കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിയേറ്; മൂന്നാം പ്രതിയും പിടിയിൽ
Thursday, September 18, 2025 7:09 PM IST
കണ്ണൂര്: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി വസ്തുക്കൾ എറിഞ്ഞുനൽകിയിരുന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. പനങ്കാവ് സ്വദേശി കെ. റിജിൽ ആണ് പോലീസിന്റെ പിടിയിലായത്. നേരത്തെ കേസിൽ രണ്ട് പ്രതികൾ പിടിയിലായിരുന്നു.
അത്താഴക്കുന്ന് സ്വദേശി മജീഫ്, പനങ്കാവ് സ്വദേശി അക്ഷയ് എന്നിവരാണ് കേസിൽ നേരത്തെ പിടിയിലായത്. കേസിൽ ആദ്യം പിടിയിലായ അക്ഷയ്യെ ചോദ്യം ചെയ്തതിൽ നിന്നാണ് മജീഫിനെയും റിജിലിനെയും കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
ഓഗസ്റ്റിൽ ജയിലിലേക്ക് ലഹരി എറിഞ്ഞുനൽകുന്നതിനിടെയാണ് അക്ഷയ് പോലീസിന്റെ പിടിയിലായത്. എന്നാൽ അക്ഷയ്ക്കൊപ്പമുണ്ടായിരുന്ന മജീഫും റിജിലും അന്ന് കടന്നുകളയുകയായിരുന്നു.
കൊലക്കേസ് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിനുള്ളിലെ ലഹരി കച്ചവടം നിയന്ത്രിക്കുന്നതെന്നായിരുന്നു പുറത്തുവന്ന വിവരം. പ്രതികൾക്ക് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ജയിലിന് പുറത്തുനിന്ന് എറിഞ്ഞുനൽകുന്ന ലഹരി വസ്തുക്കൾ അകത്തുള്ള സംഘം തടവുകാർക്ക് നാലിരട്ടി വിലയ്ക്ക് വിൽപ്പന നടത്തുന്നതായാണ് പോലീസ് അന്വേഷണത്തിൽ പുറത്തുവന്ന വിവരം. ഇത്തരത്തിൽ ജയിലിനുള്ളിലേക്ക് ലഹരി വസ്തുക്കൾ എറിഞ്ഞുനൽകുന്നവർക്ക് 1,000 രൂപ മുതൽ പ്രതിഫലം ലഭിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.