ഗ്രീക്ക് പുരാണത്തിലെ വിശ്വസുന്ദരിയായിരുന്നു സ്യൂസ് ദേവന്റെ പുത്രി ഹെലൻ. ഗ്രീസിലെ സ്പാർട്ട എന്ന കൊച്ചുരാജ്യത്തിലെ രാജാവായിരുന്ന മെനലാവൂസ് ആയിരുന്നു അവളെ വിവാഹം കഴിച്ചിരുന്നത്. എന്നാൽ, ഒരുദിവസം ആരും പ്രതീക്ഷിക്കാതിരുന്ന നേരത്ത് ട്രോയിയിലെ രാജാവായിരുന്ന പ്രീയെമിന്റെ പുത്രനായ പാരീസ് ഹെലനെ തട്ടിക്കൊണ്ടുപോയി.
ഹെലന്റെ ഈ തിരോധാനംമൂലമാണു പത്തുവർഷം നീണ്ടുനിന്ന ട്രോജൻ യുദ്ധം ആരംഭിച്ചത്. മെനലാവൂസിന്റെ സഹോദരനായ അഗമെംനണ് ആയിരുന്നു ട്രോജൻ യുദ്ധത്തിൽ ഗ്രീക്കുകാരുടെ നേതാവ്. യുദ്ധം ആരംഭിക്കുന്നതിനു തൊട്ടുമുന്പായി ഗ്രീക്കുനായകന്മാരിലൊരാളായ പാലമീഡസ്, ഇത്താക്ക എന്ന രാജ്യത്തെ രാജാവായ ഒഡിസ്യൂസിന്റെ (യുലിസിസ്) അരികിൽ സഹായം തേടിയെത്തി.
യുദ്ധവീരനായിരുന്നു ഒഡിസ്യൂസ്. എങ്കിലും ട്രോയിക്കെതിരേ യുദ്ധത്തിനു പോകുവാൻ അദ്ദേഹത്തിന് അത്ര മനസില്ലായിരുന്നു. എന്നാൽ, സ്വന്തക്കാരുടെ യുദ്ധത്തിൽ ചേരുവാൻ മനസില്ലെന്നു പറയുന്നത് എങ്ങനെ ന്യായീകരിക്കാൻ സാധിക്കും? അതുകൊണ്ട് അദ്ദേഹം ചെയ്തത് എന്താണെന്നോ?
പാലമീഡസ് യുദ്ധത്തെക്കുറിച്ചു പറയാൻ തുടങ്ങിയപ്പോൾ ഒഡിസ്യൂസ് തനിക്കു ഭ്രാന്തുപിടിച്ചു എന്നു വരുത്തിത്തീർക്കുവാൻ ശ്രമിച്ചു. അതിനുവേണ്ടി അദ്ദേഹം പുറത്തേക്കുപോയി നിലമുഴുതുമറിച്ച് അവിടെ ഉപ്പുവാരി വിതച്ചു!
ട്രോജൻ യുദ്ധത്തിൽനിന്നു മാറിനിൽക്കുവാൻവേണ്ടി യുദ്ധവീരനായ ഒഡിസ്യൂസ് കണ്ടുപിടിച്ച ഒഴികഴിവ് വളരെ വിചിത്രമെന്നു നമുക്കു തോന്നിയേക്കാം. എന്നാൽ, ഇതിനെക്കാൾ എത്രയോ വിചിത്രമാണ് അനുദിനജീവിതത്തിൽ ഓരോ കാര്യങ്ങൾക്കുവേണ്ടി നാം കണ്ടുപിടിക്കുന്ന ഒഴികഴിവുകൾ.
നാം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കാൻവേണ്ടി എന്തെല്ലാം മുടന്തൻ ന്യായങ്ങളാണു നാം പലപ്പോഴും കണ്ടെത്താറുള്ളത്! അതുപോലെ, ചെയ്യരുതാത്ത കാര്യങ്ങൾ ചെയ്യാൻവേണ്ടിയും എന്തെല്ലാം ഒഴികഴിവുകൾ നാം കണ്ടെത്തുന്നു!
എന്നാൽ, ഓരോതവണയും ഒഴികഴിവുകൾ കണ്ടെത്തുന്പോൾ നാം നമ്മെത്തന്നെ സ്വയം കുറ്റം വിധിക്കുകയാണ് എന്നു നാം ഓർമിക്കാത്തതെന്തേ? ഒരു പാവപ്പെട്ടവൻ രണ്ടു ചില്ലിക്കാശിനായി നമ്മുടെ മുന്പിൽ കൈനീട്ടുകയാണെന്നു കരുതുക.
