പീറ്റർ ഏഴിമല
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളിയിക്കുകയാണ് കേരളത്തിലെ മണിചെയിൻ തട്ടിപ്പുകൾ. കോടിക്കണക്കിന് രൂപയാണ് മലയാളികൾക്ക് മണിചെയിനിലൂടെ നഷ്ടമായിരിക്കുന്നത്.
ആട്, മാഞ്ചിയം, നാനോ എക്സല്‍, കാമധേനു, ബിഗ് മാര്‍ക്, പേള്‍സ് അഗ്രോടെക്, എന്‍ മാര്‍ട്ട്, ബെസ്റ്റ് വെഞ്ച്വര്‍, പെന്വേള്ഡ്, ഹെഡ്ര, ആര്‍എംപി, ബിസിയര്, ജിബിജി പിന്നെ ഹൈറിച്ചും. ഇനിയും വഞ്ചിക്കപ്പെടാന്‍ മലയാളി ജീവിതങ്ങള്‍ ബാക്കി. രാജ്യത്തുതന്നെ തട്ടിപ്പുകളുടെ പ്രധാന ഇരകൾ മലയാളികള്തന്നെയാണെന്നതാണ് വസ്തുത.
കാശ് കവർന്നെടുത്ത മണിചെയിനുകള്‍
നാനോ എക്സലായിരുന്നു 2021ൽ ഏറ്റവും കൂടുതല്‍ തുക തട്ടിയെടുത്ത മണിചെയിന്‍ കമ്പനി. കേരളത്തില്‍നിന്ന് 358 കോടിരൂപ ഇവര്‍ തട്ടിയെടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍തന്നെ സമ്മതിച്ചിരുന്നു. മണിചെയിന്‍ കമ്പനികള്‍ കേരളത്തില്‍നിന്ന് തട്ടിയെടുത്തത് എത്ര കോടിയാണെന്ന് കൃത്യമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു.
കാമധേനു ബിസിനസ് ഫോര്‍ച്യൂണ്‍, ബിക് മാര്‍ക്, പേള്‍സ് അഗ്രോടെക്, എന്‍ മാര്‍ട്ട്, ബെസ്റ്റ് വെഞ്ച്വര്‍, പെന്വേള്ഡ്, ഹെഡ്ര എന്നീ കമ്പനികള്‍ സമാഹരിച്ച പണം സംബന്ധിച്ചാണ് കൃത്യമായ കണക്കുകള്‍ കണ്ടെത്താനാകാതിരുന്നത്.
ടൈക്കൂണ്‍ 250 കോടിയുടെയും ആര്‍എംപി 200 കോടിയുടെയും ബിസയര്‍ 123 കോടിയുടെയും തട്ടിപ്പ് നടത്തിയതായാണ് ഏകദേശ കണക്ക്. ഇതിന് പിന്നാലെയാണ് കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ജിബിജി (ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ്) നടത്തിയ അഞ്ഞൂറോളം കോടിയുടെ തട്ടിപ്പ് പുറത്തുവന്നത്.
ചെന്നൈ ആസ്ഥാനമായുള്ള ടൈക്കൂണ്‍ എംപയര്‍ ഇന്റര്‍നാഷണല്‍ 50,000 നിക്ഷേപകരില്‍ നിന്ന് 370 കോടി രൂപയും ബിസാര്‍ ഗ്രൂപ്പ് 55 കോടി രൂപയും പിരിച്ചെടുത്തതായുമാണ് പുറത്തുവന്ന കണക്ക്.
വ്യാജ പേരുകളും വിലാസങ്ങളും ഉപയോഗിച്ച് ഒരു സ്വകാര്യ ബാങ്കില്‍ 14 അക്കൗണ്ടുകളിലൂടെയാണ് ഇവ പ്രവര്‍ത്തിച്ചിരുന്നതെന്ന് കേരള പോലീസ് റിസര്‍വ് ബാങ്കിന് (ആര്‍ബിഐ) റിപ്പോര്‍ട്ട് ചെയ്തിരുന്നു. പല കമ്പനികളുടേയും ഡയറക്ടര്‍മാരും പ്രൊമോട്ടര്‍മാരും അറസ്റ്റിലായിരുന്നു.
പല കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാല്‍, സബ് ഇന്സ്പെക്ടറുള്പ്പെടെയുള്ള പോലീസുകാര്‍പോലും ഇതിലെ കണ്ണികളായിരുന്നതിനാല് അന്വേഷണങ്ങള്‍ എവിടേയുമെത്തിയില്ല.
സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഓഹരികള്‍ക്ക് ഡിസ്കൗണ്ട് കാര്‍ഡുകള്‍ നല്‍കിയാണ് ബിസാര്‍ കമ്പനിയുടെ തട്ടിപ്പ് അരങ്ങേറിയത്. ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള കമ്മീഷനും കൂടാതെ പ്രതിമാസം 10,000 രൂപയും വാഗ്ദാനം ചെയ്താണ് ടൈക്കൂണ്‍ എത്തിയത്.
ബിസാറിന്റെയും ടൈക്കൂണിന്റെയും കോപ്പിയായി ഹൈറിച്ച്
ബിസാര്‍ കമ്പനിയുടെ സൂപ്പര്‍ മാര്‍ക്കറ്റിംഗ് സംവിധാനം കോപ്പിയടിച്ച് 2019ല്‍ കടന്നുവന്ന ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന് സുവര്ണാവസരമായത് കോവിഡ് കാലത്തെ അടച്ചു പൂട്ടലാണ്. ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ വീട്ടിലെത്തിച്ചിരുന്ന ഈ സംവിധാനത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്.
