ശ്രീനഗർ: ജമ്മുവിൽ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം. പുലർച്ചെ വീണ്ടും ഡ്രോൺ ആക്രമണമുണ്ടായി. പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തതായാണ് വിവരം.
ഡ്രോൺ ആക്രമണം പ്രതിരോധിക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സൈന്യം പ്രവർത്തിപ്പിച്ചു. പുലർച്ചെ വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു.
വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാക്കിസ്ഥാന്റെ ആക്രമണമുണ്ടായത്. എസ് 400 സംവിധാനത്തിലൂടെയാണ് ഇന്ത്യ പാക്കിസ്ഥാന്റെ ആക്രമണത്തെ ചെറുത്തത്. പഞ്ചാബ്, രാജസ്ഥാന്, ഹരിയാന, ജമ്മു കാഷ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാക്കിസ്ഥാൻ നടത്തിയത്.
ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ പാക്കിസ്ഥാനിൽ കനത്തനാശമുണ്ടായി. കര, നാവിക, വ്യോമസേനയുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാന്റെ പ്രധാന നഗരങ്ങളിലെല്ലാം നാശനഷ്ടങ്ങൾ സംഭവിച്ചു.
നാവികസേന നടത്തിയ മിസൈൽ ആക്രമണത്തിൽ കറാച്ചി തുറമുഖത്ത് കനത്തനാശമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഐഎൻസ് വിക്രാന്ത് അടക്കം കാർവാർ മേഖലയിലുണ്ട്.