ഇന്ത്യൻ എയർഫോഴ്സിൽ എയർമെൻ റിക്രൂട്ട്മെന്റ് റാലി 21ന്
തിരുവനന്തപുരം : ഇന്ത്യൻ എയർഫോഴ്സിൽ എയർമാൻ ഗ്രൂപ്പ് എക്സ് (എജ്യൂക്കേഷൻ ഇൻസട്രക്ടർ) ട്രേഡിലേക്ക് പുരുഷ ഉദ്യോഗാർഥികൾക്കായി 17 മുതൽ 23 വരെ കോയന്പത്തൂരിലെ ഭാരതിയാർ സർവകലാശാല ഇൻഡോർ സ്റ്റേഡിയത്തിൽ റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. കേരളത്തിലെ ഉദ്യോഗാർഥികൾ 21ന് രാവിലെ ആറിനും പത്തിനുമിടയിൽ എത്തിച്ചേരണം.
പ്രായപരിധി : ബിരുദധാരികൾ 1995 ജൂലൈ 19നും 2000 ജൂലൈ ഒന്നിനും ഇടയ്ക്ക് ജനിച്ചവരായിരിക്കണം. ബിരുദാനന്തരബിരുദധാരികൾ 1992 ജൂലൈ ഒന്നിനും 2000 ജൂലൈ ഒന്നിനും ഇടയ്ക്ക് ജനിച്ചവരായിരിക്കണം. ജോലിയിൽ പ്രവേശിക്കുന്ന സമയത്തുള്ള ഉയർന്ന പ്രായപരിധി ബിരുദധാരികൾക്ക് 25 വയസും ബിരുദാനന്ദ ബിരുദധാരികൾക്ക് 28 വയസുമായിരിക്കും. വിവാഹിതരായ ആണ്കുട്ടികൾക്കും (ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് 22 വയസിൽ മുകളിലായിരിക്കണം) അപേക്ഷിക്കാം.
യോഗ്യത : ബിരുദധാരികൾ : 50 ശതമാനം മാർക്കിൽ കുറയാതെ ഇംഗ്ലീഷ് വിഷയത്തോട് കൂടിയ ബിഎ ബിരുദം അല്ലെങ്കിൽ ബിഎസ്സി (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇൻഫർമേഷൻ ടെക്നോളജി, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്) അല്ലെങ്കിൽ ബിസിഎ, കൂടാതെ 50 ശതമാനം മാർക്കോടെ ബിഎഡും ഉണ്ടായിരിക്കണം. അല്ലെങ്കിൽ 50 ശതമാനം മാർക്കിൽ കുറയാതെ എംഎ ഇംഗ്ലീഷ് / സൈക്കോളജി, എംഎസ്സി കണക്ക്/ഫിസിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ എംസിഎ കൂടാതെ 50 ശതമാനം മാർക്കോടെ ബിഎഡും ഉണ്ടായിരിക്കണം. ബിരുദാനന്തര ബിരുദധാരികൾ : ബിരുദാനന്തര ബിരുദവും, യുജിസി/എൻസിടിഇ അംഗീകരിച്ച ബിഎഡ് ബിരുദവുമാണ് യോഗ്യത.