ഡാളസ് കേരള അസോസിയേഷൻ വാർഷിക പിക്നിക് സംഘടിപ്പിച്ചു
ഡാളസ്: ഡാളസിലെ കേരള അസോസിയേഷൻ സംവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള വാർഷിക പിക്നിക് ശനിയാഴ്ച കേരള അസോസിയേഷൻ ഓഫീസിന്റെ ഗ്രൗണ്ടിൽ വിപുലമായി സംഘടിപ്പിച്ചു. രാവിലെ 10ന് ആരംഭിച്ച പരിപാടിയിൽ ഡാളസ് മെട്രോപ്ലെക്സിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങൾ കുടുംബസമേതമായി എത്തിച്ചേർന്ന് ദിവസം മുഴുവൻ ഉല്ലാസം പങ്കുവച്ചു.
ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം കേരള അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ നിർവഹിച്ചു. സമ്മേളനത്തിന് ഉത്സാഹം പകരുന്നതിനായി കമ്മിറ്റി അംഗങ്ങൾ മുന്നിൽ നിന്നു നേതൃത്വം വഹിച്ചു.
പിക്നിക്കിന്റെ ഭാഗമായി വ്യത്യസ്ത രുചികളാൽ സമ്പന്നമായ കേരളീയ ഭക്ഷണവിഭവങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കുമായി ക്രമീകരിച്ച ഗെയിമുകൾ, സ്പോർട്സ് മത്സരങ്ങൾ, സംഗീത വിനോദ പരിപാടികൾ, പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന സാംസ്കാരിക പ്രകടനങ്ങൾ എന്നിവ എല്ലാം പങ്കെടുത്തവരിൽ വലിയ സന്തോഷം ഉണർത്തിയിരുന്നു.
കുട്ടികൾക്കായി പ്രത്യേകം സംഘടിപ്പിച്ച ഗെയിമുകളും മത്സരങ്ങളും മാതാപിതാക്കൾക്കും കുട്ടികൾക്കും ഏറെ ആസ്വാദ്യകരമായ അനുഭവമായി. വയോജനങ്ങളായവർക്കായി ക്രമീകരിച്ച വിനോദ മത്സരങ്ങളും സൗഹൃദ പ്രദർശനങ്ങളും സമൂഹ ബന്ധം ഉറപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.
പിക്നിക് വിജയകരമാക്കുന്നതിൽ പിക്നിക്ക് ഡയറക്ടർ സാബു മാത്യു, മറ്റു കമ്മിറ്റി അംഗങ്ങളും സജീവമായി പങ്കെടുത്തു. സംഘടനാപരമായ കാര്യങ്ങൾക്ക് നേതൃത്വം നൽകിയ അസോസിയേഷൻ സെക്രട്ടറി മൻജിത് കൈനിക്കര എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
ഈ വാർഷിക പിക്നിക് കെഎഡി അംഗങ്ങൾക്കും ഡാളസിലെ മലയാളി സമൂഹത്തിനും ബന്ധങ്ങൾ പുതുക്കാനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും മലയാളി സംസ്കാരവും ചേരിതിരിയലുകളും നിലനിർത്താനുമായി ഒരു മികച്ച വേദിയായിരുന്നു.
സൗഹൃദം, സ്നേഹം, സംഗമം എന്നതിന്റെ പേരിൽ ഒറ്റക്കെട്ടായി എത്തിയ മലയാളി കുടുംബങ്ങൾക്കായി ഈ ദിവസം ഒരിക്കലുമറക്കാനാകാത്ത അനുഭവമായി.
അമ്പഴയ്ക്കാട്ട് ശങ്കരന്റെ "ഹൃദയപക്ഷ ചിന്തകൾ' പുസ്തക കവർ പ്രകാശനം കവി സെബാസ്റ്റ്യൻ നിർവഹിച്ചു
ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(ലാന) പ്രസിഡന്റും എഴുത്തുകാരനുമായ അമ്പഴക്കാട്ട് ശങ്കരന്റെ "ഹൃദയപക്ഷ ചിന്തകൾ' (ലേഖന സമാഹാരം) എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ കവർ പ്രകാശനം പ്രശസ്ത കവി സെബാസ്റ്റ്യൻ നിർവഹിച്ചു.
സുപ്രസിദ്ധ നോവലിസ്റ്റും കഥാകാരനുമായ ഇ. സന്തോഷ് കുമാർ അവതാരിക എഴുതിയ ഈ പുസ്തകം ഒക്ടോബർ 31, നവംബർ 1, 2 തീയതികളിലായി നടക്കുന്ന ലാന പതിനാലാം ദൈവവാർഷിക സമ്മേളനത്തിൽ എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം പ്രകാശനം ചെയ്യും.
പുലിറ്റ്സർ ബുക്സ് പ്രസിദ്ധീകരിച്ച വഴിയമ്പലം (നോവൽ), കൊടുക്കാക്കടം (കഥാസമാഹാരം) എന്നീ രണ്ടു പുസ്തകങ്ങൾക്കുശേഷം നിധി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് ഹൃദയപക്ഷ ചിന്തകൾ.
സ്റ്റോക്കുകളിൽ പണം നിക്ഷേപിക്കുന്നവർക്കായി പുതുമയുള്ള ആപ്പ് തയാറാക്കി മലയാളി എൻജിനിയർമാർ
നോർത്ത് കരോലിന: സ്റ്റോക്കുകളിൽ പണം നിക്ഷേപിക്കുന്നവർക്കായി തയാറാക്കിയ ഒരു പുതുമയുള്ള ആപ്പ് ആണ് FinChirp. ലോകമെമ്പാടും നടക്കുന്ന വിപണിയിലെ മാറ്റങ്ങൾ, കമ്പനികളിലെ വിലയിടിവുകൾ, സാമ്പത്തിക വാർത്തകൾ തുടങ്ങിയ വിവരങ്ങൾ എളുപ്പത്തിൽ മനസിലാക്കാനും വിലയിരുത്താനും സഹായിക്കുന്നതാണ് ഈ ആപ്പ്.
FinChirp എന്നത് എഐ അടിസ്ഥാനമാക്കിയുള്ളതാണ്. നിക്ഷേപകരുടെ പോർട്ട്ഫോളിയോയിലുള്ള പ്രധാനപ്പെട്ട വിവരങ്ങൾ ഈ ആപ്പ് സ്വയം വിശകലനം ചെയ്ത് 40 മുതൽ 50 സെക്കൻഡ് വരെ ദൈർഘ്യമുള്ള ചെറു "ചിർപ്പുകൾ' ആയി അവതരിപ്പിക്കുന്നു.
അമേരിക്കയിലെ നോർത്ത് കരോലിനയിലെ Charlotte ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മലയാളി സംരംഭമാണ് FinChirp. ഈ ആപ്പിന് പിന്നിൽ Charlotte (യുഎസ്എ), എഡ്മന്റൺ (കാനഡ), ലണ്ടൻ (യുകെ) എന്നീ നഗരങ്ങളിൽ നിന്നുള്ള നാല് മലയാളി ഐടി എൻജിനിയർമാരാണ് പ്രവർത്തിക്കുന്നത്.
ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഉപയോക്താക്കൾക്ക് ഈ ആപ്പ് ഉപയോഗിച്ച് വിവരങ്ങൾ കേൾക്കാൻ കഴിയും. ആദ്യ ഘട്ടത്തിൽ New York Stock Exchange (NYSE), NASDAQ എന്നിവയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന 8,000-ത്തിലധികം കമ്പനികളുടെ പ്രധാനപ്പെട്ട വിവരങ്ങളാണ് FinChirp വായിച്ചു തരുന്നത്.
