്. എല്ലാ സ്വര്‍ണ ഉത്പന്നങ്ങള്‍ക്കും പരിമിതകാലത്തേക്ക് രണ്ടു ശതമാനം കിഴിവും ലഭിക്കും.
ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ആഭരണങ്ങള്‍ മുന്‍കൂട്ടി തെരഞ്ഞെടുക്കാനായി അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ മുത്തൂറ്റ് റോയല്‍ ഗോള്‍ഡിന്റെ ജനകീയമായ കനകവര്‍ഷ സ്വര്‍ണനിക്ഷേപ പദ്ധതികളിലൂടെ മൂന്നു മാസം, ആറു മാസം, 11 മാസം, 20 ദിവസം കാലാവധികളില്‍ ആകര്‍ഷകമായ ബോണസും ലഭിക്കും.
പ്രതിമാസ നിക്ഷേപപദ്ധതികള്‍ 1,000 രൂപ മുതല്‍ ആരംഭിക്കുന്നു. സ്വര്‍ണം, വെള്ളി ശേഖരങ്ങളുടെ പ്രത്യേക ശ്രേണി, ആകര്‍ഷകമായ കിഴിവുകള്‍, യോജിച്ച നിക്ഷേപപദ്ധതികള്‍ എന്നിവയിലൂടെ ഈ അക്ഷയതൃതീയ ഓരോ ഉപഭോക്താവിനും അര്ഥവത്താക്കാന് ലക്ഷ്യമിടുന്നുവെന്ന് മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് പ്രമോട്ടര്‍ ആര്‍ലിന്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.
പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ശാസ്താംകോട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചു
കൊച്ചി: മുൻനിര ഗൃഹോപകരണ വിപണനശൃംഖലയായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 84-ാമത് ഷോറൂം ശാസ്താംകോട്ടയില്‍ ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തയുടെ ആശീര്‍വാദത്തോടെ പ്രവര്‍ത്തനമാരംഭിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. ഗീത, മെന്പര് പ്രകാശിനി, ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഡയറക്ടര്‍ റവ. ഡോ. ജി. ഏബ്രഹാം തലോത്തില്‍, മിത്രദാം ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് പിട്ടാപ്പിള്ളില്‍, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, ഡയറക്ടര്‍മാരായ ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, സിസിലി പോള്‍, കിരണ്‍ വര്‍ഗീസ്, മരിയ പോള്‍, ഡോ. പീറ്റര്‍ പോള്‍, ഡോ. അലക്സ് പോള്‍, അജോ തോമസ്, ജനറല്‍ മാനേജര്‍ എ.ജെ. തങ്കച്ചന് തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള് എന്നിവ വാങ്ങുന്നവര്‍ക്ക് 45,000 രൂപവരെ കാഷ് ബാക്ക് നേടാം. പഴയ ഉത്പന്നങ്ങള്‍ക്ക് 5,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുമുണ്ട്.
സ്മാര്‍ട്ട് ഫോണും ലാപ്ടോപ്പും വാങ്ങുന്ന ഓരോ ഉപഭോക്താവിനും ഉറപ്പായ സമ്മാനങ്ങള്‍ ലഭിക്കും. ഇതിനുപുറമെ, ആകര്‍ഷകമായ ബൈ ആന്‍ഡ് ഫ്ലൈ ഓഫറിലൂടെ ഭാഗ്യശാലികള്‍ക്ക് യൂറോപ്പ് ടൂര്‍ പാക്കേജ് സ്വന്തമാക്കാനുള്ള അവസരവും പിട്ടാപ്പിള്ളില്‍ ഒരുക്കിയിട്ടുണ്ട്.
എറിന് ലിസ്ബത്ത് ഷിബു കെഎല്‍എം ആക്സിവ ഫിനാന്‍സ് വൈസ് പ്രസിഡന്റ്
കൊച്ചി: കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ മാനേജ്മെന്റ് തലപ്പത്തേക്ക് എറിന് ലിസ്ബത്ത് ഷിബു എത്തുന്നു. വൈസ് പ്രസിഡന്റ് (ഫിനാന്‍സ്) ആയാണു നിയമനം.
ലണ്ടന്‍ ആസ്ഥാനമായ പ്രമുഖ മള്‍ട്ടിനാഷണല്‍ ബാങ്ക് ബാര്‍ക്ലേസിലെ അനുഭവസമ്പത്തുമായാണ് എറിന് കെഎല്‍എം ആക്സിവയുടെ സുപ്രധാന ചുമതലയിലേക്ക് എത്തുന്നത്.
കെഎല്‍എം ഫൗണ്ടറും എക്സിക്യൂട്ടിവ് ഡയറക്ടറുമായ ഷിബു തെക്കുംപുറത്തിന്റെയും ഡയറക്ടര്‍ ബിജി ഷിബുവിന്റെയും മകളാണ് കൊമേഴ്സില്‍ ബിരുദാനന്തര ബിരുദധാരിയായ എറിന്.
മാനേജ്മെന്റില്‍ യുവാക്കള്‍ക്കു പ്രാതിനിധ്യം നല്കി പുതിയ കാലഘട്ടത്തിനു യോജിക്കുംവിധം കമ്പനിയെ വളര്‍ത്തിയെടുക്കാനുള്ള സമീപനത്തിന്റെ ഭാഗമാണു പുതിയ നിയമനമെന്ന് ചെയര്മാന് ടി.പി. ശ്രീനിവാസന് പറഞ്ഞു.
ഐപിഒയ്ക്ക് തയാറെടുക്കുന്ന കെഎല്‍എം ആക്സിവയില്‍ ഫിനാന്‍സ് വിഭാഗത്തില്‍ നിര്‍ണായക റോളായിരിക്കും എറിന് ഉണ്ടാകുക.
മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് വിപണിയിൽ
കൊച്ചി: മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് വിപണിയിലിറക്കി. എഐ സ്കെച്ച് ടു ഇമേജ്, സെഗ്മെന്റിലെ മികച്ച സോണി ലൈറ്റിയ 700സി 50എംപി കാമറ, മോട്ടോ എഐ , 6.7 ഇഞ്ച് സൂപ്പര്‍ എച്ച്ഡി 1.5കെ ഫ്ലാറ്റ് ഡിസ്പ്ലേ എന്നിവ സവിശേഷതകളാണ്.
ഒപ്പം, പ്രീമിയം വീഗന്‍ ലെതര്‍ ഫിനിഷുള്ള നേര്‍ത്ത, ഭാരം കുറഞ്ഞ ഡിസൈനില്‍ മികച്ച മിലിട്ടറി ഗ്രേഡ് പരിരക്ഷ, ഐപി68 അണ്ടര്‍വാട്ടര്‍ പ്രൊട്ടക്ഷന്‍ തുടങ്ങിയവയും ഇതിന്റെ പ്രത്യേകതകളാണ്.
ബിസിനസ് കോണ്‍ക്ലേവ് അഞ്ചിന്
കൊച്ചി: കുടുംബ വ്യവസായത്തെ ഭാവി തലമുറയിലേക്കു വിജയകരമായി കൈമാറാന്‍ ആവശ്യമായ തന്ത്രങ്ങളും മൂല്യങ്ങളും പങ്കുവയ്ക്കുന്ന ബിസിനസ് കോണ്‍ക്ലേവ് മേയ് അഞ്ചിന് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറു വരെ കാലിക്കട്ട് ട്രേഡ് സെന്ററില്‍ നടക്കും.
വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസെടുക്കും. വ്യവസായികള്‍, സംരംഭകര്‍, മാനേജ്മെന്റ് വിദ്യാര്‍ഥികള്‍, കുടുംബ ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നവര്‍ എന്നിവര്‍ക്ക് ഇതു പ്രയോജനപ്പെടും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 75929 15555 / 92495 11111, info@indtoransw orld.org, www.indtoransworld.org.
ചരിത്രനേട്ടത്തിൽ കുരുമുളക്
സുഗന്ധരാജാവ് ചരിത്രനേട്ടം കൈവരിച്ചത് ദക്ഷിണേന്ത്യൻ കുരുമുളക് കർഷകരെ രോമാഞ്ചം കൊള്ളിച്ചു. റിക്കാർഡ് നേട്ടത്തിലേക്കുള്ള ദൂരം കൈവരിക്കാൻ ഉത്പാദകർ കാത്തിരുന്നത് നീണ്ട പതിനൊന്ന് വർഷങ്ങൾ.
നാളികേരോത്പന്നങ്ങളും റിക്കാർഡ് പ്രകടനം കാഴ്ചവച്ചത് സംസ്ഥാനത്തെ മുപ്പത് ലക്ഷത്തിലധികം വരുന്ന നാളികേര കർഷക കുടുംബങ്ങൾക്ക് ആവേശമായി. സുഗന്ധറാണി മുന്നേറാനാവാതെ നാണിച്ചുനിൽക്കുന്നു. സ്വർണവിപണിയിലും റിക്കാർഡ് തിളക്കം.
കുരുമുളകിനു നേട്ടം; ക്ഷാമവും ഇന്ത്യൻ കുരുമുളക് അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരം ദർശിച്ചു. 2014ൽ കുരുമുളക് കിലോ 720 രൂപയിലെത്തിയശേഷം പിന്നീട് തളർച്ചയുടെ ദിനങ്ങളിലുടെയാണ് വിപണി സഞ്ചരിച്ചത്. ഇതര ഉത്പാദകരാജ്യങ്ങളിൽ വിളവ് ഉയർന്നതോടെ ഒരു വേള 400ലേക്ക് താഴ്ന്ന് കറുത്ത പൊന്ന്.

