ലക്നോ: ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി എംഎൽഎ രമാകാന്ത് യാദവിന് ഒരു വർഷം തടവും 3,800 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 2006 ൽ റോഡ് ഉപരോധിച്ച കേസിൽ എംപി-എംഎൽഎ കോടതി ജഡ്ജി അനുപം കുമാർ ത്രിപാഠിയാണ് ശിക്ഷ വിധിച്ചത്.
2006 ഏപ്രിൽ ആറിന്, രമാകാന്ത് യാദവ് 200-250 അനുയായികളോടൊപ്പം ദിദാർഗഞ്ച് പോലീസ് സ്റ്റേഷനിൽ എത്തുകയും തന്റെ അനുയായികളിൽ ഒരാളെ വിട്ടയക്കാൻ അന്നത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർ മധുപ് കുമാർ സിംഗിനോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഉദ്യോഗസ്ഥൻ വിസമ്മതിച്ചപ്പോൾ രമാകാന്ത് യാദവും അനുയായികളും ദിദാർഗഞ്ച്-ഖേത സരായ് റോഡ് ഉപരോധിച്ചു. സംഭവത്തിൽ, രമാകാന്ത് യാദവിനും മറ്റ് രണ്ട് പേർക്കുമെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ ആറ് സാക്ഷികളെ വിസ്തരിച്ചു. കേസ് പരിഗണിക്കുന്നതിനിടെ രണ്ട് കൂട്ടുപ്രതികളും മരിച്ചു.
ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷം, കോടതി യാദവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വർഷം കഠിനതടവിന് ശിക്ഷിക്കുകയും 3,800 രൂപ പിഴ ചുമത്തുകയും ചെയ്തു.