ഉടൻ തന്നെ മറ്റ് രാജ്യങ്ങളിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ വിവരങ്ങളും ഉൾപ്പെടുത്താനാണ് ടീമിന്റെ പദ്ധതി.
കൂടുതൽ വിവരങ്ങൾക്ക് www.myfinchirp.com സന്ദർശിക്കുകയോ
[email protected] എന്ന വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. FinChirp ആപ്പ് നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഒഎസ് ആപ്പ് സ്റ്റോറിലും നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
സ്റ്റോക്ക് വിപണിയിലെ മാറ്റങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതിലൂടെ നിക്ഷേപകരെ കൂടുതൽ ബോധവാന്മാരാക്കുകയാണ് FinChirp-ന്റെ ലക്ഷ്യം. ഈ ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന നാല് മലയാളി എൻജിനിയർമാർ, ലോകവിപണിയിൽ മലയാളികളുടെ സാങ്കേതിക കഴിവിനും സൃഷ്ടിപരമായ നവീകരണശേഷിക്കും ഒരു പുതിയ അടയാളമായി FinChirp-നെ ഉയർത്തിയിരിക്കുന്നു.
സൗത്ത് വെസ്റ്റ് ഫ്ലോറിഡ സെന്റ് മേരീസ് ഇടവക പെരുന്നാൾ ആഘോഷങ്ങൾ ഇന്ന് മുതൽ
ഫ്ലോറിഡ: സൗത്ത് വെസ്റ്റ് ഫ്ലോറിഡയിലെ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക പത്ത് വർഷം പൂർത്തീകരിക്കുന്നതിന്റെ ആഘോഷവും ഇടവക പെരുന്നാളും വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.
അമേരിക്കയിലെ സൗത്ത് വെസ്റ്റ് മലങ്കര ഓർത്തഡോക്സ് സിറിയൻ ഭദ്രാസന മെത്രാപ്പൊലീത്ത അലക്സിയോസ് മാർ യൗസേബിയോസിന്റെ ഔദ്യോഗിക കല്പന അനുസരിച്ചു 2015 ഒക്ടോബർ 20നാണ് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഓഫ് സൗത്ത് വെസ്റ്റ് ഫ്ലോറിഡ രൂപം കൊള്ളുന്നത്.
പ്രീസ്റ്റ് - ഇൻ - ചാർജ് ആയി നിയമിതനായ റവ. ഫാ. ജോൺസൻ പുഞ്ചക്കോണം ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. വെരി റവ. ഫാ. ഫിലിപ്പ് ശങ്കരത്തിൽ കോറെപ്പിസ്കോപ്പയാണ് ഇപ്പോഴത്തെ ഇടവക വികാരി.
ഒരു ദശവർഷക്കാലം പൂർത്തീകരിക്കുമ്പോൾ, ഇടവക വികാരി വെരി റവ. ഫാ. ഫിലിപ്പ് ശങ്കരത്തിൽ കോറെപ്പിസ്കോപ്പ, സെക്രട്ടറി അഡ്വ. സഞ്ജയ് കുര്യൻ, ട്രഷറർ ഡോ. മിനി മാത്യു, കമ്മിറ്റിയംഗങ്ങൾ മറിയാമ്മ കോശി (എക്സ് ഒഫിഷ്യോ), ഡോ. ബിജു തോമസ്, അനിൽ ജോൺ, ശാന്തി തോമസ് എന്നിവരോടൊപ്പം ഇടവകാംഗങ്ങൾക്കും അഭിമാനിക്കാം.
സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ റൈറ്റ്. റവ. ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിക്കും. വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ദേവാലയത്തിൽ സന്ധ്യാനമസ്കാരത്തോടെ പെരുന്നാൾ ആഘോഷങ്ങൾ ആരംഭിക്കും.
വചന പ്രഘോഷണം, അവാർഡ് ദാനം, തുടങ്ങിയ പരിപാടികൾക്കുശേഷം ഡിന്നർ ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ എട്ടിന് പ്രഭാതനമസ്കാരം, തുടർന്ന് കുർബാന. സ്നേഹവിരുന്നോടുകൂടെ ചടങ്ങുകൾ സമാപിക്കും.
ചാർലി കിർക്കിന് അമേരിക്കയുടെ പരമോന്നത ബഹുമതി
വാഷിംഗ്ടൺ ഡിസി: വെടിയേറ്റു മരിച്ച യുവജന ഇൻഫ്ലുവൻസറും കൺസർവേറ്റീവ് ആക്ടിവിസ്റ്റുമായ ചാർലി കിർക്കിന് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ പ്രസിഡൻഷൽ മെഡൽ ഓഫ് ഫ്രീഡം നൽകി.
ചാർലിയുടെ 32-ാം ജന്മദിനമായ കഴിഞ്ഞ 14ന് വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിൽനിന്ന് ചാർലിയുടെ ഭാര്യ എറിക്ക കിർക്ക് പുരസ്കാരം ഏറ്റുവാങ്ങി.
എല്ലാ വർഷവും ഒക്ടോബർ 14ന് ചാർലി കിർക്കിന്റെ ദേശീയ അനുസ്മരണദിനമായി ആചരിക്കുമെന്ന് ചടങ്ങിൽ ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, മാർക്കോ റുബിയോ, ബെൻ, അർജന്റീന പ്രസിഡന്റ് തുടങ്ങി നിരവധി പ്രമുഖരും പങ്കെടുത്തു.
ഡാളസിൽ അന്തരിച്ച പൂഴിക്കാലയിൽ ഷാജി ഫിലിപ്പിന്റെ പൊതുദർശനം ഇന്ന്
ഡാളസ്: തിരുവല്ല തടിയൂർ പൂഴിക്കാലയിൽ കുടുംബാംഗമായ ഡാളസിൽ അന്തരിച്ച ഷാജി ഫിലിപ്പിന്റെ (70) പൊതുദർശനം ഇന്ന് വൈകുന്നേരം 6.30 മുതൽ 8.30 വരെ ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) നടക്കും.
സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.30 മുതൽ ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ദേവാലയത്തിൽ നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019).
ഭാര്യ: ഷേർലി, മകൾ: സൂസൻ. സഹോദരങ്ങൾ: പരേതനായ ഫിലിപ്പ് ജോൺസ്, ആനി തോമസ്, സൂസമ്മ ഫിലിപ്പ്, റെയ്ച്ചൽ തോമസ്, ലാലി ഈശോ, അന്ന തോമസ്.
സംസ്കാര ചടങ്ങുകൾ www.provisiontv.in എന്ന വെബ്സൈറ്റില്‍ കാണാവുന്നതാണ്.
അശോക് നായർ ഡാളസിൽ അന്തരിച്ചു
ഡാളസ്: റാന്നി പുല്ലുപുറം തറമണ്ണിൽ അശോക് നായർ(63) ഡാളസിൽ അന്തരിച്ചു. കേരളത്തിൽ നിന്നും അമേരിക്കയിൽ എത്തിയ അശോക് നായർ നിരവധി വർഷം ന്യൂജഴ്സിയിലെ താമസത്തിനു ശേഷം 20 വർഷം മുമ്പാണ് ഡാളസിലെ ഫ്രിസ്കോയിൽ താമസമാക്കിയത്.
സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ശ്രീകല അശോക്. മക്കൾ: സാഗർ നായർ, സ്വാതി നായർ. മരുമക്കൾ: മോനിഷ മോഹൻ, അശ്വൻ നായർ.
സഹോദരങ്ങൾ :സരസമ്മ നായർ ന്യൂജഴ്സി, പത്മിനി പിള്ള, ലളിതാ ഗംഗാധരൻ ഇരുവരും ഇന്ത്യ
ലീല സ്വാമി ഒഹായോ, തങ്കമണി നായർ ന്യൂജഴ്സി, അജയ് നായർ ന്യൂജഴ്സി.
സംസ്കാര ചടങ്ങുകൾ പിന്നീട് ഡാളസിൽ ഗുരുസ്വാമി പാർഥസാരഥി പിള്ളയുടെ മുഖ്യകാർമികത്വത്തിൽ.
കൂടുതൽ വിവരങ്ങൾക്ക്: അജയ് നായർ - 2015728531.
ചാക്കോ ജോൺ സിയാറ്റിൽ അന്തരിച്ചു
വാഷിംഗ്ടൺ ഡിസി: തൃശൂർ കൂട്ടാല പുത്തൻപുരയ്ക്കൽ ജോൺ മകൻ ചാക്കോ (കുഞ്ഞച്ചൻ - 81) സിയാറ്റിൽ അന്തരിച്ചു. സിയാറ്റിൻ ഐപിസി സഭ അംഗമാണ്.
ഭാര്യ: സാറാമ്മ (കുഞ്ഞുപെണ്ണ്). മക്കൾ ബിജു ചാക്കോ (മെയ്ജോ), മിനി ജോസ്. മരുമക്കൾ ജെസി ബിജു, ജോസ് (എല്ലാവരും സിയാറ്റിൽ). സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക്: ബിജു ചാക്കോ - 425 350 1339.
പാസമ്മ പോൾ ദാസ് റോക്ക്ലാൻഡിൽ അന്തരിച്ചു
ന്യൂയോർക്ക്: പാസമ്മ പോൾ ദാസ് (പൊന്നമ്മ-76) റോക്ക്ലാൻഡിൽ അന്തരിച്ചു. 76-ാമത് ജന്മദിനത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയായിരുന്നു അന്ത്യം. പ്രമുഖ കമ്യുണിറ്റി നേതാവും സാമൂഹിക പ്രവർത്തകനുമായ തിരുവനന്തപുരം സ്വദേശി മത്തായി പി. ദാസിന്റെ ഭാര്യയാണ്.
ഇടയ്ക്കോട് ഗ്രാമത്തിൽ ജനിച്ച അവർ പരേതനായ സ്കൂൾ പിൻസിപ്പൾ പോൾ ഡേവിഡിന്റെയും സ്നേഹപ്പൂ പോളിന്റെയും മകളാണ്. മാർത്താണ്ഡം വനിതാ കോളേജിൽ പഠിച്ച അവർ അമേരിക്കയിലേക്ക് താമസം മാറിയ ശേഷം ആൽബനിയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടറിൽ ബിരുദം നേടുകയും ചെയ്തു.
1970-ൽ മത്തായി പി. ദാസിനെ വിവാഹം കഴിച്ചു. പിറ്റേ വർഷം യുഎസിലെത്തി. ആദ്യം ആൽബനിയിലും തുടർന്ന് ബ്രോങ്ക്സിലും താമസിച്ചു. 1986-ൽ കുടുംബം റോക്ക്ലാൻഡ് കൗണ്ടിയിൽ സ്ഥിരതാമസമാക്കി. ന്യൂസിറ്റിയിലെ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയിലെ സമർപ്പിത അംഗങ്ങളായി കുടുംബം മാറുകയും ചെയ്തു.
ഔവർ ലേഡി ഓഫ് മേഴ്സി മെഡിക്കൽ സെന്ററിൽ നിന്നാണ് 67-ാം വയസ്സിൽ വിരമിച്ചത്. മകൾ സാൻഡി, മരുമകൻ ജോയ്ദീപ് റോയ്ചൗധുരി, മകൾ ജൂലി, മകൻ സാജു, മരുമകൾ സീമ. സഹോദരി ഗ്ലോറിയ (പരേതനായ സതീഷ് പോളിന്റെ ഭാര്യ).
പൊതുദർശനം വെള്ളിയാഴ്ച മൂന്ന് മുതൽ എട്ട് വരെ സെന്റ് ജോർജ് ചർച്ച്, 580 ന്യൂ ഹെംപ്സ്റ്റെഡ് റോഡ്, പൊമോണ, ന്യൂയോർക്ക് 10970ൽ വൈകുന്നേരം അഞ്ചിന് രണ്ടാം ശുശ്രൂഷ; 6.30ന് സന്ധ്യാപ്രാർഥനയും മൂന്നാം ശുശ്രൂഷയും.
സംസ്കാരം ശനിയാഴ്ച രാവിലെ 8.15ന് പ്രഭാത പ്രാർഥന, ഒമ്പതിന് ഹോളി കുർബാന, 10.30 - 11.30 നാലാം ശുശ്രൂഷ സെന്റ് ജോർജ് ചർച്ച്.
തുടർന്ന് സംസ്കാരം 39, ജെർമണ്ട്സ് റോഡ്, ന്യൂസിറ്റി, ന്യൂയോർക്ക് 10956.
ലൈവ്: https://www.youtube.com/live/K0q-PuehZCA
തോമസ് ജേക്കബ് ന്യൂജഴ്സിയില്‍ അന്തരിച്ചു
ന്യൂജഴ്സി: കോട്ടയം കളത്തിപ്പടി കേളയില്‍ തോമസ് ജേക്കബ് (ഉണ്ണി - 81) ന്യൂജഴ്സിയില്‍ അന്തരിച്ചു. ഭാര്യ ഈട്ടിമൂട്ടില്‍ മോളി ജേക്കബ്, തെങ്ങുക്കാവ്. മക്കള്‍: ജെന്നി, ജെമി, ഗായിക ജിനു. മരുമക്കള്‍: അനിഷ്, ലിലിബ്, വിശാല്‍.
സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സെന്റ് തോമസ് സീറോമലബാര്‍ പള്ളിയിൽ (508 എലിസബത്ത് അവന്യു, സോമര്‍സെറ്റ്, ന്യൂജഴ്സി - 08873).
തുടര്‍ന്ന് സംസ്കാരം റെസറക്ഷന്‍ സെമിത്തെരിയിൽ (899 ഈസ്റ്റ് ലിങ്കന് അവന്യു, പിസ്കറ്റവേ, ന്യു ജെഴ്സി-08854).
ടെക്സസിൽ അഞ്ച് വയകാരിയെ കൈയിൽ പിടിച്ചു തള്ളി; അധ്യാപിക അറസ്റ്റിൽ
ടെക്സസ്: അഞ്ച് വയസുകാരിയെ ഉപദ്രവിച്ചതിന് അന്ന ഐഎസ്ഡിയിലെ ഹെൻഡ്രിക്സ് എലമെന്ററി സ്കൂളിലെ കിൻഡർഗാർട്ടൻ അധ്യാപികയായ മിക്കേയ്ലാ ബെത്ത് പ്രീസ്റ്റ് അറസ്റ്റിൽ.
