തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ മൃതദേഹം എകെജി സെന്ററിലെ പൊതുദർശനം പൂർത്തിയാക്കി വീട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ അഞ്ചു വർഷമായി മകനും കുടുംബത്തോടുമൊപ്പം ബാർട്ടൺഹില്ലിലെ വീട്ടിലായിരുന്നു വി.എസ് താമസിച്ചിരുന്നത്.
പ്രവർത്തകരുടെ മുദ്രാവാക്യങ്ങൾക്കിടയിലൂടെയാണ് ആംബുലൻസ് നീങ്ങിയത്. സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി വി.എസിന്റെ വീട്ടിലെത്തി. രാവിലെ വരെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും. ചൊവ്വാഴ്ച രാവിലെ എട്ടിന് ദർബാർ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ ആലപ്പുഴയ്ക്ക് കൊണ്ടുപോകും.
നാളെ വൈകുന്നേരം ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ബുധനാഴ്ച രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവെക്കും. തുടർന്ന് ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലപ്പുഴയിൽ വലിയ ചുടുകാട് ശ്മശാനത്തിൽ സംസ്കരിക്കും.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരം 3.20 നായിരുന്നു വി.എസ്.അച്യുതാനന്ദൻ വിടപറഞ്ഞത്.