തിരുവനന്തപുരം: സ്വിമ്മിംഗ് പൂളിൽ നിന്ന് 17കാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച സംഭവത്തിൽ തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജ് അധികൃതർക്ക് ആരോഗ്യവകുപ്പിന്റെ കർശന നിർദേശം.
പൂളിലെ മുഴുവൻ വെള്ളവും നീക്കം ചെയ്യണമെന്നും പൂൾ ഭിത്തി ഉരച്ചുകഴുകി ശുചീകരിക്കണമെന്നും നിർദേശം നൽകി. പുതുതായി വെള്ളം നിറയ്ക്കുമ്പോൾ നിശ്ചിത അളവിൽ ക്ലോറിൻ നിലനിർത്തണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
അതേസമയം, പൂളിൽ നിന്ന് ശേഖരിച്ച സാമ്പിളിന്റെ ഫലം ചൊവ്വാഴ്ച ലഭിക്കും. ഇതിനു ശേഷമായിരിക്കും തുടർനടപടികൾ. സ്വിമ്മിംഗ് പൂളിലെ വെള്ളം മൂക്കിൽ കയറിയതാണ് രോഗകാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 17 കാരന്റെ ആരോഗ്യ നിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.