മുംബൈ: നന്ദേഡിനു പിന്നാലെ മഹാരാഷ്ട്രയിലെ മറ്റൊരു ആശുപത്രിയിൽ കൂടി കൂട്ടമരണം. സംബാജിനഗറിലെ ഗാട്ടി ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 10 പേരാണ് മരിച്ചത്. നേരത്തെ നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 48 മണിക്കൂറിനിടെ 31 രോഗികൾ മരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ രണ്ട് മാസത്തിനിടെ മൂന്നാമത്തെ കൂട്ടമരണമാണിത്.
ഗാട്ടി ആശുപത്രിയില്‍ മരിച്ചവരില്‍ രണ്ട് പേര് കുട്ടികളാണ്. ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നുകള്‍ ഇല്ലാത്തതാണ് മരണ കാരണമെന്നാണ് പുറത്തുവരുന്ന വിവരം.
നന്ദേഡിൽ മരിച്ചവരിൽ 12 നവജാതശിശുക്കളും 70 വയസിന് മുകളിൽ പ്രായമുള്ള എട്ടു രോഗികളും ഉൾപ്പെട്ടിരുന്നു. മരിച്ചവർക്ക് പ്രമേഹം, കരള്‍രോഗം, വൃക്ക തകരാര്‍, വിഷബാധ തുടങ്ങിയ വിവിധ രോഗങ്ങളുണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്കിയ വിശദീകരണം.
സംഭവങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ സംസ്ഥാന സർക്കാരിനെതിരേ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. 2023 ഓഗസ്റ്റില്‍ താനെയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന സമാനസംഭവം ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന ഖാര്‍ഗെയുടെ വിമര്‍ശനം. അന്ന് 24 മണിക്കൂറിനുള്ളില്‍ 18 രോഗികളാണ് മരിച്ചത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, എൻസിപി നേതാവ് സുപ്രിയ സുലെ തുടങ്ങിയവരും സംസ്ഥാന സർക്കാരിനെതിരേ വിമർശനം ഉന്നയിച്ച് രംഗത്തെത്തി. വിമർശനങ്ങൾക്ക് പിന്നാലെ നന്ദേഡിലെ കൂട്ടമരണം അന്വേഷിക്കാൻ മഹാരാഷ്ട്ര സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട് .