നമുക്കയാളെ സഹായിക്കാൻ ഇഷ്ടമില്ലെങ്കിൽ അപ്പോൾ നാം സാധാരണയായി എന്തായിരിക്കും ചെയ്യുക? അയാളെ സഹായിക്കാൻ നമുക്കു മനസില്ലെന്നു പറയുമോ? അതോ നമ്മെത്തന്നെ ന്യായീകരിച്ചുകൊണ്ട് “ഓരോരുത്തർ മനുഷ്യനെ പറ്റിക്കാനായി നടക്കുന്നു”’എന്നു മനസിൽ പറഞ്ഞുകൊണ്ടു നടന്നുനീങ്ങുമോ? നമ്മുടെ മുന്നിൽ കൈനീട്ടുന്നവനു കൊടുക്കാൻ പലപ്പോഴും നമുക്കു മനസില്ലെന്നതാണു സത്യം.
പക്ഷേ, അതു മറച്ചുവച്ചുകൊണ്ട് ആ പാവപ്പെട്ടവനെത്തന്നെ കുറ്റം ചുമത്തി രക്ഷപ്പെടുവാനാണു നാം സാധാരണയായി ശ്രമിക്കാറുള്ളത്. എന്നാൽ, നാം ഇപ്രകാരം ചെയ്യുന്പോൾ അതു യഥാർഥത്തിലുള്ള ന്യായീകരണമാവുമോ? കൊടുക്കാതിരിക്കുവാൻ നാം കണ്ടെത്തുന്ന ഒഴികഴിവ് നമ്മുടെതന്നെ പോരായ്മയിലേക്കല്ലേ അപ്പോൾ വിരൽചൂണ്ടുക.
അനുദിന ജീവിതത്തിൽ നാം ചെയ്യേണ്ടകാര്യങ്ങൾ ചെയ്യാതിരിക്കാനും ചെയ്യരുതാത്ത കാര്യങ്ങൾ ചെയ്യാനും നാം തേടുന്ന ഒഴികഴിവുകളും ന്യായീകരണങ്ങളുമൊക്കെ എന്താണെന്നു പരിശോധിക്കുന്നതു നല്ലതാണ്. ജോലിചെയ്യുന്നതിൽ അലസത പ്രകടിപ്പിക്കുന്ന ഒരു ജോലിക്കാരനോട് അയാളുടെ ജോലി ശരിയാകാത്തത് എന്താണെന്നു ചോദിച്ചാൽ അയാൾ എന്തായിരിക്കും ഉത്തരം പറയുക?
അലസതമൂലമാണ് തന്റെ ജോലി ശരിയാകാത്തത് എന്നയാൾ പറയുമോ? അതോ തന്റെ ജോലിസാഹചര്യങ്ങളെയും പണിയായുധങ്ങളെയുമായിരിക്കുമോ അയാൾ പഴിചാരുക?
അവസരത്തിനൊപ്പിച്ച് നമുക്കാവശ്യമുള്ളപോലെ ഒഴികഴിവുകളും ന്യായീകരണങ്ങളുമൊക്കെ കണ്ടുപിടിക്കുക നമുക്കെളുപ്പമാണ്. എന്നാൽ, ഈ ഒഴികഴിവുകളും ന്യായീകരണങ്ങളുമൊക്കെ നമുക്കു ജീവിതത്തിൽ സ്ഥായിയായ വിജയം നേടിത്തരുമോ എന്നുള്ളതാണു പ്രസക്തമായ ചോദ്യം.
നാം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുന്നതിനെക്കുറിച്ച് എത്രകാലം നമുക്ക് ഒഴികഴിവ് പറയാൻ സാധിക്കും? നാം ചെയ്യരുതാത്ത കാര്യങ്ങൾ വീണ്ടും വീണ്ടും ചെയ്യുന്നതിനെക്കുറിച്ച് എത്രനാൾ നമുക്കു സ്വയം ന്യായീകരിച്ചുകൊണ്ടു ജീവിക്കാനാകും?
ഒരു നുറുങ്ങുകഥ വായിച്ചതോർമിക്കുന്നു: ഒരു കൊച്ചുകുട്ടി ഒരിക്കൽ തന്റെ അമ്മയോടു ചോദിച്ചു: “മമ്മീ, മമ്മി മരിക്കുന്പോൾ സ്വർഗത്തിൽ പോകുമോ?” ഉടനേ ആ അമ്മ പറഞ്ഞു: “ഞാൻ മരിക്കുന്പോൾ ഞാൻ സ്വർഗത്തിൽ പോകുമെന്നു കരുതുന്നു.”