ആഗോള തലത്തിൽ നിരക്ക് ഇടിഞ്ഞതോടെ ഉത്പാദനത്തിൽ മുൻനിരയിലുള്ള വിയറ്റ്നാമിലെ കർഷകർ കുരുമുളകിനെ കൈവിട്ട് മറ്റ് ഉത്പന്നങ്ങളിൽ ഭാഗ്യപരീക്ഷണത്തിനിറങ്ങി. അവർ ചുവടുമാറ്റിയതിന്റെ പ്രതിഫലനം കഴിഞ്ഞ രണ്ട് സീസണുകളിൽ മലബാർ മുളകിന് നേട്ടമായി. ഇതിനിടെ എൽനിനോ കാലാവസ്ഥാ പ്രതിഭാസത്തിൽ പ്രമുഖ ഉത്പാദകരാജ്യങ്ങളിൽ വിളവ് ചുരുങ്ങിയത് ചരക്കുക്ഷാമം രൂക്ഷമാക്കി. നടപ്പ് വർഷവും ഉത്പാദനം ചുരുങ്ങുമെന്ന അവസ്ഥയാണ്.
ദക്ഷിണേന്ത്യയിൽ വിളവെടുപ്പ് പൂർത്തിയായെങ്കിലും വിപണികളിൽ മുളക് വരവ് നാമമാത്രമാണ്. ചില ഭാഗങ്ങളിൽ ഉത്പാദനം മുൻവർഷത്തെ അപേക്ഷിച്ച് 40 ശതമാനം വരെ ചുരുങ്ങിയെന്നാണ് കർഷക പക്ഷം. ഇതിനിടയിൽ വിദേശത്ത് നിരക്ക് ഉയർന്നതും രൂപയുടെ വിനിമയനിരക്കിലെ തകർച്ചയും വ്യവസായികളെ ഇറക്കുമതിയിൽനിന്നു പിന്തിരിപ്പിച്ചു. വാങ്ങലുകാർ ചരക്കു സംഭരണത്തിനു കാണിച്ച ഉത്സാഹം കുരുമുളകിനെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 721 ലേക്ക് കൈപിടിച്ച് ഉയർത്തിയ ശേഷം ശനിയാഴ്ച 712 രൂപയിലാണ്.
തിളക്കമില്ലാതെ റബർ ആഗോള ടയർ നിർമാതാക്കൾ റബർ സംഭരണത്തിന് ഉത്സാഹം കാണിക്കാതെ അകന്നു കളിക്കുന്നു. ഈസ്റ്ററിനുശേഷം റബറിന് വൻ ഓർഡറുകൾ എത്തുമെന്ന് മുഖ്യ ഉത്പാദക രാജ്യങ്ങൾ കണക്കു കൂട്ടിയെങ്കിലും വ്യവസായികളുടെ തണുപ്പൻ നിലപാട് തിരിച്ചടിയായി. ഇത് മൂലം മുഖ്യ അവധിവ്യാപാര എക്സ്ചേഞ്ചുകളിൽ റബറിന് തിളങ്ങാനായില്ല. ഒസാക്ക എക്സ്ചേഞ്ചിൽ പിന്നിട്ട വാരം കിലോ 281-292 യെന്നിൽ കയറിയിറങ്ങി.

വാരാന്ത്യം ജപ്പാനിൽ 289 യെന്നിൽ നിലകൊള്ളുന്ന ഓഗസ്റ്റ് അവധി 295ലെ ആദ്യ പ്രതിരോധം തകർത്താൽ 317ലേക്ക് ഉയരുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം ഓപ്പറേറ്റർമാർ. ഉത്പാദനരംഗം ഉണരുന്ന സാഹചര്യം മുന്നിലുള്ളതിനാൽ ഓരോ ഉയർച്ചയും ഊഹക്കച്ചവടക്കാർ പുതിയ ഷോട്ട് പൊസിഷനുകൾക്ക് അവസരമാക്കാം. അതായത്, മുന്നിലുള്ള ആഴ്ചകളിൽ 281 ലെ നിർണായക സപ്പോർട്ട് നിലനിർത്താനായില്ലെങ്കിൽ കൂടുതൽ സമ്മർദത്തിലാവും.
പ്രതികൂല കാലാവസ്ഥയിൽ നേരത്തേ നിർത്തിവച്ച റബർ ടാപ്പിംഗ് പുനരാരംഭിക്കാനുള്ള തയാറെടുപ്പിലാണ് മുഖ്യ ഉത്പാദക രാജ്യങ്ങൾ. മേയ് രണ്ടാം പകുതിയിൽ പുതിയ ഷീറ്റ് വിൽപ്പനയ്ക്ക് ഇറങ്ങുമെന്ന കണക്കുകൂട്ടലിലാണ് ആഗോള ടയർ വ്യവസായികൾ. വേനൽ മഴ സംസ്ഥാനത്ത് സജീവമായ സാഹചര്യത്തിൽ ചെറുകിട കർഷകർ റബർ വെട്ടിന് നീക്കം നടത്താം. നാലാം ഗ്രേഡ് റബർ കിലോ 199 രൂപ വരെ കയറി, 200ന് മുകളിലേക്ക് റബറിനെ കടത്തി വിടാൻ ടയർ ലോബി താത്പര്യം കാണിച്ചില്ല. അവരുടെ കണ്ണുകൾ ബാങ്കോക്കിലാണ്, അവിടെ 189 രൂപയിലാണ് ഇടപാടുകൾ.
നാളികേരോത്പന്നങ്ങൾ റിക്കാർഡിൽ നാളികേരോത്പന്നങ്ങൾ പുതിയ റിക്കാർഡ് വിലയിൽ. ദക്ഷിണേന്ത്യയിൽ നാളികേര ഉത്പാദനം പ്രതീക്ഷിച്ചതിലും കുറഞ്ഞതാണ് വിപണിയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നത്.

തമിഴ്നാട്ടിൽ വിളവെടുപ്പ് പുരോഗമിച്ചെങ്കിലും മില്ലുകാരുടെ ആവശ്യാനുസരണം ചരക്ക് കണ്ടത്താൻ അവർ ക്ലേശിക്കുന്നു. കാങ്കയത്ത് കൊപ്ര ക്വിന്റലിന് 18,475 രൂപയായും വെളിച്ചെണ്ണ വില 25,975 രൂപയായും ഉയർന്ന് ഇടപാടുകൾ നടന്നു. കൊച്ചിയിൽ എണ്ണ 26,900 രൂപയിലും കൊപ്ര 17,900 രൂപയിലുമാണ്.
ഏലക്കയിൽ പ്രതീക്ഷ ഏലക്ക ലേലത്തിൽ ആഭ്യന്തര വിദേശ ഇടപാടുകാരിൽ നിന്നുള്ള പിന്തുണയിൽ വിൽപ്പനയ്ക്കെത്തിയ ചരക്കിൽ ഏറിയ പങ്കും വിറ്റഴിഞ്ഞു. കയറ്റുമതി സമൂഹം ബക്രീദ് ഡിമാൻഡ് മുന്നിൽക്കണ്ട് ഏലയ്ക്ക സംഭരിക്കുന്നുണ്ട്.

സൗദി അറേബ്യ നേരിട്ട് ഇന്ത്യൻ ചരക്ക് വാങ്ങുന്നില്ലെങ്കിലും ദുബായ് വഴി അവർ ഇറക്കുമതി യഥേഷ്ടം തുടരുകയാണ്. മികച്ചയിനങ്ങൾ ഏലക്ക കിലോ 2873 രൂപയിലും ശരാശരി ഇനങ്ങൾ 2380 രൂപയിലുമാണ്.
തിളക്കമേറി സ്വർണം 
ആഭരണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരം പവൻ ദർശിച്ചു. 71,360 രൂപയിൽ നിന്നും വാരമധ്യം ഒറ്റ ദിവസത്തെ റിക്കാർഡ് കുതിപ്പായ 2200 രൂപ ഉയർന്ന് 74,320 രൂപയിലേക്ക് കുതിച്ച പവന് തൊട്ട് അടുത്ത ദിവസം ഇതേ നാണയത്തിൽ തിരിച്ചടി നേരിട്ടതോടെ 72,120 ലേക്ക് താഴ്ന്നു. വാരാന്ത്യം പവന് 72,040 രൂപയിലാണ്.
ആശങ്കകൾക്കിടയിലും കരുത്തുവിടാതെ വിപണി
അതിർത്തിയിൽനിന്നും ഉയർന്ന വെടിയൊച്ച ഇരുരാജ്യങ്ങളിലെയും നിക്ഷേപകരെ ആശങ്കയിലാക്കി. ആഭ്യന്തര, വിദേശ ധനകാര്യസ്ഥാപനങ്ങളുടെ ശക്തമായ പിന്തുണയിൽ പ്രതികൂല വാർത്തകളെ മറികടന്ന് കരുത്ത് നിലനിർത്തി.
ഇന്ത്യൻ വിപണി അതിന്റെ ബുള്ളിഷ് ട്രെൻഡ് നിലനിർത്തുമ്പോൾ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് ഒന്ന് ആടിയുലഞ്ഞു. തുടർച്ചയായ രണ്ടാം വാരത്തിലും ഇന്ത്യൻ സൂചികകൾ തിളങ്ങി. ബോംബെ സെൻസെക്സ് 659 പോയിന്റും നിഫ്റ്റി സൂചിക 187 പോയിന്റും പ്രതിവാര മികവിലാണ്.
അതേ സമയം ഇന്ത്യൻ വോളാറ്റിലിറ്റി ഇൻഡക്സ് അപായസൂചന നൽകി 17.22ലേക്ക് ഉയർന്നു. നിക്ഷേപകർക്ക് വിപണിയിലെ സ്ഥിതിഗതികൾ മുൻകൂർ നൽക്കുന്നതിൽ ഏറെ നിർണായക പങ്ക് വഹിക്കുന്നതാണ് വോളാറ്റിലിറ്റി ഇൻഡക്സ്. 2020 കൊറോണ വേളയിൽ സൂചിക 65ലേക്ക് കുതിച്ച് അപായസൂചന നൽകിയ ശേഷം താഴ്ന്നു. മാർച്ചിൽ സൂചിക 12 ലായിരുന്നു സഞ്ചരിച്ചത്.
