കൊച്ചി: സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് സജി നന്ത്യാട്ട് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനംരാജിവച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങളിൽ സജി നന്ത്യാട്ട് സാന്ദ്ര തോമസിനെ പിന്തുണച്ചിരുന്നു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രിക വരണാധികാരി തള്ളിയിരുന്നു. ചുരുങ്ങിയത് മൂന്നു സിനിമകൾ എങ്കിലും നിർമിച്ചാല്‍ മാത്രമേ അസോസിയേഷനിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് ഒരു അംഗത്തിന് മത്സരിക്കാനാവൂ.
ഈ നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്. സാന്ദ്ര തോമസിന്റെ ഉടമസ്ഥതയില്‍ നിലവിലുള്ള നിര്‍മാണ കമ്പനിയായ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് രണ്ട് ചിത്രങ്ങള്‍ മാത്രമേ നിര്‍മിച്ചിട്ടുള്ളൂ എന്നായിരുന്നു വരണാധികാരിയുടെ കണ്ടെത്തല്‍.