വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റ് ബിഗ് ബ്യൂട്ടിഫുൾ ബജറ്റ് ബിൽ പാസാക്കി ജനപ്രതിനിധി സഭ. ബില്ലിൽ ട്രംപ് ഇന്ന് ഒപ്പ് വയ്ക്കും.
റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ 218-214ന് ബില്ല് പാസായി. നേരത്തെ, ബില്ല് യുഎസ് സെനറ്റ് അംഗീകരിച്ചിരുന്നു. ബില്ലിനെ, ക്രൂരമായ ബില്ല് എന്ന് മുൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചു.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിലുടനീളം ട്രംപ് എടുത്തു വീശിയ പരിഷ്കാരമായിരുന്നു ബിഗ് ബ്യൂട്ടിഫുൾ ബിൽ. അമേരിക്ക ഫസ്റ്റ് നയം മുറുകെപ്പിടിക്കുന്ന വ്യക്തിഗത, ബിസിനസ് നികുതി ഇളവുകളും ചെലവുകളും കൂടിച്ചർന്ന ബിൽ സമ്പന്നരെയാണ് തലോടുന്നത്.
നികുതി ഇളവ് വിഭാവനം ചെയ്യുന്ന ഈ ബിൽ അനുസരിച്ച് അടുത്ത വർഷം താഴ്ന്ന വരുമാനക്കാർക്ക് തുച്ഛമായ 150 ഡോളറിന്റെയും ഇടത്തരക്കാർക്ക് 1750 ഡോളറിന്റെയും സമ്പന്നർക്ക് 10,950 ഡോളറിന്റെയും ഇളവാണ് നൽകുന്നത്.
ചെലവ് വെട്ടിക്കുറയ്ക്കലും കൂടുതൽ ബാധിക്കുന്നത് താഴെത്തട്ടിലുള്ളവരെയും അവശത അനുഭവിക്കുന്നവരെയുമാണ്. പോഷകാഹാരത്തിന്റെയും ആരോഗ്യ പരിചരണത്തിന്റെയും ചെലവുകൾ വെട്ടി കുറയ്ക്കുന്നത് 12 ലക്ഷം മുതൽ 42 ലക്ഷം വരെ വരുന്ന ആളുകളെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.