വെള്ളിയാഴ്ച ഇന്ത്യൻ വിപണി തളർച്ചയിലായിരുന്നു. വർധിച്ചു വരുന്ന ഭൗമ-രാഷ്ട്രീയ സംഘർഷാവസ്ഥ മുൻനിർത്തി ഒരു വിഭാഗം ലാഭമെടുപ്പിലേക്ക് ചുവടുമാറ്റി. കാഷ്മീരിലെ ഭീകരാക്രമണങ്ങളും അതിനുശേഷം ഇരു രാജ്യങ്ങളുടെയും ബന്ധത്തിലുണ്ടായ വിള്ളലും സമാധാന അന്തരീക്ഷത്തിൽ പൊട്ടിത്തെറികൾക്കിടയാക്കി. മേഖലയിലെ സംഘർഷങ്ങൾ വർധിക്കുമോയെന്ന ആശങ്ക ഒരു വശത്ത് തല ഉയർത്തുന്നു. പഹൽഗാം ആക്രമണത്തിനുശേഷം സിന്ധു നദീജല കരാർ മരവിപ്പിച്ചതും പാക് പൗരന്മാരോട് രാജ്യം വിടാനുമുള്ള മുന്നറിയിപ്പ് അവസാനിക്കാൻ മണികൂറുകൾ മാത്രം ശേഷിക്കുന്നതും ഉറി ഡാമിൽ നിന്നുള്ള വെള്ളം തുറന്നു വിട്ടതും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
അതേസമയം, പിന്നിട്ട വാരം വിദേശ ഓപ്പറേറ്റർമാർ എല്ലാ ദിവസവും ഇന്ത്യയിൽ നിക്ഷേപകരായി ഉറച്ചുനിന്നു. അവർ മൊത്തം 17,796.39 കോടി രൂപയുടെ ഓഹരികൾ വാരിക്കൂട്ടി. ആഭ്യന്തര ഫണ്ടുകൾ 1131.81 കോടി രൂപയുടെ നിക്ഷേപം നടത്തി.
രൂപയുടെ മൂല്യം 85.44 ൽ നിന്നും 85.01ലേക്ക് കരുത്ത് നേടിയ ശേഷം വ്യാപാരാന്ത്യം 85.44 ലാണ്. പിന്നിട്ട വാരം രൂപ 85.01 -85.67 റേഞ്ചിൽ ചാഞ്ചാടി. നിലവിലെ സ്ഥിതി വിലയിരുത്തിയാൽ 85 ലെ താങ്ങ് നിലനിർത്തി 85.70 -85.88 വരെ ദുർബലമാകാം. അടുത്ത മാസം നിരക്ക് 86-86.30 റേഞ്ചിൽ ഡോളറിന് മുന്നിൽ നീങ്ങാം. വാരാന്ത്യം 99.47ൽ നിലകൊള്ളുന്ന ഡോളർ സൂചികയ്ക്ക് തിരിച്ചടി നേരിട്ടാൽ രൂപയ്ക്കു തകർച്ചയെ തടയാനാവും.
നിഫ്റ്റി സാങ്കേതികമായി ഓവർ ബ്രോട്ടായതിനാൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പ് നടത്താമെന്ന മുന്നറിയിപ്പ് കഴിഞ്ഞ വാരം നൽകിയത് ശരിവച്ച് ഒരു വിഭാഗം വൻതോതിൽ പ്രോഫിറ്റ് ബുക്കിംഗിന് ഉത്സാഹിച്ചു. നിഫ്റ്റി സൂചിക 23,851ൽനിന്നും മികവോടെയാണ് ഇടപാടുകൾ പുനരാരംഭിച്ചത്. വിദേശ ഫണ്ടുകളുടെ ശക്തമായ വാങ്ങൽ താത്പര്യത്തിൽ 24,187 ലെ ആദ്യ പ്രതിരോധം തകർത്ത് 24,355 വരെ കയറി. എന്നാൽ, ലാഭമെടുപ്പിന് ആക്കം വർധിച്ചതോടെ വാരാന്ത്യം സൂചിക പ്രതിരോധ മേഖലയ്ക്ക് മുകളിൽ ഇടം കണ്ടെത്താനാവാതെ 24,039 പോയിന്റിലാണ്.
നിഫ്റ്റിക്ക് ഈ വാരം 24,313 പോയിന്റിലെ ആദ്യതടസം തകർക്കാനായാൽ 24,588ലേക്ക് ഉയരാം. അതേ സമയം 24,137 ന് മുകളിലേക്ക് സഞ്ചരിക്കാനായില്ലെങ്കിൽ വിപണിയുടെ ദിശ 23,805-23,572 പോയിന്റിലേക്ക് തിരിയും. ഡെയ്ലി ചാർട്ടിലെ സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ, എംഎസിഡിയും നിക്ഷേപകർക്ക് അനുകൂലം, പല ഇൻഡിക്കേറ്റുകളും ഓവർ ബ്രോട്ടായി നീങ്ങുന്നത് ഇടപാടുകാരെ വീണ്ടും ലാഭമെടുപ്പിന് പ്രേരിപ്പിക്കാം.
സെൻസെക്സ് 78,553 പോയിന്റിൽനിന്നും 80,000വും കടന്ന് 80,214 വരെ കുതിച്ച അവസരത്തിൽ കാഷ്മീരിൽനിന്നുള്ള വെടിയൊച്ച ആഭ്യന്തര ഇടപാടുകാരെ വിൽപ്പനക്കാരാക്കി. വ്യാപാരാന്ത്യം സൂചിക 79,212 പോയിന്റിലാണ്. ഈ വാരം 80,082ലെ പ്രതിരോധം മറികടന്നാൽ 80,952 നെ ഉറ്റുനോക്കും. വിപണിയിൽ വിൽപ്പനസമ്മർദം ഉടലെടുത്താൽ 78,473ൽ ആദ്യ സപ്പോർട്ടുണ്ട്. ഈ മാസം മുൻനിര ഇൻഡക്സുകൾ രണ്ട് ശതമാനം നേട്ടത്തിലാണ്.
രാജ്യാന്തര സ്വർണവില പുതിയ റിക്കാർഡ് സ്ഥാപിച്ചു. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 3327 ഡോളറിൽനിന്നും 3500 വരെ ഉയർന്നതിനിടയിൽ ഫണ്ടുകൾ ലാഭമെടുപ്പിന് രംഗത്ത് ഇറങ്ങിയതോടെ നിരക്ക് 3260 ഡോളറിലേക്ക് തിരുത്തൽ കാഴ്ച്ചവച്ചു. മാർക്കറ്റ് ക്ലോസിംഗിൽ സ്വർണം 3318 ഡോളറിലാണ്.
സാങ്കേതിക മേഖലയിൽ യുഎസുമായി ബന്ധം വർധിപ്പിക്കാൻ ഇന്ത്യയുടെ ശ്രമം
ന്യൂഡൽഹി: നിർദിഷ്ട ഉഭയകക്ഷി വ്യാപാര കരാർ (ബിടിഎ) പ്രകാരം കയറ്റുമതി നിയന്ത്രണങ്ങൾ ലഘൂകരിക്കാനും ഓസ്ട്രേലിയ, യുകെ, ജപ്പാൻ തുടങ്ങിയ പ്രധാന അമേരിക്കൻ സഖ്യകക്ഷികൾക്ക് തുല്യമായി നിർണായക സാങ്കേതികവിദ്യകൾ നൽകാനും ഇന്ത്യ യുഎസിനോട് ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. ടെലികോം ഉപകരണങ്ങൾ, ബയോടെക്നോളജി, എഐ (ആർട്ടിഫിഷൽ ഇന്റലിജൻസ്), ഫാർമസ്യൂട്ടിക്കൽസ്, ക്വാണ്ടം കംപ്യൂട്ടിംഗ്, സെമികണ്ടക്ടറുകൾ തുടങ്ങിയ മേഖലകൾക്ക് ഇന്ത്യ ഈ ഇളവുകൾ തേടുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയുമായുള്ള നിർദിഷ്ട കരാറിൽ തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽവസ്തുക്കൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്കുകൾ, രാസവസ്തുക്കൾ, ചെമ്മീൻ, എണ്ണക്കുരുക്കൾ, രാസവസ്തുക്കൾ, മുന്തിരി, വാഴപ്പഴം തുടങ്ങി കൂടുതൽ തൊഴിൽ ആവശ്യമുള്ള മേഖലകൾക്കും രാജ്യം തീരുവ ഇളവുകൾ തേടുന്നു.
ചില വ്യാവസായിക വസ്തുക്കൾ, ഓട്ടോമൊബൈലുകൾ (പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങൾ), വൈനുകൾ, പെട്രോകെമിക്കൽ ഉത്്പന്നങ്ങൾ, പാൽ, ആപ്പിൾ, വൃക്ഷക്കായ്കൾ പോലുള്ള കാർഷിക വസ്തുക്കൾ തുടങ്ങിയ മേഖലകളിൽ തീരുവ ഇളവുകൾ യുഎസ് ആഗ്രഹിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.
നിർദിഷ്ട ബിടിഎയുടെ ഭാഗമായി, പ്രത്യേകിച്ച് ടെലികോം ഉപകരണങ്ങൾ, ബയോടെക്നോളജി, എഐ തുടങ്ങിയ പ്രധാന മേഖലകളിൽ കയറ്റുമതി നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിലൂടെ ഓസ്ട്രേലിയ, യുകെ, ജപ്പാൻ എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രധാന യുഎസ് സഖ്യകക്ഷികൾക്ക് തുല്യമായ സ്ഥാനം നല്‍കാനും ഇന്ത്യ യുഎസിനോട് അഭ്യർഥിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
ഈ മേഖലകളിൽ അത്യാധുനിക സാങ്കേതികവിദ്യകൾ ലഭ്യമായാൽ ഇന്ത്യക്ക് നവീകരണശേഷി ഉയർത്തുന്നതിനും അടിസ്ഥാന സാങ്കേതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും, രാജ്യത്തിന്റെ സാന്പത്തിക വളർച്ചയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും സഹായിക്കും.
