യുസ്വേന്ദ്ര ചാഹലിന്റെ ഹാട്രിക് മികവിൽ പഞ്ചാബ് കിംഗ്സ് ഇലവന് ജയം
ചെന്നൈ: ചെന്നൈയുടെ തട്ടകത്തിൽ പഞ്ചാബിന്റെ പഞ്ച്. ഐപിഎൽ ട്വന്റി20 ക്രിക്കറ്റിൽ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത പഞ്ചാബ് കിംഗ്സ് ഇലവൻ യുസ്വേന്ദ്ര ചാഹലിന്റെ ഹാട്രിക് മികവിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 200 കടക്കാൻ അനുവദിച്ചില്ല. മറുപടി ബാറ്റിംഗിൽ പാഞ്ചാബ് തകർത്തടിച്ച് ചെന്നൈയെ പഞ്ചറാക്കി. സ്കോര്‍: ചെന്നൈ 20 ഓവറില്‍ 190. പഞ്ചാബ്: 19.4 ഓവറില്‍ 194/6.
കറണ്‍ അറ്റാക്ക്: തുടക്കത്തിൽ വിക്കറ്റ് വലിച്ചെറിഞ്ഞ് തുടങ്ങിയ ചെന്നൈക്ക് പ്രതീക്ഷ പകർന്നത് മൂന്നാം നന്പറിലിറങ്ങിയ സാം കറണ്ന്റെ (47 പന്തിൽ 88 റണ്‍സ്) ബാറ്റിംഗാണ്. ഓപ്പണിംഗ് സഖ്യം 21 റണ്‍സിൽ പിരിഞ്ഞു. ഷെയ്ക് റഷീദ് (11), ആയുഷ് മെഹ്ത്രെ (7) നിരാശപ്പെടുത്തി.
രവീന്ദ്ര ജഡേജ (17) സാം കറണൊപ്പം സ്കോർ ചലിപ്പിച്ചു. സ്കോർ 48ൽ ഈ സഖ്യം ഹർപ്രീത് ബാർ വീഴ്ത്തി. പിന്നീടെത്തിയ ഡിവാൾഡ് ബ്രേവിസ് (32) പിടിച്ചുനിന്നതോടെ സ്കോർ 126ൽ എത്തി.
ശിവം ദൂബെ (6), എംഎസ് ധോണി (11) തുടങ്ങിയവർ നിരാപ്പെടുത്തി. ഹാട്രിക് അടക്കം നാല് വിക്കറ്റുമായി യൂസവേന്ദ്ര ചാഹൽ വാലറ്റത്തെ പിടിച്ചുകെട്ടിയതോടെ സ്കോർ 200ന് മുകളിലെത്തിക്കാനായില്ല. അർഷ്ദീപ് സിംഗ്, മാർകോ ജാൻസണ് എന്നിവർ രണ്ടു വിക്കറ്റ് വീതവും അസ്മതുള്ള ഒമാർസി, ഹർപ്രീത് ബ്രാർ എന്നിവർ പഞ്ചാബിനായി ഓരോ വിക്കറ്റും വീഴ്ത്തി.
പഞ്ച് തുടക്കം:
പഞ്ചാബിന്റെ തുടക്കം മികച്ചതായിരുന്നു. നാല് ഓവറിൽ 44 റണ്‍സ് ചേർത്തശേഷമാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. പ്രിയാൻഷ് ആര്യയെ (23) അഹമ്മദ് ധോണിയുടെ കൈകളിലെത്തിച്ചു. പ്രഭ്സിമ്രാൻ സിംഗ് (....) തകർത്തടിച്ചു. പ്രഭ്സിമ്രാൻ സിംഗ് (54) തകർത്തടിച്ചു. ശ്രേയസ് അയ്യർ (72), ശശാങ്ക് സിംഗ് (23) വെടിക്കെട്ട് അനായാസ ജയമൊരുക്കി.
ഹാചൽ ഹാട്രിക്
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ ഹാട്രിക് വിക്കറ്റ് നേടി.
ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ചാഹലിന്റെ നേട്ടം.മത്സരത്തിലെ 19-ാം ഓവറിലാണ് ചെന്നൈയുടെ ദീപക് ഹൂഡ, അൻഷുൽ കന്പോജ്, നൂർ അഹമ്മദ് എന്നിവരുടെ വിക്കറ്റ് വീഴ്ത്തി ചാഹൽ ഹാട്രിക് നേട്ടം ആഘോഷിച്ചത്.
2022ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ രാജസ്ഥാൻ റോയൽസിനായി കളിച്ചപ്പോഴാണ് ചാഹൽ ആദ്യ ഹാട്രിക് നേടിയത്. ഐപിഎല്ലിൽ രണ്ട് ഹാട്രിക് നേടിയ ചുരുക്കം താരങ്ങളിൽ ഒരാളായി ചാഹൽ മാറി. മൂന്ന് ഹാട്രിക് നേടിയ അമിത് മിശ്രയുടെ പേരിലാണ് റിക്കാർഡ്.
കലിംഗ സൂപ്പർ കപ്പ് ഫൈനൽ; ഗോവ X ജംഷഡ്പുർ ഫൈനല്‍ ശനിയാഴ്ച
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പ് ഫൈനലിൽ ഗോവ എഫ്സി- ജംഷഡ്പുര്‍ എഫ്സി പോരാട്ടം.
ഇന്നലെ നടന്ന ആദ്യ സെമിഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ 1-3ന് പരാജയപ്പെടുത്തി ഗോവ ഫൈനലിൽ പ്രവേശിച്ചപ്പോള്‍ മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ജംഷഡ്പുര്‍ ഫൈനലില്‍ കടന്നു. ശനിയാഴ്ചയാണ് ഫൈനല്‍ പോരാട്ടം.
ആക്രമണാത്മക ശൈലിയിലാണ് എഫ്സി ഗോവ മത്സരം ആരംഭിച്ചത്. മോഹൻ ബഗാൻ ശക്തമായ പ്രതിരോധം തീർത്തു. എന്നാൽ, 20-ാം മിനിറ്റിൽ ഗോവയുടെ നിരന്തര സമ്മർദം ഫലം കണ്ടു. ബ്രിസണ്‍ ഫെർണാണ്ടസ് തൊടുത്ത ഷോട്ട് മോഹൻ ബഗാൻ ഗോൾകീപ്പർ ധീരജ് സിംഗിനെ നിസഹായനാക്കി വല കുലുക്കി.
എന്നാൽ മൂന്നു മിനിറ്റുകൾക്കുള്ളിൽ മോഹൻ ബഗാൻ തിരിച്ചടിച്ച് സമനില പിടിച്ചു. 23-ാം മിനിറ്റിൽ സുഹൈൽ അഹമ്മദ് പട്ട് സമനില ഗോളടിച്ചു. 1-1 സമനിലയിൽ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതി ഗോവൻ താരങ്ങളുടെ ആവേശപ്പോരിന് സാക്ഷ്യം വഹിച്ചു.
മോഹൻ ബഗാനെ നിഷ്പ്രഭമാക്കിയുള്ള മുന്നേറ്റം 51-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. ഐക്കർ ഗ്വാറോട്സെന ഗോവയ്ക്കായി ലീഡ് നേടി. 58-ാം മിനിറ്റിൽ ബോർജ ഹെറെറാ ഗോവയ്ക്കായി മൂന്നാം ഗോൾ നേടി വിജയവും ഫൈനൽ പ്രവേശനവും ഉറപ്പിച്ചു. ബോർജ ഹെറെറാ ഗോണ്‍സാൽസ് ആണ് കളിയിലെ താരം.
ജംഷഡ്പുരിന് ജയം:
ഇന്നലെ നടന്ന രണ്ടാം സെമിയിൽ മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ജംഷഡ്പുർ എഫ്സി ഫൈനലിൽ കടന്നു. അവസാന നിമിഷം വരെ ഗോൾ രഹിത സമനിലയായി നീങ്ങിയ മത്സരത്തിൽ 87-ാം മിനിറ്റിലാണ് ജംഷഡ്പുരിന്റെ വിജയഗോൾ പിറന്നത്. റേയ് ടച്ചിക്വാനയാണ് വിജയഗോളും ജംഷഡ്പുരിന്റെ ഫൈനൽ പ്രവേശനം സാധ്യമാക്കിയത്. റേയ് ടച്ചിക്വാനതന്നെയാണ് കളിയിലെ താരവും.
സൗഹൃദ മത്സരം: ബ്ലൂ ടൈഗേഴ്സ് തായ്ലന്ഡിലേക്ക്
കോൽക്കത്ത: എഎഫ്സി ഏഷ്യൻ കപ്പ് ഗ്രൂപ്പ് സി യോഗ്യതാമത്സരത്തിനുള്ള തയാാറെടുപ്പിന്റെ ഭാഗമായി സൗഹൃദമത്സരത്തിൽ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം തായ്ലന്‍ഡിനെ നേരിടും.
ജൂണ്‍ നാലിന് തായ്ലന്ഡിലെ പാത്തും താനിയിലുള്ള തമ്മസാറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ജൂണ്‍ 10നാണ് 2027ലെ എഎഫ്സി ഏഷ്യൻ കപ്പ് ഗ്രൂപ്പ് സി യോഗ്യതാ മത്സരം. ഫിഫ റാങ്കിംഗ് പ്രകാരം ഇന്ത്യ 127-ാം സ്ഥാനത്തും തായ്ലന്ഡ് 99-ാം സ്ഥാനത്തുമാണ്.
18ന് കോല്‍ക്കത്തയിൽ നടക്കുന്ന ഫിഫ ഇന്റർനാഷണൽ വിൻഡോ പരിശീലന ക്യാന്പിനുശേഷം മേയ് 29ന് ഇന്ത്യ തായ്ലൻഡിലേക്ക് പോകും. തായ്ലൻഡിനെതിരായ സൗഹൃദമത്സരത്തിനു ശേഷം ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനായി പരിശീലനം നേടാൻ ബ്ലൂ ടൈഗേഴ്സ് ഹോങ്കോങ്ങിലേക്ക് തിരിക്കും. ബംഗ്ലാദേശും സിംഗപ്പൂരുമാണ് ഗ്രൂപ്പ് സിയിലെ മറ്റ് ടീമുകൾ.
തായ്ലൻഡിനെതിരേ ബ്ലൂ ടൈഗേഴ്സ് 26 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. ഏഴ് ജയം ഇന്ത്യ നേടിയപ്പോൾ 12 ജയത്തിന്റെ മുൻതൂക്കം തായ്ലൻഡിനുണ്ട്. ഏഴ് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. എന്നാൽ അവസാന രണ്ടു പ്രാവശ്യം നേർക്കുനേർ പോരാടിയപ്പോൾ ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ സൗഹൃദ മത്സരത്തിനിറങ്ങുന്നത്.
ഐപിഎല്ലിലെ റോബോട്ട് നായയുടെ പേരിനെച്ചൊല്ലി തർക്കം; ബിസിസിഐക്ക് നോട്ടീസയച്ച് കോടതി
ന്യൂഡൽഹി: ഐപിഎല്ലിലെ എഐ റോബോട്ട് നായയ്ക്ക് ‘ചന്പക്’ എന്ന പേര് നൽകിയതിൽ ബിസിസിഐക്ക് നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി. തങ്ങളുടെ പേര് റോബോട്ടിനു നൽകിയതിലൂടെ ട്രേഡ് മാർക്ക് ലംഘനം നടക്കുന്നുവെന്നാരോപിച്ച് ‘ചന്പക്’ എന്ന പ്രശസ്ത കുട്ടികളുടെ മാസികയുടെ അധികൃതരാണു കോടതിയിൽ പരാതിയുമായെത്തിയത്.
ഹർജിയിൽ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതി ബിസിസിഐയോട് നിർദേശിച്ചു. ഈ വർഷത്തെ ഐപിഎൽ സീസണിൽ അവതരിപ്പിച്ച ‘ചന്പക്’ എന്ന റോബോട്ട് നായ സമൂഹമാധ്യമങ്ങളിലടക്കം തരംഗമാകുന്പോഴാണ് പേരിനെച്ചൊല്ലി തർക്കമുണ്ടാകുന്നത്.
1969 മുതൽ ചന്പക് മാസിക പ്രസിദ്ധീകരിക്കുന്ന ഡൽഹി പ്രസ് പത്രപ്രകാശൻ പ്രൈവറ്റ് ലിമിറ്റഡാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ചന്പക് എന്നതു ദീർഘകാലമായി നിലനിൽക്കുന്ന ബ്രാൻഡ് നാമമാണെന്നു കോടതി നിരീക്ഷിച്ചു.
എന്നാൽ ‘ചന്പക്’ എന്നത് ഒരു പൂവിന്റെ പേരാണെന്നും ആളുകൾ റോബോട്ടിക് നായയെ ഇതേ പേരുള്ള ഒരു പ്രശസ്ത ടെലിവിഷൻ കഥാപാത്രവുമായാണു ബന്ധപ്പെടുത്തിയതെന്നും മാസികയുമായല്ലെന്നും ബിസിസിഐ വാദിച്ചു.
ചാന്പ്യൻസ് ലീഗ് സെമി; നന്പർ വണ്‍ ഷോക്ക്
ലണ്ടൻ: യുവേഫ ചാന്പ്യൻസ് ലീഗ് സെമിഫൈനലിന്റെ ആദ്യപാദത്തിൽ സ്വന്തം തട്ടകത്തിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി ആഴ്സണൽ. ആവേശ മത്സരത്തിൽ ഫ്രഞ്ച് വന്പന്മാരായ പിഎസ്ജി ഏകപക്ഷീയമായ ഒരു ഗോളിന് ആഴ്സണലിനെ വീഴ്ത്തി.
നാലാം മിനിറ്റിൽ ഒസ്മാൻ ഡെംബെലെ നേടിയ ഗോളിലാണ് പിഎസ്ജിയുടെ വിജയം. രണ്ടാം പാദ സെമി പിഎസ്ജിയുടെ തട്ടകത്തിൽ അടുത്ത ബുധനാഴ്ച നടക്കും.
പിഎസ്ജിയുടെ ലക്ഷ്യം കാണുമായിരുന്ന ഷോട്ടുകൾ തട്ടിയകറ്റി ആഴ്സണലിന്റെ തോൽവി ഭാരം കുറച്ചത് ഗോൾകീപ്പർ ഡേവിഡ് റയയുടെ തകർപ്പൻ സേവുകളാണ്. അതേസമയം പതിഞ്ഞ തുടക്കത്തിനുശേഷം ആഴ്സണൽ ശക്തമായി മത്സരത്തിലേക്ക് തിരിച്ചു വന്നെങ്കിലും പിഎസ്ജിക്ക് ഗോൾമുഖത്ത് ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലൂജി ഡൊണ്ണാരുമ രക്ഷകനായി. ഗോളെന്നുറപ്പിച്ച അവസരങ്ങൾ അവിശ്വസനീയമായി ഡൊണ്ണാരുമ തട്ടിയകറ്റുകയായിരുന്നു.
ആഴ്സണൽ താരങ്ങളായ ഡിസൈർ ഡോവ്, ഗബ്രിയേൽ മാർട്ടിനല്ലി, ലിയാന്ദ്രോ ട്രൊസാർഡ് തുടങ്ങിയവരുടെ ഗോളെന്ന് ഉറച്ച ഷോട്ടുകളാണ് ഡൊണ്ണാരുമ തട്ടിയകറ്റിയത്. ഡെക്ലാൻ റൈസിന്റെ ഫ്രീകിക്കിൽനിന്ന് മൈക്കൽ മെറീനോ ഹെഡറിലൂടെ സമനില ഗോൾ നേടിയെന്ന് ഉറപ്പിച്ചെങ്കിലും അത് ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയതും ആഴ്സണലിനു തിരിച്ചടിയായി.
ഖേലോ ഇന്ത്യയിൽ സെപക് താക്രോയും; കേരള ടീം ഇന്നു പുറപ്പെടും
തൃക്കരിപ്പൂർ: സെപക് താക്രോ ഇത്തവണ ഖേലോ ഇന്ത്യ ദേശീയ യൂത്ത് ഗെയിംസിൽ ഉൾപ്പെടുത്തി. ഈ മാസം അഞ്ചു മുതൽ പത്തു വരെ പാറ്റ്നയിൽ നടക്കുന്ന ദേശീയ യൂത്ത് ഗെയിംസിലേക്കുള്ള ആൺകുട്ടികളുടെ കേരള ടീം ഇന്നു യാത്ര പുറപ്പെടും. തൃക്കരിപ്പൂർ തങ്കയത്തെ ഇ. നന്ദുകൃഷ്ണനാണു ടീമിനെ നയിക്കുന്നത്.
എറണാകുളം ജില്ലയിൽനിന്നുള്ള ഡാൽവിൻ ദേവസിക്കുട്ടിയാണ് ഉപനായകൻ. എസ്. ആര്യൻ, കെ. പ്രഭിത്ത് (തൃശൂർ), കെ. അക്ഷജ് (പാലക്കാട്), കെ. വിഷ്ണു (കാസർഗോഡ്) എന്നിവരാണു ടീമിലെ അംഗങ്ങൾ.
ദേശീയ പരിശീലകനായിരുന്ന തൃക്കരിപ്പൂർ സ്വദേശി കെ.വി. ബാബുവാണു കേരള ടീമിന്റെ പരിശീലകൻ.
കോപ്പ ഡെൽ റേ ഫൈനലിൽ മോശം പെരുമാറ്റം; റുഡിഗറിനു വിലക്ക്
മഡ്രിഡ്: കോപ്പ ഡെൽ റേ ഫുട്ബോൾ ഫൈനൽ മത്സരത്തിനിടെ റഫറിക്കു നേരേ മോശം പെരുമാറ്റം ഉണ്ടായതിനു ചുവപ്പുകാർഡ് കിട്ടിയ റയൽ മഡ്രിഡ് ഡിഫൻഡർ അന്റോണിയോ റൂഡിഗറിന് ആറു മത്സരങ്ങളിൽനിന്ന് വിലക്ക്.
