ഡയഗ്നോസ്റ്റിക് ടെക്നോളജി വിഭാഗത്തിൽ നമ്മുടെ രാജ്യത്ത് പഠിക്കാൻ കഴിയുന്ന പാരാമെഡിക്കൽ / അലെയ്ഡ് മെഡിക്കൽ പ്രോഗ്രാമുകൾ (ഡിഗ്രി, ഡിപ്ലോമ) ഏതെല്ലാമാണ്? അവയുടെ തൊഴിൽസാധ്യതകളും ജോബ് റോളുകളും വിവരിക്കാമോ?
എസ്. സിതാര, അതിരന്പുഴ, കോട്ടയം.
ഡയഗ്നോസ്റ്റിക് ടെക്നോളജി വിഭാഗത്തിലെ പാരാമെഡിക്കൽ/അലെയ്ഡ് മെഡിക്കൽ പ്രോഗ്രാമുകളിൽ ഡോക്ടറെ രോഗനിർണയത്തിന് സഹായിക്കുന്ന പ്രധാനപ്പെട്ട ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകൾ താഴെ പറയുന്നവയാണ്.
1) ബിഎസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി
ഇത് ഒരു പ്രഫഷണൽ ബിരുദമാണ്. പ്രധാനമായും രക്തം, ടിഷ്യു തുടങ്ങിയവ പരിശോധിച്ച് രോഗനിർണയം നടത്തുന്നു. ഈ പ്രോഗ്രാം പൂർത്തീകരിക്കുന്നവർക്ക് തൊഴിലവസരങ്ങൾ ലഭിക്കുന്നത് ഹോസ്പിറ്റൽ ലാബ്, ഡയഗ്നോസ്റ്റിക് സെന്റർ, ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിലാണ്. റിസർച്ച് ലാബ് ടെക്നോളജിസ്റ്റ് എന്നതായിരിക്കും ജോലിയുടെ പേര്.
2) ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി
ഒരു ഡിപ്ലോമ പ്രോഗ്രാമാണിത്്. ബിരുദധാരികളായ മെഡിക്കൽ ലാബ് ടെക്നീഷനു ലഭിക്കുന്നതിനു തുല്യമായ കരിയർ സാധ്യത ലഭിക്കാൻ ഇടയില്ല. സാലറിയുടെ കാര്യത്തിലും വ്യത്യാസമുണ്ടാകും.
ലാബ് ടെക്നീഷൻ എന്നതാണ് ഈ പ്രോഗ്രാം പഠിക്കുന്നതിലൂടെ ലഭിക്കുന്ന ജോബ് റോൾ. ഹോസ്പിറ്റൽ ലാബ്, ഡയഗ്നോസ്റ്റിക് സെന്റർ എന്നിവിടങ്ങളിലാണ് തൊഴിൽ സാധ്യത ഉള്ളത്.
3) ബിഎസ്സി റേഡിയോളജി & ഇമേജിംഗ് ടെക്നോളജി (ആർഐടി/എംഐടി)
എക്സ്റേ, സിടി, എംആർഐ, അൾട്രാസൗണ്ട് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശീലനമാണ് ഈ പ്രോഗ്രാം പഠിക്കുന്നതിലൂടെ പഠിതാവിന് ലഭിക്കുന്നത്. ആധുനിക കാലത്ത് കൂടുതൽ തൊഴിലവസരം തുറക്കുന്നതാണ് ഈ പ്രോഗ്രാം.
റേഡിയോഗ്രാഫർ, ടെക്നീഷൻ എന്നിവയാണ് ജോബ് റോൾ. ആശുപത്രികൾ, ഇമേജിംഗ് സെന്ററുകൾ തുടങ്ങിയ ഇടങ്ങളിലാണ് തൊഴിൽ ലഭിക്കുക.
4) ഡിപ്ലോമ ഇൻ റേഡിയോളജി & ഇമേജിംഗ് ടെക്നോളജി
ഡിപ്ലോമ പ്രോഗ്രാമാണ്. ബിരുദ പ്രോഗ്രാമിന് ലഭിക്കുന്ന പരിഗണന ഡിപ്ലോമ പ്രോഗ്രാമിൽ ലഭിക്കാൻ സാധ്യതയില്ല. റേഡിയോഗ്രാഫർ/എക്സ്റേ ടെക്നീഷൻ എന്നീ ജോബ് റോളുകളാണ് പ്രധാനമായും ലഭിക്കുക. ആശുപത്രികൾ, ഡയഗ്നോസ്റ്റിക് സെന്ററുകൾ എന്നിവിടങ്ങളിൽ തൊഴിൽ ലഭിക്കും.