ഓസ്ട്രേലിയ, യുകെ, ജപ്പാൻ തുടങ്ങിയ അടുത്ത സഖ്യകക്ഷികളുമായുള്ള സാങ്കേതിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ടെന്ന് ജിടിആർഐ (ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റിവ്) പറയുന്നു. നിർണായക മേഖലകളിലെ സഹകരണം എളുപ്പമാക്കുന്നതിനാണ് മാറ്റങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഓസ്ട്രേലിയ-യുകെ-യുഎസ് സുരക്ഷാ ഉടന്പടിയുടെ ഭാഗമായി, ഓസ്ട്രേലിയയുമായും യുകെയുമായും പ്രതിരോധ, സാങ്കേതികവിദ്യകൾ പങ്കിടുന്നതിനുള്ള നിയമങ്ങൾ യുഎസ് ലളിതമാക്കിയിട്ടുണ്ടെന്ന് ജിടിആർഐ പറഞ്ഞു.
മൂന്നാം കക്ഷി മാർഗത്തിലൂടെ ഇന്ത്യൻ ഉത്പന്നങ്ങൾ പാക്കിസ്ഥാനിലേക്ക്
മുംബൈ: ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) യുടെ കണക്കുകൾ പ്രകാരം മൂന്നാം കക്ഷി മാർഗങ്ങളിലൂടെ ഇന്ത്യൻ കന്പനികൾ പ്രതിവർഷം 85,000 കോടി രൂപ (10 ബില്യണ്‍ ഡോളർ)യിൽ കൂടുതൽ വിലവരുന്ന സാധനങ്ങൾ പാക്കിസ്ഥാനിലെത്തിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര നിയന്ത്രണങ്ങൾ മറികടക്കുന്നതിനാണ് നേരിട്ടല്ലാതെ പരോക്ഷ തുറമുഖങ്ങളിലൂടെ ഇന്ത്യൻ സാധനങ്ങൾ പാക്കിസ്ഥാനിലെത്തുന്നത്.
ഇന്ത്യൻ കന്പനികൾ ഈ തുറമുഖങ്ങളിലേക്ക് സാധനങ്ങൾ അയയ്ക്കുന്നുണ്ടെന്നും അവിടെ സ്വതന്ത്ര കന്പനികൾ ചരക്ക് ഇറക്കുന്നുണ്ടെന്നും ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) വിശദീകരിച്ചു. ഗതാഗതത്തിനിടയിൽ തീരുവ അടയ്ക്കാതെ ഇനങ്ങൾ സൂക്ഷിക്കുന്ന ബോണ്ടഡ് വെയർഹൗസുകളിലാണ് അവർ ഈ സാധനങ്ങൾ സൂക്ഷിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുമായി നേരിട്ട് വ്യാപാര ബന്ധം അനുവദനീയമല്ലാത്തതിനാൽ ഇന്ത്യൻ നിർമിത സാധനങ്ങൾ മേഡ് ഇൻ യുഎഇ എന്ന പുനർനാമകരണം ചെയ്താണ് പാക്കിസ്ഥാനിലെത്തുന്നതെന്ന് ജിടിആർഐ സ്ഥാപകരൻ അജയ് ശ്രീവസ്തവ പറഞ്ഞു.
നിയന്ത്രണപരിശോധന ഒഴിവാക്കാൻ ഒരു മൂന്നാം രാജ്യ തുറമുഖം ഉപയോഗിച്ച് ഉയർന്ന വിലയ്ക്ക് സാധനങ്ങൾ വിൽക്കുന്നു. ഉയർന്ന വില സംഭരണ, പേപ്പർ വർക്ക് ചെലവുകൾ ഉൾക്കൊള്ളുന്നു. ഇത് വിപണിയിലേക്ക് പ്രവേശനം നൽകുന്നു.
ഈ വ്യാപാരമാർഗം നിയമവിരുദ്ധമല്ലെന്ന് അജയ് ശ്രീവാസ്തവ എടുത്തുപറഞ്ഞു. എന്നിരുന്നാലും, നിയന്ത്രിത വിപണികളിലേക്ക് പ്രവേശനം നേടുന്നതിനായി വ്യാപാര നിയന്ത്രണങ്ങൾ മറികടക്കാൻ കന്പനികൾ പുതിയ വഴികൾ കണ്ടെത്താൻ ശ്രമിക്കുന്നതിനാൽ ഇത് ഒരു ഇരുണ്ട മേഖലയിലാണ്- അദ്ദേഹം വിലയിരുത്തുന്നു.
ഡിസിബി ബാങ്കിന് 177 കോടിയുടെ അറ്റാദായം
കൊച്ചി: ഡിസിബി ബാങ്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ നാലാം പാദത്തിൽ 177 കോടി രൂപയുടെ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവില്‍ 156 കോടി രൂപയായിരുന്നു അറ്റാദായം. 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ബാങ്കിന്റെ 2025 സാമ്പത്തികവര്‍ഷത്തെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വർധനയോടെ 615 കോടി രൂപയായി. 536 കോടിയായിരുന്നു മുൻവർഷത്തെ അറ്റാദായം.
ഈ കാലയളവിൽ വായ്പ 25 ശതമാനവും നിക്ഷേപം 22 ശതമാനവും വാര്‍ഷികവളര്‍ച്ച നേടി. മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി 2.99 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 1.12 ശതമാനവുമാണ്. 16.77 ശതമാനമായിരുന്നു മൂലധനശേഷി അനുപാതം.
അര്ജുന് വൈദ്യ ചുമതലയേറ്റു
കൊച്ചി: എഐ അധിഷ്ഠിത ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ കിരാനാ പ്രോയുടെ മെന്ററായി വി ത്രി വെഞ്ച്വേഴ്സ് സഹസ്ഥാപകന്‍ അര്ജുന് വൈദ്യ ചുമതലയേറ്റു.
ഇന്ത്യയിലെ 12 ദശലക്ഷത്തോളം വരുന്ന കിരാന പ്രൊ സ്റ്റോറുകളെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശക്തീകരിക്കാനുള്ള കമ്പനിയുടെ ദൗത്യത്തില്‍ അര്ജുന് വൈദ്യയുടെ വരവ് ശക്തമായ പിന്തുണയാകുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
തുടർച്ചയായി ലാഭവിഹിതം നല്കി മുത്തൂറ്റ് ഫിനാന്‍സ്
കൊച്ചി: 2011 മുതല്‍ എല്ലാ വര്‍ഷവും ലാഭവിഹിതം നല്കി ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണപ്പണയ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സ്. 2024-25 സാമ്പത്തികവര്‍ഷത്തേക്ക് ഓഹരി ഉടമകള്‍ക്ക് ഓഹരി ഒന്നിന് 26 രൂപ ഇടക്കാല ലാഭവിഹിതം നല്കാന് മുത്തൂറ്റ് ഫിനാന്‍സ് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. ഓഹരി ഉടമകള്‍ക്ക് സുസ്ഥിര മൂല്യം നല്കുന്ന കമ്പനിയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതാണ് ഈ പ്രഖ്യാപനം.
അംഗങ്ങളുടെ രജിസ്റ്ററില്‍ 2025 ഏപ്രില്‍ 25ന് പേരുള്ള ഓഹരി ഉടമകള്‍ക്കാണ് ഇടക്കാല ലാഭവിഹിതം നല്‍കുക. പ്രഖ്യാപനം നടത്തി 30 ദിവസത്തിനകം സെബിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഈ ഇടക്കാല ലാഭവിഹിതം നല്‍കും. ഐപിഒ നടത്തുകയും ഓഹരികളുടെ ലിസ്റ്റിംഗ് നടത്തുകയും ചെയ്ത് 2011 മുതല്‍ കമ്പനി എല്ലാ വര്‍ഷവും ലാഭവിഹിതം നല്‍കുന്നുണ്ട്. ഇതുവരെ പത്തുരൂപ മുഖവിലയുള്ള ഓഹരി ഒന്നിന് ആകെ 181.50 രൂപ ലാഭവിഹിതമാണു നല്‍കിയിട്ടുള്ളത്.
കമ്പനിയുടെ ശക്തമായ പ്രകടനവും എല്ലാ ഓഹരി ഉടമകള്‍ക്കും ദീര്‍ഘകാലം മൂല്യം നല്‍കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയുമാണ് ഇടക്കാല ലാഭവിഹിത പ്രഖ്യാപനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോർജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
ലുലു മാളില്‍ ബിഗ് ചോക്കോ ഡേ
കൊച്ചി: മികച്ച ബ്രാന്‍ഡുകളുടെ ചോക്ലേറ്റുകള്‍, വാഫിള്‍സ്, ഡോനട്ട്സ്, കേക്കുകള്‍ എന്നിവയുമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ബിഗ് ചോക്കോ ഡേക്ക് തുടക്കമായി. സ്നിക്കേഴ്സ് ഗാലക്സി, നെസ്റ്റ്ലേ, ഫെരേറോ റോച്ചര്‍, ഡാര്‍ക്ക് ഫാന്റസി, ഹെര്‍ഷേസ്, കാഡ്ബറി എന്നിവരുമായി സഹകരിച്ചാണ് ബിഗ് ചോക്കോ ഡേ നടത്തുന്നത്. ചോക്കോ ഡേയുടെ ഉദ്ഘാടനം നടി ഗൗരി നന്ദ നിര്‍വഹിച്ചു.
ചോക്ലേറ്റ് തീമിലുള്ള നിരവധി ഗെയിമുകളും പുതിയ ചോക്ലേറ്റ് ഉത്പന്നങ്ങളുടെ ലോഞ്ചും നടന്നു. ചോക്ലേറ്റ് ടേസ്റ്റിംഗും ചോക്കോ ഡേയുടെ ഭാഗമായി നടക്കും.
പ്രീമിയം ഇന്പോര്ട്ടഡ് ഡാര്‍ക്ക്, മില്‍ക്ക് വൈറ്റ് തുടങ്ങിയ ചോക്ലേറ്റുകളുടെ വൈവിധ്യമാര്‍ന്ന രുചികളാണ് ഉപഭോക്താക്കള്‍ക്കായി തയാറാക്കിയിരിക്കുന്നത്. വിവിധ ചോക്ലേറ്റ് ഉത്പന്നങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭിക്കും.