റഫറിക്കെതിരായ മോശം പെരുമാറ്റത്തിനാണ് ജർമൻ താരത്തെ വിലക്കിയതെന്ന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ ഡിസിപ്ലിനറി കമ്മിറ്റി പറഞ്ഞു.
ബാഴ്സലോണ 3-2നു വിജയിച്ച മത്സരത്തിലെ മോശം പെരുമാറ്റത്തിനു റൂഡിഗറിനു നാലു മുതൽ 12 വരെ മത്സരങ്ങളിൽ വിലക്കു വന്നേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
മത്സരത്തിനിടെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ട റുഡിഗർ, ഫൈനൽ വിസിലിനു തൊട്ടുമുൻപ് റയൽ താരം കിലിയൻ എംബപ്പെയ്ക്കെതിരേ ഫൗൾ വിളിച്ചതിനാണ് റഫറിക്കെതിരേ മോശം പെരുമാറ്റത്തിന് തുനിഞ്ഞത്.
ഇതേ കുറ്റത്തിന് റയലിന്റെ ലൂക്കാസ് വാസ്ക്വസിനും റഫറി ചുവപ്പുകാർഡ് നൽകിയിരുന്നു. സംഭവത്തിൽ റൂഡിഗർ പിന്നീടു മാപ്പു പറഞ്ഞിരുന്നു.
സ്പാനിഷ് ലാ ലിഗ: അൽമേരിയയ്ക്കു ജയം
സ്പെയിൻ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റേസിംഗ് ഫെറോളിനെതിരേ അൽമേരിയയ്ക്കു ജയം. പോയിന്റ് പട്ടികയിലെ മുൻതൂക്കം കളിക്കളത്തിലും കാണിച്ച അൽമേരിയ 2-1നാണ് റേസിംഗ് ഫെറോളിനെ വീഴ്ത്തിയത്.
ലൂയിസ് സുവാരസിന്റെ ഇരട്ടഗോളിന്റെ മികവിലാണ് അൽമേരിയ തകർപ്പൻ ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 43-ാം മിനിറ്റിൽ സുവാരസ് പെനാൽറ്റി ഗോളാക്കി ടീമിനെ മുന്നിലെത്തിച്ചു. 51-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോൾ ലക്ഷ്യം കണ്ട് 2-0 ലീഡ് സ്വന്തമാക്കി.
അവസാന നിമിഷം 90+2 മിനിറ്റിലാണ് റേസിംഗ് ഫെറോളിനായി അൽവാരോ ഗിമെൻസ് ആശ്വാസ ഗോൾ നേടിയത്.
വട്ടപ്പൂജ്യത്തില്‍നിന്ന് ലോകമറിയുന്ന ടീമാക്കി പ്രഫ. സണ്ണി തോമസ് വിടപറയുമ്പോള്‍
ഷൂട്ടിംഗ് പരിശീലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫ. സണ്ണി തോമസ് വിടപറഞ്ഞു. ഷൂട്ടിംഗിൽ അഞ്ച് തവണ സംസ്ഥാന ചാന്പ്യനും 1976ൽ ദേശീയ ചാന്പ്യനുമായിരുന്ന സണ്ണി തോമസ് 1993 മുതൽ 2012 വരെ ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. വിവിധ ഒളിന്പിക്സുകളിലായി അദ്ദേഹത്തിന്റെ പരിശീലന കാലയളവിലാണ് ഇന്ത്യ സ്വർണം, വെളളി മെഡലുകൾ നേടിയത്.
ഒളിന്പിക്സ് ജേതാവ് അഭിനവ് ബിന്ദ്രയുടെയും പരിശീലകനായിരുന്നു പ്രൊഫ. സണ്ണി തോമസ്. 2001ൽ ദ്രോണാചാര്യ ബഹുമതി നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ച ു. കോളജ് അധ്യാപകൻ, ഷൂട്ടിംഗ് ചാന്പ്യൻ, പരിശീലകൻ തുടങ്ങി സാമൂഹിക, കായിക ചരിത്രത്തിൽ മായ്ക്കാനാകാത്ത സംഭാവനകൾ നൽകിയാണ് സണ്ണി തോമസ് എന്ന ദ്രോണാചാര്യൻ വിടപറയുന്നത്.
1941 സെപ്റ്റംബർ 26നു കോട്ടയം തിടനാട് മേക്കാട്ട് കെ.കെ. തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി ജനിച്ച അദ്ദഹത്തിന്റെ വിദ്യാഭ്യാസം കോട്ടയം സിഎംഎസ് കോളജിലായിരുന്നു. ഉഴവൂരിലുളള സെന്റ് സ്റ്റീഫൻസ് കോളജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. വിരമിച്ച ശേഷം മുഴുവൻസമയ ഷൂട്ടിംഗ് പരിശീലകനായി പ്രവർത്തിച്ചു.
ഇന്ത്യൻ ടീമിന്റെ ചീഫ് കോച്ചായി 19 വർഷമാണ് അദ്ദേഹം പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ പരിശീലക കാലയളവിലാണ് 2004 ഏതൻസ് ഒളിംപിക്സിൽ രാജ്യവർധൻ സിങ് റാത്തോഡിലൂടെ ഇന്ത്യ ആദ്യ വ്യക്തിഗത വെള്ളി മെഡൽ നേടിയത്. 2008ൽ ബെയ്ജിംഗ് ഒളിംപിക്സിൽ അഭിനവ് ബിന്ദ്ര സ്വർണം നേടിയപ്പോൾ അത് ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണമായി മാറി.
2012ൽ സണ്ണി തോമസിനു കീഴിൽ ലണ്ടൻ ഒളിംപിക്സിൽ വിജയകുമാർ വെള്ളിയും ഗഗൻ നാരങ് വെങ്കലവും നേടി. ഏഷ്യൻ ഗെയിംസുകളിൽ 29 മെഡലുകളും കോമണ്‍ വെൽത്ത് ഗെയിംസിൽ 95 മെഡലുകളും സണ്ണി തോമസിന്റെ കുട്ടികൾ വെടിവച്ചിട്ടു. ലോകകപ്പിലെ നേട്ടങ്ങൾ അൻപതോളമാണ്.

1965ൽ കോട്ടയം റൈഫിൾ ക്ലബ്ബിൽ ചേർന്ന് ശാസ്ത്രീയമായി ഷൂട്ടിംഗ് അഭ്യസിച്ചത് സണ്ണി തോമസിന് വഴിത്തിരിവായി. 1965ൽ തിരുവനന്തപുരത്തു നടന്ന സംസ്ഥാന ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ പങ്കെടുത്തായിരുന്നു അരങ്ങേറ്റം.
അഞ്ചു വർഷം സംസ്ഥാന റൈഫിൾ ചാന്പ്യനായി, 1976ൽ ദേശീയ ചാന്പ്യനും. 1993 മുതൽ പരിശീലകവേഷത്തിലും സജീവമായിരുന്നു. ഷൂട്ടിംഗിൽ വട്ടപ്പൂജ്യമായിരുന്ന ഇന്ത്യൻ ടീമിനെ 19 വർഷംകൊണ്ട് ലോകമറിയുന്ന ടീമാക്കി മാറ്റിയാണ് സണ്ണി തോമസ് ലോകമറിയുന്ന പരിശീലകനായത്.
1993ലാണ് ഇന്ത്യയുടെ ആദ്യത്തെ ദേശീയ ഷൂട്ടിംഗ് പരിശീലകനായി സണ്ണി തോമസ് സ്ഥാനമേറ്റെടുക്കുന്നത്. രാജ്യാന്തര ഷൂട്ടിംഗിൽ ഇന്ത്യക്ക് അപ്പോൾ കാര്യമായ വിജയ ചരിത്രമൊന്നും ഉണ്ടായിരുന്നില്ല. 1990ലെ കോമണ്‍വെൽത്ത് ഗെയിംസിൽ നേടിയിരുന്നത് ഒരു സ്വർണം മാത്രം.
1994ൽ അതു മൂന്നു സ്വർണവും ഒരു വെള്ളിയുമായി. 1998ൽ അഞ്ച് സ്വർണം. ഒളിംപിക്സിലും കോമണ്‍വെൽത്ത് ഗെയിംസിലും ഏഷ്യാഡിലും ലോക ചാന്പ്യൻഷിപ്പിലുമെല്ലാമായി രാജ്യാന്തര നേട്ടങ്ങൾ ഇന്ത്യൻ ഷൂട്ടര്‍മാരുടെ വഴിയേ വന്നുകൊണ്ടേയിരുന്നു, അതു പരിശീലകന്റെയും വിജയമായി.
കോല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനു ജയം
ന്യൂഡല്‍ഹി: ഐപിഎല്‍ ട്വന്റി 20 ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ കോല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനു ജയം. ഡൽഹിയെ 14 റൺസുകൾക്ക് കീഴടക്കിയാണ് കോൽക്കത്ത സീസണിലെ നാലാം ജയം സ്വന്തമാക്കിയത്.
കോല്‍ക്കത്ത 20 ഓവറില്‍ 204/9. ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 190/9.
32 പന്തില്‍ 44 റണ്‍സ് നേടിയ അങ്ക്രിഷ് രഘുവംശി കോല്‍ക്കത്തയുടെ ടോപ് സ്കോററായി. റഹ്മാനുള്ള ഗുര്‍ബാസും സുനില്‍ നരേയ്നും സ്ഫോടനാത്മകമായ തുടക്കമാണ് നല്‍കിയത്. ഇരുവരും മൂന്ന് ഓവറില്‍ 48 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍, മൂന്നാം ഓവറിന്റെ അവസാന പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക് ഗുര്‍ബാസിനെ (12 പന്തില്‍ 26) അഭിഷേക് പോറലിന്റെ കൈകളിലെത്തിച്ചു.
പിന്നീടെത്തിയ അജിങ്ക്യ രഹാനെയും ആക്രമണ മൂഡിലായിരുന്നു. എന്നാല്‍ രഹാനെ -നരേയ്ന് കൂട്ടുകെട്ടിന് 37 റണ്‍സിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നുള്ള വിക്കറ്റ് വീഴ്ചകൾ കോൽക്കത്തയ്ക്കു തിരിച്ചടിയായി.
അപ്രതീക്ഷിത തകര്‍ച്ചയെ ഉറ്റുനോക്കിയ കോല്‍ക്കത്തയുടെ രക്ഷകരായി രഘുവംശിയും റിങ്കു സിംഗും എത്തി. 61 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് സ്ഥാപിച്ചശേഷമാണ് ഇരുവരും പിരിഞ്ഞത്. 17-ാം ഓവറില്‍ 32 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 44 റണ്‍സ് നേടിയ രഘുവംശിയെ കരുണ്‍ നായര്‍ കൈക്കുള്ളിലാക്കി.
ദുശ്മന്ത ചമീരയ്ക്കാണ് വിക്കറ്റ്. അടുത്ത ഓവറില്‍ റിങ്കുവും (25 പന്തില്‍ 36) പുറത്തായി. റോവ്മന്‍ പവലും ആന്ദ്രെ റസലും ഒന്നിച്ചതോടെ അവസാന ഓവറുകളില്‍ കൂറ്റന്‍ അടികള്‍ പ്രതീക്ഷിച്ച കോല്‍ക്കത്തയെ തടഞ്ഞുനിര്‍ത്താന്‍ ഡല്‍ഹി പന്തേറുകാര്ക്കായി.
സ്റ്റാര്‍ക് മൂന്നും അക്സര്‍ പട്ടേലും നിഗവും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗിൽ അഭിഷേക് പോറെല്‍ ആദ്യ പന്ത് ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്. രണ്ടാം പന്തില്‍ അനുകുൽ റോയി പകരംവീട്ടി. റസലിന് ക്യാച്ച്. ഫാഫ് ഡു പ്ലസിയും കരുണ്‍ നായരും സാവധാനം ഡല്‍ഹിയെ മുന്നോട്ടുകൊണ്ടുപോയി. ഈ കൂട്ടുകെട്ട് 39 റണ്‍സ് എടുത്തശേഷം പിരിഞ്ഞു.
അഭിഷേക് പോറെൽ ആദ്യ പന്ത് ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്. രണ്ടാം പന്തിൽ അനുകുൽ റോയി പകരംവീട്ടി. റസലിന് ക്യാച്ച്. ഫാഫ് ഡു പ്ലസിയും കരുണ്‍ നായരും സാവധാനം ഡൽഹിയെ മുന്നോട്ടുകൊണ്ടുപോയി. ഈ കൂട്ടുകെട്ട് 39 റണ്‍സ് എടുത്തശേഷം പിരിഞ്ഞു.
കെ.എൽ. രാഹുലിനും (7) ക്രീസിൽ അധികനേരം നിൽക്കാനായില്ല. ഒരറ്റത്ത് ഉറച്ചുനിന്ന ഡു പ്ലസിക് കൂട്ടായി അക്സർ പട്ടേൽ എത്തിയതോടെ ഡൽഹി വിജയപ്രതീക്ഷയിലെത്തി.
76 റണ്‍സ് നേടിയ ഈ സഖ്യം പട്ടേലിനെ (23 പന്തിൽ 43) പുറത്താക്കിക്കൊണ്ട് നരേൻ പൊളിച്ചു. ആ ഓവറിൽ ട്രിസ്റ്റൻ സ്റ്റബ്സും (1) പുറത്തായി. ഒരോവറിനുശേഷം ഡുപ്ലസിയും (45 പന്തിൽ 62) പുറത്തായി. പത്ത് റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകളാണ് ഡൽഹിക്കു നഷ്ടമായത്.നരേയ്ൻ മൂന്നും വരുൺ ചക്രവർത്തി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
എ.വി. സുനില്‍ തിങ്കളാഴ്ച രാത്രി ജയ്പുരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ഉയര്‍ന്നുയര്‍ന്ന കുക്കുബോറ പന്തുകളോരോന്നും പുതിയൊരു താരോദയത്തിന്റെ അടയാളങ്ങളായിരുന്നു. അന്ന് 14 വര്‍ഷവും 32 ദിവസവുംമാത്രമുള്ള രാജസ്ഥാന് റോയല്‍സിന്റെ ഓപ്പണിംഗ് ബാറ്റര്‍ വൈഭവ് സൂര്യവംശിക്കു പ്രായത്തില്‍ മാത്രമായിരുന്നു ഇളവ്.
മറുവശത്ത് ഇഷാന്ത് ശര്‍മയും മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും വാഷിംഗ്ടണ്‍ സുന്ദറും റാഷിദ് ഖാനും കരിം ജന്നത്തും അടങ്ങുന്ന ഗുജറാത്തിന്റെ ആക്രമണനിരയ്ക്കാകട്ടെ മൊത്തം 694 രാജ്യാന്തര ട്വന്റി മത്സരങ്ങളുടെ കടുപ്പമുണ്ടായിരുന്നു.
കുട്ടിക്കളിയാണെന്നു കരുതിയിരുന്നവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റുകയായിരുന്നു പിന്നാലെ. കളിയവസാനിക്കുമ്പോള്‍ വെറും 38 പന്തുകള്‍ നേരിട്ട് 11 പടുകൂറ്റന്‍ സിക്സറുകളും ഏഴ് ഫോറുകളും അടക്കം വൈഭവ് അടിച്ചെടുത്തത് 101 റണ്‍സ്.
34 പന്തില്‍ 94 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് രാജ്യാന്തര ട്വന്റി 20യിലെ ഏറ്റവും വലിയ ‘കുത്തിത്തിരിപ്പു’കാരനായ റാഷിദ് ഖാനെതിരേ സിക്സറടിച്ച് സെഞ്ചുറി തികച്ചത്. 17 പന്തില്‍ 50 റണ്‍സിലെത്തിയപ്പോള്‍ ഈ സീസണിലെ വേഗമേറിയ അര്‍ധസെഞ്ചുറി എന്ന നേട്ടത്തിനൊപ്പം ഐപിഎല്ലില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി വൈഭവ് മാറി.
വെറും 35 പന്തില്‍ നൂറുകടന്ന പയ്യനു ഐപിഎല്ലില്‍ അതിനുമുമ്പുണ്ടായിരുന്നത് രണ്ടു മത്സരങ്ങളുടെ അനുഭവസമ്പത്ത് മാത്രം. ആദ്യ മത്സരത്തില്‍ നേരിട്ട ആദ്യ പന്തുതന്നെ ഗാലറിയിലെത്തിച്ച രാജകീയ വരവിനോടു നീതി പുലര്‍ത്തുകയായിരുന്നു ഈ പ്രതിഭ. ഇന്ന് വൈഭവിന്റെ ദിനമായിരുന്നു എന്നുമാത്രം പറഞ്ഞൊഴിയാൻ എതിര്‍ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ശ്രമിച്ചെങ്കിലും സച്ചിന് തെണ്ടുല്‍ക്കര്‍ മുതലുള്ള ക്രിക്കറ്റ് ഇതിഹാസങ്ങളെല്ലാം ഈ ‘കിഡ് ഓഫ് ദ് മാച്ചി’നെ പുകഴ്ത്തുകയാണ്.
12 വര്‍ഷവും 284 ദിവസവും പ്രായമുള്ളപ്പോള്‍ ബിഹാറിനുവേണ്ടി ഫസ്റ്റ്ക്ലാസില്‍ അരങ്ങേറ്റം കുറച്ചതോടെയാണ് വൈഭവ് ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷയായി അവതരിക്കുന്നത്. 2024 നവംബറില്‍ മധ്യപ്രദേശിനെതിരേ വിജയ്ഹസാരെ ട്രോഫിയില്‍ കളിച്ചതോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ കളിക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യന്‍ താരമെന്ന ബഹുമതി വൈഭവ് സ്വന്തമാക്കി. പിന്നാലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൽ നിന്നുള്ള അപ്രതീക്ഷിത വിളി.
ബിഹാറിലെ സമസ്തിപുരിലാണ് വൈഭവ് ജനിച്ചത്. നാലാം വയസില്‍ കളി തുടങ്ങി. കടുത്ത ക്രിക്കറ്റ് പ്രേമിയായ പിതാവ് തന്നെയായിരുന്നു ആദ്യ പരിശീലകന്. ഒമ്പതാം വയസില്‍ നാട്ടിലെ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്നു. പിന്നീടുള്ള വളര്‍ച്ച ക്രിക്കറ്റിന്റെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിത്തുടങ്ങിക്കഴിഞ്ഞു.
