കൊച്ചി: ഭൂട്ടാനില്‍നിന്ന് അനധികൃതമായി ഇന്ത്യയിലേക്കു വാഹനങ്ങള്‍ കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെ സംഭവത്തില്‍ അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍.
കസ്റ്റംസിന് പുറമേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി), ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ), ഡയക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ), കേന്ദ്ര ജിഎസ്ടി എന്നീ ഏജന്‍സികളും അന്വേഷണം നടത്തും. ഇഡിയും എന്‍ഐഎയും പ്രാഥമിക വിവരശേഖരണം തുടങ്ങി. അന്വേഷണം ആരംഭിക്കുന്ന കാര്യം ഇഡി ഹൈക്കോടതിയെ അറിയിച്ചു.
ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തിലെ കള്ളപ്പണ ഇടപാടാണ് പ്രധാനമായും ഇഡി പരിശോധിക്കുക. വിശദമായ വിവര ശേഖരണങ്ങള്‍ക്ക് ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഇഡി നീക്കം.
തീവ്രവാദ സംഘങ്ങളുടെ സഹായം വണ്ടിക്കടത്ത് സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന സൂചനയാണ് എന്‍ഐഎ പരിശോധിക്കുക. ചെറിയ തുകയ്ക്ക് വാങ്ങുന്ന വാഹനങ്ങള്‍ വലിയ വിലയ്ക്കാണ് ഇടനിലക്കാര്‍ മറിച്ചു വിറ്റിരുന്നത്. ഈ ഇടപാടുകളിലെ സാമ്പത്തിക തിരിമറിയാകും ഡിആര്‍ഐ അന്വേഷിക്കുക.
അനധികൃതമായി കടത്തിക്കൊണ്ടുവന്നിട്ടുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ വ്യാപക ജിഎസ്ടി വെട്ടിപ്പ് കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ വിവരങ്ങള്‍ ജിഎസ്ടി വിഭാഗം തേടും.