ഓവല്‍: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 247 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട തുടക്കം. 23 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ്.
51 റൺസെടുത്ത യശസ്വി ജയ്സ്വാളും നാലു റണ്ണുമായി നൈറ്റ് വാച്ച്മാന് ആകാശ് ദീപും ക്രീസിലുണ്ട്. എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 52 റണ്‍സിന്റെ ലീഡുണ്ട്.
കെ.എൽ. രാഹുലിന്റെയും സായ് സുദര്‍ശന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. ഏഴ് റണ്‍സെടുത്ത രാഹുല്‍ ജോഷ് ടംഗിന്റെ പന്തില്‍ സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്കി പുറത്തായപ്പോള്‍ 11 റണ്‍സെടുത്ത സായ് സുദര്‍ശനെ ഗുസ് അറ്റ്കിന്സണ് വിക്കറ്റിന് മുന്നില്‍ കുടുക്കി.
ഇന്ത്യൻ നിരയിലെ ആറ് വിക്കറ്റുകളും ഇംഗ്ലണ്ട് നിരയിലെ ഒമ്പത് വിക്കറ്റുകളും അടക്കം 16 വിക്കറ്റുകളാണ് രണ്ടാം ദിനം മാത്രം ഓവലില്‍ വീണത്.