പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. ദൗത്യസംഘത്തിന് വെല്ലുവിളിയായി വീണ്ടും പാറയിടിഞ്ഞതോടെയാണ് രക്ഷാപ്രവർത്തനം നിർത്തിവച്ചത്.
രാവിലെ ദൗത്യസംഘാംഗങ്ങളായ രണ്ടുപേർ വടംകെട്ടി താഴേക്കിറങ്ങി മണ്ണുമാന്തി യന്ത്രം കിടക്കുന്ന ഭാഗത്തെ പാറക്കഷണങ്ങൾ നീക്കുന്ന ജോലി ആരംഭിച്ചിരുന്നു. മണ്ണുമാന്തി യന്ത്രത്തിന്റെ കാബിന് മുകളില്‍ വലിയ പാറകൾ മൂടിയ നിലയിലാണ്. വലിയ ക്രെയിനും കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചാല്‍ മാത്രമേ ദൗത്യം മുന്നോട്ട് കൊണ്ടുപോകാനാകൂ എന്നാണ് വിലയിരുത്തൽ.
ഇതിനിടെ, അപകടത്തിനു പിന്നാലെ ഇപ്പോഴും പാറയിടിയുകയാണ്. ഇതോടെ, ദൗത്യസംഘാംഗങ്ങൾ തത്കാലം തിരിച്ചുകയറി.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പാറമടയിൽ ഹിറ്റാച്ചി ഉപയോഗിച്ചുള്ള ജോലി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഹിറ്റാച്ചിയുടെ ഓപ്പറേറ്ററും സഹായിയുമായ ഇതര സംസ്ഥാന സ്വദേശികളാണ് അപകടത്തിൽപെട്ടത്. മലമുകളിൽനിന്നു വീണത് വലിയ പാറക്കെട്ടുകളായത് ദുരന്തത്തിന്റെ രൂക്ഷത വർധിപ്പിച്ചു.
ഇതിൽ ഒരാളുടെ മൃതദേഹം തിങ്കളാഴ്ച തന്നെ കണ്ടെടുത്തിരുന്നു. ഒഡീഷ സ്വദേശി മഹാദേവി(51) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അതേസമയം, ജാർഖണ്ഡ് സ്വദേശി അജയ് റായ്ക്കായാണ് ഇന്ന് തിരച്ചിൽ തുടരുന്നത്.
അടർന്നുവീണ പാറക്കെട്ടുകൾ ഇവരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. രണ്ടുപേരും കല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതു കാണാമായിരുന്നുവെങ്കിലും പുറത്തേക്ക് എടുക്കാൻ ബുദ്ധിമുട്ടായി. കാലാവസ്ഥ പ്രതികൂലമാകുകയും വീണ്ടും പാറമട ഇടിയുകയും ചെയ്ത സാഹചര്യത്തിൽ രാത്രിയിൽ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.