കുട്ടിയുടെ കെെയിൽ പിടിച്ച് തള്ളിയെന്നാണ് അധ്യാപികയ്ക്കെതിരെയുള്ള പരാതി. കുട്ടിയുടെ കെെയിൽ പാട് കണ്ടതിനെത്തുടർന്ന് അധ്യാപികയെ സ്കൂളിൽ നിന്ന് പുറത്താക്കി.
ഇനി മിക്കേയ്ലായെ അധ്യാപന ജോലിയിൽ പ്രവേശിപ്പിക്കില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. കുട്ടികൾക്കെതിരെയുള്ള ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കൂട്ടിച്ചേർത്തു.
അമേരിക്കൻ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സർജൻസിന്റെ പ്രസിഡന്റായി ഡോ. സി. ബോബ് ബസുവിനെ നിയമിച്ചു
ന്യൂ ഓർലിയൻസ് (ലൂസിയാന): ഡോ. സി. ബോബ് ബസുവിനെ അമേരിക്കൻ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സർജൻസി പ്രസിഡന്റായി നിയമിച്ചു. ലോകത്തിലെ ഏറ്റവും വലിയ ബോർഡ് സർട്ടിഫൈഡ് പ്ലാസ്റ്റിക് സർജൻമാരുടെ സംഘടനയാണിത്. 12ാം തീയതി ന്യൂ ഓർലിയൻസിൽ നടന്ന വാർഷിക സമ്മേളനത്തിൽ ഡോ. സി. ബോബ് ബസു ചുമതലയേറ്റു.
പ്രിൻസ്ടൺ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ഡോ. ബസു, ടഫ്റ്റ്സ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദവും പബ്ലിക് ഹെൽത്ത് ബിരുദവും ബ്രാൻഡൈസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. ബെയ്ലർ കോളജ് ഓഫ് മെഡിസിനിലെ മൈക്കൽ ഇ. ഡിബേക്കി ഡിപ്പാർട്ട്മെന്റ് ഓഫ് സർജറിയിൽ പ്ലാസ്റ്റിക് സർജറി റസിഡൻസിയും പൂർത്തിയാക്കിയിട്ടുണ്ട്.
ഹ്യൂസ്റ്റണിൽ ആസ്ഥാനമാക്കിയിരിക്കുന്ന ഡോ. ബസു, ബസു എസ്തറ്റിക്സ് + പ്ലാസ്റ്റിക് സർജറിയുടെ മേധാവിയാണ്. അദ്ദേഹത്തിന് ഇതുവരെ 18,000ലധികം ശസ്ത്രക്രിയകൾ നടത്താനായിട്ടുണ്ട്. പ്രസിഡന്റെന്ന നിലയിൽ, ലോകമാകെയുള്ള 11,000 അംഗങ്ങൾക്കായി കൂടുതൽ വ്യക്തിഗതമായി സാങ്കേതിക വിദ്യയുടെയും കൃത്രിമ ബുദ്ധിയുടെയും സഹായത്തോടെ വിദ്യാഭ്യാസവും പ്രൊഫഷണൽ വിഭവങ്ങളും വാഗ്ദാനം ചെയ്യാനാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർഥിയായ അനു സ്കറിയയ്ക്ക് മാപ്പിന്റെ പിന്തുണ
ഫിലഡൽഫിയ ∙ 202628 കാലയളവിലേക്കുള്ള ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർഥിയായി അനു സ്കറിയയെ പിന്തുണച്ച് ഫിലഡൽഫിയയിലെ മലയാളി അസോസിയേഷൻ (MAP - Malayalee Association of Philadelphia). . മാപ്പിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയും ബോർഡ് ഓഫ് ട്രസ്റ്റീസും ചേർന്നാണ് പിന്തുണ അറിയിച്ചത്.
അനു സ്കറിയയുടെ ദർശനം, പ്രഫഷനലിസം, ഉൾക്കൊള്ളുന്ന സമീപനം എന്നിവ ഒരു സംഘടനയെന്ന നിലയിൽ ഫോമായുടെ ഐക്യത്തിനും വളർച്ചയ്ക്കും വലിയ ശക്തി നൽകുമെന്ന് മാപ് ഭാരവാഹികൾ പറയുന്നു.
അനു സ്കറിയയ്ക്ക് ഞങ്ങളുടെ പൂർണ പിന്തുണയും ആശംസകളും അറിയിക്കുന്നുവെന്ന് മാപ് ജനറൽ സെക്രട്ടറി ലിജോ ജോർജ് പ്രസ്താവനയിൽ അറിയിച്ചു. ഫോമായെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന ആത്മവിശ്വാസം മാപ് നേതൃത്വം പങ്കുവച്ചു.
കെഎച്ച്എൻഎ അധികാരക്കൈമാറ്റം ആഘോഷമാക്കി ഫ്ലോറിഡ ഹിന്ദു സംഘടനകൾ
റ്റാംപ: കെഎച്ച്എൻഎയുടെ പതിനാലാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കുള്ള അധികാരക്കൈമാറ്റം വിവിധ ആഘോഷ പരിപാടികളോടെ റ്റാംപയിൽ നടന്നു.
റമദാ വെസ്റ്റ്ഷോർ ബാൻകറ്റ് ഹാളിൽ ഭാരവാഹികൾ ഭദ്രദീപം തെളിയിച്ച് കാര്യപരിപാടികൾ ആരംഭിച്ചു. ധികാരക്കൈമാറ്റത്തിനു മുൻപ് സെമിനാർ നടന്നു. പ്രസിഡന്റ് ഉണ്ണികൃഷ്ണന്റെ ഹൃദ്യമായ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച കോൺക്ലേവിൽ മുൻ പ്രസിഡന്റ് സുരേന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി.

സ്ഥാനമൊഴിയുന്ന ട്രഷറർ രഘുവരൻ നായർ പ്രസംഗിച്ചു.തുടർന്ന് കൗമാരം പിന്നിട്ടു യുവത്വത്തിലേക്കു കടക്കുന്ന അമേരിക്കൻ മണ്ണിൽ ജനിച്ചു വളരുന്ന യുവതീയുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കുന്നതിനായി നടപ്പിലാക്കേണ്ട കർമ്മപദ്ധതികളെക്കുറിച്ച് സിൽവർജൂബിലി കൺവൻഷൻ ചെയർമാൻ സുനിൽ പൈഗോൾ സംസാരിച്ചു.
കോൺക്ലേവിന്റെ സമാപനം കുറിച്ചുകൊണ്ടു സംസാരിച്ച നിയുക്ത സെക്രട്ടറി സിനു നായർ മൂല്യാധിഷ്ഠിത കുടുംബ സങ്കൽപ്പവും കുഞ്ഞുങ്ങളെ കൂടെക്കൂട്ടിയുള്ള മുന്നേറ്റത്തെ കുറിച്ചും സംസാരിച്ചു.

ഉച്ചക്കുശേഷം ട്രസ്റ്റി ബോർഡിന്റെ നിയന്ത്രണത്തിൽ നടന്ന യോഗം കർണാടക സംഗീത രംഗത്ത് അമേരിക്കയിൽ ശ്രദ്ധേയനായ ഹരി കോയിപ്പള്ളിയുടെ പ്രാർഥനാഗാനത്തോടെ ആരംഭിച്ചു. സുധ കർത്ത സ്വാഗതം ആശംസിച്ചു.
