രണ്ടു സഹോദരങ്ങള്‍ ഒരിക്കല്‍ ഒരുമിച്ചു യാത്രചെയ്യുകയായിരുന്നു. യാത്രയ്ക്കിടയില്‍ അവര്‍ വഴിയരികില്‍ വിശ്രമിക്കാനിരുന്നു. അപ്പോളൊരു പ്രത്യേകതരം കല്ല് അവരുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ആ കല്ലെടുത്തു സൂക്ഷിച്ചുനോക്കി. അതില്‍ ഇപ്രകാരം എഴുതിയിരുന്നു:
""ആര് ഈ കല്ല് കണ്ടെത്തുന്നുവോ അയാള്‍ അടുത്തുള്ള വനത്തിലേക്ക് പോകട്ടെ. കുറെ കഴിയുമ്പോള്‍ അയാളൊരു നദി കാണും. ആ നദി നീന്തിക്കടന്ന് അക്കരെച്ചെല്ലുമ്പോള് ഒരു പെണ്‍കരടി തന്റെ കരടിക്കുഞ്ഞുങ്ങളെ താലോലിച്ചുകൊണ്ടിരിക്കുന്നതായി കാണും. ആ കരടിക്കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് അയാള്‍ അടുത്തു കാണുന്ന മലമുകളിലേക്ക് ഓടിക്കയറണം. ഓട്ടത്തിനിടയില്‍ ഒരിക്കല്‍പ്പോലും തിരിഞ്ഞുനോക്കാന്‍ പാടില്ല. മലമുകളിലെത്തുമ്പോള്‍ ഒരു വീടുകാണും. ആ വീട്ടില്‍ അയാള്‍ യഥാര്‍ഥ സന്തോഷം കണെ്ടത്തും.''
കല്ലിലെ ഈ സന്ദേശം വായിച്ച ഉടനെ ഇളയവന് പറഞ്ഞു: ""വരൂ, നമുക്കൊരുമിച്ചു പോകാം. നമുക്കു രണ്ടുപേര്‍ക്കുംകൂടി ഒരുമിച്ചു സന്തോഷം കണ്ടെത്താം.''
അപ്പോള്‍ മൂത്തവന് പറഞ്ഞു: ""നിനക്കെന്താ ഭ്രാന്താണോ? മനുഷ്യരെ ചതിക്കുവാന്‍ വേണ്ടി ആരോ ഒരുത്തന് വെറുതെ എഴുതിവച്ചിരിക്കുന്നതല്ലേ ഇത്? ഏതായാലും നദി നീന്തിക്കടക്കാനും കരടിക്കുഞ്ഞുങ്ങളെ പിടിക്കാനുമൊന്നും ഞാനില്ല.''
ഇതുകേട്ടയുടനെ അനുജന് പറഞ്ഞു: ""നമുക്കു വെറുതെ വനത്തിലേക്കൊന്നു പോയി നോക്കാം. അതുകഴിഞ്ഞ് ബാക്കി തീരുമാനിക്കാം.''
അപ്പോള്‍ മൂത്തവന് പറഞ്ഞു: ""നാം വനത്തിലേക്കു കടക്കുമ്പോഴേക്കും രാത്രിയാകും. ഇനി അവിടെ നദി കണ്ടെത്തിയാല്‍പ്പോലും അതെങ്ങനെ നീന്തിക്കടക്കാനാണ്? ഇനി നദി നീന്തിക്കടന്നാല്പ്പോലും കരടിക്കുഞ്ഞുങ്ങളെ എങ്ങനെ പിടിക്കാന്‍ പറ്റും? അവയുടെ തള്ള നമ്മെ വെറുതെ വിടുമോ? ഇനി നാം കുഞ്ഞുങ്ങളെ പിടിക്കുന്നതില്‍ വിജയിച്ചുവെന്നു കരുതുക? എന്നാലും നാം കാണുവാന്‍ പോകുന്ന മല വലിയ പര്വതമാണെങ്കില് അതെങ്ങനെ നമുക്ക് ഓടിക്കയറാന്‍ സാധിക്കും? ഇനി പര്‍വതത്തില്‍ ഓടിക്കയറുന്നതില്‍ നാം വിജയിച്ചാല്‍പ്പോലും അവിടെ നാം കണെ്ടത്താന്‍ പോകുന്ന സന്തോഷം യഥാര്‍ഥ സന്തോഷമാകുമെന്ന് എന്താണുറപ്പ്? ഇല്ലില്ല. ഈ പരിപാടിക്ക് എന്നെ കിട്ടില്ല.''