5)ബിഎസ്സി കാർഡിയോ വാസ്കുലർ ടെക്നോളജി (സിവിടി) / കാർഡിയാക് കെയർ ടെക്നോളജി (സിസിടി)
ഹൃദയസംബന്ധമായ രോഗനിർണയത്തിൽ ഡോക്ടർമാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇസിജി, എക്കോ, ടിഎംടി, കാത്ത് ലാബ് എന്നിവയും അതിനോടനുബന്ധമായ ഉപകരണങ്ങളും പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശീലനം ഈ പ്രോഗ്രാം പഠിക്കുന്നതിലൂടെ പഠിതാവിനു ലഭ്യമാകുന്നു.
ഹൃദയസംബന്ധമായ ചികിത്സയുടെയും അത്തരം രോഗങ്ങളുടെയും വർധനവ്, ഏറ്റവും ആധുനികമായ ചികിത്സാ സംവിധാനങ്ങളുടെ കടന്നുവരവ് എന്നിവ ഈ പ്രോഗ്രാം പഠിച്ചവർക്ക് ധാരാളം തൊഴിലവസരങ്ങൾ നൽകുന്നു.
കാർഡിയാക് ടെക്നോളജിസ്റ്റ്, കാത്ത് ലാബ് ടെക്നീഷൻ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ജോലികളിൽ ഹോസ്പിറ്റലുകളിലും അനുബന്ധ സ്ഥാപനങ്ങളിലും തൊഴിൽ ലഭിക്കും.
6) ഡിപ്ലോമ ഇൻ ഇസിജി ടെക്നോളജി
ഇലക്ട്രോകാർഡിയോഗ്രാം എടുക്കുന്നതിലും വിശകലനം ചെയ്യുന്നതിലുമുള്ള പരിശീലനമാണ് ഈ പ്രോഗ്രാമിലൂടെ ലഭിക്കുന്നത്. ഇസിജി ടെക്നീഷൻ എന്നതാണ് ലഭിക്കാൻ സാധ്യതയുള്ള പ്രധാന ജോലി.
7) ബിഎസ്സി ന്യൂറോ ഇലക്ട്രോഫിസിയോളജി ടെക്നോളജി / ന്യൂറോ സയൻസ് ടെക്നോളജി
സയൻസുമായി ബന്ധപ്പെട്ട ചികിത്സയിലാണ് ഈ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രവർത്തനമേഖല തുറക്കുന്നത്. തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും പ്രവർത്തനം പഠിക്കുന്ന ടെസ്റ്റുകൾ (ഇഇജി, ഇഎംജി, എൻസിഎസ്) നടത്തുന്ന ന്യൂറോഫിസിയോളജി ടെക്നോളജിസ്റ്റ് മേഖലയിൽ തൊഴിലവസരമുണ്ട് .
8) ഡിപ്ലോമ ഇൻ ഇഇജി/ഇഎംജി ടെക്നോളജി
ഇഇജി/ഇഎംജി ടെസ്റ്റുകൾ നടത്തുന്ന ടെക്നിക്കൽ പരിശീലനം. ജോബ് റോൾ: ഇഇജി/ഇഎംജി ടെക്നീഷൻ.
9) ബിഎസ്സി വൈറോളജി & ഇമ്യൂണോളജി
വൈറസുകളെയും പ്രതിരോധശേഷിയെയും കുറിച്ച് പഠിക്കുന്നു. ബിഎസ്സി വൈറോളജി ആൻഡ് ഇമ്യൂണോളജി പഠിക്കുന്നവർക്ക് വൈറോളജി ലാബ് ടെക്നോളജിസ്റ്റ്, റിസർച്ച് അസിസ്റ്റന്റ് തുടങ്ങിയ ജോലികളാണ് ലഭിക്കുക.
10) ഡിപ്ലോമ ഇൻ ക്ലിനിക്കൽ പാത്തോളജി
രോഗനിർണയത്തിനായി മനുഷ്യശരീരവുമായി ബന്ധപ്പെട്ട വിവിധങ്ങളായ സാന്പിളുകൾ പരിശോധിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ചികിത്സ നിശ്ചയിക്കുന്നതിന് ഡോക്ടറെ സഹായിക്കുന്ന ജോലിയാണ് ഈ കോഴ്സ് പഠിക്കുന്നതിലൂടെ പഠിതാവ് സാധ്യമാക്കുന്നത്. ഈ പ്രോഗ്രാമിന്റെ ജോബ് റോൾ: പാത്തോളജി ലാബ് ടെക്നീഷൻ്.
11) ബിഎസ് സി/ഡിപ്ലോമ ഇൻ ഹിസ്റ്റോപാത്തോളജി ടെക്നോളജി
ടിഷ്യു സാന്പിളുകൾ പഠിച്ച് രോഗനിർണയം നടത്തുന്നു. ചികിത്സാ മേഖലയിലെ പുതിയ കണ്ടെത്തലുകളുടെയൊക്ക അടിസ്ഥാനത്തിൽ രൂപീകൃതമായ ഒന്നാണിത്. ജോബ് റോൾ: ഹിസ്റ്റോപാത്തോളജി ടെക്നീഷൻ
12) ബിഎസ് സി/ഡിപ്ലോമ ഇൻ സൈറ്റോടെക്നോളജി
കോശങ്ങളെ പഠിച്ച് കാൻസർ പോലുള്ള രോഗങ്ങൾ കണ്ടെത്തുന്നു. കാൻസർ ചികിത്സാരംഗത്ത് വലിയ സാധ്യതകൾ ഉള്ളതാണ് ഈ പ്രോഗ്രാം. ജോബ് റോൾ: സൈറ്റോടെക്നോളജിസ്റ്റ്.
