തിരുവനന്തപുരം: തിരുവനന്തപുരം-ഡൽഹി വിമാനത്തിന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാന്‍ഡിംഗ്. റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്നാണ് എയർ ഇന്ത്യ 2455 വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്.
രാത്രി 7.15ന് തിരുവനന്തപുരത്ത് നിന്ന് പറന്നുയരേണ്ട വിമാനം അരമണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ഒരു മണിക്കൂര്‍ പറന്നശേഷം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.
അതേസമയം ചെന്നൈയിൽ അടിയന്തര ലാൻഡിംഗിനു ശ്രമിക്കുന്നതിനിടെ റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട പൈലറ്റ് ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ച് വീണ്ടും പറന്നുയർന്നതിനാൽ വലിയ അപകടം ഒഴിവായി.
ഒരു മണിക്കൂറോളം ചെന്നൈ വിമാനത്താവളത്തിനു മുകളിലൂടെ പറന്ന ശേഷമാണ് വിമാനം ലാൻഡ് ചെയ്തതെന്നാണ് വിവരം. അഞ്ച് എംപിമാർ വിമാനത്തിൽ ഉണ്ടായിരുന്നു. കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. 12.30ഓടെ മറ്റൊരു വിമാനം ഡൽഹിയിലേക്ക് തയാറാക്കുമെന്നും അധികൃതർ അറിയിച്ചു.