കൃതി സനോന്‍ ഡ്രീം ടെക്നോളജി ബ്രാന്‍ഡ് അംബാസിഡര്‍
കൊച്ചി: സ്മാര്‍ട്ട് ഹോം ടെക്നോളജി ഉപകരണ കമ്പനിയായ ഡ്രീം ടെക്നോളജിയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് നടി കൃതി സനോനെ നിയമിച്ചു.
റിലയൻസ് എലീറ്റ് ക്ലബ്ബിൽ
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ), ലോകത്തിലെ ഏറ്റവും മൂല്യവത്തായ 25 കന്പനികളുടെ എലീറ്റ് ലിസ്റ്റിൽ സ്ഥാനം നേടി. മൈക്രോസോഫ്റ്റ്, ആൽഫബെറ്റ്, സൗദി അരാംകോ തുടങ്ങിയ ആഗോള ഭീമന്മാർക്കൊപ്പമാണ് ആർഐഎൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
ബ്ലൂംബെർഗ് ഡാറ്റ പ്രകാരം, റിലയൻസ് ഇൻഡസ്ട്രീസ് നിലവിൽ ആഗോളതലത്തിൽ 118 ബില്യണ്‍ ഡോളർ (ഏകദേശം 10 ലക്ഷം കോടി രൂപ) ആസ്തിയുമായി 21-ാം സ്ഥാനത്താണ്. ആലിബാബ, എടി ആൻഡ് ടി, ടോട്ടൽ എനർജീസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര കന്പനികൾക്ക് തൊട്ടുപിന്നിലാണ് ഓയിൽ-ചില്ലറ വ്യാപാരം-ടെലികോം മേഖലകളിൽ കൈവച്ചിട്ടുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്.
വിപണി മൂലധനത്തിലും വർധനവ്
ആർഐഎല്ലിന്റെ വിപണി മൂലധനം ഏകദേശം 140 ബില്യണ്‍ ഡോളറായി ഉയർന്നു. ഇത് ആഗോള ഉൗർജ മേഖലയിലെ പ്രമുഖർക്കും മുകളിലാണ്. ടോട്ടൽ എസ്എയെ മറികടന്നപ്പോൾ ബിപി പിഎൽസിയെക്കാൾ ഗണ്യമായി മുന്നിലെത്തി.
വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ബോർഡ് ഒന്നോ അതിലധികമോ തവണകളായി ബോണ്ടുകൾ വഴി 25,000 കോടി രൂപ വരെ ഫണ്ട് സമാഹരണ പദ്ധതിക്ക് അംഗീകാരം നൽകി. ഓഹരി ഉടമകൾക്ക് ബോർഡ് ഒരു ഓഹരിക്ക് 5.5 രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു.
2025ൽ ഓഹരി വിപണിയിൽ മികച്ച പ്രകടനം
വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ റിലയൻസ് ഓഹരി എൻഎസ്ഇയിൽ 1,300.40 രൂപയിൽ അവസാനിച്ചെങ്കിലും 2025 ഈ ഓഹരികൾ 7 ശതമാനം ഉയർന്ന് നിഫ്റ്റി 50 സൂചികയെ മറികടന്നു. അതേ കാലയളവിൽ 2 ശതമാനത്തിൽ താഴെ മാത്രം നേട്ടമാണ് നിഫ്റ്റിക്ക് നേടാനായത്.
ആർഐഎൽ ഓഹരികൾ കഴിഞ്ഞ ഒരു മാസത്തിനിടെ 10 ശതമാനവും മൂന്നു മാസത്തിനിടെ 24 ശതമാനവും ഒരു വർഷത്തിനിടെ 40 ശതമാനവും ഉയർന്നു. ഇത് റിലയൻസിനെ നിഫ്റ്റിയുടെ മികച്ച 10 ഓഹരികളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച കന്പനികളിൽ ഒന്നാക്കി.
റിലയൻസിന്റെ കടം കുറയ്ക്കൽ തന്ത്രം, ടെലികോം നിരക്കുകളിലെ വർധനവ്, ഉപഭോക്തൃ മേഖലയിലുള്ള റിലയൻസ് ജിയോയുടെയും റിലയൻസ് റീട്ടെയിലിന്റെയും ഉണർവ് എന്നിവയാണ് സമീപകാല കുതിപ്പിന് കാരണമെന്ന് വിശകലന വിദഗ്ധർ പറയുന്നു.
വിദേശനാണ്യ കരുതൽ ശേഖരം ഉയർന്നു
മുംബൈ: ഏപ്രിൽ 18 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 8.31 ബില്യണ്‍ ഡോളർ ഉയർന്ന് 686.145 ബില്യണ്‍ ഡോളറിലെത്തിയതായി ആർബിഐ അറിയിച്ചു. തുടർച്ചയായ ഏഴാമത്തെ ആഴ്ചയാണ് വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വർധനവുണ്ടായത്.
ഏപ്രിൽ 11ന് അവസാനിച്ച മുൻ റിപ്പോർട്ടിംഗ് ആഴ്ചയിൽ ഇത് 1.567 ബില്യണ്‍ ഡോളർ ഉയർന്ന് 677.835 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2024 സെപ്റ്റംബർ അവസാനത്തോടെ വിദേശനാണ്യ കരുതൽ ശേഖരം എക്കാലത്തെയും ഉയർച്ചയിൽ, 704.885 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.
ഏപ്രിൽ 18 ന് അവസാനിച്ച ആഴ്ചയിൽ, വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തികൾ 3.516 ബില്യണ്‍ ഡോളർ വർധിച്ച് 578.495 ബില്യണ്‍ ഡോളറിലെത്തിയതായി ആർബിഐ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
സ്വർണ ശേഖരം ഈ ആഴ്ചയിൽ 4.575 ബില്യണ്‍ ഡോളർ ഉയർന്ന് 84.572 ബില്യണ്‍ ഡോളറിലെത്തി.സ്പെഷൽ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആർ) 212 മില്യണ്‍ ഡോളർ ഉയർന്ന് 18.568 ബില്യണ്‍ ഡോളറിലെത്തിയതായും ആർബിഐ അറിയിച്ചു.
റിപ്പോർട്ടിംഗ് ആഴ്ചയിൽ ഐഎംഎഫിൽ ഇന്ത്യയുടെ കരുതൽ ധനശേഖരം ഏഴു മില്യണ്‍ ഡോളർ ഉയർന്ന് 4.51 ബില്യണ്‍ ഡോളറിലെത്തിയതായി ആർബിഐ കണക്ക് വ്യക്തമാക്കുന്നു.
ആനന്ദ് അംബാനി ആർഐഎല്ലിന്റെ മുഴുവൻ സമയ ഡയറക്ടർ
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മുഴുവൻ സമയ ഡയറക്ടറായി മുകേഷ് അംബാനി-നിത അംബാനി ദന്പതികളുടെ ഇളയമകൻ ആനന്ദ് അംബാനിയെ നിയമിച്ചു.
ആനന്ദ് അംബാനിയെ നാമനിർദേശം ചെയ്തത് ബോർഡ് അംഗീകരിച്ചു. ഹ്യൂമൻ റിസോഴ്സ്, നോമിനേഷൻ, റെന്യുമറേഷൻ കമ്മിറ്റി എന്നിവയുടെ ശിപാർശ പ്രകാരമാണ് ആനന്ദ് അംബാനിയുടെ നിയമനം. അഞ്ച് വർഷ കാലാ വധിയിൽ മേയ് ഒന്ന് മുതൽ അദ്ദേഹം ഡയറക്ടറായി ചുമതലയേൽക്കും. ആനന്ദിന്റെ നിയമനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം കൂടി ലഭിക്കണം.
ബ്രൗണ്‍ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ആനന്ദ് റിലയൻസിൽ എക്സിക്യൂട്ടീവ് ഡയറക്ടറാകുന്ന അംബാനി സഹോദരങ്ങളിൽ ആദ്യത്തെയാളാണ്.
2023 ഓഗസ്റ്റിൽ മുകേഷ് അംബാനി തന്റെ മൂന്ന് മക്കളെ - ഇരട്ടകളായ ഇഷ, ആകാശ്, ആനന്ദ് എന്നിവരെ റിലയൻസിന്റെ ബോർഡിൽ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിച്ചു. നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന ആനന്ദിനു കൂടുതൽ ചുമതലകൾ നൽകുന്നതിന് വേണ്ടിയാണ് ഡയറക്ടറാക്കിയത്.
2020 മാർച്ച് മുതൽ ജിയോ പ്ലാറ്റ്ഫോംസിന്റെയും 2022 മുതൽ റിലയൻസ് വെൻച്വർ, 2021ൽ റിലയൻസ് ന്യു എനർജി എന്നീ കന്പനികളുടെയും ചുമതല അദ്ദേഹം ഏറ്റെടുത്തിരുന്നു. 2022 സെപ്റ്റംബർ മുതൽ റിലയൻസ് ഫൗണ്ടേഷനിലും അദ്ദേഹം അംഗമാണ്.
റിലയൻസ് എന്ന ബിസിനസ് സാമ്രാജ്യത്തിലെ പല കന്പനികളുടെയും ചുമതലകൾ തന്റെ മൂന്ന് മക്കൾക്കായി മുകേഷ് അംബാനി വീതിച്ചു നൽകിയിരുന്നു. ആകാശ് അംബാനിയെ ജിയോ ഇൻഫോകോമിന്റെ മേധാവിയായി നിയോഗിച്ചപ്പോൾ, ഇഷ അംബാനിക്ക് റിലയൻസ് റീടെയ്ലിന്റെ ചുമതലയാണ് നൽകിയത്.
