ടെഹ്റാന്: ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ യുഎസ് ബോംബുവര്‍ഷം നടത്തിയതിനു പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ. ഇതിന് ഇറാന് പാര്‍ലമെന്റ് അംഗീകാരം നല്കി.
ഇറാന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കടലിടുക്ക് അടയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനംകൂടി വന്നാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകൂകയുള്ളുവെന്നും റിപ്പോർട്ടുകളുണ്ട്.
ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായതും ഇടുങ്ങിയതുമായ എണ്ണ-വാതക കപ്പല്‍ റൂട്ടാണ് ഹോര്‍മുസ് കടലിടുക്ക്. ഇറാനും അറബ്-ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തര്‍, ഇറാന് എന്നീ രാജ്യങ്ങളില്‍നിന്നുള്ള കയറ്റുമതി ഉള്‍പ്പെടെ ആഗോള എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.
161 കിലോമീറ്റര്‍ നീളമുള്ള ഹോര്‍മുസില്‍ ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് 33 കിലോമീറ്റര്‍ വീതിയാണുള്ളത്. കപ്പല്‍ പാതയ്ക്ക് ഇരുവശത്തേക്കും മൂന്നു കിലോമീറ്റര്‍ വീതി മാത്രമേയുള്ളൂ.