കനനാസ്കിസ്: ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം പാർഡോ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 7 ഉച്ചകോടിക്കിടെയാണ് ഇരുവരും സംസാരിച്ചത്.
ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. "ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ മെക്സിക്കോ നൽകിയ പിന്തുണയ്ക്ക് പ്രസിഡന്റ് ഷെയ്ൻബോമിനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു.'-വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ആഗോള, പ്രാദേശിക വിഷയങ്ങളെക്കുറിച്ചും ഗ്ലോബൽ സൗത്തിന്റെ മുൻഗണനകളെക്കുറിച്ചും ഇരു നേതാക്കളും കാഴ്ചപ്പാടുകൾ പങ്കുവെച്ചു.
"ഇന്ത്യ-മെക്സിക്കോ ബന്ധങ്ങൾ വരും കാലങ്ങളിൽ കൂടുതൽ ശക്തമായി വളരുന്നതായി ഞങ്ങൾ രണ്ടുപേരും കാണുന്നു, പ്രത്യേകിച്ച് കൃഷി, സെമികണ്ടക്ടറുകൾ, നിർണായക ധാതുക്കൾ, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ. ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു.' നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യയും മെക്സിക്കോയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദബന്ധം കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും അടിവരയിട്ടു. വ്യാപാരം, നിക്ഷേപം, സ്റ്റാർട്ടപ്പുകൾ, നവീകരണം, ശാസ്ത്ര സാങ്കേതിക വിദ്യ, ഓട്ടോമോട്ടീവ് എന്നീ മേഖലകളിലെ ബന്ധം കൂടുതൽ വികസിപ്പിക്കുന്നതിനും അവർ സമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.