"മാറ്റർ എയ്റ' ലോകത്തിലെ ആദ്യ ഇലക്ട്രിക് ഗിയർ ബൈക്ക്
ഓട്ടോസ്പോട്ട് / അരുൺ ടോം
ലോകത്തിലെതന്നെ ഗിയറുകളുള്ള ആദ്യത്തെ ഇലക്ട്രിക് ബൈക്ക് "എയ്റ' വിപണിയിലെത്തി. അഹമ്മദാബാദ് ആസ്ഥാനമായിട്ടുള്ള മാറ്റർ മോട്ടോഴ്സാണ് എയ്റയുടെ സ്രഷ്ടാക്കൾ. സാധാരണയായി ഇലക്ട്രിക് വാഹനങ്ങളിൽ ട്രാൻസ്മിഷൻ ഗിയർബോക്സ് കാണാറില്ല. ഇതിന് വിപരീതമായിയാണ് 4 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഗിയർബോക്സോടുകൂടി എയ്റ വരുന്നത്.
5000, 5000 പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. 1.83 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയിൽ എയ്റ ബുക്ക് ചെയ്യാം. പരിമിതകാല ഓഫർ എന്ന നിലയിൽ ആദ്യം ബുക്ക് ചെയ്യുന്ന 500 പേർക്ക് 1.79 ലക്ഷം രൂപയ്ക്ക് വാഹനം ലഭിക്കും. ഇതിൽ 15,000 രൂപ വിലമതിക്കുന്ന ലൈഫ് ടൈം ഫ്രീ ബാറ്ററി വാറന്റി ഉൾപ്പെടും.
സ്പോർട്ടി ലുക്കും ഡിസൈനുമുള്ള എയ്റയ്ക്ക് 5കിലോവാട്ട് ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് കരുത്ത് പകരുന്നത്. ഇതിനൊപ്പം ഒരു ഓണ്‍ബോർഡ് ചാർജറും നൽകിയിട്ടുണ്ട്. ഇതിൽ 5 ആന്പിയർ അനുയോജ്യമായ കേബിളും പ്ലഗ് ഇൻ ചാർജിംഗ് ആക്സസും ഉൾപ്പെടുന്നു. വാഹനം സാധാരണ ചാർജറിൽ അഞ്ചു മണിക്കൂറിനുള്ളിൽ 0 മുതൽ 80% വരെ ചാർജ് ആകും. അതേസമയം ഫാസ്റ്റ് ചാർജറിൽ 1.5 മണിക്കൂർ മാത്രമേ എടുക്കൂ.
ഒറ്റ ചാർജിൽ 172 കിലോമീറ്റർ സഞ്ചരിക്കാൻ ഈ ബൈക്കിന് കഴിയും. ഒരു കിലോമീറ്റർ സഞ്ചരിക്കാൻ 25 പൈസയെ ചെലവുള്ളൂവെന്നും പെട്രോൾ ബൈക്കുകളെ അപേക്ഷിച്ച് ഈ വാഹനം മൂലം മൂന്നു വർഷത്തിനുള്ളിൽ ഏകദേശം ഒരു ലക്ഷം രൂപ ലാഭിക്കാൻ കഴിയുമെന്ന് കന്പനി അവകാശപ്പെടുന്നു.
ഇൻബിൽറ്റ് ആക്ടീവ് കൂളിംഗ് സിസ്റ്റത്തിനൊപ്പം വ്യത്യസ്ത റൈഡിംഗ് മോഡുകളും വാഹനത്തിന് നൽകിയിട്ടുണ്ട്. ഇതിൽ ഇക്കോ, സിറ്റി, സ്പോർട് മോഡുകൾ ഉൾപ്പെടും. വെറും 2.8 സെക്കൻഡിൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ എയ്റയ്ക്ക് സാധിക്കും.
നാവിഗേഷൻ, റൈഡ് ഡാറ്റ, കോളുകൾ, മ്യൂസിക് എന്നിവയ്ക്കായി 7 ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേയുമുണ്ട്. റിയൽ ടൈം ബൈക്ക് ഡാറ്റ, റിമോട്ട് ലോക്ക്, ജിയോ-ഫെൻസിംഗ്, സർവീസ് അലേർട്ടുകൾ എന്നിവ കാണിക്കുന്ന മാറ്റർ വേഴ്സ് ആപ്പും ഇതിലുണ്ട്.
ഡ്യുവൽ ഡിസ്ക് ബ്രേക്കുകളും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും സജ്ജീകരിച്ചിരിക്കുന്ന എയ്റയുടെ മുന്നിൽ ടെലിസ്കോപ്പിക് ഫോർക്ക് സസ്പെൻഷനും പിന്നിൽ ഡ്യുവൽ-റിയർ സസ്പെൻഷനുമുണ്ട്.
വില: 1.83 ലക്ഷം രൂപ
മൈലേജ്: 172 കിലോമീറ്റർ
ഡീകാർബണൈസേഷൻ ശ്രമങ്ങൾ സ്റ്റീൽ മേഖലയ്ക്ക് ഇൻസെന്റീവ് നൽകും
ന്യൂഡൽഹി: ഹരിതഗൃഹ വാതക ഉദ്ഗമനം കുറയ്ക്കുകയെന്ന ലക്ഷ്യത്തിനായി ഇന്ത്യൻ ഉരുക്കുമേഖലയിൽ ഇൻസെന്റീവുകൾ നൽകാൻ പദ്ധതിയിടുന്നതായി സ്റ്റീൽ സെക്രട്ടറി സന്ദീപ് പൗണ്ട്രിക്.
ഇന്ത്യയിൽ ഗ്രീൻ സ്റ്റീലിന്റെ ഉത്പാദനം വർധിപ്പിക്കുന്നതിനും പ്രദേശിക ഉരുക്കുനിർമാതാക്കളുടെ ഡീകാർബണൈസേഷൻ ശ്രമങ്ങൾക്ക് പ്രചോദനം നൽകുന്നതിനും നിരവധി സാന്പത്തിക സഹായ പരിപാടികൾ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചൈന കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ഉരുക്ക് നിർമാതാക്കളാണ് ഇന്ത്യ. 2027 ആകുന്പോഴേക്കും സീറോ എമിഷൻ ലക്ഷ്യത്തിലേക്കുള്ള പാതയിലാണ് ഇന്ത്യ. പ്രധാന നിർമാണ വസ്തുക്കളുടെ സംഭരണവും ഉത്പാദനവും ഡീകാർബണൈസ് ചെയ്യുന്നതിനുള്ള ശ്രമത്തിൽ രാജ്യം ഗ്രീൻ സ്റ്റീൽ നയമാണ് പിന്തുടരുന്നത്.
സാമ്പത്തിക സഹായ പദ്ധതികൾക്ക് സർക്കാർ ഉടൻ തന്നെ അംഗീകാരം നൽകുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സൗഹൃദ ഉരുക്കു നിർമാണത്തിനും പുനരുപയോഗിക്കാവുന്ന ഊർജ ഉപയോഗത്തിനും വ്യവസായശാലകൾക്ക് സാന്പത്തിക സഹായങ്ങൾ നൽകുമെന്ന് സന്ദീപ് പൗണ്ട്രിക് കൂട്ടിച്ചേർത്തു.
ഉഡുപ്പി-സിഎസ്എല്‍ നിര്‍മിച്ച ഡ്രൈ കാര്‍ഗോ കപ്പല്‍ നോര്‍വേ കമ്പനിക്ക് കൈമാറി
കൊച്ചി: കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡിന്റെ (സിഎസ്എല്‍) പൂര്‍ണ ഉടമസ്ഥതയിലുള്ള അ നുബന്ധ സ്ഥാപനമായ കര്‍ണാടകയിലെ ഉഡുപ്പി കൊച്ചിന് ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് (ഉഡുപ്പി -സിഎസ്എല്‍), 3800 ടണ്‍ ഡിഡബ്ല്യു ഡ്രൈ കാര്‍ഗോ കപ്പലുകളുടെ പരമ്പരയിലെ ആദ്യത്തെ കപ്പല്‍ യൂറോപ്പിലെ ഏറ്റവും വലിയ ഷോര്‍ട്ട് സീ ഷിപ്പിംഗ് കമ്പനിയായ നോര്‍വേയിലെ വില്‍സണ്‍ ഷിപ്പ് മാനേജ്മെന്റ് എഎസിന് കൈമാറി.
ന്യൂ മാംഗ്ലൂര്‍ തുറമുഖത്ത് നടന്ന ചടങ്ങില്‍ ന്യൂ മാംഗ്ലൂര്‍ തുറമുഖ അഥോറിറ്റി ചെയര്മാന് ഡോ.വെങ്കട രമണ അക്കരാജുവിന്റെ പത്നി ഡോ. സുഷമ അക്കരാജു പുതിയ കപ്പലിന്റെ ഔപചാരിക വിതരണം അടയാളപ്പെടുത്തി.
ഇത്തരം ആറു കപ്പലുകള്‍ നിര്‍മിക്കാനാണ് ഉഡുപ്പി-സിഎസ്എല്‍ വില്‍സണ്‍ ഷിപ്പ് മാനേജ്മെന്റ് എഎസുമായി ധാരണയിലെത്തിയിരുന്നത്.
വെസലുകളുടെ ഉത്പാദനം ആരംഭിച്ചതിനുശേഷം, ഉഡുപ്പി-സിഎസ്എല്ലുമായി ചേര്‍ന്ന് 1041 കോടി രൂപ ചെലവില്‍ എട്ട് 6300 ടിഡിഡബ്ല്യു ജനറല്‍ കാര്‍ഗോ വെസലുകള്‍ നിര്‍മിക്കുന്നതിനുള്ള മറ്റൊരു കരാറിലും വില്‍സണ്‍ ഷിപ്പ് മാനേജ്മെന്റ് എഎസ് ഒപ്പുവച്ചു.
സംരംഭ വളര്‍ച്ചയ്ക്ക് ക്യാപ്റ്റന്‍ ബിസിന്റെ പ്രവര്‍ത്തനം ശ്രദ്ധേയം
കൊച്ചി: ഓട്ടോമേഷനിലൂടെ പിശകുകള്‍ കുറച്ചും സുസ്ഥിരമായ ബിസിനസ് വളര്‍ച്ചയെ പിന്തുണച്ചും ഉപഭോക്തൃ സൗഹൃദ ഇന്റര്‍ഫേസ് വാഗ്ദാനം ചെയ്യുന്ന സോഫ്റ്റ്വേര്‍ സൊലൂഷന് കമ്പനിയായ ക്യാപ്റ്റന്‍ ബിസിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു.
