ലഹരി മാഫിയകളുടെയും ഗുണ്ടകളുടെയും ദയാദാക്ഷിണ്യത്തിൽ ജീവിക്കേണ്ടവരാണോ കേരളീയർ? നിയമവാഴ്ചയുള്ള ഒരു നാട്ടിൽ വച്ചുപൊറുപ്പിക്കാവുന്നതാണോ ഇത്തരം അതിക്രമങ്ങൾ? ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ സംരക്ഷണമില്ലെങ്കിൽ ഒരു ഗുണ്ടയ്ക്കും അധികനാൾ വിലസാനാവില്ല. പോലീസിന്റെ നിഷ്ക്രിയത്വവും രാഷ്ട്രീയ അടിമത്തവുമാണ് ഇതു വെളിവാക്കുന്നത്.
സംസ്ഥാനത്തുടനീളം ആക്രമണങ്ങൾ നടത്തി വിളയാടുന്ന ഗുണ്ടകൾ സ്വൈരജീവിതത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുന്നു. ദിവസേനയെന്നോണം സാധാരണക്കാരടക്കം ആക്രമണത്തിന് ഇരയാകുമ്പോഴും പോലീസ് കാഴ്ചക്കാരാകുന്നുവെന്നാണ് അനുഭവം.
ആരാണ് ഇവർക്കു തണലൊരുക്കുന്നത്? ഭരണ-രാഷ്ട്രീയ നേതൃത്വം ഇത്രമാത്രം നിഷ്ക്രിയമാകുന്നത് എന്തുകൊണ്ടാണ്? തെരഞ്ഞെടുപ്പിന്റെ പേരിലാണ് പോലീസും ഭരണ നേതൃത്വവും ഇത്തരം ആലസ്യം കാട്ടുന്നതെങ്കിൽ അത് കടുത്ത ജനദ്രോഹമാണ്. ലഹരി മാഫിയകളുടെയും ഗുണ്ടകളുടെയും ദയാദാക്ഷിണ്യത്തിൽ ജീവിക്കേണ്ടവരാണോ കേരളീയർ? നിയമവാഴ്ചയുള്ള ഒരു നാട്ടിൽ വച്ചുപൊറുപ്പിക്കാവുന്നതാണോ ഇത്തരം അതിക്രമങ്ങൾ?
കഴിഞ്ഞ ദിവസം തൃശൂരിൽ ഗുണ്ടകൾ സംഘം ചേർന്നു നടത്തിയ ആഘോഷം ഗുണ്ടാവിളയാട്ടത്തിന്റെ ഭീകരതയാണ് വെളിവാക്കിയത്. നിരവധി കൊലക്കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവന്റെ ജയിൽമോചനം ആഘോഷിക്കാനാണ് അറുപതോളം കൊടുംക്രിമിനലുകൾ ഒത്തുചേർന്നത്.
ആഡംബരവാഹനത്തിൽ ഗുണ്ടാത്തലവൻ വന്നിറങ്ങുന്നതു മുതൽ, ആവേശത്തോടെ സ്വീകരിക്കുന്നതും മദ്യക്കുപ്പികൾ അടങ്ങിയ കെയ്സുകൾ ആഘോഷസ്ഥലത്തേക്ക് കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങൾ ഗ്രൂപ്പ് ഫോട്ടോയും ചേർത്ത് റീൽസ് ആക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകവരെ ചെയ്തു. കൊലപാതകക്കേസിൽ കോടതി വിട്ടയച്ചതിനെത്തുടർന്നാണ് ഗുണ്ടാത്തലവൻ ജയിലിൽനിന്ന് ഇറങ്ങിയത്. എന്തൊരു ധൈര്യമാണ് ഈ ഗുണ്ടാപ്പടയ്ക്കു കൈവന്നിരിക്കുന്നത്!
കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ഗുണ്ടകളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 2021-22ൽ സംസ്ഥാനത്ത് 2800 ഗുണ്ടകളുണ്ടെന്നായിരുന്നു കണക്ക്. അതിപ്പോൾ നാലായിരത്തോളമായിരിക്കുന്നു എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
എന്നാൽ, പോലീസിന്റെ പക്കൽ കൃത്യമായ കണക്കുപോലുമില്ല എന്നതാണ് പരിതാപകരമായ അവസ്ഥ. ശക്തമായ ഗുണ്ടാനിയമം പ്രയോഗിക്കാൻ പോലീസ് മടിക്കുന്നതിന്റെ കാരണം രാഷ്ട്രീയ സമ്മർദമാണെന്നു കരുതേണ്ടിവരും. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ സംരക്ഷണമില്ലെങ്കിൽ ഒരു ഗുണ്ടയ്ക്കും അധികനാൾ വിലസാനാവില്ല. പോലീസിന്റെ നിഷ്ക്രിയത്വവും രാഷ്ട്രീയ അടിമത്തവുമാണ് ഇതു വെളിവാക്കുന്നത്.
