ന്യൂഡൽഹി: ജമ്മു കാഷ്മീരിലും പഞ്ചാബ് അതിർത്തിയിലും പാക്കിസ്ഥാൻ അതിരൂക്ഷമായ ആക്രമണം തുടരുന്നു. ഡ്രോൺ ആക്രമണത്തിനൊപ്പം വെടിവയ്പ്പും നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
പഞ്ചാബിലെ ഫിറോസ്പുരിൽ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
രജൗരി, പത്താന്‍കോട്ട്, അഖ്നൂര്‍, സാംബ, അട്ടാരി, ഫിറോസ്പുര്‍, ജെയ്സാല്‍മിര്‍, ഭുജ്, കച്ച് എന്നിവിടങ്ങളിലേക്കാണ് പാക്കിസ്ഥാൻ ഡ്രോണുകളയച്ചത്. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളടക്കം ലക്ഷ്യമിട്ടാണ് ഡ്രോണുകളെത്തിയത്.
പഞ്ചാബില്‍ ഫിറോസ്പുരിലും അമൃത്സറിലും അനന്ത്പുര്‍ സാഹിബിലുമടക്കം വ്യോമാക്രമണ മുന്നറിയിപ്പിനെതുടര്‍ന്ന് ബ്ലാക്ക്ഔട്ട് നടപ്പിലാക്കി. രാവിലെ വരെ ബ്ലാക്ക്ഔട്ട് തുടരുമെന്നാണ് റിപ്പോര്‍ട്ട്.
നിലവിൽ ലഭിക്കുന്ന വിവരമനുസരിച്ച് പഞ്ചാബിൽ പത്തിടങ്ങളിൽ ഡ്രോൺ ആക്രമണം നടന്നിട്ടുണ്ട്. പത്തിലധികം സ്ഥലങ്ങളിൽ സൈറൺ മുഴങ്ങി. ആക്രമണം നടക്കുന്ന ഇടങ്ങളെല്ലാം ബ്ലാക്ക് ഔട്ടിലാണ്.
കാഷ്മീരിലെ അവന്തിപുരയിൽ ഇന്ത്യൻ സൈന്യം ഡ്രോണുകൾ വെടിവെച്ചിട്ടു. ബാരാമുള്ളയിലും ഡ്രോണുകളെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് കാഷ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തുന്നത്.