13) ബിഎസ് സി/ഡിപ്ലോമ ഇൻ ഹീമറ്റോളജി ടെക്നോളജി
രക്തത്തെയും രക്തസംബന്ധമായ രോഗങ്ങളെയും കുറിച്ച് പഠിപ്പിക്കുന്ന പാരാമെഡിക്കൽ/ അലെയ്ഡ് മെഡിക്കൽ സർവീസ് പ്രോഗ്രാമാണിത്. ജോബ് റോൾ: ഹീമറ്റോളജി ലാബ് ടെക്നീഷൻ
14) ഡിപ്ലോമ ഇൻ ബ്ലഡ് ബാങ്ക് ടെക്നോളജി
ബ്ലഡ് ബാങ്കുകളിലെ സാങ്കേതിക ജോലികൾ ചെയ്യുന്നു. ജോബ് റോൾ: ബ്ലഡ് ബാങ്ക് ടെക്നീഷൻ
15) ഡിപ്ലോമ ഇൻ സിടി സ്കാൻ ടെക്നോളജി
സിടി സ്കാൻ മെഷീൻ പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശീലനമാണ് പ്രധാനമായും ഈ പ്രോഗ്രാമിലൂടെ ലഭിക്കുക. ഡിപ്ലോമ ഇൻ സിടി സ്കാൻ ടെക്നോളജി കഴിയുന്നവർക്ക് സിടി സ്കാൻ ടെക്നീഷൻ എന്ന നിലയിൽ സിടി സ്കാൻ സെന്ററുകളിൽ ജോലി ലഭിക്കും.
16) ഡിപ്ലോമ ഇൻ എംആർഐ സ്കാൻ ടെക്നോളജി
മെഡിക്കൽ സർവീസ് പ്രോഗ്രാമാണിത്. എംആർഐ സ്കാൻ ടെക്നീഷൻ എന്ന് ജോബ് റോളിൽ എംആർഐ സ്കാനിംഗ് സെന്ററുകളിൽ തൊഴിൽ ലഭിക്കും.
17) ഡിപ്ലോമ ഇൻ അൾട്രാസൗണ്ട് ടെക്നോളജി / ഡയഗ്നോസ്റ്റിക് മെഡിക്കൽ സോണോഗ്രഫി
അൾട്രാസൗണ്ട് സ്കാനിംഗ് നടത്തുന്നു. അൾട്രാസൗണ്ട് ടെക്നീഷൻ/സോണോഗ്രാഫർ എന്നീ ജോബ് റോളുകളിലാണ് കരിയർ കണ്ടെത്താൻ കഴിയുക.
നമ്മുടെ വിദ്യാർഥികൾക്കിടയിൽ നഴ്സിംഗ്, ഫാർമസി ഏറിയാൽ മെഡിക്കൽ ലാബ് ടെക്നീഷൻ അടക്കമുള്ള പാരാമെഡിക്കൽ/അലെയ്ഡ്മെഡിക്കൽ പ്രോഗ്രാമുകളെക്കുറിച്ച് മാത്രമാണ് ധാരണയുള്ളത്. എന്നാൽ, രാജ്യത്തും ലോകമെന്പാടും നൂറിൽ കൂടുതൽ പാരാ മെഡിക്കൽ / അലെയ്ഡ് മെഡിക്കൽ പ്രോഗ്രാമുകൾ പഠിക്കാൻ കഴിയുന്ന സാഹചര്യം ഇന്നുണ്ട്. ഓരോ പ്രോഗ്രാമുകളും വ്യത്യസ്തങ്ങളായ കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്നതാണ്. ഇന്ന് നിലനിൽക്കുന്ന പാരാമെഡിക്കൽ/ അലെയ്ഡ് മെഡിക്കൽ പ്രോഗ്രാമുകളെ പ്രവൃത്തിയുടെ സ്വഭാവമനുസരിച്ച് ഒരു തലക്കെട്ടിന് കീഴിൽ കൊണ്ടുവന്നാൽ മുകളിൽ വിവരിച്ച പ്രോഗ്രാമുകൾ ഉൾപ്പെടുന്നത് ഡയഗ്നോസ്റ്റിക് ടെക്നോളജി വിഭാഗത്തിലാണ്.
അഡ്വ. ബാബു പള്ളിപ്പാട്ട്, കരിയർ ഗൈഡ് (
[email protected])