കേരള പോലീസിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന പരാതിയും ഗൗരവത്തിലെടുക്കേണ്ടിയിരിക്കുന്നു. നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ മാത്രം 2,35,858 ക്രിമിനല്‍ കുറ്റങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്നാണു കണക്ക്. കേരള പോലീസിന്റെ നിലവിലെ അംഗബലം 3.3 കോടി ജനങ്ങള്‍ക്ക് 53,222 മാത്രമാണ്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ 2016ലെ പഠനറിപ്പോര്‍ട്ട് പ്രകാരം കേരള പോലീസിന് നിർദേശിക്കുന്ന പോലീസ് അനുപാതം 500 പൗരന്മാര്ക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന് വേണമെന്നതാണ്.
എന്നാല്‍ നിലവില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൈകാര്യം ചെയ്യേണ്ടിവരുന്നത് 656 പൗരന്മാരെയാണ്. അതിനാൽ 7,000 പോലീസുകാര്‍കൂടി സേനയിൽ ആവശ്യമുണ്ട്. അതിനിടെ സംസ്ഥാന പോലീസ് സേനയില്‍ ജോലിസമ്മര്‍ദം മൂലം രാജിവയ്ക്കുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്. സമ്മർദം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്നവരും കൂടിവരുന്നു.
ഗുണ്ടകൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ കഴിഞ്ഞദിവസം പോലീസ് ഉന്നതർ യോഗം ചേർന്ന് തീരുമാനമെടുത്തിട്ടുണ്ട്. ഗുണ്ടാവേട്ടയ്ക്ക് ജില്ലാ പോലീസ് മേധാവിമാർ മേൽനോട്ടം വഹിക്കണം, ഗുണ്ടകളെ നേരിടുന്നതിൽ ഒരുതരത്തിലുമുള്ള വീഴ്ചയും അനുവദിക്കില്ല, ലഹരിവില്പനക്കാരെ പിടികൂടാൻ സ്പെഷൽ ഡ്രൈവുകൾ നടത്തണം, നൈറ്റ് പട്രോളിംഗ് ശക്തിപ്പെടുത്തണം തുടങ്ങി പല തീരുമാനങ്ങളും യോഗത്തിലെടുത്തു.
എന്നാൽ, ഇതെല്ലാം നടപ്പാകണമെങ്കിൽ പോലീസിനു മേൽ ഗുണ്ടകൾക്കായി സമ്മർദമുണ്ടാകരുത്. അത്തരമൊരു തീരുമാനമെടുക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്. ഗുണ്ടകളുടെ സേവനം തേടുന്ന നേതാക്കളെ നിലയ്ക്കു നിർത്താൻ പാർട്ടികളുടെ നേതൃത്വത്തിലിരിക്കുന്നവർ ജാഗ്രത കാട്ടിയെങ്കിലേ പോലീസിനു സ്വതന്ത്രമായി പ്രവർത്തിക്കാനാകൂ.
പോലീസ് സേനയിലുമുണ്ട് ഗുണ്ടകൾക്ക് ഒത്താശ ചെയ്യുന്നവർ ധാരാളം. പോലീസിലെ ക്രിമിനലുകളെ കണ്ടെത്തി ശിക്ഷിക്കാനുള്ള ശ്രമങ്ങളും ഏതാണ്ടു നിലച്ച മട്ടാണ്. ലഹരിമാഫിയയുടെ അഴിഞ്ഞാട്ടവും അതിരു കടന്നിരിക്കുന്നു. കഴിഞ്ഞദിവസം രാത്രി തിരുവനന്തപുരം കണ്ണന്നൂരിൽ നാലു മണിക്കൂറോളമാണ് ലഹരിമാഫിയ അതിക്രമം കാട്ടിയത്. കണ്ണിൽക്കണ്ടവരെയെല്ലാം മർദിച്ചും വീടുകളും വാഹനങ്ങളും തകർത്തും അക്രമികൾ വിളയാടുകയായിരുന്നു. സംസ്ഥാനത്തുടനീളം ഇത്തരം അതിക്രമങ്ങൾ നടക്കുന്നുണ്ട്. പോലീസിനെ നിയന്ത്രിക്കുന്നവർ ഇനിയും ഉറക്കം നടിക്കരുത്.