വാഷിംഗ്ടൺ ഡിസി: ബീജിംഗും വാഷിംഗ്ടണും തമ്മിലുള്ള വ്യാപാര ഉടമ്പടി അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ചൈനീസ് ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ വീണ്ടും ഏർപ്പെടുത്തുന്നത് വൈകിപ്പിക്കുന്ന ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചതായി റിപ്പോർട്ട്.
ഈ വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് വൈറ്റ് ഹൗസ് പ്രതികരിച്ചില്ല. കഴിഞ്ഞ മാസം സ്റ്റോക്ക്ഹോമിൽ യുഎസും ചൈനീസ് വ്യാപാര ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് താരിഫ് സമയപരിധിയിൽ കാലതാമസം ഉണ്ടായത്. ജനീവയിൽ നടന്ന ചർച്ചകളെത്തുടർന്ന് മേയിൽ ഇരു രാജ്യങ്ങളും പല തീരുവകളും 90 ദിവസത്തേക്ക് നിർത്തിവയ്ക്കാൻ ആദ്യം സമ്മതിച്ചിരുന്നു.
മേയിൽ സമ്മതിച്ച 90 ദിവസത്തെ ഉടമ്പടി പ്രകാരം ചൈനീസ് ഉത്പന്നങ്ങളുടെ യുഎസ് തീരുവ 30 ശതമാനമായി കുറച്ചു, അതേസമയം ചൈന യുഎസ് ഉത്പന്നങ്ങളുടെ ലെവി 10 ശതമാനമായി കുറയ്ക്കുകയും ചെയ്തു.