ജറുസലം: തെക്കൻ ഇസ്രയേലിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ 22 പേർക്ക് പരിക്കേറ്റതായും രണ്ടുപേരുടെ നില ഗുരുതരമാണെന്നും രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. യെമനിൽനിന്ന് അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്ലത് നഗരത്തിലാണ് പതിച്ചത്.
ഇസ്രയേലിന്റെ വ്യോമ പ്രതിരോധത്തെ കബളിപ്പിച്ചാണ് ഡ്രോൺ പതിച്ചത്. നഗരമധ്യത്തിൽ പതിക്കുന്ന ഡ്രോണിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിർത്തി ഭേദിച്ചെത്തിയ ഡ്രോൺ തടയാൻ ശ്രമിച്ചെന്നും രക്ഷാപ്രവർത്തനം നടക്കുകയാണെന്നും ഇസ്രയേൽ പ്രതിരോധ സേന പ്രസ്താവനയിൽ അറിയിച്ചു.
ആക്രമണത്തെ തുടർന്ന് ആളുകളെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഹൂതികളാണ് പിന്നിലെന്ന് റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന് ഉത്തരവാദികളായ ഹൂതികളോട് പ്രതികാരം ചെയ്യുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി കട്സ് പറഞ്ഞു.