ടിടിയിലും ബാഡ്മിന്റണിലും തോൽവി
ടേബിൾ ടെന്നീസിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയെല്ലാം അവസാനിച്ചു. പുരുഷ സിംഗിൾസിൽനിന്ന് ഇന്ത്യയുടെ ശരത് കമൽ മൂന്നാം റൗണ്ടിൽ ചൈനയുടെ മാ ലോംഗിനോടു പരാജയപ്പെട്ട് പുറത്തായി.
നിലവിലെ ഒളിന്പിക് ചാന്പ്യനും ലോക മൂന്നാം സ്ഥാനക്കാരനുമായ മാ ലോംഗിനെതിരേ മികച്ച പ്രകടനമാണു ശരത് കമൽ പുറത്തെടുത്തത്. സ്കോർ: 11-7, 8-11, 13-11, 11-4, 11-4. ഇതോടെ ടേബിൾ ടെന്നീസിൽ ഇന്നും ഇന്ത്യയുടെ എല്ലാ താരങ്ങളും പുറത്തായി.
ബാഡ്മിന്റൺ
ബാഡ്മിന്റണ്‍ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്സായ്രാജ് രങ്കറെഡ്ഢി- ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടർ കാണാതെ പുറത്ത്. ഗ്രൂപ്പ് എയിൽ നടന്ന അവസാന മത്സരത്തിൽ ജയിക്കാനായെങ്കിലും ടീമിനു ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല. ബ്രിട്ടന്റെ ബെൻ ലെയ്ൻ-ഷോണ്‍ വെൻഡി സഖ്യത്തെ 21-17, 21-19ന് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തി. നാലു ടീമുകളുള്ള ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണു ക്വാർട്ടറിലെത്തുക.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സാത്വിക് -ചിരാഗ് സഖ്യത്തെ ഇന്തോനേഷ്യയുടെ കെവിൻ സഞ്ജയ സുകമുൽജോ-മാർക്കസ് ഫെർണാൽഡി ജിഡിയോണ്‍ സഖ്യം പരാജയപ്പെടുത്തിയിരുന്നു.
ഇന്തോനേഷ്യൻ സഖ്യത്തിനും ചൈനീസ് തായ്പേയ് സഖ്യത്തിനും ഇന്ത്യൻ സഖ്യത്തിനും രണ്ടു പോയിന്റ് വീതമാണ്. എന്നാൽ, പോയിന്റ് ശരാശരി ഇന്ത്യൻ ടീമിനു തിരിച്ചടിയായി. ആദ്യമത്സരത്തിൽ ഇന്ത്യൻ സഖ്യം ചൈനീസ് തായ്പേയ് സഖ്യത്തെ പരാജയപ്പെടുത്തിയിരുന്നു.