പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിനൊരുങ്ങി പന്പാതീരം. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. അയ്യപ്പ സംഗമത്തിന്റെ രജിസ്ട്രേഷന് നടപടികൾ പുരോഗമിക്കുന്നു.
രാവിലെ ആറ് മുതൽ രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചു. പരിപാടിയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് പന്പാതീരത്തും സമീപ പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിന് നിരവധി പേർ ഇതോടകം എത്തിച്ചേർന്നിട്ടുണ്ട്.
മൂന്ന് സെഷനുകളായാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് ജയകുമാര്‍ ഐഎഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയാണ് ആദ്യം. 3,000ലധികം പേർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അയ്യപ്പ സംഗമത്തിനായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രാത്രി തന്നെ പന്പയിൽ എത്തിച്ചേർന്നിട്ടുണ്ട്. യുഡിഎഫും ബിജെപിയും അയ്യപ്പ സംഗമം ബഹിഷ്കരിച്ചിട്ടുണ്ട്. അയ്യപ്പ സംഗമത്തിനായുള്ള ക്ഷണം തമിഴ്നാട് സർക്കാർ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്.
ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന് തമിഴ്നാട് ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങൾ പിൻവാങ്ങിയതിന് പിന്നിൽ ചില താത്പര്യങ്ങളുണ്ടെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കിയത്.