നിക്കാഹ് പതിനെട്ടിനുതന്നെ; ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ തുടച്ച് റാബിയ
കല്യാണം മാറ്റിവയ്ക്കേണ്ടിവരുമെന്ന ആശങ്ക അകന്നതിന്റ ആശ്വാസത്തിലാണ് ചൂരൽമല ചാലന്പാടൻ പരേതനായ മൊയ്തീന്റെ മകൾ റാബിയ. മേപ്പാടി സെന്റ് ജോസഫ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിൽനിന്നു കല്യാണപ്പന്തലിലേക്കുള്ള യാത്രയ്ക്കു ഒരുങ്ങുകയാണ് ഈ ഇരുപത്തിരണ്ടുകാരി. ഓഗസ്റ്റ് നാലിനു ഈങ്ങാപ്പുഴയിലായിരുന്നു റാബിയയുടെയും പേരാന്പ്ര സ്വദേശി മുഹമ്മദ് ഷാഫിയുടെയും നിക്കാഹ്.
18നു ചൂരൽമലയിൽ കല്യാണം നടത്താനായിരുന്നു വീട്ടുകാരുടെ തീരുമാനം. കല്യാണസ്വപ്നങ്ങളുമായി റാബിയ ദിവസങ്ങൾ എണ്ണുന്നതിനിടെയായിരുന്നു പെരുമഴയും വെള്ളപ്പൊക്കവും.
ഏഴിനു മുണ്ടക്കൈയിൽ മണ്ണിടിഞ്ഞതിനു പിന്നാലെയായിരുന്നു ചുരൽമലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം. റാബിയയും മാതാവ് ജൂമൈലത്തും ഉടനെ ബന്ധുവീട്ടിലേക്കു മാറി. വെള്ളപ്പൊക്കത്തിൽ വീടിന്റെ മേൽക്കൂര ഒഴികെ ഭാഗങ്ങൾ മുങ്ങി. കല്യാണത്തിനായി വീട്ടിൽ ശേഖരിച്ച വസ്ത്രങ്ങളടക്കം നശിച്ചു. കല്യാണം മാറ്റിവയ്ക്കേണ്ടിവരുമെന്ന ആകുലതയോടെയാണ് റാബിയയും ജൂമൈലത്തും ദുരിതാശ്വാസ ക്യാന്പിലെത്തിയത്.
വിഷമതകൾ ഉള്ളിലൊതുക്കി ക്യന്പിൽ കഴിയുന്നതിനിടെയാണ് റാബിയ കല്യാണപ്പെണ്ണാണെന്നു സെന്റ് ജോസഫ്സ് സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും മേപ്പാടിയിലെ ചെറുകിട വ്യാപാരിയുമായ പൂത്തൊല്ലി പാറോളി മുഹമ്മദലി അറിഞ്ഞത്. റാബിയയുടെ കല്യാണവസ്ത്രങ്ങളടക്കം നഷ്ടപ്പെട്ട വിവരം പിണങ്ങോടുനിന്നു ക്യാന്പിൽ സേവനത്തിനെത്തിയ കൂട്ടായ്മയിൽപ്പെട്ടവരുമായി അലി പങ്കുവച്ചു. കൂട്ടായ്മ ഇടപെട്ടതിനു പിന്നാലെ ആലപ്പുഴ സ്വദേശി റാബിയയ്ക്കു വിവാഹ വസ്ത്രങ്ങൾ സ്പോണ്സർ ചെയ്തു.
ഇതിനിടെ പേരാന്പ്രയിൽനിന്നു വരനും കുടുംബാംഗങ്ങളും ദുരിതാശ്വാസ ക്യാന്പിലെത്തി റാബിയയെയും ഉമ്മയെയും ആശ്വസിപ്പിച്ചു. കല്യാണം നിശ്ചയിച്ച തിയതിക്കുതന്നെ നടക്കുമെന്നു ഉറപ്പുനൽകി. ഇതോടെയാണ് റാബിയയുടെയും കുടുംബാംഗങ്ങളുടെയും ശ്വാസം നേരേ വീണത്.
കല്യാണം മേപ്പാടിയിൽ വളരെ ലളിതമായി നടത്താനാണ് പദ്ധതിയെന്നു റാബിയയുടെ മാതൃസഹോദരന് ഉബൈദ് ചാലന്പാടൻ പറഞ്ഞു.
വിദ്യാർഥിയായ മകൻ അബുതാഹിറും അടങ്ങുന്നതാണ് ജൂമൈലത്തിന്റെ കുടുംബം. പ്രൊവിഡന്റ് ഫണ്ടിൽനിന്നെടുത്തതടക്കം തുക ഉപയോഗിച്ച് അഞ്ചു സെന്റ് മണ്ണിൽ നിർമിച്ച വീടാണ് വെള്ളത്തിലായത്. മുപ്പത്തൊന്പതുകാരിയായ ജുമൈലത്ത് രണ്ടു വർഷമായി രോഗത്തിന്റെ പിടിയിലാണ്.
11 വർഷം മുന്പായിരുന്നു ഭർത്താവിന്റെ മരണം. ആരോഗ്യം മോശമായ സാഹചര്യത്തിൽ ഒന്നര മാസം മുന്പു ഹാരിസണ് പ്ലാന്റേഷനിലെ ജോലിയിൽനിന്നു പിരിഞ്ഞു.
പ്ലസ്ടുവരെ പഠിച്ച റാബിയ കംപ്യൂട്ടർ കോഴ്സും പാസായിട്ടുണ്ട്. കുറ്റ്യാടിയിൽ മൂന്നു മാസം ജോലിചെയ്ത റാബിയ സ്ഥിരം തൊഴിൽ അന്വേഷിക്കുന്നതിനിടെയാണ് വിവാഹാലോചനയെത്തിയത്.