ലയോള കോളജിൽ നാലുവർഷ ബിരുദ കോഴ്സുകൾക്കു തുടക്കമാകുന്നു
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തൻ പ്രതീക്ഷകളുമായി ശ്രീകാര്യം ലയോള കോളജ് ഓഫ് സോഷ്യൽ സയൻസസ് ആറു വിഷയങ്ങളിൽ വ്യത്യസ്തമായ നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്കു തുടക്കം കുറിക്കുന്നു. തിങ്കളാഴ്ച ലയോള സ്കൂൾ കാമ്പസിലെ ലയോള ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടന പരിപാടിയായ ദീക്ഷാരംഭം സംഘടിപ്പിക്കും.
കേരള ജെസ്യൂട്ട് പ്രവിശ്യയുടെ പ്രൊവിൻഷ്യൽ റവ. ഡോ. ഇ.പി. മാത്യു എസ്ജെ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ കൽക്കട്ടയിലെ സെന്റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ റവ. ഡോ. ജോണ് ഫെലിക്സ് രാജ് എസ്ജെ ലയോളയുടെ നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. മികച്ച സംരംഭകത്വവും ക്രിയാത്മകമായ നവീകരണവും ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെ പ്രവർത്തന സജ്ജമാക്കുന്ന ലയോള വെഞ്ച്വർ സ്റ്റുഡിയോ ഡോ. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും.
വ്യവസായ അക്കാദമിക് ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ലയോള സാർപി ലാബ്സുമായി നോണ് ഡിസ്ക്ലോഷർ കരാർ (എൻഡിഎ) ഒപ്പുവയ്ക്കും. ലയോള പൂർവവിദ്യാർഥിയും സിഇഒയുമായ ശ്രീകാന്ത് അരിമനിതായ ചടങ്ങിൽ സന്നിഹിതനാകും. ശാസ്ത്ര സാങ്കേതിക രംഗത്തെ തന്നെ അത്യത്ഭുതമായ മനുഷ്യനിർമിത റോബോട്ട് റിയയുടെ തൽസമയ പ്രദർശനവും ഉണ്ടാകും. അത്യാധുനിക എഐ പവേർഡ് സാങ്കേതിക വിദ്യയുടെ തത്സമയ പ്രദർശനം ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് വ്യത്യസ്തമായൊരനുഭവം നൽകുന്നു.
ഉന്നത വിദ്യാഭ്യാസ പാതകളിലേക്കുള്ള പ്രായോഗിക പരിശീലനമെന്ന നിലയിൽ ലയോള ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി പ്രത്യേക സെഷൻ സജ്ജീകരിച്ചിട്ടുണ്ട്. ലയോള കോളജിന്റെ നാലു വർഷ ബിരുദ പ്രോഗ്രാമുകൾ ബികോം ഫിനാൻസ് ആൻഡ് എഎംപി, അക്കൗണ്ടിംഗ് (സിഎ, എസിസിഎ കോഴ്സ്), ബികോം ഫിൻടെക് ആൻഡ് എഎംപി, എഐ, ബികോം ലോജിസ്റ്റിക്സ് ആൻഡ് എഎംപി, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ബിഎസ്സി ഡാറ്റ സയൻസ്, ബിഎസ്സി സൈക്കോളജി, ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്നു.
വിദ്യാർഥിയുടെ അഭിരുചിക്ക് അനുയോജ്യമായ അറിവു നേടൽ, വ്യാവസായിക സംരംഭകത്വ പരിശീലനം എന്നിവയിൽ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പാഠ്യപദ്ധതിയാണ് വിഭാവന ചെയ്തിട്ടുള്ളത്.