സെഞ്ചുറി നേടി സൂപ്പർതാരപദവിയിൽ എത്തിയതിനു പിന്നാലെ, 2017ല്‍ തന്റെ ആറാം വയസില്‍ അച്ഛന്റെ ഒക്കത്തിരുന്നു പൂന സൂപ്പര്‍ ജയന്റ്സിന്റെ മത്സരം കാണുന്ന വൈഭവിന്റെ ചിത്രം ടീം ഉടമ സഞ്ജീവ് ഗോയങ്ക സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ക്രിക്കറ്റ് കളി കാണാന്‍ അച്ഛനൊപ്പം എത്തിയ കുരുന്ന് വൈഭവ് ഇന്ന് ആയിരങ്ങൾക്ക് ആവേശം പകരുന്ന താരമായി മാറിയിരിക്കുന്നു.
വഴിമാറിയ റിക്കാർഡുകൾ ട്വന്റി20യില്‍ സെഞ്ചുറി നേടിയ ഏറ്റവും പ്രായംകുറഞ്ഞ താരം തിങ്കളാഴ്ച വൈഭവ് സൂര്യവംശിക്ക് 14 വര്‍ഷവും 32 ദിവസവുമായിരുന്നു പ്രായം. 18 വര്‍ഷവും 118 ദിവസവും പ്രായമുള്ളപ്പോള്‍, 2013 ല്‍ മുംബൈയ്ക്കെതിരേ 109 റണ്‍സ് നേടിയ വിജയ് സോള്‍ ആയിരുന്നു ഇതുവരെ ഈ റിക്കാര്‍ഡിന് ഉടമ.
35 പന്തില്‍ നൂറും കടന്ന് ഐപിഎല്ലിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വേഗമേറിയ സെഞ്ചുറി. പൂന വാരിയേഴ്സിനെതിരേ 2013ല്‍ 30 പന്തില്‍ നൂറു തികച്ച സാക്ഷാല്‍ ക്രിസ് ഗെയിലിന്റെ പേരിലാണ് ഇപ്പോഴും അതിവേഗ സെഞ്ചുറി.
ഇന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ചുറി 2010ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 37 പന്തില്‍ നിന്ന് നൂറു തികച്ച യൂസഫ് പത്താന്റെ നേട്ടം മറികടന്ന പ്രകടനം. രാജസ്ഥാന് റോയല്‍സിനുവേണ്ടി ഒരു കളിക്കാരന് നേടിയ അതിവേഗ സെഞ്ചുറി എന്ന റിക്കാര്‍ഡും പത്താനില്നിന്ന് സൂര്യവംശി സ്വന്തമാക്കി.
15.5 ഓവറില്‍ 200 കടന്ന് 210 റണ്‍സ് വെറും 15.5 ഓവറില്‍. ഇതോടെ 200 ലേറെ റണ്‍സ് ഏറ്റവും വേഗത്തില്‍ പിന്തുടര്‍ന്ന ട്വന്റി 20 ടീമായി രാജസ്ഥാന് റോയല്‍സ് മാറി. ഇംഗ്ലീഷ് ക്ലബായ സറേ, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, പാക്കിസ്ഥാന് ടീമുകള്‍ 16 ഓവറില്‍ 200 മറികടന്നിട്ടുണ്ട്.
‘സ്നേഹ’കരുത്തിൽ ഇന്ത്യ
കൊളംബോ: ശ്രീലങ്കയിൽ നടക്കുന്ന വനിത ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരന്പരയുടെ രണ്ടാം മത്സരത്തിൽ ഇന്ത്യക്കു ജയം. ഇന്ത്യ 15 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു.
ഓപ്പണർ താസ്മിൻ ബ്രിട്ട്സിന്റെ (109) സെഞ്ചുറി കരുത്തിൽ ജയപ്രതീക്ഷയുമായി മുന്നേറിയ ദക്ഷിണാഫ്രിക്കയെ അഞ്ചു വിക്കറ്റ് നേടിയ സ്നേഹ റാണയാണു തകർത്തത്. സ്നേഹയാണ് (10-0-43-5) പ്ലെയർ ഓഫ് ദ മാച്ച്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഞ്ചു വിക്കറ്റ് നേടുന്ന ആദ്യ വനിതയാണു സ്നേഹ. താരത്തിന്റെ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടമാണിത്.
ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ആറു വിക്കറ്റിന് 276 റണ്‍സ് നേടി. ഓപ്പണർ പ്രതീക റാവൽ (91 പന്തിൽ 78), ജെമീമ റോഡ്രിഗസ് (32 പന്തിൽ 41), ഹർമൻപ്രീത് കൗർ (48 പന്തിൽ 41*), സ്മൃതി മന്ദാന (54 പന്തിൽ 36), ഹർലിൻ ഡിയോൾ (47 പന്തിൽ 29), റിച്ച ഘോഷ് (14 പന്തിൽ 24) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്കു മികച്ച സ്കോർ നൽകിയത്.
മറുപടി ബാറ്റിംഗിൽ ലോറ വോൾവാർഡ്-താസ്മിൻ ബ്രിട്ട്സ് സഖ്യം ഗംഭീര തുടക്കമാണു നൽകിയത്. 140 റണ്‍സിലെത്തിയപ്പോൾ വോൾവാർഡിനെ (43) പുറത്താക്കി ദീപ്തി ശർമ ഈ സഖ്യം പൊളിച്ചു.
ഒരുഘട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാൻ അഞ്ചു വിക്കറ്റ് കൈയിലിരിക്കേ 18 പന്തിൽ 25 റണ്‍സ് മതിയായിരുന്നു. എന്നാൽ 48-ാം ഓവറിൽ നദീൻ ഡി ക്ലെർക്ക് (0), ആനെറി ഡെർക്സെൻ (20 പന്തിൽ 30) എന്നിവരെയും പുറത്താക്കിയ സ്നേഹ അവസാന പന്തിൽ 107 പന്തിൽ 13 ഫോറുകളുടെയും മൂന്നു സിക്സുകളുടെയും അകന്പടിയിൽ 109 റണ്‍സ് നേടിയ ബ്രിട്ട്സിനെ സ്വന്തം പന്തിൽ പിടികൂടുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്ക എട്ടു വിക്കറ്റിന് 253 എന്ന നിലയിലേക്കു പതിച്ചു. പിന്നീടെത്തിയവർ പെട്ടെന്നു റണ്ണൗട്ടാകുകയും ചെയ്തു.
ആൻസിലോട്ടി ബ്രസീലിലേക്ക്
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മാഡ്രിഡിന്റെ കോച്ച് കാർലോ ആൻസിലോട്ടി ബ്രസീൽ ഫുട്ബോളിന്റെ പരിശീലകനാകാൻ സന്നദ്ധത അറിയിച്ചെന്നു റിപ്പോർട്ട്. റയലിനൊപ്പം ഈ ലാ ലിഗ സീസണ് പൂർത്തിക്കാന്നതിനു പിന്നാലെ ഇറ്റലിക്കാരനായ ആൻസിലോട്ടി ബ്രസീൽ ടീമിന്റെ പരിശീലകനാകുമെന്നാണു പുറത്തുവരുന്ന വാർത്തകൾ.
രണ്ടു തവണ റയലിന്റെ പരിശീലകനായ ആൻസിലോട്ടി ക്ലബ്ബിനൊപ്പം മൂന്നു ചാന്പ്യൻസ് ലീഗ് ഉൾപ്പെടെ നിരവധി കിരീടങ്ങൾ നേടി. കഴിഞ്ഞ സീസണിൽ ക്ലബ്ബിനെ ചാന്പ്യൻസ് ലീഗ്, ലാ ലിഗ ജേതാക്കളാക്കി. എന്നാൽ ഈ സീസണിൽ ടീമിനെ മികച്ച രീതിയിലെത്തിക്കാനായില്ല.
ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആഴ്സണലിനോടു തോറ്റ് പുറത്തായി. കോപ്പ ഡെൽ റേ ഫൈനലിൽ ബാഴ്സലോണയ്ക്കു മുന്നിൽ കീഴടങ്ങി. ഈ ലാ ലിഗ സീസണിൽ ബാഴ്സലോണയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ്.
ആൻസിലോട്ടി ബ്രസീലിയൻ ഫുട്ബോൾ കോണ്‍ഫെഡറേഷനുമായി (സിബിഎഫ്) കരാറിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. ജൂണ്‍ ആദ്യ വാരത്തിൽ അദ്ദേഹം ഔദ്യോഗികമായി ബ്രസീലിന്റെ പുതിയ മാനേജരാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
2026 ഫിഫ ലോകകപ്പ് വരെയാകും അദ്ദേഹത്തിന്റെ കരാർ. ബ്രസീലിൽ കാര്യങ്ങൾ നന്നായി പോയാൽ കൂടുതൽ കാലം തുടരാനുള്ള സ്വാതന്ത്ര്യവുമുണ്ട്.
സുധീർമാൻ കപ്പ്: ഇന്ത്യക്കു രണ്ടാം തോൽവി
സിയാമെൻ (ചൈന): സുധീർമാൻ കപ്പ് ബാഡ്മിന്റണ്‍ ഫൈനൽസിൽ ഇന്ത്യക്കു രണ്ടാം തോൽവി. ഗ്രൂപ്പ് ഡിയിൽ നിർണായക മത്സരത്തിൽ 4-1ന് ഇന്തോേനേഷ്യയോട് തോറ്റു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഡെൻമാർക്കിനോട് തോറ്റാണ് ഇന്ത്യ തുടങ്ങിയത്.
ഇന്നലെ ഇന്തോനേഷ്യക്കെതിരേ നടന്ന മത്സരത്തിലെ ആദ്യ മിക്സഡ് ഡബിൾസിൽ ധ്രുവ് കപില-തനിഷ ക്രാസ്റ്റോ സഖ്യം വിജയത്തുടക്കമിട്ടു. എന്നാൽ വനിതാ സിംഗിൾസിൽ പി.വി. സിന്ധു തോറ്റതോടെ 1-1ന് ഇന്തോനേഷ്യ ഒപ്പമെത്തി.
പുരുഷ സിംഗിൾസിൽ എച്ച്.എസ്. പ്രണോയ് മൂന്നു ഗെയിം നീണ്ട പോരാട്ടത്തിൽ ജൊനാഥൻ ക്രിസ്റ്റിയോട് പൊരുതി തോറ്റതോടെ ഇന്തോനേഷ്യ മുന്നിലെത്തി.
നിർണായകമായ വനിതാ ഡബിൾസിലും ഇന്ത്യ പരാജയപ്പെട്ടു. ഇതോടെ ഇന്തോനേഷ്യ 3-1ന് മുന്നിലെത്തി. അവസാന പുരുഷ ഡബിൾസിലും തോറ്റു.
ഇന്റർ ഇന്ന് ബാഴ്സയിൽ
ബാഴ്സലോണ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്റെ രണ്ടാം സെമി ഫൈനൽ ഇന്ന്. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.30ന് ബാഴ്സലോണ ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാനെ നേരിടും.
ഈ സീസണിൽ ജർമൻകാരൻ ഹാൻസി ഫ്ളിക് പരിശീലകനായി സ്ഥാനമേറ്റശേഷം മികച്ച പ്രകടനം നടത്തുന്ന ബാഴ്സലോണ നാലു കിരീടങ്ങളാണു ലക്ഷ്യമിടുന്നത്. രണ്ടു കപ്പുകൾ നേടിക്കഴിഞ്ഞ ഫ്ളിക്കിന്റെ ടീമിനു മുന്നിലുള്ളത് ചാന്പ്യൻസ് ലീഗും ലാ ലിഗയുമാണ്.
ലാ ലിഗയിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തുടരുകയാണ്. സ്വന്തം കാണികളുടെ മുന്നിൽ നടക്കുന്ന ആദ്യ പാദ സെമിയിൽ വൻ ജയം നേടാനാണു ടീമിറങ്ങുന്നത്. മിലാനിൽ നടക്കുന്ന രണ്ടാം പാദ സെമി ഫൈനലിന് ആത്മവിശ്വാസത്തോടെ ഇറങ്ങുകയാണ് ഫ്ളിക്കിന്റെ ലക്ഷ്യം. കൂടാതെ മെസി കാലഘട്ടത്തിനുശേഷം ചാന്പ്യൻസ് ലീഗ് ഫൈനൽ പ്രവേശനവും.
2015ൽ യൂറോപ്യൻ ജേതാക്കളായശേഷം ബാഴ്സലോണയ്ക്കു ഫൈനലിലെത്താനായിട്ടില്ല.
മറുവശത്ത്, ഇന്റർ തുടർച്ചയായ മൂന്നു തോൽവികൾക്കുശേഷമാണു ബാഴ്സലോണയെ നേരിടാനെത്തുന്നത്.
യൂറോപ്യൻ ടൂർണമെന്റിൽ ബാഴ്സയും ഇന്ററും ഇതുവരെ 16 തവണ ഏറ്റുമുട്ടി. ഇതിൽ എട്ടു തവണ ബാഴ്സ ജയിച്ചു. മൂന്നെണ്ണത്തിൽ ഇന്ററും ജയിച്ചു. അഞ്ചെണ്ണം സമനിലയായി.
ചാന്പ്യൻസ് ലീഗിൽ ഇന്ററിനെതിരേ ആറു കളിയിൽ (അഞ്ചു ജയവും ഒരു സമനില) സ്വന്തം കളത്തിൽ ബാഴ്സലോണ തോൽവി അറിഞ്ഞിട്ടില്ല. ഈ ചാന്പ്യൻസ് ലീഗ് സീസണിൽ ബാഴ്സലോണ സ്വന്തം കളത്തിൽ പരാജയമറിഞ്ഞിട്ടില്ല. ആറു കളിയിൽ അഞ്ചു ജയവും ഒരു സമനിലയും നേടി. 21 ഗോളും നേടി.
സംസ്ഥാന ബാസ്കറ്റ്ബോൾ; കോഴിക്കോടിനും കൊല്ലത്തിനും ജയം
മുള്ളൻകൊല്ലി (വയനാട്): മുള്ളൻകൊല്ലിയിലെ സെന്റ് മേരീസ് എച്ച്എസ്എസ് ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്ന 49-ാമത് സംസ്ഥാന പുരുഷ-വനിതാ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടന ദിനത്തിൽ കോഴിക്കോട് പുരുഷ ടീമും കൊല്ലത്തിന്റെ വനിതാ ടീമും ജയിച്ചു. കണ്ണൂരിന്റെ പുരുഷൻമാർ ജയത്തോടെ തുടങ്ങിയപ്പോൾ വനിതകൾ തോറ്റു.
ജയ്പുര്‍: 14 വയസ് മാത്രമുള്ള വൈഭവ് സൂര്യവംശിയുടെ സെഞ്ചുറി വൈഭവത്തിൽ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയസിനു ജയം. ഗുജറാത്ത് ടൈറ്റൻസിനെ എട്ടു വിക്കറ്റിന് രാജസ്ഥാൻ കീഴടക്കി. 38 പന്തിൽ 11 സിക്സും ഏഴു ഫോറും അടക്കം 101 റണ്‍സ് നേടിയ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ വിജയശിൽപ്പി.
210 റണ്‍സ് എന്ന വന്പൻ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ യശസ്വി ജയ്സ്വാൾ (40 പന്തിൽ 70 നോട്ടൗട്ട്), റിയാൻ പരാഗ് (15 പന്തിൽ 32 നോട്ടൗട്ട് എന്നിവരും രാജസ്ഥാനു വേണ്ടി തിളങ്ങി.
ചരിത്ര സെഞ്ചുറി
ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ രണ്ടാം സെഞ്ചുറിയാണ്, നേരിട്ട 35-ാം പന്തിൽ സിക്സിലൂടെ ശതകത്തിലെത്തിയ സൂര്യവംശി സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ, അതിവേഗ സെഞ്ചുറി നേടുന്ന അണ്‍ക്യാപ്ഡ് താരം, ഒരു ഇന്ത്യക്കാരന്റെ വേഗമേറിയ സെഞ്ചുറി തുടങ്ങിയ റിക്കാർഡുകളും വൈഭവ് സൂര്യവംശി സ്വന്തം പേരിനൊപ്പം ചേർത്തു.
സൂപ്പര്‍ ഗില്‍, ജോസ്
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടി ഓപ്പണര്‍മാരായ സായ് സുദര്‍ശനും (30 പന്തില്‍ 39) ശുഭ്മാന്‍ ഗില്ലും (50 പന്തില്‍ 84) ആദ്യ വിക്കറ്റില്‍ 93 റണ്‍സ് അടിച്ചു. സുദര്‍ശന്റെ പുറത്താകലിനു പിന്നാലെ ജോസ് ബട്ലര് ക്രീസില്‍.
26 പന്തില്‍ നാല് സിക്സും മൂന്നു ഫോറും അടക്കം ബട്ലര് 50 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. ഐപിഎല്‍ ചരിത്രത്തില്‍ 100 സിക്സ് എന്ന നാഴികക്കല്ലിലും ഗില്‍ എത്തി. 2025 ഐപിഎല്‍ സീസണില്‍ ഗില്ലിന്റെയും ബട്ലറിന്റെയും നാലാം അര്‍ധസെഞ്ചുറിയാണ്.
ആന്‍ഫീല്‍ഡിലെ സുവര്‍ണ ആകാശം...
