ചെന്നൈ: ഇരട്ട അക്ക സാന്പത്തിക വളർച്ച കൈവരിച്ച ഏക സംസ്ഥാനം തമിഴ്നാടാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഡിഎംകെയുടെ സ്ഥാപക ദിനവും പെരിയാറിന്റെയും അണ്ണായുടെയും ജന്മവാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാടിന്റെ അവകാശങ്ങളും ഭാഷയും സ്വത്വവും സംരക്ഷിക്കുമെന്നും തമിഴ്നാടിനെ ഒരിക്കലും തല കുനിക്കാൻ അനുവദിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു. ബിജെപിക്കെതിരായ ശക്തമായ നിലപാടും കേന്ദ്രത്തിന്റെ അമിതമായ ഇടപെടലിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായിരുന്നു പ്രസംഗത്തിലുടനീളം.
ഹിന്ദി അടിച്ചേൽപ്പിക്കലും വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവയ്ക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ സ്റ്റാലിൻ പ്രധാന വിഷയമാക്കി. തമിഴ്നാടിനുമേൽ കേന്ദ്രം സാംസ്കാരികവും ഭരണപരവുമായ കാര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപകടകരമായ കേന്ദ്രീകരണ പ്രവണതയെ വിമർശിച്ച സ്റ്റാലിൻ സംസ്ഥാനങ്ങളെ ദുർബലമാക്കുന്ന കേന്ദ്രനയങ്ങളെ ഒരിക്കലും അനുവദിക്കില്ലെന്നും അറിയിച്ചു. ബിജെപിക്ക് സംസ്ഥാനത്ത് പ്രവേശനമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മൂന്നാം തവണ അധികാരത്തിൽ വന്നിട്ടും മോദി മാജിക് തമിഴ്നാട്ടിൽ വിലപോകില്ലെന്ന് പറഞ്ഞ സ്റ്റാലിൻ, ഭാഷാപരമായ അവകാശങ്ങളുടെയും സംരക്ഷണം ഇപ്പോൾ ഒരു തലമുറയുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ കൂടാതെ എഐഎഡിഎംകെ അധ്യക്ഷൻ എടപ്പാടി കെ. പഴനിസ്വാമിയ്ക്കെതിരെയും സ്റ്റാലിൻ രൂക്ഷ വിമർശനം ഉന്നയിച്ചു. പാർട്ടിയുടെ സ്വാതന്ത്ര്യം പഴനിസ്വാമി ബിജെപിക്ക് മുന്നിൽ അടിയറ വച്ചതായും മുഖ്യമന്ത്രി ആരോപിച്ചു.
റെയ്ഡുകളിൽ നിന്ന് സ്വയം രക്ഷിക്കാൻ പഴനിസ്വാമി എഐഎഡിഎംകെയെ പണയപ്പെടുത്തി. പാർട്ടിയുടെ ഇപ്പോഴത്തെ നിലപാട് അണ്ണാദുരൈയുടെ തത്വങ്ങളോടുള്ള വഞ്ചനയാണെന്ന് ആരോപിച്ച സ്റ്റാലിൻ പഴയ "അണ്ണായിസം' ഇപ്പോൾ "അടിമയിസം'(അടിമത്തം) ആയി മാറിയെന്നും സ്റ്റാലിൻ വ്യക്തമാക്കി.