കൊച്ചി: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ആദരാജ്ഞലി അർപ്പിച്ചു.
നവകേരള സദസിനിടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കൊച്ചി അമൃത ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ആദരാജ്ഞലി അർപ്പിച്ചത്. തുടർന്ന് ഇവർ നവകേരള ബസിൽ മടങ്ങി.
അതേസമയം, കാനം രാജേന്ദ്രന്റെ സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കോട്ടയം വാഴൂരിൽ നടക്കും. ഇപ്പോൾ കൊച്ചി അമൃത ആശുപത്രിയിലുള്ള ഭൗതികശരീരം ശനിയാഴ്ച രാവിലെ ഏഴിന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് എത്തിക്കും.
ഉച്ചയ്ക്ക് രണ്ട് വരെ പാർട്ടി ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് റോഡ് മാർഗം കോട്ടയം വാഴൂരിലെ വീട്ടിലേക്ക് വിലാപ യാത്ര പുറപ്പെടും. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വാഴൂരിലെ വസതിയിൽ നടക്കും.
ഇന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.