കറാച്ചി: പാക് സൈനിക താവളങ്ങളിൽ ആക്രമണം. നൂർ ഖാൻ, മുരിദ്, റഫീഖി വ്യോമത്താവളങ്ങൾ ആക്രമിക്കപ്പെട്ടെന്ന് പാക് സൈന്യം അറിയിച്ചു.
ആക്രമണം നടത്തിയത് ഇന്ത്യയാണെന്നും പാക്കിസ്ഥാൻ പറഞ്ഞു. ശക്തമായി തിരിച്ചടിക്കുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി.
അതേസമയം സംഘർഷം രൂക്ഷമാകുന്നതിനിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ പാക്കിസ്ഥാൻ ഡ്രോണുകളയച്ചു. വെള്ളിയാഴ്ച ഇന്ത്യയിലെ 26 നഗരങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണ ശ്രമമുണ്ടായി. ജമ്മു കാഷ്മീരിലെ ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെയുള്ള സ്ഥലങ്ങളിൽ ഡ്രോണുകളെത്തിയെന്ന് സേനാ വിഭാഗങ്ങൾ അറിയിച്ചു.
ഇതിൽ പഞ്ചാബിലെ ഫിറോസ്പൂരിൽ മാത്രമാണ് പാക് ഡ്രോൺ ആക്രമണം ലക്ഷ്യം കണ്ടത്. ഒരു വീടിന് മേലെ പതിച്ച ഡ്രോൺ വലിയ തീപിടിത്തത്തിന് കാരണമായി. ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
രാജസ്ഥാനിലെ ജയ്സാല്‍മെറില്‍ ഒമ്പത് ഡ്രോണുകളും ബാര്‍മറില്‍ ഒരു ഡ്രോണും ഇന്ത്യ വെടിവെച്ചിട്ടു. അമൃത്സറിലെ വിവിധയിടങ്ങില്‍ പതിനഞ്ചോളം ഡ്രോണുകളെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാക് ആക്രമണങ്ങളെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു.
അമൃത്സറില് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളുടെ പുറത്തിറങ്ങരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്കി. ജമ്മു കാഷ്മീരിലെ സാംബ, രജൗരി, ജമ്മു മേഖലകളിലും പഞ്ചാബിലെ പത്താന്‍കോട്ട്, അമൃത്സര്‍ മേഖലകളിലും പാക് ഡ്രോണുകളെത്തി.
വടക്കന്‍ കാഷ്മീരിലെ കുപ്വാര, സാംബ, പൂഞ്ച്, ഉറി മേഖലകളില്‍ കനത്ത വെടിവെപ്പുണ്ടായതായാണ് റിപ്പോര്‍ട്ട്.