ട്രസ്റ്റി ബോർഡ് ചെയർമാൻ ഗോപിനാഥ കുറുപ്പ്, എക്സിക്യൂട്ടീവ് ചെയർ പേഴ്സൺ ഡോ. രഞ്ജിനി പിള്ള, പ്രസിഡന്റ് ഡോ. നിഷ പിള്ള ട്രസ്റ്റി സെക്രട്ടറി രതീഷ് നായർ, നിയുക്ത ചെയർ പേഴ്സൺ വനജ നായർ എന്നിവർ സംസാരിച്ചു.

പ്രസിഡന്റ് ഡോ. നിഷ പിള്ള പുതിയ പ്രസിഡന്റ് ഉണ്ണികൃഷ്ണന് സംഘടനയുടെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കോർപറേറ്റ് രേഖകൾ കൈമാറി. സെക്രട്ടറി മധു ചെറിയേടത്ത് സംഘടനാറജിസ്റ്ററുകൾ സിനു നായർക്കും ട്രഷറർ രഘുവരൻ നായർ ഫിനാൻഷ്യൽ രേഖകൾ നിയുക്ത ട്രഷറർ അശോക് മേനോനും കൈമാറി. ട്രസ്റ്റി ബോർഡിന്റെ രേഖകൾ രതീഷ് നായരിൽ നിന്ന് സെക്രട്ടറി ഡോ. സുധിർ പ്രയാഗയും ട്രസ്റ്റി ബോർഡിന്റെ സഞ്ചിതനിധിയുടെ ബാങ്ക് വിവരങ്ങൾ ഗോപിനാഥ കുറുപ്പിൽ നിന്ന് വനജ നായരും സ്വീകരിച്ചു.

അനന്തരം സംസാരിച്ച പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ വിജയിപ്പിച്ച അംഗങ്ങളോടും സ്ഥാനം ഒഴിഞ്ഞ ഭാരവാഹികളോടും നന്ദി പറഞ്ഞു. വൈസ് പ്രഡിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ ജോയിന്റ് ട്രഷറർ അപ്പുകുട്ടൻ പിള്ള, തിരഞ്ഞെടുക്കപ്പെട്ട ബോർഡ് അംഗങ്ങൾ എന്നിവരെയും പിന്നാലെ പരിചയപ്പെടുത്തി.
നാലുവർഷത്തെ സേവനം പൂർത്തിയാക്കി പടിയിറങ്ങിയ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ അനിൽകുമാർ പിള്ള സേവനകാലത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും പുതുതായി കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ട സുധ കർത്ത, ഗോപാലൻ നായർ, രാമദാസ് പിള്ള എന്നിവർ ഉൾപ്പെടെയുള്ള പുതിയ ഭാരവാഹികൾക്ക് ആശംസയർപ്പിക്കുകയും ചെയ്തു. രണ്ടു ദിവസമായി നടന്ന പരിപാടികളിൽ ക്ഷണിക്കപ്പെട്ട ഇരുന്നൂറ്റിയമ്പതിലധികം പ്രതിനധികള്‍ പങ്കെടുത്തു.
ചടങ്ങിൽ 50,000ലധികം ഡോളർ സീഡ് മണി സമാഹരിക്കാനായത് പ്രതിനിധികളിൽ കൂടുതൽ ഉത്സാഹം പകർന്നു. സെക്രട്ടറി സിനു നായരുടെ നന്ദി പ്രകടനത്തിനു ശേഷം ആത്മ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളോടെ ചടങ്ങുകൾ സമാപിച്ചു.
റവ. ഫാ. ഡേവിസ് ചിറമേൽ നയിക്കുന്ന ബൈബിൾ കൺവൻഷന് വെള്ളിയാഴ്ച മുതൽ
ഡാളസ് : പ്രസിദ്ധ കണ്വന്ഷന് പ്രസംഗകനും പ്രമുഖ വേദപണ്ഡിതനും, ധ്യാന ഗുരുവും, ചിന്തകനും, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനുമായ റവ . ഫാ ഡേവിസ് ചിറമേലിന്റെ ദൈവവചനപ്രഘോഷണം ശ്രവിക്കുവാന് അവസരം ഒരുങ്ങുന്നു.
ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബർ 17, 18 (വെള്ളി, ശനി) തീയതികളില്‍ മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയിൽ വച്ച് നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വന്‍ഷനില്‍ റവ. ഫാ ഡേവിസ് ചിറമേൽ തിരുവചനപ്രഘോഷണം നടത്തും.
വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍ ഒമ്പതേ വരെയും ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ വൈകിട്ട് വരരെ നടത്തപ്പെടുന്ന കണ്വന്ഷന് യോഗങ്ങള്‍ ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും. കണ്വന്ഷന് യോഗങ്ങള്‍ അനുഗ്രഹകരമാക്കി തീര്‍ക്കുന്നതിന് ഏവരെയും സഭാ വൃത്യാസം കൂടാതെ യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൺവെൻഷൻ യോഗങ്ങൾ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
റവ. എബ്രഹാം വി സാംസൺ :2148864532, ബിജോയ് ബാബു:6825619820, ജോ ഇട്ടി:2146041058,
ബിപിൻ ജോൺ :4699559609, ദിബു ബെഞ്ചമിൻ:6898001218, ജോബി ജോൺ:2142353888
എസ്എംസിസി രൂപതാ ജൂബിലി: ഭവന നിർമാണ പദ്ധതിക്ക് തുടക്കമായി
ഷിക്കാഗോ: സീറോമലബാർ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (എസ്എംസിസി) നേതൃത്വത്തിൽ ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഭവന നിർമ്മാണ ചാരിറ്റി പദ്ധതിക്ക് തുടക്കം കുറിച്ചു.
രൂപതയുടെ പ്രഥമ ബിഷപ് ജേക്കബ് അങ്ങാടിയത്തിന്റെ ജൂബിലിയും ഈ ആഘോഷങ്ങളുടെ ഭാഗമാണ്. തലശേരി രൂപതയിലെ പേരട്ട ഇടവകയിൽപ്പെട്ട പാവപ്പെട്ട ഒരു കുടുംബത്തിന് വീട് പണിതു തീർക്കാനുള്ള ചുമതലയാണ് എസ്എംസിസി ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ സീറോമലബാർ സഭാ അത്മായ സംഘടനയായ എകെസിസിയുമായി ചേർന്നാണ് ഈ പദ്ധതി പൂർത്തീകരിക്കുന്നത്.
ഷിക്കാഗോ രൂപതയിലെ അത്മായ സംഘടന എന്ന നിലയിൽ ഷിക്കാഗോ സെന്റ് തോമസ് രൂപത ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ നാട്ടിലെ പാവപ്പെട്ട കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യവുമായാണ് എസ്എംസിസി ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. രണ്ട് വർഷം മുമ്പ് എസ്എംസിസി ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കരയിൽ 20-ഓളം ഹൈസ്കൂൾ കുട്ടികൾക്ക് സ്കോളർഷിപ്പും മറ്റ് ചാരിറ്റി പ്രവർത്തനങ്ങളും നടത്തുകയുണ്ടായി.