അനീഷ് ആലക്കോട്
ലിവര്‍പൂള്‍ എഫ്സിക്കൊരു വീടുണ്ട്, ഹൃദയത്തിന്റെ ചെഞ്ചുവപ്പിനാല് തുടിക്കുന്ന ആന്‍ഫീല്‍ഡ്. ആരാധകര്‍ അണിയുന്ന, കൊണ്ടാടുന്ന ചുവപ്പിനാല്‍ ആന്‍ഫീല്‍ഡിന്റെ ആകാശംപോലും ചെമ്പട്ടുടുക്കും. ആന്‍ഫീല്‍ഡിന്റെ പുറംലോകംപോലും ആ ചുവപ്പിലേക്കണഞ്ഞു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എന്ന ഫുട്ബോള്‍ ലോകത്തിലെ ഗ്ലാമര്‍ ട്രോഫി 2024-25 സീസണില്‍ ലിവര്പൂളിനാല് ചുവന്നു തുടിച്ചു. 2019-20നുശേഷം രണ്ടാംവട്ടം. ഇംഗ്ലണ്ടിന്റെ ആകാശം ആന്‍ഫീല്‍ഡിന്റെ ചുവപ്പണിയുന്നത് ചരിത്രത്തില്‍ 20-ാം തവണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയുടെ റിക്കാര്‍ഡിന് ഒപ്പം. മാഞ്ചസ്റ്ററിന്റെ ഓള്‍ഡ് ട്രാഫോഡില്നിന്നുള്ള ചുവപ്പിനാല്‍ ഇംഗ്ലണ്ട് 20 തവണ ചുവപ്പണിഞ്ഞിരുന്നു. അതില്‍ 13 എണ്ണം 1990കളിലും രണ്ടായിരങ്ങളിലുമാണ്. തൊണ്ണൂറിന്റെ പിറവിക്കു മുമ്പ് 18 തവണ ആന്‍ഫീല്‍ഡിന്റെ ചുവപ്പുമേലങ്കിക്കുള്ളിലായിരുന്നു ഇംഗ്ലണ്ട് ശയിച്ചത്. ആ പാരമ്പര്യത്തിനു ക്ഷതമേറ്റപ്പോള്‍ ആന്‍ഫീല്‍ഡിന്റെ മുത്തച്ഛന്മാര് തങ്ങളുടെ മടിത്തട്ടില്വച്ച് കുഞ്ഞുങ്ങളെ പാടിക്കേള്‍പ്പിച്ചത് ഇങ്ങനെ:
“കൊടുങ്കാറ്റിലൂടെ നീ നടക്കുമ്പോള്‍,
നിന്റെ തല ഉയര്‍ത്തിപ്പിടിക്കുക
ഇരുട്ടിനെ ഭയപ്പെടരുത്
കൊടുങ്കാറ്റിന്റെ അവസാനം,
ഒരു സുവര്‍ണ ആകാശമുണ്ട്
കാറ്റിലൂടെ നടക്കുക
മഴയിലൂടെ നടക്കുക
നിങ്ങളുടെ സ്വപ്നങ്ങള്‍
പറന്നുപോയാലും
നടക്കുക, നടക്കുക
ഹൃദയത്തില്‍ പ്രതീക്ഷയോടെ നിങ്ങള്‍ ഒരിക്കലും ഒറ്റയ്ക്കു നടക്കില്ല നീ ഒരിക്കലും ഒറ്റയ്ക്കു നടക്കില്ല”...
അതെ, ഇന്നവര്‍ ഒറ്റയ്ക്കല്ല. ആന്‍ഫീല്‍ഡില്‍ ഇംഗ്ലീഷ് ഫുട്ബോള്‍ രാജാക്കന്മാര്ക്കുള്ള പ്രീമിയര്‍ ലീഗ് ട്രോഫി 20-ാം തവണയും എത്തിയിരിക്കുന്നു. അതും 2024-25 സീസണില്‍ നാലു മത്സരങ്ങള്‍ ശേഷിക്കേ... അതുകൊണ്ടുതന്നെ ലിവര്‍പൂള്‍ നഗരത്തില്‍ ആഘോഷരാവുകളാണ്...
2019-20 സീസണ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയപ്പോള്‍ കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ആഘോഷത്തിനു പരിമിതിയുണ്ടായിരുന്നു.
അന്ന് ഒഴിഞ്ഞ ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു ലിവര്‍പൂള്‍ ട്രോഫി ഉയര്‍ത്തിയത്. 1989-90നുശേഷമുള്ള ആദ്യ ഒന്നാം ഡിവിഷന് കിരീടമായതിനാല്‍ കോവിഡിലും ആന്‍ഫീല്‍ഡിനു പുറത്ത് ആരാധകര്‍ തടിച്ചുകൂടി. അന്നത്തെ എല്ലാ കുറവും തീര്‍ത്ത് നാലു സീസണിനിപ്പുറം അതിരുകളില്ലാത്ത ആഘോഷമാണ് ലിവര്‍പൂളില്‍...
യു വില്‍ നെവര്‍ വാക്ക് എലോണ്‍
ദ റെഡ്സ് എന്നറിപ്പെടുന്ന ലിവര്‍പൂള്‍ എഫ്സിയുടെ ഐക്കണിക് സോംഗ് ആണ് “യു വില്‍ നെവര്‍ വാക്ക് എലോണ്‍” (നിങ്ങള്‍ ഒരിക്കലും ഒറ്റയ്ക്കു നടക്കില്ല). ലോക ഫുട്ബോളില്‍ ഈ ഗാനം സ്കോട്ടിഷ് ക്ലബ് സെല്‍റ്റിക്കും ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടും കടംകൊണ്ടിട്ടുണ്ട്. എന്നാല്‍, ലിവര്‍പൂളിന്റെ ഓരോ മത്സരത്തിനു മുമ്പും ആന്‍ഫീല്‍ഡില്‍ ഈ ഗാനം മുഴങ്ങുന്നതിന്റെ അടുത്തെങ്ങും മറ്റൊന്നുമെത്തില്ല... യൂറോപ്യന്‍ കപ്പില്‍ 1976-77 സീസണ് മുതല്‍ ലിവര്‍പൂള്‍ ചാമ്പ്യന്മാരായിത്തുടങ്ങിയതോടെ യൂറോപ്പില്‍ ഈ ഗാനം മുഴങ്ങി.
ഓസ്കര് ഹാമര്സ്റ്റൈന് II എഴുതി റിച്ചാര്‍ഡ് റോജേഴ്സ് സംഗീതം നല്കി 1945ല്‍ അമേരിക്കയില്‍ പുറത്തിറങ്ങിയതാണ് യു വില്‍ നെവര്‍ വാക്ക് എലോണ്‍. ഗെറി ആന്‍ഡ് പേസ്മേക്കേഴ്സ് 1963ല്‍ യുകെയില്‍ ഇതിന്റെ പുതിയ പതിപ്പിറക്കി തരംഗം സൃഷ്ടിച്ചു.
അതോടെ ലിവര്‍പൂള്‍ ഈ ഗാനം തങ്ങളുടെ സ്വന്തമാക്കി. ലിവര്‍പൂളും നോട്ടിംഗ്ഹാം ഫോറസ്റ്റും തമ്മില്‍ ഷെഫീല്‍ഡിലെ ഹില്‍സ്ബറോ സ്റ്റേഡിയത്തില്‍ 1989 ഏപ്രില്‍ 15നു നടന്ന എഫ്എകപ്പ് സെമിഫൈനല്‍ ദുരന്തത്തോടെയാണ് യു വില്‍ നെവര്‍ വാക്ക് എലോണ്‍ ചെമ്പടയുടെ വികാരമായത്. കാരണം, ഹില്‍സ്ബറോ ദുരന്തത്തില്‍ 97 ലിവര്‍പൂള്‍ ആരാധകർക്കു ജീവന് നഷ്ടപ്പെട്ടിരുന്നു.
ആര്‍നെ സ്ലോട്ടിന്റെ തന്ത്രം
34-ാം റൗണ്ടില്‍ 5-1നു ടോട്ടന്‍ഹാം ഹോട്ട്സ്പുറിനെ തകര്‍ത്തതോടെയാണ് ലിവര്‍പൂള്‍ എഫ്സി 2024-25 സീസണ് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചത്. അതും സീസണില്‍ നാലു മത്സരങ്ങള്‍ ബാക്കിനിര്‍ത്തി. 2024 ഓഗസ്റ്റില്‍ ഇങ്ങനെയൊരു ട്രോഫിയെക്കുറിച്ച് കടുത്ത ലിവര്‍പൂള്‍ ആരാധകര്‍പോലും സ്വപ്നം കണ്ടിരിക്കില്ല എന്നതാണ് വാസ്തവം. കാരണം, 2023-24 സീസണിന്റെ അവസാനത്തോടെ ക്ലബ് വിടുന്നതായി പരിശീലകന് യര്‍ഗന്‍ ക്ലോപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ലിവര്‍പൂള്‍ ആരാധകര്‍ക്കു നെഞ്ചുവേദനയാണ്.
സാബി അലോണ്‍സോയെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ നെതര്‍ലന്‍ഡ്സില്‍നിന്ന് ആര്‍നെ സ്ലോട്ട് എത്തി. ലിവര്‍പൂളില്‍ എന്നല്ല ഇംഗ്ലണ്ടില്‍ത്തന്നെ സ്ലോട്ടിനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലായിരുന്നു. 2018-19ല്‍ ചാമ്പ്യന്‍സ് ലീഗിലും 2019-20ല്‍ പ്രീമിയര്‍ ലീഗിലും ലിവര്‍പൂളിനെ എത്തിച്ച പരിശീലകനായ ക്ലോപ്പിന്റെ വിടവു നികത്താന്‍ സ്ലോട്ടിനു സാധിക്കുമെന്ന് ആരും വിശ്വസിച്ചില്ല.
എന്നാല്‍, സ്ലോട്ട് ആദ്യം ചെയ്തത് 2019-20 സീസണില്‍ കപ്പു സ്വന്തമാക്കിയപ്പോഴത്തെ കണക്കുകള്‍ നിരത്തി കളിക്കാരെ സ്വയം പ്രചോദിപ്പിക്കുകയായിരുന്നു. ഏതെങ്കിലും ഒരു ഫോര്‍മേഷനിലാണ് (4-2-3-1, 4-3-3) എന്നു കേള്‍ക്കാനും സ്ലോട്ടിന് ആഗ്രഹമില്ലായിരുന്നു. പൂര്‍ണ സ്വാതന്ത്ര്യം - അതായിരുന്നു സ്ലോട്ട് ലിവര്‍പൂള്‍ കളിക്കാര്‍ക്കു നല്‍കിയത്.
ആന്‍ഫീല്‍ഡില്‍ ക്ലോപ്പിന്റെ ശരാശരി 80.33 പോയിന്റ്, അത് 90ലേക്ക് എത്തിക്കുകയായിരുന്നു സ്ലോട്ടിന്റെ ലക്ഷ്യം. അതിനായി ഡിഫെന്‍സും മിഡ്ഫീല്‍ഡും ബലപ്പെടുത്തി. 2024-25 സീസണിനു മുമ്പ് ഇറ്റാലിയന്‍ താരം ഫെഡെറിക്കോ കിയേസയെ മാത്രമാണ് ലിവര്‍പൂള്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ സ്വന്തമാക്കിയത്.
അതായത്, 2023-24 സീസണില്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനക്കാരായിരുന്ന ലിവര്‍പൂള്‍ ടീം തന്നെയാണ് 2024-25 സീസണ് ചാമ്പ്യന്മാര്. കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കൂ എന്നായിരുന്നു സ്ലോട്ട് കളിക്കാരോട് ആവശ്യപ്പെട്ടത്.
മുഹമ്മദ് സലയുടേത് (കഴിഞ്ഞ സീസണില്‍ 18 ഗോള്‍, 10 അസിസ്റ്റ്. ഇത്തവണ 34 മത്സരങ്ങളില്‍ 28 ഗോള്‍, 18 അസിസ്റ്റ്) അടക്കമുള്ള പ്രകടനം അതു ശരിവച്ചു. അതോടെ ആദ്യ സീസണില്‍ത്തന്നെ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കുന്ന അഞ്ചാമത് മാനേജര്‍ എന്ന നേട്ടം സ്ലോട്ടും സ്വന്തമാക്കി.
മലപ്പുറം: കാൽപ്പന്തുകളിയിൽ ഇന്ത്യൻ ഫുട്ബോളിൽ ചരിത്രമെഴുതിയ ഒരുപറ്റം താരങ്ങൾ ഏറ്റുമുട്ടിയപ്പോൾ മത്സരം തുല്യതയിൽ അവസാനിച്ചു. കേരള പോലീസ് ലെജൻഡ്സും മലപ്പുറം വെറ്ററൻസും തമ്മിലുള്ള മുപ്പതു മിനിറ്റ് നീണ്ട മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു.
കേരള പോലീസിൽനിന്ന് വിരമിക്കുന്ന ഐ.എം. വിജയൻ, റോയ് റോജസ്, സി.പി. അശോകൻ എന്നിവർക്ക് സഹപ്രവർത്തകരും കൂട്ടുകാരും ഒരുക്കിയ സൗഹൃദ മത്സരമാണ് സമനിലയിൽ പിരിഞ്ഞത്. തൃശൂരും കണ്ണൂരും നടന്ന രണ്ടു ഫെഡറേഷൻ കപ്പിൽ ചാന്പ്യൻമാരായ കേരള പോലീസിന്റെ സ്വപ്നതുല്യമായ പോരാട്ടമായിരുന്നു ഏവരുടെയും മനസിൽ.
പോലീസിലെ എക്കാലത്തെയും താരമായ ഐ.എം. വിജയനും റോയി റോജസും മലപ്പുറം എംഎസ്പി അസിസ്റ്റന്റ് കമൻഡാന്റായാണ് വിരമിക്കുന്നത്. സഹതാരം സി.പി. അശോകൻ കെഎപി ഒന്നാം ബറ്റാലിയൻ അസിസ്റ്റന്റ് കമൻഡാന്റാണ്. ഏപ്രിൽ 30 നാണ് ഇവരുടെ ഒൗദ്യോഗിക വിരമിക്കൽ.
വ്യക്തിപരമായ കാരണങ്ങളാൽ റോയി റോജസ് പങ്കെടുത്തില്ല. ഐ.എം. വിജയനായിരുന്നു ലെജൻഡ്സ് ടീമിന്റെ നായകൻ. കെ.ടി. ചാക്കോ ഗോൾവല കാത്തു. കെ. രാജേഷ്, കുരികേശ് മാത്യു, അലക്സ് ഏബ്രഹാം, അശോകൻ, തോബിയാസ്, സുധീർ, സാജൻ, ഹബീബുറഹ്മാൻ, എ. സക്കീർ എന്നിവർ കളത്തിലിറങ്ങി. സന്തോഷ് ട്രോഫിയിലെ മുൻ കേരള ക്യാപ്റ്റൻ ആസിഫ് സഹീറായിരുന്നു മലപ്പുറം വെറ്ററൻസ് ക്യാപ്റ്റൻ.
മാഞ്ചസ്റ്റർ സിറ്റി ഫൈനലില്‍
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോള്‍ ഫൈനലില്‍. സെമിയില്‍ 2-0നു നോട്ടിംഗ്ഹാം ഫോറസ്റ്റിനെയാണ് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത്. റിക്കോ ലൂയിസ് (2’), ജോസ്കോ ഗ്വാര്‍ഡിയോള്‍ (51’) എന്നിവരാണ് സിറ്റിയുടെ ഗോള്‍ നേട്ടക്കാര്‍.
ആസ്റ്റണ്‍ വില്ലയെ മറുപടിയില്ലാത്ത മൂന്നു ഗോളിനു കീഴടക്കിയ ക്രിസ്റ്റല്‍ പാലസാണ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളികള്‍.
പങ്കാളിത്ത റിക്കാര്‍ഡിട്ട് ലണ്ടന്‍ മാരത്തണ്‍
ലണ്ടന്‍: ഏറ്റവും കൂടുതല്‍ പങ്കാളികള്‍ ഫിനിഷിംഗ് ലൈന്‍ കടക്കുന്ന റിക്കാര്‍ഡ് കുറിച്ച് ലണ്ടന്‍ മാരത്തണ്‍. കെനിയയുടെ സെബാസ്റ്റ്യന്‍ സാവെയാണ് മാരത്തണില്‍ പുരുഷവിഭാഗം ജേതാവ്. വനിതകളില്‍ എത്യോപ്യയുടെ ടിഗസ്റ്റ് അസെഫ റിക്കാര്‍ഡോടെ ഒന്നാമതു ഫിനിഷ് ചെയ്തു.
42.195 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലണ്ടന്‍ മാരത്തണില്‍ 56,640 പേരാണ് ഫിനിഷിംഗ് ലൈന്‍ കടന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ന്യൂയോര്‍ക്ക് മാരത്തണിന്റെ 55,646 പേര് എന്ന റിക്കാര്‍ഡ് ഇതോടെ തിരുത്തപ്പെട്ടു.
ആഴ്സണല്‍ x പിഎസ്ജി
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2024-25 സീസണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം.
ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30നു നടക്കുന്ന ആദ്യ സെമിയില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ ഫ്രഞ്ച് സംഘമായ പാരീസ് സെന്റ് ജെര്‍മനെ നേരിടും. യൂറോപ്യന്‍ പോരാട്ടത്തില്‍ ഇരുടീമും നേര്‍ക്കുനേര്‍ ഇറങ്ങുന്ന ആറാം മത്സരമാണ്.
കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും പിഎസ്ജിക്ക് ആഴ്സണലിനെ കീഴടക്കാന്‍ സാധിച്ചിട്ടില്ല. ഈ സീസണില്‍ ലീഗ് റൗണ്ടില്‍ ഇരുടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആഴ്സണല്‍ 2-0നു ജയിച്ചിരുന്നു. പിഎസ്ജിക്കും ആഴ്സണലിനും ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ സാധിച്ചിട്ടില്ല.
ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് സെമിയുടെ ആദ്യപാദം. നാളെ നടക്കുന്ന രണ്ടാം സെമിയുടെ ആദ്യപാദത്തില്‍ ബാഴ്സലോണയില്വച്ച് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ ഇറ്റലിയില്‍നിന്നുള്ള ഇന്റര്‍ മിലാനുമായി ഏറ്റുമുട്ടും.
സംസ്ഥാന ജൂണിയര്‍ ബാസ്കറ്റ്
കോട്ടയം: 49-ാമത് സംസ്ഥാന ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നു മുതല്‍ വയനാട് മുള്ളന്‍കൊല്ലി സെന്റ് മേരീസ് എച്ച്എസ്എസില്‍. മേയ് നാലുവരെയാണ് ചാമ്പ്യന്‍ഷിപ്പ്.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 14ഉം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 13ഉം ടീമുകള്‍ മത്സരിക്കും. ആണ്‍കുട്ടികളില്‍ തിരുവനന്തപുരവും പെണ്‍കുട്ടികളില്‍ എറണാകുളവുമാണ് നിലവിലെ ചാമ്പ്യന്മാര്.
