ഐസ്വാള്‍: മിസോറം നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ ഭരണകക്ഷിയായ മിസോറം നാഷണല്‍ ഫ്രണ്ട്(എംഎന്‍എഫ്) പതറുന്നു. പ്രതിപക്ഷമായ സോറം പീപ്പിള്‍സ് മൂവ്മെന്റിന്റെ (സെഡ്പിഎം) ലീഡ് കേവവഭൂരിപക്ഷവും കടന്ന് മുന്നോട്ട് കുതിക്കുകയാണ്.
പോസ്റ്റൽ ബാലറ്റുകൾ എണ്ണിതുടങ്ങി ആദ്യ നിമിഷങ്ങളിൽ മാത്രമാണ് എംഎന്‍എഫിന് ലീഡ് ഉയർത്താനായത്. പിന്നീട് സെഡ്പിഎം വ്യക്തമായ ലീഡ് നിലനിർത്തി.
വെറും എട്ടുസീറ്റിലാണ് സോറംതാംഗയുടെ എംഎൻഎഫിന്‍റെ ലീഡ്. കോൺഗ്രസ് ഒരു സീറ്റിലും ബിജെപി അടക്കമുള്ള മറ്റുള്ളവർ മൂന്നു സീറ്റിലും ലീഡ് ചെയ്യുന്നു.
എക്സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ ആദ്യമണിക്കൂറിൽതന്നെ മുന്നിലെത്തിയ സെഡ്പിഎം ഒരുഘട്ടത്തിലും പിന്നോട്ടുപോയില്ല. സ്ഥിരതയാർന്ന സർക്കാർ രൂപീകരിക്കാമെന്നതിൽ ആത്മവിശ്വാസമുണ്ടെന്ന് സെഡ്പിഎം നേതാവ് ലാൽദുഹോമ പ്രതികരിച്ചു.
ജനങ്ങൾ എംഎൻഎഫിനെ മടുത്തു. ഏറെക്കാലമായി മിസോറം എംഎൻഎഫിന്‍റെ കീഴിലാണ്. ജനങ്ങൾ യഥാർഥത്തിൽ മാറ്റം ആഗ്രഹിക്കുന്നു. അഴിമതി അവസാനിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും ലാൽദുഹോമ പറഞ്ഞു.
സോറം തംഗ മുഖ്യമന്ത്രിയായ എംഎന്എഫിനെതിരേ ഭരണവിരുദ്ധവികാരം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്നാല്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാനിടയില്ല എന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍.
എംഎൻഎഫിനൊപ്പം സെഡ്പിഎമ്മും കോൺഗ്രസും 40 സീറ്റിലും സ്ഥാനാർഥികളെ നിർത്തിയിരുന്നു. ബിജെപി 13 സീറ്റിലും എഎപി നാലു സീറ്റിലും മത്സരിക്കുന്നു. 17 സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്.
ആറുപാർട്ടികളുടെ സഖ്യമായ സോറം പീപ്പിൾസ് മൂവ്‌മെന്‍റ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എട്ടു സീറ്റിൽ മാത്രമാണ് വിജയിച്ചത്. എംഎൻഎഫ് 26 സീറ്റോടെ അധികാരത്തിലത്തിയപ്പോൾ കോൺഗ്രസ് അഞ്ച് സീറ്റിലും ബിജെപി ഒരു സീറ്റിലുമൊതുങ്ങി.