ഒഡീഷയിൽ വീണ്ടും ട്രെയിൻ അപകടം; ചരക്ക് ട്രെയിൻ പാളംതെറ്റി
Monday, June 5, 2023 1:46 PM IST
വെബ് ഡെസ്ക്
ഭുവനേശ്വർ: ഒഡീഷയിൽ വീണ്ടും ട്രെയിൻ അപകടം. കിഴക്കൻ ഒഡീഷയിലെ ബാർഗഡിൽ ചരക്ക് ട്രെയിൻ പാളംതെറ്റി. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

ചുണ്ണാമ്പുകല്ലുമായി പോകുകയായിരുന്ന ചരക്ക് ട്രെയിനിന്‍റെ അഞ്ച് ബോഗികളാണ് മറിഞ്ഞത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

അപകടമുണ്ടായത് സ്വകാര്യ റെയിൽ പാളത്തിലെന്ന് റെയിൽവേ ബോർഡ് അറിയിച്ചു. വാഗണുകളും ലോക്കോയും എല്ലാം സ്വകാര്യ കമ്പനിയുടേതാണ്. റെയിൽവേ മന്ത്രാലയവുമായി ബന്ധമില്ലെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ബാലസോർ ട്രെയിൻ ദുരന്തത്തിൽ 275 പേർക്കാണു ജീവൻ നഷ്ടമായതെന്ന് ഒഡീഷ സർക്കാർ അറിയിച്ചു. 288 പേർ മരിച്ചുവെന്ന ഔദ്യോഗിക കണക്ക് സർക്കാർ പുതുക്കുകയായിരുന്നു.

വിശദപരിശോധനകളുടെയും ജില്ലാ കളക്ടറുടെ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണു മരണസംഖ്യ 275 എന്നാക്കി സ്ഥിരീകരിച്ചതെന്ന് ചീഫ് സെക്രട്ടറി വിശദീകരിച്ചു.