മൂത്തവന്റെ വാദഗതിയില്‍ കഴമ്പുണെ്ടന്ന് ഇളയവന് സമ്മതിച്ചു. പക്ഷേ, അങ്ങനെ പോടിച്ചോടിയാലെങ്ങനെയാണ്? പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ടെങ്കില്പ്പോലും ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതിലല്ലേ വിജയം അടങ്ങിയിരിക്കുന്നത്? ഇളയവന്റെ ഈ ആശയങ്ങളൊന്നും മൂത്തവന്റെ മനസുമാറ്റിയില്ല. അവന് പറഞ്ഞു: ""നിനക്കു നിന്റെ വഴി. എനിക്ക് എന്റെ വഴി. നിനക്കു മനസാണെങ്കില്‍ നീ വനത്തിലേക്കു പോയി നിന്റെ ഭാഗ്യം തെരയൂ.''
ഇളയവന് പിന്നെ മടിച്ചുനിന്നില്ല. അയാള്‍ വനത്തിലേക്കു പോയി. അധികം വൈകാതെ അയാളൊരു നദികണ്ടു. അതു നീന്തിക്കടന്ന് അക്കരെ എത്തിയപ്പോള്‍ ഒരു പെണ്‍കരടി തന്റെ കുഞ്ഞുങ്ങളുമായി ഉറങ്ങിക്കിടക്കുന്നത് അയാള്‍ കണ്ടു. ശബ്ദമുണ്ടാക്കാതെ അയാള്‍ ആ കുഞ്ഞുങ്ങളെയും എടുത്തുകൊണ്ട് അടുത്തുകണ്ട മലയിലേക്ക് ഓടി. ആ മലയുടെ മുകളിലെത്തിയപ്പോള്‍ അവിടെ ഒരു പറ്റം ആളുകള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. അവര്‍ ആയാളെ ഒരു പല്ലക്കിലേറ്റി തങ്ങളുടെ കൊച്ചു രാജ്യത്തു കൊണ്ടുപോയി അവിടത്തെ രാജാവായി വാഴിച്ചു!
അഞ്ചുവര്‍ഷം ആ ഇളയ സഹോദരന് രാജാവായി ഭരണം നടത്തി. സന്തോഷപ്രദവും ആനന്ദപൂര്‍ണവുമായ ജീവിതമായിരുന്നു അത്. പക്ഷേ, ഒരു ദിവസം ശക്തനായ ഒരു രാജാവുവന്ന് അയാളില്‍നിന്നു ഭരണം പിടിച്ചെടുത്തു. അപ്പോള്‍, അയാള്‍ വീണ്ടും സാധാരണക്കാരനായി മാറി തന്റെ സഹോദരനെ അന്വേഷിച്ചിറങ്ങി.
അയാള്‍ പ്രതീക്ഷിച്ചതുപോലെ അയാളുടെ സഹോദരന് തങ്ങളുടെ പഴയ സ്ഥലത്ത് പഴയ രീതിയില്‍ത്തന്നെ താമസിക്കുന്നുണ്ടായിരുന്നു. ഇളയവനെ കണ്ടപ്പോള്‍ മൂത്തവനു വലിയ സന്തോഷം തോന്നി. ഇളയവന്റെ കഥ മൂത്തവന് സശ്രദ്ധം ശ്രവിച്ചു. അതിനുശേഷം അയാള്‍ പറഞ്ഞു: ""എന്റെ തീരുമാനമായിരുന്നു ശരിയെന്ന് എനിക്കിപ്പോള്‍ ബോധ്യമായി. കാരണം, നീ ജീവിതത്തില്‍ സന്തോഷം കണെ്ടത്തിയെങ്കിലും അതിനിടയില്‍ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് നേരിട്ടത്. ഇപ്പോഴാണെങ്കില്‍ നിന്റെ സ്ഥിതി പഴയതുപോലെയുമായി. എന്നാല്‍, എന്റെകാര്യം നോക്കൂ. ഞാനിവിടെ അന്നും ഇന്നും ഒരുപോലെ ജീവിക്കുന്നു.''
ഉടനെ ഇളയവന് പറഞ്ഞു: ""ഞാനിപ്പോള്‍ പണക്കാരനല്ലെങ്കിലും എന്റെ സ്ഥിതി പഴയതുപോലെയല്ല. എന്റെ ജീവിതാനുഭവങ്ങള്‍ എന്നെ എത്രയോ ഭാഗ്യവാനാക്കി. അതുപോലെ, എന്നെന്നും ഓര്‍മിക്കാനും ഓമനിക്കാനും എനിക്കെത്രമാത്രം നല്ല ഓര്‍മകളാണുള്ളത്! ജ്യേഷ്ഠന്റെ കാര്യത്തില്‍ അങ്ങനെ എന്തെങ്കിലുമുണേ്ടാ?''