എസ്എംസിസി ഭാരവാഹികളായ സിജിൽ പാലക്കലോടി, മേഴ്സി കുര്യാക്കോസ്, ജോസ് സെബാസ്റ്റിയൻ, ജോർജ് പുല്ലാപ്പള്ളി, ജോർജ് ജോർജ്, മാത്യു ചാക്കോ, ബൈജു വിതയത്തിൽ, ജിയോ മാത്യൂസ്, ജോസഫ് പയ്യപ്പള്ളി, മിനി വിതയത്തിൽ, മാത്യൂ തോയലിൽ, സേവി മാത്യു, ജോൺസൻ കണ്ണൂക്കാടൻ, ആന്റോ കവലക്കൽ, ബോസ് കുര്യൻ, റോഷൻ പ്ലാമൂട്ടിൽ, ജോജോ കോട്ടൂർ, ഷാജി മിറ്റത്താനി, ജെയിംസ് ഓലിക്കര, അരുൺദാസ്, എൽസി വിതയത്തിൽ, ബാബു ചാക്കോ, ജോസ് കണ്ണൂക്കാടൻ, കുര്യാക്കോസ് ചാക്കോ, ഫാ. ജോഷി എളമ്പാശേരിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു ടീമാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
ഫോർട്ട് ബെൻഡ് കൗണ്ടിയിൽ പുതിയ പ്രിസിംക്റ്റ് മാപ്പിന് അംഗീകാരം
ടെക്സസ്: ഫോർട്ട് ബെൻഡ് കൗണ്ടിയിലെ കമ്മിഷണർമാരുടെ കോടതി പുതിയ പ്രിസിംക്റ്റ് (നിയമസഭാ മേഖലാ) മാപ്പിന് 3-2 എന്ന ഭൂരിപക്ഷത്തോടെ അംഗീകാരം നൽകി. രാഷ്ട്രീയമായ കടുത്ത അഭിപ്രായഭിന്നതകൾക്കും ചർച്ചകൾക്കും ശേഷമാണ് തീരുമാനം.
പുതിയ മാപ്പ് റിപ്പബ്ലിക്കൻ-ഡെമോക്രാറ്റിക് പാർട്ടികൾക്ക് തുല്യമായി രണ്ട് വീതം പ്രിസിംക്റ്റുകൾ നൽകി രാഷ്ട്രീയ അവകാശവത്കരണത്തിൽ തുല്യത ഉറപ്പാക്കുമെന്ന് പിന്തുണക്കാർ വാദിക്കുന്നു. എന്നാൽ, ചില പ്രദേശങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളെ വിഭജിക്കാനുള്ള ശ്രമമാണിതെന്നാണ് വിമതരുടെ ആരോപണം.
കമ്മിഷണർമാരായ ഡെക്സ്റ്റർ മക്കോയ്, ഗ്രേഡി പ്രസ്റ്റേജ് എന്നിവർ പദ്ധതിക്കെതിരായി വോട്ടുചെയ്തു. ഇത് ഫോർട്ട് ബെൻഡിന്റെ വൈവിധ്യമാർന്ന ജനസംഖ്യയെ അവഗണിക്കുന്നതാണെന്ന് മക്കോയ് കുറ്റപ്പെടുത്തി.
കോടതിയിൽ 20ലധികം പൗരന്മാർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ജഡ്ജ് കെ.പി. ജോർജിന് പലവട്ടം സഭയിൽ ശാന്തത പുനഃസ്ഥാപിക്കേണ്ടി വന്നു. പുതിയ മാപ്പ് നിലവിൽ നിയമപരമായി അംഗീകൃതമാണ്.
എങ്കിലും ഇതിനെതിരേ നിയമ നടപടികൾ ഉണ്ടാകുമോ എന്ന കാത്തിരിക്കുകയാണ് സാമൂഹിക പ്രവർത്തകരും നിയമ വിദഗ്ധരും.
മാർത്തോമ്മാ സൗത്ത് ഈസ്റ്റ് റീജിയണൽ സേവികാ സംഘം റീജിയണൽ മീറ്റിംഗും ടാലന്റ് ഫെസ്റ്റും സംഘടിപ്പിച്ചു
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സൗത്ത് ഈസ്റ്റ് റീജിയണൽ സേവികാ സംഘത്തിന്റെ നേതൃത്വത്തിൽ സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് ഡെലവെയർ വാലിയിൽ റീജിയണൽ മീറ്റിംഗും ടാലന്റ് ഫെസ്റ്റും സംഘടിപ്പിച്ചു.
റവ. ഷെറിൻ ടോം മാത്യൂസിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട സമ്മേളനത്തിൽ ന്യൂയോർക്ക് ലോംഗ് ഐലൻഡ് മാർത്തോമ്മാ ഇടവക വികാരി റവ. ജോസി ജോസഫ് മുഖ്യ സന്ദേശം നൽകി. റവ. അരുൺ സാമുവേൽ വർഗീസ് പ്രാരംഭ പ്രാർഥനയും റവ. ഫിലിപ്പോസ് ജോൺ സ്വാഗതവും ആശംസിച്ചു.
തുടർന്ന് നടന്ന കലാ മത്സരങ്ങളിൽ ഗ്രൂപ്പ് സോംഗ് മത്സരത്തിൽ റെഡീമർ മാർത്തോമ്മാ ചർച്ച് ഒന്നാം സ്ഥാനവും ബാൾട്ടിമോർ മാർത്തോമ്മാ ചർച്ച് രണ്ടാം സ്ഥാനവും സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് ഡെലവെയർ വാലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ബൈബിൾ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം റെഡീമർ മാർത്തോമ്മാ ചർച്ചിനും രണ്ടാം സ്ഥാനം സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ചർച്ചിനും മൂന്നാം സ്ഥാനം ഫിലഡൽഫിയ മാർത്തോമ്മാ ചർച്ചിനും ലഭിച്ചു.
ബൈബിൾ റീഡിംഗ് (മലയാളം & ഇംഗ്ലിഷ്) 18 മുതൽ 49 വയസ് പ്രായമുള്ളവർക്കും 50 വയസിന് മുകളിൽ പ്രായമായവർക്കും വേണ്ടി നടത്തി. റവ. ജോസി ജോസഫ്, സിൻസി മാത്യൂസ്, ജിതിൻ കോശി, എസ്ഥേർ ഫിലിപ്പ് എന്നിവർ മത്സര വിധികർത്താക്കളായി പ്രവർത്തിച്ചു.
റീജിയണൽ സെക്രട്ടറിയും ഭദ്രാസന സേവികാ സംഘം സെക്രട്ടറിയുമായ നോബി ബൈജു നന്ദി പറഞ്ഞു. ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം റവ. ടിറ്റി യോഹന്നാന്റെ പ്രാർഥനയോടും റവ. ജോസി ജോസഫിന്റെ ആശീർവാദത്തോടും കൂടി സമാപിച്ചു.
ഫോമയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച
ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) ഒരുക്കുന്ന ജീവകാരുണ്യ ചികിത്സാ സഹായ പദ്ധതി ശനിയാഴ്ച രാവിലെ 10ന് എറണാകുളം പിറവം കൊച്ചുപള്ളി പാരിഷ് ഹാളിൽ നടക്കും.
പിറവം നഗരസഭാ പരിധിയിൽ വരുന്ന ഏകദേശം 450ഓളം കാൻസർ, കിഡ്നി, ഹൃദ്രോഗം, കിടപ്പുരോഗികൾ എന്നിവർക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണവും ഫോമയുടെ നേതൃത്വത്തിൽ ജൂലൈയിൽ അമൃത ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ മെഗാ മെഡിക്കൽ കാമ്പിൽ സഹകരിച്ച വെൽ കെയർ നഴ്സിംഗ് കോളജിലെ പതിനഞ്ചോളം വിദ്യാർഥികൾക്ക് മികച്ച ആരോഗ്യ പ്രവർത്തകർക്കുള്ള അവാർഡുകളും കൂടാതെ മെഡിക്കൽ കാമ്പിൽ സഹകരിച്ച പിറവം നഗരസഭയിലെ ആശ വർക്കർമാരെയും ഫോമ ഇതേ വേദിയിൽ വച്ച് ആദരിക്കും.
