<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഇങഅപുതിയ പാഠ്യപദ്ധതി
സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ പഠിച്ച് ഉയർന്ന പദവികളിൽ എത്തുന്നതിനുള്ള പ്രഫഷണൽ കോഴ്സാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ (ഐസിഎഐ) നടത്തുന്ന കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി കോഴ്സ് (സിഎംഎ). ഭാരത സർക്കാരിന്റെ കമ്പനികാര്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന് ഇപ്പോൾ 60,000 അംഗങ്ങളും അഞ്ചുലക്ഷത്തോളം വിദ്യാർഥികളുമുണ്ട്. കോൽക്കത്ത ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് ഡൽഹി, മുംബൈ, കോൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ റീജണൽ ഓഫീസുകളും ഇന്ത്യയിൽ 93 പ്രധാന നഗരങ്ങളിൽ ചാപ്റ്ററുകളും (ബ്രാഞ്ചുകൾ), ഇന്ത്യക്ക് പുറത്ത് ഒമ്പത് രാജ്യങ്ങളിൽ സെന്ററുകളും ഉണ്ട്. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ പഠിച്ച് ഉന്നത പദവികളിൽ എത്തുവാൻ സാധിക്കുന്ന ഒരു പ്രഫഷണൽ കോഴ്സാണ് കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി കോഴ്സ് (സിഎംഎ).

<യ>അവസരങ്ങൾ

ഉത്പാദകരേയും സേവനദാതാക്കളേയും കുറഞ്ഞ ചെലവിൽ ഉത്പാദനവും സേവനവും ചെയ്യുന്നതിനുള്ള ഉപദേശങ്ങൾ നൽകുക എന്നതാണ് കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റിന്റെ (സിഎംഎ) പ്രധാന ദൗത്യം. കമ്പനികളുടെയും വിവിധ ഡിപ്പാർട്ട്മെന്റുകളുടെയും കാര്യക്ഷമത പരിശോധിക്കുക, മാനേജ്മെന്റിന് കമ്പനിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനുവേണ്ടി ഓഡിറ്റ് നടത്തുക, ബിസിനസിനെ സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ഉപദേശങ്ങൾ നൽകുക മുതലായവയാണ് മറ്റു സേവനങ്ങൾ. ഇൻകം ടാക്സ് ആക്ട്, എക്സൈസ് ആൻഡ് കസ്റ്റംസ് ആക്ട്, വാറ്റ് ആക്ട് മുതലായ പല നിയമങ്ങൾ പ്രകാരവും കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റുകളുടെ സേവനങ്ങൾ ആവശ്യമാണ്. കമ്പനി നിയമപ്രകാരം കോസ്റ്റ് ഓഡിറ്റ് നടത്തുന്നതിന് സിഎംഎകൾക്ക് മാത്രമേ സാധിക്കുകയുള്ളു. ജോലിയിൽ ചേരുവാൻ താത്പര്യമില്ലാത്തവർക്ക് സ്വന്തമായി പ്രാക്ടീസ് ചെയ്യുന്നതിനും സാധിക്കും.

ഐഎഎസ്, ഐഎഫ്എസ് മുതലായ സർവീസുകൾക്ക് തുല്യമായ ഇന്ത്യൻ കോസ്റ്റ് അക്കൗണ്ടൻസി സർവീസ് (ഐസിഒഎഎസ്) പാസായ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റുകൾ ഇന്ത്യാ ഗവൺമെന്റിൽ സേവനം അനുഷ്ഠിക്കുന്നു. വിവിധ സംസ്‌ഥാന ഗവൺമെന്റുകളുടെയും പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഉയർന്ന ലാവണങ്ങളിലും ഇവർ പ്രവർത്തിക്കുന്നുണ്ട്.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചട്ടങ്ങൾ പ്രകാരം മാനേജ്മെന്റ് പഠന സ്‌ഥാപനങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ, പ്രഫസർ എന്നീ തസ്തികകളിൽ നിയമിക്കപ്പെടാൻ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റുകൾ യോഗ്യരാണ്. വിവിധ യൂണിവേഴ്സിറ്റികൾ ഗവേഷണത്തിനുള്ള അടിസ്‌ഥാന യോഗ്യതയായും കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി (സിഎംഎ) അംഗീകരിച്ചിട്ടുണ്ട്. വ്യവസായ വികസന ഗവേഷണം നടത്തുന്നതിനുള്ള ഒരു പ്രധാന സ്‌ഥാപനമായി ഇൻസ്റ്റിറ്റ്യൂട്ടിനെ ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ചിട്ടുണ്ട്.

