ആലപ്പുഴ: പ്രസവത്തെ തുടർന്ന് ആരോഗ്യനില വഷളായിരുന്ന യുവതി മരിച്ചു. കുമരകം ചൂളഭാഗം തൈത്തറ നിധീഷിന്റെ ഭാര്യ രജിത(34) ആണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു മരണം.
യുവതിയുടെ മരണത്തിന് കാരണം ചികിത്സാപിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
സെപ്റ്റംബർ 21നാണ് ആലപ്പുഴ വനിത ശിശു ആശുപത്രിയിൽ യുവതിയുടെ പ്രസവശസ്ത്രക്രിയ നടന്നത്. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ യുവതി ബോധരഹിതയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
രജിതയുടെ രണ്ടാമത്തെ പ്രസവമാണിത്. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണവും തുടർ നടപടികളും വേണമെന്ന് കാട്ടി പി.പി ചിത്തരഞ്ജൻ എംഎൽഎ ആരോഗ്യമന്ത്രി വീണാ ജോർജിന് കത്ത് നൽകിയിട്ടുണ്ട്.
മണ്ണഞ്ചേരി പഞ്ചായത്തിലെ പൊന്നാട് പുത്തൻപുരവെളി വീട്ടിൽ രവിയുടെയും പെണ്ണമ്മയുടെയും മകളാണ് രജിത.