ടോക്കിയോ: ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ നീരജ് ചോപ്ര പുറത്ത്. ആദ്യ ശ്രമത്തിൽ 84.03 മീറ്ററും രണ്ടാം ശ്രമത്തിൽ 83.65 മീറ്ററും എറിഞ്ഞ നീരജിന് എട്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
അതേസമയം ആദ്യ ശ്രമത്തിൽ 86.27 മീറ്റർ ദൂരം ജാവലിൻ പായിച്ച ഇന്ത്യൻ താരം സച്ചിൻ യാദവ് നാലാമതുണ്ട്. സച്ചിന്റെ രണ്ടാം ശ്രമം ഫൗളായിരുന്നു. മൂന്നാം ശ്രമത്തിൽ 85.71 മീറ്ററും നാലാം ശ്രമത്തിൽ 84.90 മീറ്ററും സച്ചിൻ പിന്നിട്ടു.
ട്രിനിഡാഡ് ടുബാഗോ താരം കെഷോൺ വാൽകോട്ടാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. ആദ്യ ശ്രമത്തിൽ 87.83 മീറ്ററാണ് കെഷോൺ പിന്നിട്ടത്. 87.38 മീറ്റർ എറിഞ്ഞ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ് രണ്ടാം സ്ഥാനത്തും നിൽക്കുന്നു.
ആദ്യ ശ്രമം പിന്നിട്ടപ്പോൾ നീരജ് മൂന്നാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും പിന്നീട് താഴേക്കു പോകുകയായിരുന്നു. 82.73 മീറ്റർ ദൂരം എറിഞ്ഞ പാക്കിസ്ഥാൻ താരം അർഷദ് നദീം പത്താം സ്ഥാനത്താണ്.