ലിവര്‍പൂള്‍: ഇംഗ്ലീഷ് ഫുട്ബോള്‍ പ്രേമികള്‍ക്കു റെഡ്സിന്റെ റെഡ് സല്യൂട്ട്. 2024-25 സീസണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂള്‍ എഫ്സി സ്വന്തമാക്കി. നാലു മത്സരങ്ങള്‍ ബാക്കിനില്‍ക്കേയാണ് ദ റെഡ്സ് എന്നറിയപ്പെടുന്ന ലിവര്‍പൂള്‍ കിരീടം ഉറപ്പാക്കിയത്. 34-ാം റൗണ്ട് പോരാട്ടത്തില്‍ സ്വന്തം തട്ടകമായ ആന്ഫീല്ഡില്വച്ച് ലിവര്‍പൂള്‍ 5-1നു ടോട്ടന്‍ഹാം ഹോട്ട്സ്പുറിനെ തരിപ്പണമാക്കി ചാന്പ്യൻപട്ടമണിഞ്ഞു.
12-ാം മിനിറ്റില്‍ ഡൊമിനിക് സോളങ്കെയുടെ ഗോളില്‍ പിന്നിലായശേഷമാണ് ചെമ്പടയുടെ ആധികാരിക തിരിച്ചുവരവ് ജയം. 16-ാം മിനിറ്റില്‍ ലൂയിസ് ഡിയസിന്റെ സമനില ഗോള്‍.
പിന്നീട് അങ്ങോട്ട് ചെമ്പടയുടെ കലിതുള്ളലായിരുന്നു ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ ലോകം കണ്ടത്. 24-ാം മിനിറ്റില്‍ അലക്സിസ് മക്അല്ലിസ്റ്റര്‍, 34-ാം മിനിറ്റില്‍ കോഡി ഗാക്പൊ, 63-ാം മിനിറ്റില്‍ സൂപ്പര്‍ താരം മുഹമ്മദ് സല... 69-ാം മിനിറ്റില്‍ ഉഡോഗിയുടെ സെല്‍ഫ് ഗോളുമെത്തി.
ട്വന്റി-20, ആർനെ സ്ലോട്ട്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (ഇപിഎല്‍) കിരീടം ലിവര്‍പൂള്‍ എഫ്സി സ്വന്തമാക്കുന്നത് ഇതു രണ്ടാം തവണ. 2019-20 സീസണില്‍ ആയിരുന്നു ആദ്യ പ്രീമിയര്‍ ലീഗ് കിരീട നേട്ടം. എന്നാല്‍, ഇംഗ്ലീഷ് ഒന്നാം ഡിവിഷന് കിരീടത്തില്‍ ചെമ്പട മുത്തമിടുന്നത് ഇത് 20-ാം തവണ. ഒന്നാം ഡിവിഷന് കിരീടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ (20 കിരീടം) റിക്കാര്‍ഡിന് ഒപ്പവും ചെന്പട എത്തി.
34 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലിവര്‍പൂളിന് 82 പോയിന്റായി. ആദ്യ സീസണില്‍ത്തന്നെ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കുന്ന അഞ്ചാമത് പരിശീലകന് എന്ന നേട്ടം ലിവർപൂൾ മാനേജർ ആർനെ സ്ലോട്ട് സ്വന്തമാക്കി.
സെവിയ്യ: കോപ്പ ഡെല്‍ റേ ഫുട്ബോള്‍ ഫൈനലില്‍ അരങ്ങേറിയ എല്‍ ക്ലാസിക്കോയില്‍ എഫ്സി ബാഴ്സലോണയ്ക്കു ജയം. അധിക സമയത്തേക്കു നീണ്ട ക്ലാസിക് പോരാട്ടത്തില്‍ 3-2നായിരുന്നു ബാഴ്സ ജയം സ്വന്തമാക്കിയത്.
28-ാം മിനിറ്റില്‍ പെദ്രിയുടെ ഗോളില്‍ ബാഴ്സലോണ ലീഡ് നേടി. ലാമിയന്‍ യമാലായിരുന്നു അസിസ്റ്റ് നടത്തിയത്. റയല്‍ മാഡ്രിഡ് 70-ാം മിനിറ്റില്‍ കിലിയന്‍ എംബപ്പെയുടെ ഫ്രീകിക്ക് ഗോളിലൂടെ ഒപ്പമെത്തി. തുടര്‍ന്ന് 77-ാം മിനിറ്റില്‍ ഔറേലിയന്‍ ചാമേനിയുടെ ഹെഡര്‍ ഗോളില്‍ ലീഡും സ്വന്തമാക്കി. എന്നാല്‍, യമാലിന്റെ അസിസ്റ്റില്‍ 84-ാം മിനിറ്റില്‍ ഫെറാന്‍ ടോറസിന്റെ ഗോളിലൂടെ ബാഴ്സലോണ 2-2 സമനിലയില്‍. തുടര്‍ന്നു ഗോള്‍ പിറന്നില്ല. അതോടെ മത്സരം അധികസമയത്തേക്ക്. 116-ാം മിനിറ്റില്‍ ജൂള്‍സ് കൗണ്ടെ ബാഴ്സലോണയുടെ ജയം കുറിച്ച ഗോള്‍ സ്വന്തമാക്കി. ബാഴ്സയുടെ 32-ാം കോപ്പ കിരീടമാണ്.
ഫ്ളിക്സ് ക്ലാസിക്കോ
കഴിഞ്ഞ സീസണിലെ മൂന്ന് എല്‍ ക്ലാസിക്കോയിലും എഫ്സി ബാഴ്സലോണ പരാജയപ്പെട്ടിരുന്നു. എന്നാല്‍, ഈ സീസണില്‍ ഇതുവരെ മൂന്നു ക്ലാസിക്കോയിലും ഹന്‍സി ഫ്ളിക്കിന്റെ ശിക്ഷണത്തില്‍ ബാഴ്സലോണ ജയം സ്വന്തമാക്കി. 2024-25 സീസണില്‍ ഒരു ക്ലാസിക്കോകൂടി ബാക്കിയുണ്ട്.
റയല്‍ മാഡ്രിഡിന് എതിരായ ആദ്യ മൂന്നു മത്സരങ്ങള്‍ ജയിക്കുന്ന രണ്ടാമത് മാത്രം ബാഴ്സലോണ കോച്ചാണ് ഫ്ളിക്ക്. പെപ് ഗ്വാര്‍ഡിയോള മാത്രമേ മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ.
ഹാട്രിക് ചുവപ്പ്
ക്ലൈമാക്സില്‍ മൂന്നു റയല്‍ മാഡ്രിഡ് താരങ്ങള്‍ക്കു ചുവപ്പുകാര്‍ഡ് ലഭിച്ചു. 120+4-ാം മിനിറ്റില്‍ എംബപ്പയെ വീഴ്ത്തിയതിനു ഫ്രീകിക്ക് അനുവദിക്കാത്തതില്‍ നടത്തിയ പ്രതിഷേധത്തിനാണ് സൈഡ് ബെഞ്ചില്‍ ഇരിക്കുകയായിരുന്ന അന്റോണിയോ റൂഡിഗര്‍, ലൂകാസ് വാസ്ക്വെസ് എന്നിവര്‍ക്കു ചുവപ്പു കാര്‍ഡ് ലഭിച്ചത്. റഫറിക്കുനേരെ കോപിച്ചതിനായിരുന്നു ബെല്ലിങ്ഗമിനു ചുവപ്പു കാര്‍ഡ്.
ജാക്ക് & വിന് ; മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ അഞ്ചാം ജയം
മുംബൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ജയം തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ്. വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 54 റണ്‍സിന് ലക്നോ സൂപ്പര്‍ ജയന്റ്സിനെ കീഴടക്കി. മുംബൈയുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണ്.
ഓള് റൗണ്ട് പ്രകടനം നടത്തിയ വില്‍ ജാക്സ് (21 പന്തില്‍ 29 റണ്‍സ്, 18 റണ്‍സിന് രണ്ടു വിക്കറ്റ്) ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്. നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ, അര്‍ധസെഞ്ചുറി നേടിയ റയാന് റിക്കല്ടണ് (58), സൂര്യകുമാര്‍ യാദവ് (54) എന്നിവരും മുംബൈ ഇന്ത്യന്‍സിന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ബുംറ മുംബൈ രാജ
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് എന്ന റിക്കാര്‍ഡ് ജസ്പ്രീത് ബുംറയ്ക്കു സ്വന്തം. ലക്നോ സൂപ്പര്‍ ജയന്റ്സിന് എതിരേ ഇറങ്ങുമ്പോള്‍ ശ്രീലങ്കന്‍ മുന്‍താരം ലസിത് മലിംഗയ്ക്ക് (170) ഒപ്പം റിക്കാര്‍ഡ് പങ്കിടുകയായിരുന്നു ബുംറ. ഒരോവറില്‍ മൂന്നു വിക്കറ്റ് അടക്കം ലക്നോയ്ക്കെതിരേ ആകെ നാലു വിക്കറ്റ് സ്വന്തമാക്കിയതോടെ, മുംബൈ ഇന്ത്യന്‍സ് ജഴ്സിയില്‍ ബുംറയുടെ വിക്കറ്റ് നേട്ടം 174 ആയി. ബുംറയ്ക്കൊപ്പം ട്രെന്റ് ബോള്‍ട്ട് (3/20), വില്‍ ജാക്സ് (2/18) എന്നിവരും മുംബൈക്കുവേണ്ടി ബൗളിംഗില്‍ തിളങ്ങി.
216 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ലക്നോ സൂപ്പര്‍ ജയന്റ്സ്, 161നു പുറത്ത്. ആയുഷ് ബഡോണി (22 പന്തില്‍ 35), മിച്ചല്‍ മാര്‍ഷ് (24 പന്തില്‍ 34), നിക്കോളാസ് പുരാന് (15 പന്തില്‍ 27) എന്നിവര്‍ ലക്നോയ്ക്കുവേണ്ടി പോരാടി.
റിക്കല്ടണ്, സൂര്യകുമാര്‍
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ മുംബൈ ഇന്ത്യന്‍സിനുവേണ്ടി സ്ഫോടനാത്മക തുടക്കത്തിനുശേഷം രോഹിത് ശര്‍മ (5 പന്തില്‍ 12) മടങ്ങി. റിക്കല്ടണ് 32 പന്തില്‍ നാലു സിക്സും ആറ് ഫോറും അടക്കം 58 റണ്‍സ് നേടി. വില്‍ജാക്സ് 21 പന്തില്‍ 29 റണ്‍സുമായി മടങ്ങി. നാലാം നമ്പറായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് 28 പന്തില്‍ നാലു സിക്സും നാലു ഫോറും അടക്കം 54 സ്വന്തമാക്കി. 11 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്ന നമാന്‍ ധിറും 10 പന്തില്‍ 20 റണ്‍സ് അടിച്ച കോര്ബിന് ബോഷും ചേര്‍ന്ന് സ്കോര്‍ 200 കടത്തി.
പകരം വീട്ടി ; ഡല്‍ഹിയെ ആര്‍സിബി ആറു വിക്കറ്റിനു കീഴടക്കി
ന്യൂഡല്‍ഹി:ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ പകരം വീട്ടല്‍ ജയവുമായി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. ഈ മാസം 10ന് സ്വന്തം തട്ടകമായ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആറു വിക്കറ്റിനു ജയിച്ച ഡല്‍ഹി ക്യാപ്പിറ്റന്സിനെ, ഇന്നലെ ഡല്‍ഹിയില്‍വച്ച് ആര്‍സിബി ആറു വിക്കറ്റിനു കീഴടക്കി. ഒമ്പതു പന്ത് ബാക്കിവച്ചായിരുന്നു ആര്‍സിബിയുടെ ജയം.
ഓള് റൗണ്ട് പ്രകടനം (28 റണ്‍സിന് ഒരു വിക്കറ്റ്, 47 പന്തില്‍73 നോട്ടൗട്ട്) നടത്തിയ ക്രുനാല്‍ പാണ്ഡ്യയാണ് ബംഗളൂരുവിന്റെ ജയത്തിനു ചുക്കാന്‍ പിടിച്ചത്. വിരാട് കോഹ്ലി (47 പന്തില്‍ 51), ടിം ഡേവിഡ് (5 പന്തില്‍ 19 നോട്ടൗട്ട്) എന്നിവരും ബംഗളൂരുവിനായി തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഡല്‍ഹിക്കുവേണ്ടി നാലാം നമ്പറായി ക്രീസിലെത്തിയ കെ.എല്‍. രാഹുല്‍ 39 പന്തില്‍ മൂന്നു ഫോറിന്റെ സഹായത്തോടെ 41 റണ്‍സ് നേടി. 18 പന്തില്‍ 34 റണ്‍സ് അടിച്ചുകൂട്ടിയ ട്രിസ്റ്റണ്‍ സ്റ്റബ്സാണ് ഡല്‍ഹിയുടെ സ്കോര്‍ 150 കടത്തിയത്.
ലങ്ക കടന്ന് ഇന്ത്യ
കൊളംബോ: ത്രിരാഷ്ട്ര വനിതാ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കു ജയം. ആതിഥേയരായ ശ്രീലങ്കയെ ആദ്യമത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ഒമ്പതു വിക്കറ്റിനു കീഴടക്കി. സ്കോര്‍: ശ്രീലങ്ക 147 (38.1). ഇന്ത്യ 149/1 (29.4).
മഴയെത്തുടര്‍ന്നു മത്സരം 39 ഓവറിലേക്കു ചുരുക്കി. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നര്‍മാരായ സ്നേഹ റാണ (3/31), ദീപ്തി ശര്‍മ (2/22), ശ്രീ ചരണി (2/26) എന്നിവരുടെ മുന്നില്‍ ശ്രീലങ്ക തകര്‍ന്നുവീണു. ഓപ്പണര്‍ ഹാസിനി പെരേരയാണ് (30) ലങ്കന്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍.
148 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യക്ക് സ്മൃതി മന്ദാനയുടെ (43) വിക്കറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്. ഓപ്പണര്‍ പ്രതീക റാവല്‍ (50*), ഹര്‍ലീന്‍ ഡിയോള്‍ (48*) എന്നിവര്‍ പുറത്താകാതെ നിന്നു. പ്രതീകയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
മുംബൈ സിറ്റി സെമിയില്‍
ഭുവനേശ്വര്‍: 2025 സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ മുംബൈ സിറ്റി എഫ്സി സെമിയില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഐ ലീഗ് ടീമായ ഇന്റര്‍ കാശിയെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണ് മുംബൈ സിറ്റിയുടെ മുന്നേറ്റം. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 71-ാം മിനിറ്റില്‍ ലാലിന്‍സുവാല ചാങ്തെയായിരുന്നു മുംബൈ സിറ്റിക്കുവേണ്ടി ലക്ഷ്യം കണ്ടത്.
സോഫ്റ്റ് ബേസ്ബോൾ: എംജിക്ക് ഇരട്ടക്കിരീടം
ആലുവ: യുസി കോളജിൽ നടന്ന ദേശീയ അന്തർസർവകലാശാല സോഫ്റ്റ് ബേസ്ബോൾ ടൂർണമെന്റിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ കോട്ടയം മഹാത്മാഗാന്ധി സർവകലാശാല ചാമ്പ്യന്മാരായി. ഇരുവിഭാഗങ്ങളിലും കാലിക്കട്ട് സർവകലാശാല രണ്ടാംസ്ഥാനം കരസ്ഥമാക്കി.
വനിതാ വിഭാഗം ഫൈനൽസിൽ 31-30 എന്ന സ്കോറിനും പുരുഷ വിഭാഗത്തിൽ 42-20 എന്ന സ്കോറിനുമാണ് കാലിക്കട്ട് സർവകലാശാലയെ എംജി സർവകലാശാല പരാജയപ്പെടുത്തിയത്. പുരുഷവിഭാഗത്തിൽ ജയ്പുർ സുരേഷ് ഗ്യാൻ യൂണിവേഴ്സിറ്റിയും വനിതാ വിഭാഗത്തിൽ ഭഗവന്ത് യൂണിവേഴ്സിറ്റിയും മൂന്നാം സ്ഥാനം നേടി.
പഞ്ചാബ് കിംഗ്സും നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചു
കോല്‍ക്കത്ത: 18-ാം സീസൺ ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ ആവേശംകെടുത്തി ആദ്യമായി മഴ കളിച്ചു. കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ പഞ്ചാബ് കിംഗ്സും ആതിഥേയരായ നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മഴയെത്തുടർന്ന് ഉപേക്ഷിച്ചു, ഇരുടീമും ഓരോ പോയിന്റ് പങ്കുവച്ചു. ടോസ് നേടിയ പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് സ്വന്തമാക്കി. തുടർന്നു മറുപടിക്കായി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്രീസിലെത്തിയപ്പോഴാണ് മഴ വില്ലനായത്.
കെകെആർ ഒരു ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഏഴ് റണ്‍സ് എടുത്തുനിൽക്കേ മഴയിൽ മത്സരം നിർത്തിവച്ചു, പിന്നീട് ഉപേക്ഷിച്ചു.
സെഞ്ചുറി കൂട്ടുകെട്ട്
2025 ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിംഗ്സും സെഞ്ചുറി കൂട്ടുകെട്ട് സ്ഥാപിച്ചു. ആദ്യ വിക്കറ്റിലായിരുന്നു പഞ്ചാബ് കിംഗ്സിന്റെ സെഞ്ചുറി കൂട്ടുകെട്ട്. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രന് സിംഗും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 120 റണ്‍സ് നേടി. 12-ാം ഓവറിന്റെ അഞ്ചാം പന്തിലാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
പ്രിയാന്‍ഷ് ആര്യ 35 പന്തില്‍ നാലു സിക്സും എട്ട് ഫോറും അടക്കം 69 റണ്‍സ് നേടി. പ്രഭ്സിമ്രന് സിംഗ് 49 പന്തില്‍ 83 റണ്‍സ് അടിച്ചുകൂട്ടി. ആറ് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു പ്രഭ്സിമ്രന് സിംഗിന്റെ ഇന്നിംഗ്സ്. സുനില്‍ നരെയ്ന്റെ ഒരു ഓവറില്‍ ഇരുവരും ചേര്‍ന്ന് 22 റണ്‍സ് അടിച്ചുകൂട്ടി.
