മദ്യപന്‍റെ സങ്കീര്‍ത്തനങ്ങള്‍
മദ്യപന്‍റെ സങ്കീര്‍ത്തനങ്ങള്‍
തോമസ് മറ്റം

മദ്യമേ മാനുഷര്‍ക്കാനന്ദമേകുന്ന
മാദകറാണി മനോഹരിയെ
വാഴ്ത്തുന്നു നിന്‍റെ മഹത്വങ്ങളൊക്കെയും
ഓര്‍ക്കുന്നു നിന്‍ വീര ചെയ്തികളും
നിന്നെപ്പിരിഞ്ഞൊരു ജീവിതമില്ലെടി
നീയെന്റെ ജീവന്‍റെ ജീവനല്ലേ
നീയില്ലേല്‍ ഞാനില്ല നീയുണ്ടേല്‍ ഞാനുണ്ട്
നീയും ഞാനുമെയിണക്കിളികള്‍
നീയെന്റെ പ്രാണന്റെ പ്രാണനാണെന്‍ സഖി
നീയെന്റെ ആത്മാവിന്‍ ദാഹമല്ലെ
നീമൂലം ഞാന്‍ നിത്യരോഗിയായ്ത്തീര്‍ന്നാലും
നീയെന്നുമെന്നുടെ ചങ്ക് തന്നെ
നിന്നെപ്പുണരുവാന്‍ കൈവന്ന ഭാഗ്യത്തെ
ഓര്‍ക്കുമ്പോള്‍ ഞാനവ വിസ്മരിക്കും
ഞാനെന്‍ പ്രിയരെ മറന്നാലുമോമലെ
നിന്നെ മറക്കുവാനാവതില്ല
കാണാമറയത്തെ കാനനവാസത്തി
ലായിരുന്നല്ലോ നീയിത്രനാളും
അന്നു ഞാന്‍ തൂകിയ കണ്ണുനീരിന്നൊരു
കയ്യും കണക്കുമില്ലെന്‍റെ പൊന്നേ
ഇന്നെന്‍റെയാര്‍ത്തിതന്‍ മുറ്റത്തെഴുന്നെള്ളി

മിന്നും പ്രതാപമോടെന്‍ മുത്തേ നീ
സന്തോഷത്താലെന്‍റെ കണ്ണു നിറയുന്നു
ഞാനെന്തു ചൊല്ലേണ്ടെന്‍ പൊന്‍കിനാവെ
ഓടിക്കിതച്ചു ഞാന്‍ പാഞ്ഞുവരാമെടി
വാരിപ്പുണര്‍ന്നെന്റെ സ്വന്തമാക്കാന്‍
നീയെന്റെ കൈപിടിച്ചെന്നെ നയിക്കുമ്പോള്‍
നല്ല കരളുറപ്പുണ്ടെനിക്ക്
ഭാര്യയെ തല്ലാനും കൊല്ലാനും തിന്നാനും
ചീട്ട് തരുന്ന മരുന്ന് നീയെ
കുത്താനും വെട്ടാനും കുഞ്ഞുങ്ങളെപ്പിച്ചി
ച്ചീന്താനും നീയെന്‍റെ കൂടെയില്ലെ
കുഞ്ഞിനുറക്കറത്തൊട്ടിലു തീയിട്ടു
വേവിക്കാന്‍ പ്രേരണതന്നതും നീ
വാക്കിന്‍ ശരങ്ങളാലെന്നുമെന്‍ ഗേഹത്തെ
തീനരകം പോലെയാക്കി നമ്മള്‍
ആളുകള്‍ പലതും പറഞ്ഞുനടക്കും
ഒക്കെയും നമ്മള്‍ക്കവഗണിക്കാം
അര്‍മാദിച്ചാഹ്ലാദതാണ്ഡവമാടിടാം
നമ്മള്‍ക്കീ ലോകത്തെ വേട്ടയാടാം
നമ്മള്‍ക്കൊരുമിച്ച് ജീവിച്ച് ചത്തിടാം
ഏഷണിക്കാരു മുടിഞ്ഞുപോകട്ടെ

useful_links
story
article
poem
Book