തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുടുംബത്തിന്റെ ദു:ഖം തന്റെ ദു:ഖമാണെന്നും കുറിച്ചു.
ഫേസ്ബുക്കിലൂടെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും വീണാ ജോർജ് പറഞ്ഞു.
വ്യാഴാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയോടു ചേര്‍ന്ന കെട്ടിടത്തിലെ ശുചിമുറി ഭാഗം ഇടിഞ്ഞു വീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. രോഗബാധിതയായ മകൾക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ബിന്ദു.
കഴുത്തിന് കലശലായ വേദനയെത്തുടര്‍ന്ന് മകളും അവസാനവര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിയായ നവമിയെ കഴിഞ്ഞ ഒന്നിനാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ മകളെ കുളിപ്പിച്ച് വാര്‍ഡിലാക്കിയശേഷം മാതാവ് ബിന്ദു കുളിക്കാനായി പോയപ്പോഴായിരുന്നു കെട്ടിടം തകര്‍ന്നു വന്‍ അപകടമുണ്ടായത്.