അപ്പോൾ ആ കുട്ടി പറഞ്ഞു: “മമ്മി സ്വർഗത്തിൽപ്പോയാൽ ഞാനും കൂടെ വരാം. അല്ലെങ്കിൽ മമ്മി തനിച്ചാവില്ലേ?” ആ അമ്മ പറഞ്ഞു:“നിന്റെ ഡാഡിയും കൂട്ടിനുണ്ടാവും”. അല്പസമയം ആലോചിച്ചുനിന്നതിനുശേഷം കുട്ടി ചോദിച്ചു: “അതെങ്ങനെയാണ് ഡാഡി വരുന്നത്? ഡാഡിക്കെന്നും ജോലിക്കുപോകേണ്ടേ?”
ജോലിചെയ്യാനുണ്ടെന്നതിന്റെ പേരിൽ ഞായറാഴ്ച ദിവസം പള്ളിയിൽപ്പോലും പോകാതിരിക്കുന്ന വ്യക്തിയായിരുന്നു ആ കുട്ടിയുടെ പിതാവ്. അങ്ങനെയുള്ള ആൾക്ക് സ്വർഗത്തിൽപോകാൻ എങ്ങനെ സമയമുണ്ടാകും എന്നാണ് കുട്ടി ചോദിച്ചത്.
ഇതു വെറുമൊരു കഥയാണ്. എങ്കിലും ഈ കഥ നൽകുന്ന സന്ദേശം മറക്കേണ്ട. നാം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കാൻവേണ്ടി എന്തു ന്യായീകരണം നാം കണ്ടുപിടിച്ചാലും അത് ഒരിടത്തും നമ്മെ എത്തിക്കുകയില്ല എന്നതാണു വസ്തുത. എന്നുമാത്രമല്ല, നാം കണ്ടുപിടിക്കുന്ന ന്യായീകരണങ്ങളും ഒഴികഴിവുകളുമൊക്കെ നമുക്കെപ്പോഴും ദോഷകരമായിത്തീരുകയും ചെയ്യും.
ആത്മാഭിമാനവും നട്ടെല്ലും ഇല്ലാത്ത വ്യക്തികളാണ് ഓരോരോ കാര്യങ്ങൾക്കുവേണ്ടി ഓരോരോ രീതിയിലുള്ള ന്യായീകരണം അന്വേഷിച്ചുപോവുക. എന്നാൽ, തന്റേടവും ധർമബോധവുമുള്ള മനുഷ്യർ തങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ടരീതിയിൽ ചെയ്യാൻ ശ്രമിക്കും.
അങ്ങനെ ചെയ്യുന്പോൾ അതിലവർക്കു കുറവുകൾ വരില്ല എന്നിവിടെ വിവക്ഷയില്ല. എന്നാൽ, തങ്ങൾക്കു കുറവുകൾ വന്നാൽപ്പോലും അവ ഏറ്റുപറയാനും അവ പരിഹരിക്കാനും അവർ തയാറാകും എന്നതാണ് അവരുടെ പ്രത്യേകത.
ജീവിതത്തിൽ പരാജയങ്ങളുണ്ടാകുന്പോൾ ഒഴികഴിവുകൾ പറയാൻ നമുക്ക് ഒട്ടേറെ ന്യായങ്ങളുണ്ടാകും. അതുപോലെ നാം തെറ്റുചെയ്താൽ സ്വയം ന്യായീകരിക്കാനും നമുക്കു പല വഴികളുണ്ടാകും. എന്നാൽ, നമ്മുടെ ശ്രദ്ധ ഒഴികഴിവുപറയുന്നതിലും ന്യായീകരണങ്ങൾ കണ്ടെത്തുന്നതിലും ആകാതിരിക്കട്ടെ. ഒഴികഴിവുകളുടെ വഴി നമുക്കുപേക്ഷിക്കാം.
അതിനുപകരം നാം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതിലും ചെയ്യരുതാത്ത കാര്യങ്ങൾ ചെയ്യാതിരിക്കുന്നതിലും ശ്രദ്ധിക്കാം. അപ്പോൾ നമ്മുടെ ജീവിതത്തെക്കുറിച്ചു നമുക്കുതന്നെ സംതൃപ്തിയും സന്തോഷവും കൈവരും.