സംസ്ഥാനത്ത് മഴക്കാലം എത്തിയതോടെ സാംക്രമിക രോഗങ്ങൾ പടരുന്നു. കഴിഞ്ഞദിവസം കുറുപ്പുംപടിയിൽ മഞ്ഞപ്പിത്തം മൂലം രണ്ടുപേർ മരിച്ചു. കൊതുക് ജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കൊതുക് നിവാരണത്തിനും മഴക്കാലപൂർവ ശുചീകരണത്തിനും സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രവർത്തനങ്ങൾ ശക്തമാക്കണം.
ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത് സ്വാഗതമാണ്. എങ്കിലും ഒട്ടുമിക്ക പ്രദേശങ്ങളിലും നടന്നിട്ടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും പൊതു സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും എല്ലാം സഹകരണത്തോടെ അടിയന്തരമായി മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. ഈ കാര്യത്തിൽ ജില്ലാ ഭരണകൂടം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കാര്യത്തിൽ ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കണം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങൾ സ്വന്തം വാർഡുകളിലെ ശുചീകരണംഉറപ്പാക്കണം. ഇക്കാര്യത്തിൽ വാർഡ് തല സമിതി രൂപീകരിച്ച് വാർഡുകളിലെ സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹായത്തോടെ ശുചീകരണം ഉറപ്പാക്കണം.
ജനങ്ങൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ വേണം. ഇതിനായി ആവശ്യമെങ്കിൽ എംഎൽഎ എംപി ഫണ്ടുകളും ഉപയോഗപ്പെടുത്തണം. രോഗങ്ങൾ പടർന്നു പിടിക്കുന്നതിനു മുമ്പ് തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് നന്ന്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് ഉത്തമം.
റോയി വർഗീസ് ഇലവുങ്കൽ , മുണ്ടിയപ്പള്ളി