23.58 ലക്ഷം മൈക്രോ സംരംഭങ്ങള്‍ വഴി ഏകദേശം 44.64 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കുന്ന കേരളത്തിലെ എംഎസ്എംഇകള്‍ക്ക് ആധുനികവല്‍ക്കരണം, സുസ്ഥിരമായ പ്രവര്‍ത്തന മികവ്, ഏറ്റവും മികച്ച ഉപഭോക്തൃ പിന്തുണ എന്നിവയിലൂടെ ഭാവി പ്രോത്സാഹിപ്പിക്കുന്നതിനും ക്യാപ്റ്റന്‍ ബിസ് സഹായിക്കുന്നു.
4410 കോടി രൂപയുടെ 13 പദ്ധതികള്‍ക്ക് അടുത്ത മാസം തുടക്കം: മന്ത്രി പി. രാജീവ്
തിരുവനന്തപുരം: ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ നിന്ന് നിക്ഷേപ വാഗ്ദാനം ലഭിച്ചതില്‍ 4410 കോടി രൂപയുടെ 13 പദ്ധതികള്‍ക്ക് അടുത്ത മാസം തുടക്കമാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഏപ്രില്‍ മാസത്തില്‍ 1670 കോടി രൂപയുടെ നാല് പദ്ധതികള്‍ ആരംഭിച്ചുവെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഇന്‍ഡസ്ട്രിയല്‍ ലാന്‍ഡ്, ഇഒഐ ട്രാക്കിംഗ് വെബ്സൈറ്റുകള്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്‍വെസ്റ്റ് കേരളയ്ക്കു ശേഷം ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ 1385 കോടി രൂപയുടെ 76 പദ്ധതികളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നതായി മന്ത്രി വ്യക്തമാക്കി.
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി(ഐകെജിഎസ്-2025)യില്‍ ലഭിച്ച സമ്മതപത്രങ്ങളിലെ തുടര്‍നടപടികള്‍ക്കായിട്ടാണ് ഇഒഐ ട്രാക്കിംഗ് വെബ് പോര്‍ട്ടല്‍ (ikgseoi.kerala. gov.in) ആരംഭിച്ചത്. വ്യാവസായിക ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്ത് ലഭ്യമായ ഭൂമിയുടെ ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനായിട്ടാണ് ഇന്‍ഡസ്ട്രിയല്‍ ലാന്‍ഡ് വെബ് പോര്‍ട്ടല്‍ (https://industrialland.kerala.gov.in/).
ഇന്‍വെസ്റ്റ് കേരളയുമായി ബന്ധപ്പെട്ട് ഓരോ മാസവും വരുന്ന നിക്ഷേപ വാഗ്ദാനങ്ങളും വെബ്സൈറ്റില്‍ രേഖപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതികളുടെ തുടര്‍നടപടികളുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും പുരോഗതിയും മറ്റ് വിശദാംശങ്ങളും അതത് സമയം പോര്‍ട്ടലില്‍ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ ഇന്ത്യയിലെയും വിദേശത്തെയും കമ്പനികളില്‍ നിന്നായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ഇതുവരെ കേരളത്തിന് ലഭിച്ചത്.
വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഭൂമി ലഭ്യമായവര്‍ക്ക് അവരുടെ വിവരങ്ങള്‍ വെബ് പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്യാന്‍ കഴിയുന്ന മാച്ച് മേക്കിംഗ് വെബ്സൈറ്റ് പോലെയാണ് ഇന്‍ഡസ്ട്രിയല്‍ ലാന്‍ഡ് വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക. നിക്ഷേപകര്‍ക്ക് പോര്‍ട്ടല്‍ വഴി വിവരങ്ങള്‍ ലഭിക്കാനും അനുയോജ്യമായ ഭൂമി ഏറ്റെടുക്കല്‍ ഉറപ്പാക്കുന്നതിന് വക്താക്കളുമായി നേരിട്ട് ബന്ധപ്പെടാനും കഴിയും.
ഓഹരിവിപണികൾ ഇടിഞ്ഞു
മുംബൈ: ആഭ്യന്തര ഓഹരിവിപണികളായ ബിഎസ്ഇ സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു.
13 മേഖലാ സൂചികകളിൽ 12 എണ്ണവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫാർമ, മെറ്റൽ, ഓട്ടോ ഓഹരികൾ ഇടിവിന് നേതൃത്വം നൽകിയപ്പോൾ, ഐടി മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
സെൻസെക്സ് 588.90 പോയിന്റ് (0.74%) നഷ്ടത്തിൽ 79,212.53ലും നിഫ്റ്റി 207.35 പോയിന്റ് (0.86%) ഇടിഞ്ഞ് 24,039.35ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. 682 ഓഹരികൾ മുന്നേറ്റം നടത്തിയപ്പോൾ 3138 ഓഹരികൾ നഷ്ടത്തിലായി. 115 എണ്ണത്തിൽ മാറ്റമില്ലാതെ നിന്നു.
ഇന്നലെ വിശാല മാർക്കറ്റുകളും ദുർബലമായി. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 2.55, 2.45 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ് 2.44 ശതമാനവും സ്മോൾകാപ് 2.56 ശതമാനവും തകർച്ച രേഖപ്പെടുത്തി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണി മൂല്യം 430 ലക്ഷം കോടിയിൽനിന്ന് 421 ലക്ഷം കോടി രൂപയിലേക്കു താഴ്്ന്നു.
മേഖലാ സൂചികകളിൽ നിഫ്റ്റി ഫാർമ, പിഎസ്യു ബാങ്ക്, എനർജി, ഓയിൽ & ഗ്യാസ്, റിയൽറ്റി, ഇൻഫ്ര, ഓട്ടോ എന്നിവ 1.5 മുതൽ 2 ശതമാനം വരെ ഇടിഞ്ഞു. ടിസിഎസ്, ഇൻഫോസിസ്, പെർസിസ്റ്റന്റ് സിസ്റ്റംസ്, കോഫോർജ് എന്നിവയുടെ മുന്നേറ്റത്തിൽ നിഫ്റ്റി ഐടി മാത്രമാണ് 0.72 ശതമാനം നേട്ടമുണ്ടാക്കിയത്.
കാഷ്മീരിലെ ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണവും അതിന്റെ ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങളെയും ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വമാണ് വിപണികളിൽ ഉയർന്നുവരുന്ന ഒരു പ്രധാന അപകടസാധ്യത. കൂടാതെ ലോക ബാങ്ക് ഇന്ത്യയുടെ 2025-26 സാന്പത്തിക വർഷത്തെ വളർച്ച അനുമാനം മുന്‍പ് പ്രവചിച്ച 6.7 ശതമാനത്തിൽനിന്ന് 0.4 താഴ്ത്തി 6.3 ശതമാനമാക്കി പ്രവചിച്ചതും വിപണിയെ ബാധിച്ചു.
വിപണി നിലവിൽ പ്രതികൂല സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നാണ്് വിദഗ്ധർ പറയുന്നത്. എന്നാൽ, കഴിഞ്ഞ ആഴ്ചയിൽ 29,514 കോടി രൂപയോളം ഉയർന്ന വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്ഐഐ) നിക്ഷേപം വിപണിയെ ഉത്തേജിപ്പിച്ചിട്ടുണ്ട്.
യുഎസുമായി ഉഭയകക്ഷി വ്യാപാര കരാറിൽ ഏർപ്പെടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് നടത്തിയ പ്രസ്താവന മറ്റൊരു പ്രോത്സാഹജനകമായ സൂചനയാണ്.
ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് അച്ചീവേഴ്സ് മീറ്റ് ഇന്ന്
തൃശൂർ: ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ അച്ചീവേഴ്സ് മീറ്റ് ഇന്ന് കൊടൈക്കനാലിൽ നടക്കും. അഞ്ചാം വാർഷികത്തിന്റെ ഭാഗമായി കന്പനിയുടെ ഭാവിപരിപാടികൾ മീറ്റിൽ വിശദീകരിക്കും. വിദേശയാത്രകൾ സമ്മാനമായി നൽകുന്ന മൂന്നു കോണ്ടസ്റ്റുകൾ ഈവർഷവും അടുത്തവർഷവുമായി നടത്തും.
കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ള പതിനായിരത്തോളം ഇൻവെസ്റ്റേഴ്സിനെ ഉൾപ്പെടുത്തിയുള്ള ഇൻവെസ്റ്റേഴ്സ് മീറ്റ് ഓഗസ്റ്റ് 24നു നടത്തുമെന്ന് ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസ് സിഎംഡി ഡോ. വിബിൻദാസ് കടങ്ങോട്ട് അറിയിച്ചു.
അതേദിവസം കേരളത്തിലെ ഇരുപത്തഞ്ചോളം വൃദ്ധസദനങ്ങളിൽനിന്നും അഗതിമന്ദിരങ്ങളിൽനിന്നുമുള്ള അന്തേവാസികൾക്കൊപ്പം വാർഷികാഘോഷം നടക്കും.
ആക്സിസ് ബാങ്കിന് 26,373 കോടി അറ്റാദായം
കൊച്ചി: ആക്സിസ് ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അറ്റാദായം ആറു ശതമാനം വര്‍ധിച്ച് 26,373 കോടി രൂപയിലെത്തി. ബാങ്കിന്റെ അറ്റ പലിശ വരുമാനവും ആറു ശതമാനം വര്‍ധിച്ച് 13,811 കോടി രൂപയിലെത്തിയിട്ടുണ്ട്.