<യ>എങ്ങനെ പഠിക്കാം

ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിവിധ ചാപ്റ്ററുകളിൽ നടത്തുന്ന ക്ലാസുകളിൽ പങ്കെടുത്തും ഇതിനു സാധിക്കാത്തവർക്ക് വിദൂര വിദ്യാഭ്യാസത്തിലൂടെയും കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി കോഴ്സ് പഠിച്ച് പരീക്ഷ എഴുതാവുന്നതാണ്. മിക്ക ചാപ്റ്ററുകളിലും ക്ലാസുകൾ നടത്തുന്നത് രാവിലെയും, വൈകുന്നേരങ്ങളിലും ആണ്. കൂടാതെ അവധി ദിവസങ്ങളിൽ ക്ലാസ് നടത്തുന്ന ചാപ്റ്ററുകളും ഉണ്ട്.

ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റീജണൽ കൗൺസിലുകൾ വിദൂര വിദ്യാഭ്യാസ കോഴ്സും നടത്തുന്നതാണ് (പോസ്റ്റൽ കോച്ചിംഗ്). മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും ജോലിയുള്ളവർക്കും അതോടൊപ്പം തന്നെ ഈ കോഴ്സ് പഠിക്കാവുന്നതാണ്. സിഎംഎ കോഴ്സ് പാസാകുന്നതിന് മൂന്ന് ഘട്ടങ്ങളിലായി ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പരീക്ഷ പാസാകണം. ഓരോ ഘട്ടത്തിന്റെ വിശദവിവരങ്ങൾ ചുവടെ.

1. ഫൗണ്ടേഷൻ കോഴ്സ്: പത്താം സ്റ്റാൻഡേർഡ് പാസായവർ ഈ കോഴ്സിന് രജിസ്റ്റർ ചെയ്യാമെങ്കിലും പരീക്ഷ എഴുതുന്നതിനുമുമ്പ് പന്ത്രണ്ടാം ക്ലാസ് (പ്ലസ്ടു) പാസായിരിക്കണം. കോഴ്സ് ഫീസ് പഠനത്തിനുള്ള പുസ്തകങ്ങൾ ഉൾപ്പെടെ നാലായിരം രൂപയാണ്. നാല് വിഷയങ്ങളാണ് പഠിക്കാനുള്ളത്. ആറുമാസമാണ് കോഴ്സ്. പന്ത്രണ്ടാം ക്ലാസിലോ, ഡിഗ്രിയുടെ ആദ്യ വർഷത്തിലോ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ കോഴ്സിന് ചേരാനുള്ള ഏറ്റവും അനുയോജ്യമായ സമയം.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയുള്ളവർ ഫൗണ്ടേഷൻ കോഴ്സ് എഴുതാതെ തന്നെ ഇന്റർമീഡിയറ്റ് കോഴ്സിന് ചേരാവുന്നതാണ്.
2. ഇന്റർമീഡിയറ്റ് കോഴ്സ്: ഫൗണ്ടേഷൻ കോഴ്സ് പാസായവർക്ക് ഇന്റർമീഡിയറ്റ് കോഴ്സിന് ചേരാവുന്നതാണ്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയുള്ളവർ, ഇൻസ്റ്റിറ്റ്യൂട്ടിന്റെ തന്നെ മറ്റൊരു കോഴ്സായ സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിംഗ് ടെക്നീഷ്യൻ (കാറ്റ്) ലെവൽ 1 പാസായവർ, ബി.ടെക് നാലാം സെമസ്റ്റർ പാസായവർ എന്നിവർക്കും ഇന്റർമീഡിയറ്റ് കോഴ്സിന് പ്രവേശനം ലഭിക്കും. രണ്ട് ഗ്രൂപ്പുകളിലായി എട്ട് വിഷയങ്ങളിൽ എഴുത്തുപരീക്ഷയാണ്. ഓരോ വിഷയത്തിനും 100 മാർക്ക് ഉള്ളതിൽ 40 മാർക്കെങ്കിലും വാങ്ങണം. കൂടാതെ ഓരോ ഗ്രൂപ്പിനും (നാല് വിഷയം) 400 മാർക്കുള്ളതിൽ 200 മാർക്ക് ലഭിച്ചാൽ പാസാകാം. പുസ്തകങ്ങൾ, ക്ലാസുകൾ, ട്രെയിനിംഗുകൾ, കംപ്യൂട്ടർ ട്രെയിനിംഗ് എന്നിവ ഉൾപ്പെടെ 20,000 രൂപയാണ് ഫീസ്.
3. ഫൈനൽ കോഴ്സ്:
ഇന്റർമീഡിയറ്റ് കോഴ്സ് പാസായവർക്ക് ഫൈനൽ കോഴ്സിൽ ചേരാവുന്നതാണ്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് വിഷയങ്ങളിൽ എഴുത്തുപരീക്ഷ പാസാകണം. 100 മാർക്ക് ഉള്ള ഓരോ വിഷയത്തിനും 40 മാർക്കെങ്കിലും വാങ്ങണം. കൂടാതെ 400 മാർക്കുള്ള ഒരു ഗ്രൂപ്പിന് (നാല് വിഷയം) 200 മാർക്കെങ്കിലും ലഭിച്ചാൽ പാസാകുന്നതാണ്. പുസ്തകങ്ങൾ, ക്ലാസുകൾ, ട്രെയിനിംഗുകൾ എന്നിവ ഉൾപ്പെടെ 17000 രൂപയാണ് ഫീസ്.

കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി (സിഎംഎ) കോഴ്സിന് അപേക്ഷിക്കേണ്ട സമയം – ജനുവരി 31ന് മുമ്പ് ഓരോ വർഷവും രണ്ടുപ്രാവശ്യം പരീക്ഷ നടത്തുന്നുണ്ട്. ജൂണിലും ഡിസംബറിലുമാണ് പരീക്ഷകൾ. രജിസ്ട്രേഷൻ ഏതു സമയത്തും നടത്താവുന്നതിനാൽ ഓരോ വർഷവും ഫെബ്രുവരി ഒന്നുമുതൽ ജൂലൈ 31 വരെ രജിസ്റ്റർ ചെയ്യുന്നവർക്ക് ഡിസംബറിലും ഓഗസ്റ്റ് ഒന്നു മുതൽ ജനുവരി 31 വരെ രജിസ്റ്റർ ചെയ്യുന്നവർക്ക് ജൂണിലും പരീക്ഷ എഴുതാം. ജൂണിൽ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്ക് ജനുവരി 31 വരെ രജിസ്റ്റർ ചെയ്യാം. പ്ലസ്ടു പഠിക്കുന്നവർക്കും പാസായവർക്കും ഡിഗ്രിക്ക് പഠിക്കുന്നവർക്കും ഫൗണ്ടേഷൻ കോഴ്സിനും, ഡിഗ്രിയുള്ളവർക്ക് ഇന്റർമീഡിയറ്റ് കോഴ്സിനും ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

<യ>കാമ്പസ് നിയമനങ്ങൾ

ഡൽഹി, കോൽക്കത്ത, മുംബൈ, ബംഗളൂരു, ചെന്നൈ, എറണാകുളം മുതലായ സ്‌ഥലങ്ങളിൽ വർഷത്തിൽ രണ്ടുപ്രാവശ്യം ക്യാമ്പസ് നിയമന ഇന്റർവ്യൂകൾ നടത്തുന്നതിനുള്ള സൗകര്യം ഇൻസ്റ്റിറ്റ്യൂട്ട് ചെയ്തുകൊടുക്കുന്നുണ്ട്. ഇന്ത്യയിലെയും വിദേശത്തേയും പ്രധാന കമ്പനികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്. പുതിയതായി പാസായിവരുന്നവർക്ക് നല്ല നിയമനങ്ങൾ ലഭിക്കാൻ ഇതിൽകൂടി സാധിക്കുന്നു.

<യ>കേരളത്തിലെ ബ്രാഞ്ചുകൾ

തിരുവനന്തപുരം – 0471 – 2723579, 9446176505. കൊച്ചി – 0484 – 2400130, 9847043031. കോട്ടയം – 0481 – 2563237, 9447112608. തൃശൂർ – 0487 – 3292440, 9400282423. പാലക്കാട് – 0491 – 2506097, 9387602750.
വെബ്സൈറ്റ്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ശരാമശ.ശി.

ജോസഫ് ലൂയിസ്
(സെക്രട്ടറി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ, തിരുവനന്തപുരം ചാപ്റ്റർ)