സുപ്രസിദ്ധ റഷ്യന്‍ സാഹിത്യകാരനായ ടോള്‍സ്റ്റോയി (1828 1910)യുടേതാണ് ഈ സാരോപദേശകഥ. ഈ കഥയില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ നമുക്കു പഠിക്കാനാവും. എങ്കിലും ഒരുകാര്യം മാത്രമേ ഇവിടെ എടുത്തുപറയുന്നുള്ളൂ. അത് നമുക്കും മറ്റുള്ളവര്‍ക്കുംവേണ്ടി നാം സൃഷ്ടിക്കുന്ന ഓര്‍മകളെക്കുറിച്ചാണ്.
"അന്നുമിന്നും' ഒരുപോലെ ജീവിച്ചയാളാണ് ഈ കഥയിലെ മൂത്ത സഹോദരന്. പക്ഷേ, അയാള്‍ ജീവിതത്തില്‍ തനിക്കും മറ്റുള്ളവര്‍ക്കുംവേണ്ടി എന്തെങ്കിലും നന്മ ചെയ്തോ? എന്തെങ്കിലും നേടിയോ? എന്നെന്നും ഓര്‍മിക്കാനും ഓമനിക്കാനുമായി അയാള്‍ തനിക്കോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ എന്തെങ്കിലും ചെയ്തോ?
എന്നാല്‍, ഇളയവന്റെ കാര്യമെടുക്കൂ. ശരിയാണ്, അയാള്‍ ഒരുപാട് കഷ്ടപ്പെട്ടശേഷമാണ് രാജാവായതും രാജ്യഭരണം നടത്തിയതും. എന്നാല്‍, ആ കഷ്ടപ്പാടുകള്‍ അയാളുടെയും മറ്റുള്ളവരുടെയും ജീവിതത്തെ ഏതെല്ലാം രീതിയിലാണു മെച്ചപ്പെടുത്തിയതെന്നു നോക്കൂ. രാജാവായപ്പോള്‍ അയാള്‍ തനിക്കു മാത്രമല്ല തന്റെ പ്രജകള്‍ക്കും സന്തോഷം പ്രദാനം ചെയ്തു എന്നതാണ് വസ്തുത. അയാളുടെ രാജ്യഭരണം നഷ്ടപ്പെട്ടപ്പോഴും അയാള്‍ക്കും അയാളുടെ പ്രജകള്‍ക്കും ഓര്‍മിക്കാനും ഓമനിക്കാനും ഒട്ടേറെ നല്ലകാര്യങ്ങളുണ്ടായിരുന്നു.
ഓര്‍മിക്കാനും ഓമനിക്കാനുമായി നല്ല അനുഭവങ്ങള്‍ ആഗ്രഹിക്കുന്നവരല്ലേ നമ്മള്? എന്നാല്‍, ജീവിതത്തില്‍നിന്ന് ഒളിച്ചോടുന്നവരാണു നാമെങ്കില്‍ നമ്മുടെ ജീവിതത്തില്‍ സന്തോഷപൂര്‍വം ഓര്‍മിക്കാന്‍ നമുക്കൊന്നും ഉണ്ടാവില്ലെന്നതു മറക്കണ്ട. എന്നാല്‍, ജീവിതത്തിലെ വെല്ലുവിളികളെ സധൈര്യം നേരിടുകയും നമുക്കും മറ്റുള്ളവര്‍ക്കും നന്മയായിട്ടുള്ളതുമാത്രം ചെയ്യുകയുമാണെങ്കില്‍ അങ്ങനെയുള്ള ഓര്‍മകള്‍ മാത്രം മതിയാകും നമ്മുടെ ജീവിതം സന്തോഷപ്രദമാക്കുവാന്‍.
നാം നമുക്കും മറ്റുള്ളവര്‍ക്കുംവേണ്ടി സൃഷ്ടിക്കുന്ന ഓര്‍മകള്‍ നല്ലവ മാത്രമാണെന്നു നമുക്ക് ഉറപ്പുവരുത്താം. വേദനിപ്പിക്കുന്ന ഓര്‍മകള്‍ നമുക്കോ മറ്റാര്‍ക്കെങ്കിലുമോ ജനിപ്പിക്കാതിരിക്കുന്നതില് നമുക്കു ശ്രദ്ധിക്കാം.