മൂന്നാം നമ്പറായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 16 പന്തില്‍ ഒരു സിക്സും ഒരു ഫോറും അടക്കം 25 റണ്‍സുമായി പുറത്താകാതെ നിന്നു. ഗ്ലെന്‍ മാക്സ്വെല് (എട്ട് പന്തില്‍ ഏഴ്), മാര്‍ക്കോ യാന്സണ് (ഏഴ് പന്തില്‍ മൂന്ന്) എന്നിവര്‍ വന്നതുപോലെ മടങ്ങി. ജോഷ് ഇംഗ്ലിഷ് ആറ് പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു.
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി വൈഭവ് അറോറ നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
മാക്സ്വെല് ബി വരുണ്‍
ഐപിഎല്‍ 18-ാം സീസണില്‍ രണ്ടാം തവണയാണ് വരുണ്‍ ചക്രവര്‍ത്തി പഞ്ചാബിന്റെ ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ ബൗള്‍ഡാക്കുന്നത്. മുള്ളന്‍പുരില്‍ നടന്ന ആദ്യ മത്സരത്തിലും ഏഴു റണ്‍സിന് മാക്സ്വെല്ലിനെ വരുണ്‍ ചക്രവര്‍ത്തി ബൗള്‍ഡാക്കിയിരുന്നു. ഐപിഎല്ലില്‍ ഇത് അഞ്ചാം തവണയാണ് വരുണ്‍ ചക്രവര്‍ത്തിക്കു മുന്നില്‍ മാക്സ്വെല് ബൗള്‍ഡായി പുറത്താകുന്നത്.
ഇനി സിഎസ്കെ മാത്രം
2025 സീസണ് ഐപിഎല്ലില്‍ ഏതെങ്കിലും ഒരു വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് ഇതുവരെ ഇല്ലാത്ത ഏകടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. പഞ്ചാബ് കിംഗ്സിന് എതിരേ ഡെവോണ്‍ കോണ്‍വെയും ശിവം ദുബെയും ചേര്‍ന്ന് 89 റണ്‍സ് നേടിയതാണ് സിഎസ്കെയുടെ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. മൂന്നു പ്രാവശ്യം സെഞ്ചുറി കൂട്ടുകെട്ട് ഇതിനോടകം നേടിയ ഗുജറാത്ത് ടൈറ്റന്‍സാണ് ഇക്കാര്യത്തിൽ ഒന്നാമത്.
ചെപ്പോക്കില്‍ ചെന്നൈ പോക്കായി...
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ അഞ്ച് തവണ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ചാമ്പ്യന്‍പട്ടത്തില്‍ എത്തി.
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം ചാമ്പ്യന്മാരായതില് (അഞ്ച്) മുംബൈ ഇന്ത്യന്‍സിന് ഒപ്പം റിക്കാര്‍ഡ് പങ്കിടുന്ന ടീം. എന്നാല്‍, 2025 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ കാര്യം ദയനീയം. സ്വന്തം തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തില്വരെ സിഎസ്കെയ്ക്കു രക്ഷയില്ല എന്നതാണ് നിലവിലെ അവസ്ഥ.
അടുത്ത കാലത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. എം.എസ്. ധോണിക്കുശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മുഖം ആരെന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ ഒരു ഉത്തരം ഇല്ല. ക്യാപ്റ്റന്‍സിയില്‍ ഋതുരാജ് ഗെയ്ക്വാദ് എത്തിയെങ്കിലും ധോണിയുടെ സൂപ്പര്‍ താരപരിവേഷത്തിന് അടുത്തെങ്ങും ഋതുരാജ് എത്തില്ല. ചെന്നൈക്കൊപ്പം സൂപ്പര്‍ ടീം പരിവേഷമുള്ള മുംബൈ ഇന്ത്യസില് പിന്തുടര്ച്ചക്കാരുണ്ടെന്നതും ശ്രദ്ധേയം.
രോഹിത് ശര്‍മയ്ക്കു ശേഷം മുംബൈ ഇന്ത്യന്‍സിന്റെ മുഖമാകാന്‍ ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ എന്നിങ്ങനെ താരങ്ങളുണ്ട്. ഈ പ്രതിസന്ധികള്‍ക്ക് ഇടയിലാണ് 2025 ഐപിഎല്‍ സീസണില്‍ മുമ്പൊരിക്കലും ഇല്ലാത്ത തരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നാണക്കേടില്‍നിന്നു നാണക്കേടിലേക്കു വീഴുന്നത്.
ചെപ്പോക്കിലെ നാണക്കേട്
സ്വന്തം തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഈ സീസണില്‍ ഇതുവരെ നാലു വന്‍ നാണക്കേടാണ് ഉണ്ടായത്. ആദ്യത്തേത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് 17 വര്‍ഷത്തിനുശേഷം ചെപ്പോക്കില്‍ പരാജയപ്പെട്ടു എന്നതാണ്. മാര്‍ച്ച് 28നു ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ആര്‍സിബിക്കു മുന്നില്‍ 50 റണ്‍സിന് സിഎസ്കെ പരാജയപ്പെട്ടു. നീണ്ട 17 വർഷമായി ചെപ്പോക്കില്‍ ജയിക്കാന്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് സാധിച്ചിരുന്നില്ല.
ഏപ്രില്‍ അഞ്ചിനാണ് രണ്ടാം നാണക്കേട്. ചെപ്പോക്കില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോട് 25 റണ്‍സിനു തോറ്റു. ചെപ്പോക്കില്‍ ഡല്‍ഹി ജയിക്കുന്നത് നീണ്ട 15 വര്‍ഷത്തിനുശേഷം. ഏപ്രില്‍ 11നു മൂന്നാം നാണക്കേട്.
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ട് വിക്കറ്റ് തോല്‍വി. ചെപ്പോക്കില്‍ ചെന്നൈയെ കോല്‍ക്കത്ത കീഴടക്കുന്നത് രണ്ടു വര്‍ഷത്തിനുശേഷം. ഇതിനെല്ലാം പിന്നാലെ ഏപ്രില്‍ 25നു ചെപ്പോക്കില്‍ മറ്റൊരു തോല്‍വി, സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് അഞ്ച് വിക്കറ്റിന്.
സണ്‍റൈസേഴ്സ്, ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കുന്നത് ചരിത്രത്തില്‍ ആദ്യം. മാത്രമല്ല, ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് തുടര്‍ച്ചയായി നാല് തോല്‍വി വഴങ്ങുന്നത് ഇതാദ്യം. ചെപ്പോക്കില്‍ ചെന്നൈയുടെ മാനം പോക്കായി എന്നു ചുരുക്കം...
ഏറ്റവും പിന്നില്‍
2025 സീസണ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ കാര്യം ദയനീയമാണ്. ഒമ്പതു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏഴ് തോല്‍വി വഴങ്ങി. രണ്ടു ജയത്തില്നിന്നു ലഭിച്ച നാലു പോയിന്റ് മാത്രം അക്കൗണ്ടില്‍. നെറ്റ് റണ്‍ റേറ്റിലും ഏറ്റവും പിന്നില്‍.
-1.302 ആണ് സിഎസ്കെയുടെ നെറ്റ് റണ്‍ റേറ്റ്. ഒമ്പത് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൈനസ് ഒന്ന് നെറ്റ് റണ്‍ റേറ്റുള്ള മറ്റൊരു ടീം സണ്‍റൈസേഴ്സ് ഹൈദരാബാദ് ആണ് (-1.103). എന്നാല്‍, കഴിഞ്ഞദിവസം ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അഞ്ച് വിക്കറ്റിനു കീഴടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയെന്നതും ശ്രദ്ധേയം...
ഭുവനേശ്വര്‍: 2024-25 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു മറ്റൊരു തിരിച്ചടി. സൂപ്പര്‍ കപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സിനോട് 2-1നു പരാജയപ്പെട്ടാണ് ബ്ലാസ്റ്റേഴ്സ് പുറത്തായത്. മോഹൻ ബഗാന്റെ യുവ സംഘം സെമിയിലേക്കു മുന്നേറി.
ഐഎസ്എല്‍ 2024-25 സീസണ് ലീഗ് വിന്നേഴ്സ് ഷീല്‍ഡ്, ചാമ്പ്യന്‍ഷിപ്പ് എന്നിങ്ങനെ ഇരട്ടക്കിരീടം സ്വന്തമാക്കിയ ടീമാണ് മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ്. എന്നാല്‍, ബ്ലാസ്റ്റേഴ്സിന് അങ്ങനെ ആശ്വസിക്കാന്‍ സാധിക്കില്ലെന്നതാണ് വാസ്തവം. കാരണം, മുന്‍നിര താരങ്ങള്‍ക്കും മഹാഭൂരിപക്ഷം വിദേശ കളിക്കാര്‍ക്കും വിശ്രമം നല്കി, സ്വദേശി താരങ്ങളെ അണിനിരത്തിയായിരുന്നു ബഗാന് ഇറങ്ങിയത്.
സഹലിന്റെ ഗോള്‍
കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍താരവും മലയാളിയുമായ സഹല്‍ അബ്ദുള്‍ സമദാണ് മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റിസിനായി ആദ്യഗോള്‍ സ്വന്തമാക്കിയത്. മത്സരത്തിന്റെ 22-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍വച്ച് ലഭിച്ച പന്ത് മനോഹരമായ ഫിനിഷിംഗിലൂടെ സഹല്‍ വലയിലാക്കി.
ഒരു ഗോളിന്റെ ലീഡുമായി ആദ്യപകുതി അവസാനിപ്പിച്ച മോഹന്‍ ബഗാന് 51-ാം മിനിറ്റില്‍ രണ്ടാമതും കേരള ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കി. സുഹൈല്‍ അഹമ്മദ് ഭട്ടിന്റെ വകയായിരുന്നു ഗോള്‍. മുഹമ്മദ് ഐമനെ പിന്‍വലിച്ച് ഖ്വാമെ പെപ്രയെ ഇറക്കിയായിരുന്നു ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതി ആരംഭിച്ചത്.
എങ്കിലും ഗോള്‍ നേടാനായി ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടിവന്നു. 90+4-ാം മിനിറ്റില്‍ എം.എസ്. ശ്രീക്കുട്ടന്റെ വകയായിരുന്നു കൊച്ചി ടീമിന്റെ ആശ്വാസ ഗോള്‍.
ഈസ്റ്റ് ബംഗാളിന് എതിരായ പ്രീക്വാര്ട്ടറിനിടെ പരിക്കേറ്റ അഡ്രിയാന്‍ ലൂണ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്.
ഐ.എം. വിജയന് സ്നേഹാദരമായി സൗഹൃദ ഫുട്ബോൾ മത്സരം
മലപ്പുറം: കേരള പോലീസിൽനിന്നു വിരമിക്കുന്ന പത്മശ്രീ ഡോ. ഐ.എം. വിജയൻ, റോയി റോജസ്, സി.പി. അശോകൻ എന്നിവർക്ക് സഹപ്രവർത്തകരും കൂട്ടുകാരും സ്നേഹാദരമൊരുക്കുന്നു.
ഇതിന്റെ ഭാഗമായി 28 ന് വൈകുന്നേരം നാലിന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കും. മലപ്പുറം എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റുമാരായാണ് ഐ.എം. വിജയനും റോയി റോജസും വിരമിക്കുന്നത് . സി.പി. അശോകൻ കെഎപി ഒന്നാം ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റായും വിരമിക്കുന്നു. ഏപ്രിൽ 30 നാണ് ഇവരുടെ ഔദ്യോഗിക വിരമിക്കൽ.
1980 കളിലും 1990 കളിലും ഇന്ത്യൻ ഫുട്ബോളിൽ ചരിത്രമെഴുതിയ കേരള പോലീസ് ലെജൻഡ്സ് ടീമും സംസ്ഥാന, സർവകലാശാല, ഡിപ്പാർട്ട്മെന്റ് താരങ്ങൾ അണിനിരക്കുന്ന മലപ്പുറം വെറ്ററൻസ് (വിഎഫ്എ) ടീമും തമ്മിലാണ് സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടുന്നത്.
കേരളാ പോലീസിന്റെ മുൻ താരങ്ങൾ അണിനിരക്കുന്ന ടീമിനെ ഐ.എം. വിജയനാണ് നയിക്കുക. റോയി റോജസ്, സി.പി. അശോകൻ എന്നിവർക്ക് പുറമെ യു. ഷറഫലി, സി.വി. പാപ്പച്ചൻ, കെ.ടി. ചാക്കോ, കുരികേശ് മാത്യു. പി.പി. തോബിയാസ്, പി. ഹബീബ് റഹ്മാൻ, അലക്സ് ഏബ്രഹാം, സി.വി. ശശി, രാജേഷ്, തോമസ്, ശ്രീനിവാസൻ, ഷിംജിത്ത്, പൗലോസ്, ബഷീർ തുടങ്ങിയവർ അണിനിരക്കും.
മലപ്പുറം വെറ്ററൻസിനെ ടീമിനെ സന്തോഷ് ട്രോഫി മുൻ നായകൻ ആസിഫ് സഹീർ നയിക്കും. റഫീഖ് ഹസൻ, ഷബീർ അലി, ജസീർ കാരണത്ത്, അൻവർ ടൈറ്റാനിയം, ഹമീദ് ടൈറ്റാനിയം, സുരേന്ദ്രൻ മങ്കട, മുജീബ് അരീക്കോട്, മെഹബൂബ്, നൗഷാദ് പ്യാരി, യാസർ അറഫാത്ത്, ഷരീഫ്, യു. അബ്ദുൾ കരീം, മാനു മന്പാട് (കോച്ചുമാർ), സമദ് പറച്ചിക്കോട്ടിൽ, (മാനേജർ) എന്നിവരും എം. സുരേഷ് (കാസർഗോഡ്), വി.പി. ഷാജി (കണ്ണൂർ) തുടങ്ങിയവരുമുണ്ടാകും. മത്സരം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.
കാൽപ്പന്തുകളിയിലൂടെ സുന്ദര മുഹൂർത്തങ്ങൾ സൃഷ്ടിച്ച ഐ.എം. വിജയൻ ഉൾപ്പടെയുള്ളവർക്ക് നൽകുന്ന യാത്രയയപ്പ് മത്സരം അവിസ്മരണീയമാക്കാൻ ഒരുങ്ങുകയാണ് മലപ്പുറത്തെ ഫുട്ബോൾ പ്രേമികൾ.
ബയേണ്‍ മ്യൂണിക് കിരീടത്തിലേക്ക്
മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോള്‍ 2024-25 സീസണ് കിരീടത്തിലേക്ക് സൂപ്പര്‍ ടീമായ ബയേണ്‍ മ്യൂണിക്കിന് ഇനിയുള്ളത് രണ്ടു പോയിന്റിന്റെ അകലം മാത്രം.
31-ാം റൗണ്ടില്‍ എഫ്എസ് വി മെയിന്‍സിനെ മറുപടിയില്ലാത്ത മൂന്നു ഗോളിന് ബയേണ്‍ മ്യൂണിക് കീഴടക്കിയതോടെയാണിത്. ലെറോയ് സനെ (27'), മൈക്കല്‍ ഒലിസ് (40'), എറിക് ഡയര്‍ (84') എന്നിവർ ബയേണിനായി ഗോള്‍ സ്വന്തമാക്കി.
34 റൗണ്ടുള്ള ബുണ്ടസ് ലിഗയില്‍, 31 മത്സരങ്ങളില്‍നിന്ന് ബയേണിന് 75 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ബയേര്‍ ലെവര്കുസെനിന് ഇത്രയും മത്സരങ്ങളില്‍നിന്ന് 67 പോയിന്റാണ്.
അതായത് ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍നിന്നു രണ്ടു പോയിന്റ് കൂടി നേടിയാല്‍, 77 പോയിന്റുമായി ബയേണിനു ചാമ്പ്യന്മാരാകാം. ലെവര്കൂസെന് ഇനിയുള്ള മൂന്നു മത്സരങ്ങളില്‍ ജയിച്ചാലും 76 പോയിന്റ്വരെമാത്രമേ എത്തൂ.
ഒടുവില്‍ പിഎസ്ജി തോറ്റു
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളില്‍ 2024-25 സീസണ് കിരീടം നേരത്തേ തന്നെ സ്വന്തമാക്കിയ പാരീസ് സെന്റ് ജെര്മയ്ന് സീസണില്‍ ആദ്യ തോല്‍വി വഴങ്ങി.
ലീഗ് വണ്ണില്‍ തോല്‍വി അറിയാതെ ചാമ്പ്യന്മാരാകുന്ന ആദ്യ ടീം എന്ന റിക്കാര്‍ഡ് കുറിക്കാമെന്ന പിഎസ്ജിയുടെ മോഹം നീസിനു മുന്നില്‍ അവസാനിച്ചു. ഹോം മത്സരത്തില്‍ പിഎസ്ജി 1-3നു നീസിനോടു പരാജയപ്പെട്ടതോടെയാണിത്.
31 മത്സരങ്ങളില്‍നിന്ന് 78 പോയിന്റാണ് പിഎസ്ജിക്ക്. ജയത്തോടെ നീസ് 31 മത്സരങ്ങളില്‍നിന്ന് 54 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ന്യൂകാസിൽ യുണൈറ്റഡ് ഹോം മത്സരത്തിൽ 3-0നു ഇപ്സ്വിച്ച് ടൗണിനെ കീഴടക്കി. ചെൽസി 1-0ന് എവർട്ടണിനെയും ഫുൾഹാം 2-1നു സതാംപ്ടണിനെയും തോൽപ്പിച്ചു.