ബാങ്കിന്റെ കറന്റ്, സേവിംഗ്സ് ബാങ്ക് വിഭാഗത്തില്‍ ത്രൈമാസാടിസ്ഥാനത്തില്‍ പത്തു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മാര്‍ച്ച് 31ലെ കണക്കുപ്രകാരം ബാങ്കിന്റെ ആകെ നിഷ്ക്രിയ ആസ്തികള്‍ 1.28 ശതമാനത്തിലും അറ്റ നിഷ്ക്രിയ ആസ്തികള്‍ 0.33 ശതമാനത്തിലുമാണ്.
പുതിയ എഐ പിസികൾ അവതരിപ്പിച്ച് എച്ച്പി
കൊച്ചി: എച്ച്പി പുതുതലമുറ എഐ പിസികളുടെ ശ്രേണി പുറത്തിറക്കി. വലിയ സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, റീട്ടെയിൽ ഉപഭോക്താക്കൾ എന്നിവർക്കായി എലൈറ്റ്ബുക്ക്, എച്ച്പി പ്രോബുക്ക്, എച്ച്പി ഓമ്നിബുക്ക് ശ്രേണികളാണ് എച്ച്പി രൂപകല്പന ചെയ്തിരിക്കുന്നത്.
എച്ച്പി എലൈറ്റ്ബുക്ക് 8 ജി1 ഐക്ക് 1,46,622 രൂപയാണ് പ്രാരംഭ വില.
സ്വര്‍ണവിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 9,005 രൂപയും പവന് 72,040 രൂപയുമായിട്ടാണ് ഇന്നലെ വില്പന നടന്നത്.
മുംബൈ: യുഎസ് ഡോളറിനെതിരേ തുടർച്ചയായ രണ്ടു ദിവസത്തെ നഷ്ടത്തിനുശേഷം ഇന്ത്യൻ രൂപയുടെ മൂല്യം ഇന്നലെ 0.2 ശതമാനം ഉയർന്നു.
കയറ്റുമതിക്കാരുടെ ഡോളർ വിൽപ്പനയും ഉൗഹക്കച്ചവടക്കാർ രൂപയെ അംഗീകൃത സപ്പോർട്ട് ലെവലിനു താഴെയാക്കുന്നതിൽ പരാജയപ്പെട്ടതുമാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഇന്നലെ ഉയർത്തിയത്. ക്രൂഡ് ഓയിൽ വില ഉയർന്നതോടെ ഡോളർ സൂചികയിൽ നേരിയ ഇടിവ് അനുഭവപ്പെട്ടതും രൂപയുടെ മൂല്യം വീണ്ടും ഉയർത്തി.
ഇന്നലെ രൂപയുടെ മൂല്യം 85.26ലെത്തി. ബുധനാഴ്ച 85.42ലാണ് ക്ലോസ് ചെയ്തത്. ഇന്നലെ ഡോളറിനെതിരേ 17 പൈസ ഇടിഞ്ഞ് 85.59 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ രൂപ 85.25 എന്ന ഉയർന്ന നിലയിലും 85.6625 എന്ന ഏറ്റവും താഴ്ന്ന നിലയിലുമെത്തി.
യുഎസ് ഡോളറിന്റെ മൂല്യം ദുർബലമായതും യുഎസിൽ ബിസിനസ് പ്രവർത്തനങ്ങൾ മന്ദഗതിയിലായതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വിലയിൽ ഒറ്റരാത്രികൊണ്ട് ഇടിവുണ്ടായതുമാണ് രൂപയെ ശക്തിപ്പെടുത്തിയതെന്ന് വിപണി വിദഗ്ധർ പറഞ്ഞു. യുഎസ് ട്രഷറി ബോണ്ടുകളിൽനിന്നുള്ള വരുമാനവും കുറഞ്ഞു. 10 വർഷത്തെ വരുമാനം മൂന്നു ബേസിസ് പോയിന്റ് കുറഞ്ഞ് 4.35 ശതമാനമായി.
ഫെഡറൽ റിസർവ് മേധാവിയെ പുറത്താക്കുമെന്ന ഭീഷണിയിൽനിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറുകയും ചൈനയോടുള്ള നിലപാട് മയപ്പെടുത്തുകയും ചെയ്തത് ഡോളർ സൂചികയുടെ ഇടിവിനിടയാക്കി. ബുധനാഴ്ച ഡോളർ സൂചിക മികച്ച നേട്ടത്തിലെത്തിയിരുന്നു.
ആറു പ്രധാന കറൻസികൾക്കെതിരേ ഡോളറിന്റെ പ്രകടനം വിലയിരുത്തുന്ന ഡോളർ സൂചിക 0.51 ശതമാനം ഇടിഞ്ഞ് 99.33ലെത്തി.
ബെയ്ജിംഗുമായുള്ള ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനെക്കുറിച്ച് ട്രംപ് ഭരണകൂടം പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
എന്നാൽ, ചൈനയ്ക്കെതിരേ വൈറ്റ് ഹൗസ് ചില തീരുവകൾ പകുതിയിലധികം കുറയ്ക്കാൻ ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലും, പ്രസിഡന്റ് ട്രംപ് ഏകപക്ഷീയമായി ചുങ്കങ്ങൾ കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. ഇതോടെ ചൈനയ്ക്കുമേലുള്ള തീരുവ കുറയ്ക്കാനുള്ള സാധ്യതകൾക്കു മങ്ങലേറ്റു.
ഓഹരിവിപണികൾക്ക് നഷ്ടം
ആഭ്യന്തര ഓഹരിവിപണികളിൽ ബിഎസ്ഇ സെൻസെക്സ് 256.90 പോയിന്റ് (0.32%) നഷ്ടത്തിൽ 79,859.59ലും നിഫ്റ്റി 82.25 പോയിന്റ് (0.34%)നഷ്ടത്തിൽ 24,246.70 ലും ക്ലോസ് ചെയ്തു.
വിദേശ നിക്ഷേപകർ തുടർച്ചയായ ആറാം ദിവസവും ഇന്ത്യൻ ഓഹരികൾ വാങ്ങുന്നത് തുടർന്നു. ബുധനാഴ്ച 3,332.94 കോടി രൂപയുടെയുടെ ഓഹരികളാണ് വാങ്ങിയത്. ആറു ദിവസത്തെ വാങ്ങൽ 21,263.67 കോടിയിലെത്തി.
മുത്തൂറ്റ് ഫിനാന്‍സ് ഓഹരി ഉടമകള്‍ക്ക് 26 ശതമാനം ലാഭവിഹിതം
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് 2024-25 സാമ്പത്തികവര്‍ഷത്തേക്ക് ഓഹരി ഉടമകള്‍ക്ക് 26 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. അംഗങ്ങളുടെ രജിസ്റ്ററില്‍ 2025 ഏപ്രില്‍ 25ന് പേരുള്ളവര്‍ക്കാണ് ഇടക്കാല ലാഭവിഹിതം നല്‍കുക.
പ്രഖ്യാപനം നടത്തി 30 ദിവസത്തിനകം സെബിയുടെ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഈ ഇടക്കാല ലാഭവിഹിതം നല്‍കും. ഐപിഒയിൽ ഓഹരികളുടെ ലിസ്റ്റിംഗ് നടത്തിയ 2011 മുതല്‍ കമ്പനി എല്ലാ വര്‍ഷവും ലാഭവിഹിതം നല്‍കുന്നുണ്ട്. അന്നുമുതല്‍ ഇതുവരെ 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് ആകെ 181.50 രൂപ ലാഭവിഹിതമാണ് നല്‍കിയിട്ടുള്ളത്.
ഓഹരി ഉടമകള്‍ക്ക് സുസ്ഥിര മൂല്യം നല്കുന്ന കമ്പനിയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതാണ് ഇടക്കാല ലാഭവിഹിത പ്രഖ്യാപനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
എല്ലാ ബിസിനസുകളിലും മൂല്യം നല്‍കുന്നതിനൊപ്പം സ്വര്‍ണപ്പണയ മേഖലയിലെ തങ്ങളുടെ മുന്‍തൂക്കം ശക്തമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മുത്തൂറ്റ് ഫിനാന്‍സ് രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്വര്‍ണപ്പണയ വായ്പാ കമ്പനി എന്ന സ്ഥാനം ശക്തമാക്കുന്നത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,005 രൂപയും പവന് 72,040 രൂപയുമായി.
ഡിജിറ്റൽ സേവാ കേന്ദ്രത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഇ - കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് കേരളാ സ്റ്റേറ്റ് റൂട്രോണിക്സ് നടപ്പിലാക്കുന്ന വനിതാ സംരംഭക പദ്ധതിയായ ഡിജിറ്റൽ സേവാ കേന്ദ്രത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യഷത വഹിച്ച യോഗത്തിൽ വി.കെ. പ്രശാന്ത് എംഎൽഎ, റൂട്രോണിക്സ് ചെയർമാൻ ഡി. വിജയൻ പിള്ള, രജിസ്ട്രാറും മനേജിംഗ് ഡയറക്ടറുമായ ഡോ. എ. രതീഷ്, ഗ്രോവെയർ എഡ്യൂക്കേഷൻ മാനേജിംഗ് ഡയറക്ടർ അജീംഷ എന്നിവർ സന്നിഹിതരായിരുന്നു.
മോട്ടറോളയുടെ ലാപ്ടോപ് പുറത്തിറങ്ങി
കൊച്ചി: മോട്ടറോള തങ്ങളുടെ ആദ്യത്തെ ലാപ്ടോപ്പായ മോട്ടോ ബുക്ക് 60 അവതരിപ്പിച്ചു. ഇന്ത്യൻ വിപണിക്കു മാത്രമായി ബ്രോൺസ് ഗ്രീൻ, വെഡ്ജ്വുഡ് എന്നീ രണ്ട് പാന്റോൺ ക്യൂറേറ്റഡ് നിറങ്ങളിലാണ് മോട്ടോ ബുക്ക് 60 വരുന്നത്.
1.39 കിലോഗ്രാമാണു ഭാരം. മോട്ടോ ബുക്ക് 60ന് 61,999 രൂപയും, മോട്ടോ പാഡ് 60 പ്രോ ടാബ്ലെറ്റിന് 26,999 രൂപയുമാണ് പ്രാരംഭ വില.