തദവസരത്തിൽ 2025ലെ ഏറ്റവും മികച്ച കർഷകനായി സംസ്ഥാന സർക്കാർ തെരഞ്ഞെടുത്ത മോനു വർഗീസ് മാമനെയും മികച്ച ലഹരി വിരുദ്ധ പ്രവർത്തകനായ ബേബി കാളിയംപറമ്പലിനെയും ആദരിക്കുന്നതാണ്.
കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ജോസ് ചാക്കോ പെരിയപ്പുറം മുഖ്യ പ്രഭാഷണം നടത്തും. കാൻസർ രോഗികൾക്കുള്ള ധനസഹായം, ഡയാലിസിസ് രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ് എന്നിവയുടെ വിതരണം "കെ. എം. മാണി ബജറ്റ് റിസർച്ച് സെന്റർ' ചെയർപഴ്സൺ നിഷ ജോസ് കെ. മാണി നിർവഹിക്കും.
തദവസരത്തിൽ മുൻ എംഎൽഎമാരായ വി.ജെ. പൗലോസ്, എം.ജെ. ജേക്കബ്, നഗരസഭാ ചെയർപഴ്സൻ അഡ്വ. ജൂലി സാബു, നഗരസഭാ വൈസ് ചെയർമാൻ കെ.പി. സലിം, കേരള ഹൈക്കോടതി മീഡിയേറ്റർ അഡ്വ. ചിൻസി ഗോപകുമാർ, സംസ്ഥാന ഭക്ഷ്യ സുരക്ഷാ സമിതി അംഗം അഡ്വ. കെ.എൻ. സുഗതൻ, റോട്ടറി ഇന്റർനാഷണൽ ഗിഫ്റ്റ് ഓഫ് ലൈഫ് കോഓർഡിനേറ്റർ ഡോ. എ.സി. പീറ്റർ തുടങ്ങിയവർ ആശംസകൾ നേരും.
പിറവം മുൻ നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബ് പരിപാടികൾക്ക് നേതൃത്വം നൽകും. 2026 ജനുവരിയിൽ കോട്ടയത്ത് നടക്കുന്ന ഫോമയുടെ കേരള കൺവൻഷന് മുന്നോടിയായി നടക്കുന്ന ഈ ജീവകാരുണ്യ ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ബേബി മണക്കൂന്നേൽ അറിയിച്ചു.
ഫോമ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫോമാ അംഗസംഘടനകളും പൊതുസമൂഹവും നൽകി വരുന്ന സഹായ-സഹകരണങ്ങൾക്ക് പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ നന്ദി അറിയിച്ചു.
ട്രംപിന്റെ അപ്രൂവൽ റേറ്റിംഗ് ഉയരുന്നതായി സർവേ ഫലങ്ങൾ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അപ്രൂവൽ റേറ്റിംഗ് ഉയരുന്നതായി ചില സർവേകൾ പറഞ്ഞു. ഗാസയിലെ സമാധാനകരാറിന് ശേഷം ദേശീയ തലത്തിൽ നടത്തിയ സർവേകളിലാണ് താഴേക്ക് പൊയ്ക്കൊണ്ടിരുന്ന അനുകൂല അഭിപ്രായങ്ങളുടെ ഗ്രാഫ് ട്രംപ് മെച്ചപ്പെടുത്തിയത്.
സമാധാന കരാറാണ് ഈ മാറ്റത്തിനു കാരണം എന്ന് വിലയിരുത്തുവാൻ വരട്ടെ, കാത്തിരുന്ന് ഒരു നിഗമനത്തിലെത്താം എന്ന് ട്രംപിനെ അനുകൂലിക്കാത്ത നിരീക്ഷകർ പറയുന്നുണ്ടെങ്കിലും ഇത്ര അധികം എതിർപ്പുകൾ നേരിടുമ്പോഴും തന്റെ പരിശ്രമങ്ങൾ തുടർന്ന് വിജയത്തിലെത്തിക്കുവാൻ ട്രംപിന് കഴിഞ്ഞു എന്ന് ഭൂരിപക്ഷം നിരീക്ഷകരും പറയുന്നു.
ഒരു ഡീൽമേക്കർ എന്ന വിശേഷണം തനിക്കു അർഹതപ്പെട്ടതാണ് എന്ന് ട്രംപ് വീണ്ടും തെളിയിച്ചു. ലോക രാഷ്ട്രീയ രംഗത്ത് തന്റെ ഇമേജ് ഒന്ന് കൂടി ഉയർത്തുവാൻ ട്രംപിന് കഴിഞ്ഞു എന്ന കാര്യത്തിൽ സംശയമില്ല.
ട്രംപിന്റെ അപ്രൂവൽ റേറ്റിംഗ് ഉയരുന്നതിനു മറ്റു ചിലർ നൽകുന്ന വ്യാഖ്യാനം അമേരിക്കൻ വോട്ടർമാർ ഇന്റർനാഷണൽ ഡിപ്ലോമസിയിൽ അദ്ദേഹത്തിന്റെ റോളിന് കൂടുതൽ അംഗീകാരം നൽകുന്നു എന്നതാണ്. നിർണായകമായ 2026ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയെയും ട്രംപിനെയും വിശ്വാസ്യമായി കൂടുതൽ പേർ കരുതും എന്നൊരു നിരീക്ഷണവും ഉണ്ടായിട്ടുണ്ട്.
ഒക്ടോബര്‍ 10 മുതൽ 12 വരെ നടത്തിയ മോർണിംഗ് കൺസൾട് സർവേയിൽ ട്രംപിന്റെ അപ്രൂവൽ +8 ആയി ഉയർന്നു. ഒക്ടോബർ മൂന്ന് മുതൽ അഞ്ച് വരെ നടത്തിയ സർവേയിൽ ഇത് +3 മുതൽ +5 വരെ ആയിരുന്നു (ഗാസ ഉടമ്പടിക് മുമ്പ്).
റാസ്മുസെൻ റിപോർട്സും -10ൽ നിന്ന് -7 ലേക് അപ്പ്രൂവൽ റേറ്റിംഗ് ഉയർന്നതായി പറഞ്ഞു. ഈ സർവേകളിൽ നെഗറ്റീവ് റിപ്പോർട്ടുകളാണ് ഇതുവരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരു ആർഎംജി സർവേയിൽ ട്രംപ് + 3 ആയി തുടരുന്നതായി പറഞ്ഞു.
പൊതു ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിക്കുന്നതിനു മുൻപാണ് ഈ ഫലം. ഇത് ഒക്ടോബർ ഒന്ന് മുതൽ ഒമ്പത് വരെ നടത്തിയ സർവേയുടെ ഫലമാണ്. ന്യൂസ്വീക് സർവേ ഒരു ചെറിയ നേട്ടം രേഖപ്പെടുത്തി -8ൽ നിന്ന് ഒരു പോയിന്റ് ഉയർന്നു -7 ആയി എന്ന് പറഞ്ഞു.
ട്രംപിന്റെ സമാധാന നിർദേശത്തിൽ 20 പോയിന്റുകളാണ് മുൻപോട്ടു വച്ചിരുന്നത്. ഇസ്രയേലും ഹമാസും തമ്മിൽ 2023 ഒക്ടോബർ ഏഴിനു ആരംഭിച്ച യുദ്ധത്തിന് വിരാമം ഉണ്ടാവുക എന്നതായിരുന്നു ആദ്യ ഘട്ടം.