സണ്‍റൈസേഴ്സ് ഹൈദരാബാദിനു ജയം
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ അവസാന സ്ഥാനക്കാർ തമ്മിൽ നടന്ന മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനു ജയം. ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിന് സണ്‍റൈസേഴ്സ് കീഴടക്കി.
ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ സണ്‍റൈസേഴ്സ് ആതിഥേയരായ സൂപ്പർ കിംഗ്സിനെ ഇതാദ്യമായാണ് കീഴടക്കുന്നത്. ഹർഷൽ പട്ടേലിന്റെ (4/28) സൂപ്പർ ബൗളിംഗ് ഹൈദരാബാദിന്റെ ജയത്തിൽ നിർണായകമായി. ഇഷാൻ കിഷനാണ് (34 പന്തിൽ 44) സണ്‍റൈസേഴ്സിന്റെ തിരിച്ചടിക്കു ചുക്കാൻ പിടിച്ചത്. കമിന്ധു മെൻഡിസ് 32 റണ്‍സുമായി പുറത്താകാതെ നിന്നു.
ബ്രേവ് ബ്രെവിസ്, ആയുഷ്
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഇന്നിംഗ്സില്‍ ഡെവാള്‍ഡ് ബ്രെവിസും ആയുഷ് മഹത്രെയും മാത്രമാണ് ചെറുത്തു നിന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനായുള്ള ഐപിഎല്‍ അരങ്ങേറ്റം ബ്രെവിസ് ആഘോഷിച്ചു. 25 പന്തില്‍ നാലു സിക്സും ഒരു ഫോറും അടക്കം ബ്രെവിസ് 42 റണ്‍സ് നേടി. ഓപ്പണര്‍ ആയുഷ് മഹത്രെ 19 പന്തില്‍ ആറ് ഫോറിന്റെ അകമ്പടിയോടെ 30 റണ്‍സ് സ്വന്തമാക്കി. നാലാം നമ്പറില്‍ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ 17 പന്തില്‍ 21 റണ്‍സുമായി മടങ്ങി.
സാം കരണ്‍ (9), എം.എസ്. ധോണി (6), ഷെയ്ഖ് റഷീദ് (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. ദീപക് ഹൂഡയുടെ (21 പന്തില്‍ 22) പ്രകടനമാണ് ചെന്നൈയെ 150 കടത്തിയത്. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ബാറ്റിംഗ് പ്രതീക്ഷകള്‍ തകിടം മറിച്ചു. പാറ്റ് കമ്മിൻസും ജയദേവ് ഉനദ്ക്കഡും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.
തല 400*
ട്വന്റി-20 ക്രിക്കറ്റില്‍ 400 മത്സരങ്ങള്‍ എന്ന നാഴികക്കല്ലില്‍ എം.എസ്. ധോണി. ഐപിഎല്ലില്‍ ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരേ ഇറങ്ങിയതോടെയാണ് ട്വന്റി-20 ക്രിക്കറ്റില്‍ 400 മത്സരം എന്ന നേട്ടത്തില്‍ ധോണി എത്തിയത്. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത് ഇന്ത്യന്‍ താരമാണ് ധോണി.
രോഹിത് ശര്‍മ (456), ദിനേഷ് കാര്‍ത്തിക് (412), വിരാട് കോഹ്ലി (408) എന്നിവരാണ് ട്വന്റി-20 കരിയറില്‍ 400 മത്സരം പൂര്‍ത്തിയാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
കോഹ്ലി ഫിഫ്റ്റിയില്‍ ഉറപ്പാണു ജയം...
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 18-ാം സീസണ് അതിന്റെ രണ്ടാം പകുതിയിലൂടെ മുന്നേറുന്നു. കഴിഞ്ഞ 17 സീസണിലും കിരീടം ലഭിക്കാത്ത ഒരു സൂപ്പര്‍ താരമുണ്ട്, വിരാട് കോഹ്ലി. ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനുവേണ്ടി മാത്രം കളിച്ച, കിരീടം ലഭിക്കാത്ത രാജാവ്...
2025 സീസണില്‍ കോഹ്ലി ഐപിഎല്‍ ട്രോഫിയില്‍ ചുംബിക്കുമോ എന്നതാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒമ്പതു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറു ജയം സ്വന്തമാക്കി പ്ലേ ഓഫ് ലക്ഷ്യംവച്ചുള്ള കുതിപ്പിലാണ് റോയല്‍ ചലഞ്ചേഴ്സ്.
2025 സീസണില്‍ വിരാട് കോഹ്ലി ഒമ്പതു മത്സരങ്ങളില്‍ നേടിയത് അഞ്ച് അര്‍ധസെഞ്ചുറി. ആ അഞ്ച് ഫിഫ്റ്റിയില്‍ ഒരെണ്ണംപോലും പാഴായില്ല, ആര്‍സിബി ജയിച്ചു. കോഹ്ലി അര്‍ധസെഞ്ചുറി നേടാത്ത ഒരു മത്സരത്തില്‍ മാത്രമാണ് ഇതുവരെ ആര്‍സിബി ജയം സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരേ മാര്‍ച്ച് 28നു നടന്ന മത്സരം. അന്ന് ആര്‍സിബി 50 റണ്‍സ് ജയം നേടി, കോഹ്ലിയുടെ ബാറ്റില്‍നിന്നു പിറന്നത് 30 പന്തില്‍ 31 റണ്‍സ്...
272 പന്തില്‍ 392 റണ്‍സ്
ഒമ്പത് ഇന്നിംഗ്സില്‍ കോഹ്ലി ഇതുവരെ കളിച്ചു. ആകെ നേരിട്ടത് 272 പന്ത്. അഞ്ച് അര്‍ധസെഞ്ചുറി അടക്കം 392 റണ്‍സ് സ്വന്തമാക്കി. 35 ഫോറും 13 സിക്സും സൂപ്പര്‍ താരത്തിന്റെ ബാറ്റില്‍നിന്നു പിറന്നു. ശരാശരി 65.33. സ്ട്രൈക്ക് റേറ്റ് 144.11ഉം. മൂന്ന് ഇന്നിംഗ്സില്‍ പുറത്താകാതെ നിന്നു. പഞ്ചാബ് കിംഗ്സിന് എതിരേ ഈ മാസം 20നു നേടിയ 73 നോട്ടൗട്ടാണ് ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍.
സിക്സും ഫോറും കഥപറയുന്ന ഐപിഎല്ലില്‍, ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സിംഗിള്‍ നേടിയ ബാറ്ററും വിരാട് കോഹ്ലിയാണ്. ഒമ്പത് ഇന്നിംഗ്സ് പൂര്‍ത്തിയായപ്പോള്‍ 132 സിംഗിള്‍സാണ് കോഹ്ലി 2025 ഐപിഎല്ലില്‍ നേടിയത്.
വിജയ റണ്‍സില്‍ 1
2025 സീസണ് ഐപിഎല്ലില്‍ വ്യാഴാഴ്ച രാജസ്ഥാന് റോയല്‍സിന് എതിരായ രണ്ടാം മത്സരം പൂര്‍ത്തിയായപ്പോള്‍ വിരാട് കോഹ്ലി മറ്റൊരു നേട്ടത്തിലെത്തി. ഈ സീസണില്‍ ഇതുവരെ ടീം ജയിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരന് എന്ന നേട്ടം. കോഹ്ലി ഒമ്പത് ഇന്നിംഗ്സില്നിന്നു സ്വന്തമാക്കിയ 392 റണ്‍സില്‍ 362ഉം ടീമിന്റെ ജയത്തിന്റെ ഭാഗമായിരുന്നു. ടീം ജയിച്ച ആറു മത്സരങ്ങളിലെ ഇന്നിംഗ്സില്‍നിന്നാണ് ഈ 362 റണ്‍സ്. കോഹ്ലി നേടിയ അഞ്ച് അര്‍ധസെഞ്ചുറിയും ടീമിന്റെ ജയത്തിനു വളമായി. കോഹ്ലി ഫിഫ്റ്റി അടിച്ചാല്‍ ആര്‍സിബി ജയിക്കുമെന്നതാണ് ഇതുവരെ കണ്ടതെന്നു ചുരുക്കം...
ടീം ജയിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതില്‍ കോഹ്ലിക്കു പിന്നില്‍ രണ്ടാമതുള്ളത് ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശനാണ്, ആറ് ഇന്നിംഗ്സില്‍ 287 റണ്‍സ്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ജോസ് ബട്ലര് (ആറ് ഇന്നിംഗ്സില്‍ 286 റണ്‍സ്), ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കെ.എല്‍. രാഹുല്‍ (നാല് ഇന്നിംഗ്സില്‍ 242 റണ്‍സ്) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ജയത്തില്‍ 8000 റണ്‍സ്
ട്വന്റി-20 ക്രിക്കറ്റില്‍ ടീമിന്റെ ജയത്തില്‍ 8000 റണ്‍സ് ക്ലബ്ബില്‍ എത്തുന്ന അഞ്ചാമനുമാണ് കോഹ്ലി. രോഹിത് ശര്‍മയ്ക്കുശേഷം (257 ഇന്നിംഗ്സില്‍ 8056 റണ്‍സ്) ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരവും. ട്വന്റി-20 കരിയറില്‍ ടീം ജയിച്ചപ്പോള്‍ 208 ഇന്നിംഗ്സില്‍നിന്ന് 8028 റണ്‍സ് കോഹ്ലി ഇതുവരെ സ്വന്തമാക്കി.
ക്രിസ് ഗെയ്ല് (220 ഇന്നിംഗ്സില്‍ 8975 റണ്‍സ്), അലക്സ് ഹെയ്ല്‍സ് (272 ഇന്നിംഗ്സില്‍ 8879), ഷൊയ്ബ് മാലിക്ക് (302 ഇന്നിംഗ്സില്‍ 8291) എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.
സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് x മോഹന്‍ ബഗാന് ക്വാര്‍ട്ടര്‍ വൈകുന്നേരം 4.30ന്
ഭുവനേശ്വര്‍: ഡേവിഡ് കാറ്റലയുടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി രണ്ടാം മത്സരത്തിന് ഇന്നു കളത്തില്‍. 2024-25 സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം കോച്ചാണ് സ്പാനിഷുകാരനായ കാറ്റല. 2025 സൂപ്പര്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങും.
വൈകുന്നേരം 4.30നു ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വമ്പന്മാരായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. കാറ്റലയുടെ ശിക്ഷണത്തിനു കീഴിലെ ആദ്യ മത്സരം ജയിച്ചതിന്റെ ആവേശത്തിലാണ് കൊച്ചി ക്ലബ്.
2024-25 സീസണില്‍ ഇരട്ടക്കിരീടം (ഐഎസ്എല്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ്, ചാമ്പ്യന്‍ഷിപ്പ്) സ്വന്തമാക്കിയ മോഹന്‍ ബഗാനെ കീഴടക്കി സെമി ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കുകയാണ് കാറ്റലയുടെയും ശിഷ്യന്മാരുടെയും ലക്ഷ്യം.
ഇന്നു നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ എഫ്സി ഗോവയും പഞ്ചാബ് എഫ്സിയും ഏറ്റുമുട്ടും. രാത്രി എട്ടിനാണ് കിക്കോഫ്.
ബഗാന്റെ സ്വദേശി ടീം
ഐഎസ്എല്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡും ചാമ്പ്യന്‍സ് കപ്പും സ്വന്തമാക്കിയ ഒന്നാംനിര സംഘവുമായല്ല മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് 2025 സൂപ്പര്‍ കപ്പിന് എത്തുന്നത്. പകരം സ്വദേശി താരങ്ങളുമായാണ് ബഗാന്റെ വരവ്.
പോര്‍ച്ചുഗീസ് ഡിഫെന്‍ഡര്‍ നൂനൊ മിഗ്വേല്‍ പെരേര റീസ് മാത്രമാണ് സൂപ്പര്‍ കപ്പിനുള്ള ബഗാന് ടീമിലെ വിദേശ സാന്നിധ്യം. മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദ്, ആഷിഖി കുരുണിയന് തുടങ്ങിയവര്‍ ടീമിലുണ്ട്.
പ്രീക്വാര്‍ട്ടറില്‍ വാക്കോവര്‍ ലഭിച്ചാണ് ബഗാന്റെ വരവ്. നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാള്‍ ക്ലബ്ബിനെ പ്രീക്വാര്‍ട്ടറില്‍ 2-0നു കീഴടക്കിയാണ് ബ്ലാസ്റ്റേഴ്സ് ക്വാര്‍ട്ടറില്‍ എത്തിയത്. ജെസ്യൂസ് ഹിമെനെസ്, നോഹ് സദൗയി എന്നിവരായിരുന്നു പ്രീക്വാര്‍ട്ടറില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ നേട്ടക്കാര്‍.
ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ടീമില്‍ 8 മലയാളികള്‍
കോട്ടയം: ദക്ഷിണകൊറിയയിലെ ഗുമിയില്‍ മേയ് 27 മുതല്‍ 31 വരെ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ എട്ട് മലയാളികള്‍ ഇടംനേടി.
31 പുരുഷന്മാരും 28 വനിതകളും അടക്കം 59 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. പുരുഷ ജാവലിന്‍ ത്രോയിലെ ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്ര ടീമില്‍ ഇല്ല.
അബ്ദുല്ല അബൂബക്കര്‍ (പുരുഷ ട്രിപ്പിള്‍ജംപ്), ആര്. അനു (വനിതാ 400 ഹര്‍ഡില്‍സ്), ആന്‍സി സോജന് (വനിതാ ലോംഗ്ജംപ്) എന്നിവരാണ് വ്യക്തിഗത ഇനങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മലയാളി താരങ്ങള്‍. ടി.എസ്. മനു, റിന്‍സ് ജോസഫ് (പുരുഷ വിഭാഗം 4 x 400 റിലേ), കെ. സ്നേഹ, ജിസ്ന മാത്യു, സാന്ദ്രമോള്‍ സാബു (വനിതാ വിഭാഗം 4 x 400 റിലേ) എന്നിവരും ടീമില്‍ ഉള്‍പ്പെട്ടു.
കോപ്പയില്‍ ക്ലാസിക്കോ കൊടുങ്കാറ്റ്
സെവിയ്യ: സ്പാനിഷ് കോപ്പ ഡെല്‍ റേ ഫുട്ബോള്‍ ഫൈനലില്‍ എഫ്സി ബാഴ്സലോണ x റയല്‍ മാഡ്രിഡ് എല്‍ ക്ലാസിക്കോ പോരാട്ടം. ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 1.30നാണ് കോപ്പയിലെ ക്ലാസിക്കോ ഫൈനല്‍ കൊടുങ്കാറ്റ്.
സെമിയില്‍ റയല്‍ സോസിഡാഡിനെ ഇരുപാദങ്ങളിലുമായി 4-5നു കീഴടക്കിയാണ് റയല്‍ മാഡ്രിഡിന്റെ ഫൈനല്‍ പ്രവേശം. ഇരുപാദങ്ങളിലുമായി ഇതേ ഗോള്‍ വ്യത്യാസത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കിയാണ് ബാഴ്സലോണ കിരീട പോരാട്ടത്തിന് എത്തിയിരിക്കുന്നത്.
ബാഴ്സലോണയും റയല്‍ മാഡ്രിഡും കൊമ്പുകോര്‍ക്കുന്ന 260-ാം എല്‍ ക്ലാസിക്കോ പോരാട്ടമാണ്. ലാ ലിഗയില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരാണ് ബാഴ്സ. റയല്‍ രണ്ടാം സ്ഥാനക്കാരും. സീസണ് ഡബിളിലേക്കുള്ള ആദ്യ ചുവടാണ് ഇരുടീമും കോപ്പ ഡെല്‍ റേ ഫൈനലില്‍ പ്രതീക്ഷിക്കുന്നത്.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം
ബംഗളൂരു: ജോഷ് ഹെയ്സൽവുഡിന്റെ രാജകീയ ബൗളിംഗിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. രാജസ്ഥാൻ റോയൽസിനെ 11 റണ്‍സിന് റോയൽ ചലഞ്ചേഴ്സ് കീഴടക്കി. 19-ാം ഓവറിൽ തുടരെ രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹെയ്സൽവുഡാണ് ആർസിബിയെ ജയത്തിലേക്ക് അടുപ്പിച്ചത്.
34 പന്തിൽ 47 റണ്‍സുമായ രാജസ്ഥാന്റെ വിജയ റണ്ണിനായി ദാഹിച്ച ധ്രുവ് ജുറെലിനെ, ഹെയ്സൽവുഡ് എറി ഞ്ഞ19-ാം ഒാവറിൽ വിക്കറ്റിനു പിന്നിലെ ക്യാച്ചിനായി ഡിആർഎസ് എടുപ്പിച്ച് പുറത്താക്കിയ കീപ്പർ ജിതേഷ് ശർമയുടെ തീരുമാനം നിർണായമായി. ഹെയ്സൽവുഡ് 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
യശസ്വി ജയ്സ്വാൾ (19 പന്തിൽ 49), നിതീഷ് റാണ (22 പന്തിൽ 28), റിയാൻ പരാഗ് (10 പന്തിൽ 22) എന്നിവരും രാജസ്ഥാനു വേണ്ടി തിളങ്ങി.
സിക്സ് ഇല്ല, റണ്ണുണ്ട്
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ശ്രദ്ധയോടെയാണ് ബാറ്റു വീശിയത്. സിക്സറുകള്‍ക്കു പകരം ഫോറും സിംഗിള്‍സുമായി ആര്‍സിബി ഇന്നിംഗ്സ് കെട്ടിപ്പടുത്തു. ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും (23 പന്തില്‍ 26) വിരാട് കോഹ്ലിയും (42 പന്തില്‍ 70) ആദ്യ വിക്കറ്റില്‍ 6.4 ഓവറില്‍ 61 റണ്‍സ് അടിച്ചെടുത്തു.
ആദ്യ 10 ഓവറില്‍ ഒരു സിക്സ് പോലും ആര്‍സിബിയുടെ ഇന്നിംഗ്സില്‍ പിറന്നില്ല. 79 പന്തുകള്ക്കുശേഷമായിരുന്നു ആദ്യ സിക്സ്. ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇതാദ്യമായാണ് ആദ്യ 10 ഓവറില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഒരു സിക്സ് പോലും അടിക്കാതിരുന്നത്.