പിന്നീട് ഗോഡൗണുകളിലേക്ക് കമ്പനിയില്‍നിന്നും സാധനങ്ങളെത്താതെവന്നപ്പോള് മൊത്തക്കച്ചവടക്കാരില്‍നിന്നും സാധനങ്ങളെടുത്ത് വിതരണം ചെയ്യാന്‍ തുടങ്ങി. ക്രമേണ ഗോഡൗണുകളും വിതരണ ശൃംഖലകളും പേരിന് മാത്രമായി. ഇതിനിടയിലാണ് ടൈക്കൂണിന്റെ മണിചെയിന്‍ തന്ത്രം തിരുകി കയറ്റിയത്.
മെയ്യനങ്ങാതെ വീട്ടിലിരുന്ന് താഴെത്തട്ടില്‍ ചേര്‍ക്കുന്നവരുടെ കമ്മീഷനുകള്‍ വാങ്ങാന്‍ തുടങ്ങിയവര്‍ പിന്നാലെ വന്നവരെ ചവിട്ടുപടികളാക്കി മുകളിലേക്ക് കയറിപ്പോയപ്പോള്‍ മണിചെയിന്‍ ബിസിനസുകള്‍ക്ക് സംഭവിക്കുന്ന സ്വാഭാവിക പരിണതഫലംതന്നെ ഹൈറിച്ചിനെയും തേടിയെത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആദ്യം തൃശൂര്‍ കണിമംഗലം വലിയാലുക്കലില്‍ പ്രവര്‍ത്തിക്കുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനിക്കെതിരെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് പയ്യന്നൂരിലെ രാജന് സി. നായരായിരുന്നു.
ഹൈറിച്ചിന്റെ ഡയറക്ടര്‍മാരായ തൃശൂര്‍ ഈരം കരുവന്വളപ്പിലെ കോലാട്ട് ദാസന് പ്രതാപന്, ഭാര്യ ശ്രീന, പ്രോജക്ട് മാനേജരായ ഇരിട്ടിയിലെ ജിനില്‍ ജോസഫ് എന്ന മാഷ്, ദല്ലാളുകളായ ഫിജേഷ് കണ്ണപുരം, പയ്യന്നൂര്‍ വൈപ്പിരിയത്തെ ബാലാമണി എന്നിവര്‍ക്കെതിരേയാണ് പരാതി നല്‍കിയത്.
പയ്യന്നൂരില്‍ സംഘടിപ്പിച്ച നിക്ഷേപസംഗമത്തില്നിന്നു ലഭിച്ച ലഘുലേഖകളും ഹൈറിച്ച് എന്ന കമ്പനിയുടെ രണ്ടുവര്‍ഷത്തെ ബാലന്‍സ് ഷീറ്റുള്പ്പെടെയുള്ള രേഖകളുമാണ് പരാതിക്കാരന് പരാതിക്കാസ്പദമായി നല്‍കിയത്.
ഒരുലക്ഷം രൂപ മൂലധനത്തില്‍ 2019 ഒക്ടോബര്‍ 22നാണ് ഹൈറിച്ച് കമ്പനി രജിസ്റ്റര്‍ ചെയ്തത്. 2020-21 കാലത്ത് 62,80,54,933 രൂപയുടെ ബിസിനസ് നടന്നപ്പോള്‍ കമ്പനിയുടെ നഷ്ടം 8,51,568 രൂപയായിരുന്നു. 2022-23ല്‍ 156,94,76,703 രൂപയായി ബിസിനസ് വര്‍ധിച്ചിട്ടും ലാഭം 9,34,217 രൂപ മാത്രവും.
രണ്ടുവര്‍ഷത്തെ കമ്പനിയുടെ ലാഭം 82,649 രൂപ മാത്രമാണെന്ന് കണക്കുകളില്‍ വ്യക്തമാക്കിയവരാണ് ഇതെല്ലാം മറച്ചുവച്ച് മോഹന വാഗ്ദാനങ്ങള്‍ നല്കി പൊതുജനത്തെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് മാതൃകയിലുള്ള ഈ തട്ടിപ്പിനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു പരാതി.
കൂടാതെ ഹൈറിച്ച് നിധി, ഹൈറിച്ച് സ്മാര്‍ടെക് എന്നിങ്ങനെ രണ്ടു കമ്പനികള്‍കൂടി ഇവര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിനിമ കാണിക്കുന്നതിനുള്ള ഹൈറിച്ച് ഒടിടി പ്ലാറ്റ്ഫോമിലൂടെയും തട്ടിപ്പ് അരങ്ങേറുന്നതായി പരാതിയിലുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു കൈമാറിക്കിട്ടിയ പരാതിയില്‍ പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടു സഹിതം തുടര്‍ നടപടികള്‍ക്കായി കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിക്ക് നല്‍കിയിരുന്നു.
എന്നാല്‍, പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. കോറോം മുതിയലത്തെ കെ.പി. മുരളീധരന് നല്കിയ സമാനമായ പരാതിയില്‍ കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടിട്ടും നിയമോപദേശത്തിന്റെ മറവില്‍ പോലീസ് കേസെടുക്കാന്‍ വിമുഖത കാണിക്കുകയായിരുന്നു.