ധാക്ക: ബംഗ്ലാദേശിൽ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ ഓഗസ്റ്റ് മൂന്നിന് വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ തീരുമാനിച്ചു. കൂട്ടക്കൊല, പീഡനം തുടങ്ങി അഞ്ച് കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഹസീനയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്.
ഹസീനയുടെ അഭാവത്തിലും വിചാരണ നടത്താനാണ് ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശിന്റെ (ഐസിടി-ബിഡി) തീരുമാനം. വധശിക്ഷ വരെ കിട്ടാൻ സാധ്യതയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പോലീസ് ഐജി ചൗധരി അബ്ദുള്ള അൽ മാമുൻ എന്നിവരെയും വിചാരണ ചെയ്യും. കഴിഞ്ഞവർഷം ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഓഗസ്റ്റ് അഞ്ചിനാണ് ഹസീന ബംഗ്ലാദേശ് വിട്ടത്.
കുറ്റപത്രം തള്ളണമെന്ന പ്രതിഭാഗത്തിന്റെ ഹർജി തള്ളിയ ശേഷമാണ് ജസ്റ്റീസ് എം.ഡി.ഗോലം മോർട്ടുസ മൊസുംദറിന്റെ നേതൃത്വത്തിലുള്ള ഐസിടി ബെഞ്ചിന്റെ ഉത്തരവ്. മേയ് 12 ന് ഐസിടി-ബിഡിയുടെ അന്വേഷണ ഏജൻസി കേസിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഷേഖ് ഹസീന ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്കും എതിരെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.