കോഹ്ലി & പടിക്കല്‍
കോഹ്ലിയും ദേവ്ദത്ത് പടിക്കലും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 95 റണ്‍സ് പിറന്നു. 16-ാം ഓവറിന്റെ ആദ്യ പന്തില്‍ കോഹ്ലി പുറത്ത്. രണ്ട് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ 70 റണ്‍സ്.
ട്വന്റി-20 കരിയറില്‍ കോഹ്ലിയുടെ 111-ാം 50+ സ്കോറാണ്. ഡേവിഡ് വാര്‍ണര്‍ (117) മാത്രമാണ് 50+ സ്കോറില്‍ കോഹ്ലിക്കു മുന്നിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ലിനെ (110) ഇക്കാര്യത്തില്‍ കോഹ്ലി മറികടന്നു.
ദേവ്ദത്ത് പടിക്കല്‍ 27 പന്തില്‍ മൂന്നു സിക്സും നാല് ഫോറും അടക്കം 50 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ടിം ഡേവിഡും (15 പന്തില്‍ 23) ജിതേഷ് ശര്‍മയും (10 പന്തില്‍ 20 നോട്ടൗട്ട്) ചേര്‍ന്നു നടത്തിയ പോരാട്ടം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സ്കോര്‍ 200 കടത്തി.
ചേസിംഗിലെ സൂര്യകിരീടം...
അനീഷ് ആലക്കോട്
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണില്‍ ചേസിംഗ് കിംഗ് ആരെന്ന ചോദ്യത്തിന് ഒരുത്തരം മാത്രം; മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ്. 18-ാം സീസണിലെ 41 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സൂര്യകുമാര്‍ യാദവ് നേടിയത് 373 റണ്‍സ്. അതില്‍ 304ഉം ചേസിംഗ് ഇന്നിംഗ്സില്‍നിന്ന്. മറ്റൊരു ബാറ്റര്‍ക്കും ചേസിംഗില്‍ 250 റണ്‍സ് കടക്കാന്‍പോലും സാധിച്ചില്ല എന്നതും ശ്രദ്ധേയം, ചേസിംഗ് കിംഗിന്റെ കിരീടം സൂര്യക്കു സ്വന്തം...
7 ഇന്നിംഗ്സ്, 304 റണ്‍സ്
മുംബൈ ഇന്ത്യന്‍സ് ഒമ്പതു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ സൂര്യകുമാര്‍ യാദവ് നേടിയത് 373 റണ്‍സ്. ഒമ്പത് ഇന്നിംഗ്സിലും സൂര്യകുമാര്‍ ക്രീസില്‍ എത്തി. ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരായ രണ്ടാം മത്സരത്തില്‍ നേടിയ 68 നോട്ടൗട്ടാണ് ഉയര്‍ന്ന സ്കോര്‍. ആകെ നേരിട്ടത് 224 പന്ത്. സ്ട്രൈക്ക് റേറ്റ് 166.51. അര്‍ധസെഞ്ചുറി രണ്ട്. അടിച്ച ഫോര്‍ 38, സിക്സ് 19. മൂന്നു തവണ പുറത്താകാതെ നിന്നു. മൂന്ന് നോട്ടൗട്ടും ചേസിംഗ് ഇന്നിംഗ്സില്‍.
ചേസിംഗിലെ ഏഴ് ഇന്നിംഗ്സില്‍ സൂര്യകുമാര്‍ നേടിയത് 304 റണ്‍സ്. 170 പന്തില്നിന്നാണിത്. 31 ഫോറും 16 സിക്സും ചേസിംഗില്‍ സൂര്യയുടെ ബാറ്റില്‍നിന്നു പിറന്നു. ശരാശരി 76. സ്ട്രൈക്ക് റേറ്റ് 178.82. ചേസിംഗില്‍ സൂര്യകുമാറിന്റെ ഇന്നിംഗ്സുകള്‍ ഇങ്ങനെ: ഗുജറാത്ത് (28 പന്തില്‍ 48), കോല്‍ക്കത്ത (9 പന്തില്‍ 27 നോട്ടൗട്ട്), ലക്നോ (43 പന്തില്‍ 67), ബംഗളൂരു (26 പന്തില്‍ 28), സണ്‍റൈസേഴ്സ് (15 പന്തില്‍ 26, 19 പന്തില്‍ 40 നോട്ടൗട്ട്), ചെന്നൈ (30 പന്തില്‍ 68 നോട്ടൗട്ട്).
ബട്ലര്, രോഹിത്
18-ാം സീസണില്‍ (ആദ്യ 41 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍) ചേസിംഗില്‍ 200ല്‍ കൂടുതല്‍ റണ്‍സ് നേടിയ മറ്റു രണ്ടു ബാറ്റര്‍മാരാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ജോസ് ബട്ലറും മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മയും. ബട്ലര് നാല് ഇന്നിംഗ്സില്‍ 224 റണ്‍സ് ചേസിംഗില്‍ സ്വന്തമാക്കി. രോഹിത് ശര്‍മ ആറ് ഇന്നിംഗ്സില്‍ 210ഉം.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിരാട് കോഹ്ലി (3 ഇന്നിംഗ്സില്‍ 194), ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ രചിന് രവീന്ദ്ര (6 ഇന്നിംഗ്സില്‍ 182), ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കെ.എല്‍. രാഹുല്‍ (4 ഇന്നിംഗ്സില്‍ 180) എന്നിവരാണ് ചേസിംഗ് ഇന്നിംഗ്സില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മറ്റു ബാറ്റര്‍മാര്‍.
കണ്‍സിസ്റ്റന്‍സി
ഈ ഐപിഎല്ലില്‍ കണ്സിസ്റ്റന്സിയിലും സൂര്യകുമാര്‍ യാദവിനെ വെല്ലാന്‍ ആളില്ല. 2025 സീസണില്‍ ഒരിക്കല്‍പ്പോലും സൂര്യയുടെ സ്കോര്‍ 25നു താഴെപ്പോയിട്ടില്ല. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ തുടര്‍ച്ചയായി 25+ സ്കോര്‍ നേടിയതില്‍ രണ്ടാം സ്ഥാനത്താണ് സൂര്യകുമാര്‍.
2014 സീസണില്‍ തുടര്‍ച്ചയായി 10 ഇന്നിംഗ്സില്‍ 25+ സ്കോര്‍ നേടിയ റോബിന് ഉത്തപ്പയാണ് ഇക്കാര്യത്തില്‍ സൂര്യകുമാറിനു മുന്നില്‍ ഉള്ളത്. ഐപിഎല്‍ 2025 സീസണില്‍ സൂര്യകുമാറിന്റെ ഇതുവരെയുള്ള ഇന്നിംഗ്സ്: 29 (ചെന്നൈ), 48 (ഗുജറാത്ത്), 27* (കോല്‍ക്കത്ത), 67 (ലക്നോ), 28 (ബംഗളൂരു), 40 (ഡല്‍ഹി), 26 (ഹൈദരാബാദ്), 68* (ചെന്നൈ), 40* (ഹൈദരാബാദ്).
സ്വര്‍ണമില്ലാതെ മലയാളികള്‍
കൊച്ചി: ദേശീയ ഫെഡറേഷന് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടാനാവാതെ മലയാളി താരങ്ങള്‍. അവസാന ദിനമായ ഇന്നലെ മൂന്ന് മലയാളി താരങ്ങള്‍ കൂടി മെഡല്‍ സ്വന്തമാക്കി. കേരളമുള്‍പ്പെടെ വിവിധ ടീമുകളെ പ്രതിനിധീകരിച്ച മലയാളി താരങ്ങള്‍ ഏഴ് വെങ്കലവും നാല് വെള്ളിയുമാണ് നേടിയത്.
അവസാനദിനമായ ഇന്നലെ പുരുഷ ട്രിപ്പിള്‍ജംപില്‍ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കര്‍ (എയര്‍ഫോഴ്സ്) വെള്ളിയും (16.99 മീറ്റര്‍ ) മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ് മുഹ്സിന് (ജെഎസ്ഡബ്ല്യു) വെങ്കലവും (16.28) നേടി.
വനിതാ ലോംഗ്ജംപില് പരിക്ക് മാറി തിരിച്ചെത്തിയ ആന്‍സി സോജന് (6.46) വെള്ളിയും ഏഷ്യന്‍ മീറ്റിലേക്ക് ടിക്കറ്റും കരസ്ഥമാക്കി. ട്രിപ്പിളില്‍ അബ്ദുള്ള അബൂബക്കറും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത (16.59) മറികടന്നു.
മേയ് 27 മുതല്‍ 31 വരെ ദക്ഷിണ കൊറിയയിലെ ഗുമിയില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ ഇന്ന് പ്രഖ്യാപിക്കും.
അഞ്ജുവിന്റെ റിക്കാർഡ് തകർത്ത് ശിഷ്യ ശൈലി
വനിതാ ലോംഗ്ജംപില് മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം നേടിയ ശൈലി സിംഗ് ഏഷ്യന്‍ മീറ്റിന് യോഗ്യത നേടി. 6.64 മീറ്റര്‍ ദൂരം കണ്ടെത്തിയ ശൈലി, പരിശീലക കൂടിയായ അഞ്ജു ബോബി ജോര്‍ജിന്റെ 23 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡാണ് (6.59) തകര്‍ത്തത്.
പുരുഷൻമാരുടെ 200 മീറ്ററില്‍ ഒഡീഷയുടെ അനിമേഷ് കുജൂര്‍ പുതിയ സമയം (20.40 സെക്കന്‍ഡ്) കുറിച്ചപ്പോള്‍, ട്രിപ്പിള്‍ജംപില്‍ തമിഴ്നാടിന്റെ പ്രവീണ്‍ ചിത്രവേല്‍ സ്വന്തം പേരിലുള്ള ദേശീയ റിക്കാര്‍ഡ് (17.37 മീറ്റര്‍) നേട്ടത്തിനൊപ്പമെത്തി. പ്രവീണ്‍ ചിത്രവേല്‍ ലോക ചാമ്പ്യന്‍ഷിപ്പിനും അനിമേഷ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനും യോഗ്യത നേടി.
വനിതകളുടെ 200 മീറ്ററില്‍ സ്വര്‍ണം നേടിയ തെലുങ്കാനയുടെ നിത്യ ഗന്ധെ സ്പ്രിന്റ് ഡബിള്‍ തികച്ചു.
5000 മീറ്ററില്‍ മഹാരാഷ്ട്രയുടെ സഞ്ജീവനി യാദവ് വനിതകളുടെ ഏഷ്യന്‍ യോഗ്യതാ സമയം (16:03.33) മറികടന്ന് സ്വര്‍ണം നേടി (15:43.42). പുരുഷന്മാരുടെ 5,000 മീറ്ററില്‍ ആദ്യ മൂന്ന് സ്ഥാനക്കാരും ഏഷ്യന്‍ യോഗ്യത നേടി.
പതിനായിരം മീറ്ററിലെ സ്വര്‍ണജേതാവ് സാവന്‍ ബര്വാളിനെ മറികടന്ന് റെയില്‍വേയുടെ അഭിഷേക് പാല് ഒന്നാമനായി, 13:40.59 സമയത്തിലായിരുന്നു ഫിനിഷിംഗ്. വനിതാ ഹൈജംപില്‍ ഹരിയാനയുടെ പൂജയും (1.84 മീറ്റര്‍), പുരുഷ ഷോട്ട്പുട്ടില്‍ മധ്യപ്രദേശിന്റെ സമര്‍ദീപ് സിംഗ് ഗിലും (19.34 മീറ്റര്‍) സ്വര്‍ണനേട്ടത്തോടെ ഏഷ്യന്‍ യോഗ്യത നേടി.
അർഷാദ് നദീം പിന്മാറി
ബംഗളൂരു: ഇന്ത്യൻ ഇതിഹാസ ജാവലിൻ താരം നീരജ് ചോപ്രയുടെ ക്ഷണം നിരസിച്ച് ഒളിന്പിക് ചാന്പ്യനായ പാക്കിസ്ഥാൻ താരം അർഷാദ് നദീം.
ബംഗളൂരുവിൽ മേയ് 24ന് നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിൻ ഇവന്റിൽ പങ്കെടുക്കാനാണ് പാക് താരത്തെ ക്ഷണിച്ചത്. എന്നാൽ, ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പ് പരിശീലനത്തിനുള്ള ഷെഡ്യൂളിനെ ബാധിക്കുമെന്ന കാരണത്താൽ ക്ഷണം നിരസിക്കുന്നതായി അർഷാദ് നദീം അറിയിച്ചു. ചോപ്രയുടെ ക്ഷണത്തിൽ സന്തോഷമുള്ളതായും താരം പറഞ്ഞു.
2024 പാരീസ് ഒളിന്പിക്സിൽ നദീം 92.97 മീറ്റർ ദൂരം രേഖപ്പെടുത്തി റിക്കാർഡ് കുറിച്ചാണ് നീരജ് ചോപ്രയെ പിന്നിലാക്കി സ്വർണ മെഡൽ നേടിയത്. 89.45 മീറ്റർ എറിഞ്ഞ നീരജ് ചോപ്ര വെള്ളി സ്വന്തമാക്കി.
ഗ്രാന്‍ഡ് മാസ്റ്റര്‍ ഓപ്പണ്‍ ചെസ് കോട്ടയത്ത്
കോട്ടയം: കേരളത്തിലെ ആദ്യത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് കോട്ടയത്ത്.
ചെസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 14 രാജ്യങ്ങളിലെ ലോകോത്തര ചെസ് താരങ്ങളെ അണിനിരത്തിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
30 മുതല്‍ മേയ് ഏഴ് വരെയാണു മത്സരം. ഗ്രാന്‍ഡ് മാസ്റ്റര്‍, ഇന്റർനാഷണല്‍ മാസ്റ്റര്‍, ഫിഡേ മാസ്റ്റര്‍, കാന്‍ഡിഡേറ്റ് മാസ്റ്റര്‍ എന്നി ടൈറ്റിലുകള്‍ നേടിയ 53 പേർ പങ്കെടുക്കും.
കാറ്റഗറി എ, കാറ്റഗറി ബി എന്നീ വിഭാഗങ്ങളിലായാണു മത്സരങ്ങള്‍. കാറ്റഗറി എ വിഭാഗത്തില്‍ 1400ന് മുകളില്‍ റേറ്റിംഗുള്ളവർക്കു പങ്കെടുക്കാം. 20 ലക്ഷം രൂപയാണ് സമ്മാനത്തുക.
ആഴ്സണലിനു സമനില
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ 2024-25 സീസണില്‍ ലിവര്‍പൂള്‍ എഫ്സിയുടെ കിരീട നേട്ടം വൈകിച്ച് ആഴ്സണല്‍.
ഹോം മത്സരത്തില്‍ ആഴ്സണല്‍ 2-2നു ക്രിസ്റ്റല്‍ പാലസുമായി സമനിലയില്‍ പിരിഞ്ഞതോടെയാണിത്. ആഴ്സണല്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ ലിവര്‍പൂളിനു കിരീടം സ്വന്തമാക്കാമായിരുന്നു.
1 പോയിന്റില്‍ ലിവര്‍പൂള്‍
ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിന് 34 മത്സരങ്ങളില്‍ 67 പോയിന്റാണ്. ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ എഫ്സിക്ക് 33 മത്സരങ്ങളില്‍ 79ഉം. 38 റൗണ്ട് മത്സരങ്ങളുള്ള പ്രീമിയര്‍ ലീഗില്‍, ഒരു പോയിന്റ് കൂടി നേടിയാല്‍ ലിവര്‍പൂളിനു കിരീടത്തില്‍ എത്താം.
അടുത്ത മത്സരം സമനിലയില്‍ പിരിഞ്ഞാല്‍ ലിവര്‍പൂളിന് 34 മത്സരങ്ങളില്‍ 80 പോയിന്റാകും. അതോടെ ആഴ്സണലിന് ശേഷിക്കുന്ന നാലു മത്സരം ജയിച്ചാല്‍പോലും 79 പോയിന്റില്‍ എത്താനേ സാധിക്കൂ.
ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി ഒമ്പതിന് ടോട്ടന്‍ഹാം ഹോട്ട്സ്പുറിന് എതിരേയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ സമനില നേടിയാല്‍ ലിവര്‍പൂള്‍ 2024-25 സീസണ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാകും. 2019-20 സീസണിലാണ് ലിവര്‍പൂള്‍ അവസാനമായി പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായത്.
വിടാതെ പിടിച്ച് റയല്‍ മാഡ്രിഡ്
ഗെറ്റാഫെ: സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ 2024-25 സീസണ് കിരീട പോരാട്ടത്തില്‍ എഫ്സി ബാഴ്സലോണയെ വിടാതെ പിന്തുടര്ന്ന് റയല്‍ മാഡ്രിഡ്. റയല്‍ മാഡ്രിഡ് 1-0നു ഗെറ്റാഫെയെ കീഴടക്കി.
ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയുമായുള്ള റയലിന്റെ പോയിന്റ് വ്യത്യാസം നാലായി കുറഞ്ഞു. ആര്‍ദ ഗുലര്‍ (21’) നേടിയ ഗോളിലായിരുന്നു റയല്‍ മാഡ്രിഡിന്റെ ജയം.
33 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്സലോണയ്ക്ക് 76ഉം റയല്‍ മാഡ്രിഡിന് 72ഉം പോയിന്റാണ്.
ചരിത്രം കുറിച്ച് വടക്കുകിഴക്ക്
ഭുവനേശ്വര്‍: സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇന്നലെ നടന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് 6-0നു മുഹമ്മദന്‍ എസ്സിയെ തകര്‍ത്തു.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ജയമാണിത്. നോര്‍ത്ത് ഈസ്റ്റിനുവേണ്ടി അലായെദീന് അജറെ ഹാട്രിക് സ്വന്തമാക്കി.
ഇന്നലെ നടന്ന മറ്റൊരു പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജംഷഡ്പുര്‍ എഫ്സി 2-0നു ഹൈദരാബാദ് എഫ്സിയെ കീഴടക്കി.