ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ട് ചോരികളെ സംരക്ഷിക്കുകയാണെന്നും എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചു.
ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെ ഒഴിവാക്കുകയാണ്. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ 6018 വോട്ടുകൾ ഒഴിവാക്കി.
നീക്കിയ വോട്ടര്‍മാരെ വാര്‍ത്താ സമ്മേളനത്തിലെത്തിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. മഹാരാഷ്ട്രയിലെ രജൂര മണ്ഡലത്തിൽ 6850 വ്യാജ വോട്ടുകളാണ് ചേർത്തത്. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ ഒഴിവാക്കലാണ് നടന്നതെങ്കിൽ മഹാരാഷ്ട്രയിലെ രജൂരയിൽ കൂട്ടിച്ചേർക്കലാണ് നടന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് വോട്ട് വെട്ടൽ നടത്തുന്നത്. തന്റെ പേരില്‍ 12 പേരുടെ വോട്ടുകള്‍ വെട്ടിയെന്നും തന്റെ നമ്പര്‍ ദുരുപയോഗം ചെയ്തുവെന്നും ഒരു വോട്ടര്‍ വെളിപ്പെടുത്തി.
വോട്ടുകൊള്ളയുടെ അന്വേഷണത്തിന്റെ ഭാഗമായി മുഴുവൻ വിവരങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കർണാടക സിഐഡി നിരവധി തവണ കത്തുകൾ നൽകി. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരം നൽകിയില്ല. ഒടിപി വിവരങ്ങളുടേതടക്കം വിശദാംശങ്ങൾ തേടിയിട്ടുണ്ട്.
ഗ്യാനേഷ് കുമാർ വോട്ട് ചോരികളെ സംരക്ഷിക്കുന്ന നടപടി അവസാനിപ്പിക്കണം. കർണാടക സിഐഡി ആവശ്യപ്പെട്ട വിവരങ്ങൾ ഉടൻ നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.