ഇതനുസരിച്ചു ഹമാസ് ഗാസയിൽ യുദ്ധ തടവുകാരായി വച്ചിരുന്ന ഇസ്രായേലി കളെയും പകരം ഇസ്രേലികൾ തടവിൽ വച്ചിരുന്ന 2000 ഓളം പലെസ്ടിനികളെയും വിട്ടയക്കുവാൻ രണ്ടു കക്ഷികളും സമ്മതം നൽകിയിരുന്നു.
ഈ ഉടമ്പടി ശരം എൽ ഷെയ്ഖ് ഉച്ചകോടിയിൽ ഒക്ടോബർ 13നു ഈജിപ്തിന്റെയും ഖത്തറിന്റെയും അനവധി യൂറോപ്യൻ ഗവൺമെന്റുകളുടെയും പിൻതുണയോടെയും ആണ് ഉണ്ടാക്കിയത്. ഇതിൽ ഇടനിലക്കാരനായി ട്രംപ് പ്രവർത്തിച്ചു.
ട്രംപ് ആദ്യം ഇത് മധ്യ പൂർവ പ്രദേശത്തെ സമാധാനത്തിന്റെ പുതു പിറവിയായി വിശേഷിപ്പിച്ചു. ആദ്യം മടിച്ചു നിന്നെങ്കിലും പിന്നീട് നിർണായകമായ ആദ്യ ചുവടു വയ്പായി വിദേശ രാഷ്ട്രങ്ങൾ വിശേഷിപ്പിച്ചു.
അഭിപ്രായ സർവേകളിൽ നിന്ന് വ്യക്തമായത് 54 ശതമാനം അമേരിക്കക്കാർ ഈ ഉടമ്പടിയെ പിന്തുണക്കുന്നു എന്നാണ്. ഒക്ടോബര്‍ ഒമ്പതിനു നടത്തിയ യു ഗവ. പോളിൽ 54 ശതമാനം പേരും സമാധാന പദ്ധതിയുടെ ഒന്നാം ഘട്ടത്തെ അനുകൂലിച്ചു. 34 ശതമാനം പേർ ട്രംപ് ഈ ഉടമ്പടിയിൽ നിർണായക പങ്കുവഹിച്ചു എന്ന് സമ്മതിച്ചു.
വടക്കൻ ഗാസയിൽ ഇസ്രായേലി സേനകൾ യുദ്ധം തുടരുന്നതായി ആരോപണം ഉണ്ടായി. ഹമാസ് സേനകൾ പല ഭാഗങ്ങളിലേക്കു മാറി നില ഉറപ്പിച്ചതായും റിപോർട്ടുകൾ പറഞ്ഞു. സഹായം എത്തിക്കുന്ന സംഘടനകൾ ഗാസയിൽ ഇപ്പോഴും ഒരു ഹ്യുമാനിറ്റേറിയൻ ക്രൈസിസ് ഉണ്ടെന്നു പറഞ്ഞു.
ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദ റെഡ് ക്രോസ് തടവിലാക്കിയിരുന്നവരെയോ അവരുടെ ശരീര അവശിഷ്ടങ്ങളെയോ കണ്ടെത്തുന്നത് ഒരു വലിയ വെല്ലുവിളി ആണെന്ന് പറഞ്ഞു. ഹമാസിന്റെ നിരായുധീകരണം, സർവവ്യാപിയായ നശീകരണം, ഗാസയുടെ ഭരണം തുടങ്ങിയവ ഇപ്പോഴും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളായി തുടരുകയാണെന്ന് പറഞ്ഞു.
ഐപിസിഎൻഎയുടെ മികച്ച സംഘടനയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കി മാഗ്
ഹൂസ്റ്റൺ: വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച മലയാളി സംഘടനക്കുള്ള 2025ലെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐപിസിഎൻഎ) പുരസ്കാരം കരസ്ഥമാക്കി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്).
ന്യൂജഴ്സിയിലെ എഡിസൺ നഗരത്തിൽ ഷെറാട്ടൺ ഹോട്ടലിൽ നടന്ന ഐപിസിഎൻഎ 11-ാമത് ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിൽ വച്ചായിരുന്നു അവാർഡ് നൽകി ആദരിച്ചത്. സാമൂഹ്യ സാംസ്കാരിക കായിക ആരോഗ്യ രംഗങ്ങളിൽ ഉള്ള മികച്ച സംഭാവനകളാണ് അവാർഡിനർഹം ആക്കിയത്.
പ്രസിഡന്റ് ജോസ് കെ. ജോൺ, സെക്രട്ടറി രാജേഷ് കെ. വർഗീസ്, ട്രഷറർ സുജിത്ത് ചാക്കോ, സ്പോർട്സ് കോഓർഡിനേറ്റർ മിഖായേൽ ജോയ്, ട്രസ്റ്റി ബോർഡ് അംഗം അനിൽ ആറന്മുള, മുൻ വൈസ് പ്രസിഡന്റ് സൈമൺ വാളാച്ചേരിൽ എന്നിവർ കൊല്ലം എംപി എം.കെ. പ്രേമചന്ദ്രനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
ഈ ബഹുമതി മാഗിന്റെ ബോർഡ് അംഗങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. പുരസ്കാരം എല്ലാ അംഗങ്ങൾക്കുമായി സമർപ്പിക്കുന്നതായി പ്രസിഡന്റ് ജോസ് കെ. ജോൺ പറഞ്ഞു.
പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ, റാന്നി എംഎൽഎ പ്രമോദ് നാരായണൻ, മാധ്യമപ്രവർത്തകരായ ജോണി ലൂക്കോസ്, ഹാഷ്മി താജ് ഇബ്രാഹിം, ലീൻ ബി. ജെസ്മസ്, സുജയ പാർവതി, അബ്ജോത് വർഗീസ്, മോത്തി രാജേഷ്, ഐപിസിഎൻഎ നാഷണൽ പ്രസിഡന്റ്സുനിൽ ട്രൈസ്റ്റാർ, നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്, നാഷണൽ ട്രഷറർ വിശാഖ് ചെറിയാൻ, നാഷണൽ വൈസ് പ്രസിഡന്റ് അനിൽ കുമാർ ആറന്മുള എന്നിവർക്കൊപ്പം മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അഡ്വൈസറി ബോർഡ് അംഗങ്ങളും സാമൂഹ്യ സാംസ്കാരിക രംഗത്തെ മറ്റ് പ്രമുഖരും സന്നിഹിതരായിരുന്നു.
1987ൽ ആരംഭിച്ച മാഗ് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള മലയാളി സംഘടനകളിൽ ഒന്നാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ സാമൂഹ്യ സാംസ്കാരിക കായിക രംഗങ്ങളിൽ നടത്തുന്ന സേവനങ്ങൾ ചെറുതല്ല.
ദേശാഭിമാനം ഉയർത്തിപ്പിടിക്കുന്ന ആഘോഷങ്ങൾക്കൊപ്പം ക്രിക്കറ്റ്, ഫുട്ബോൾ, ചെസ്, ബാഡ്മിന്റൺ മുതലായ കായിക മത്സരങ്ങളിലൂടെ കായികരംഗത്ത് നടത്തുന്ന ഇടപെടലുകളും പ്രോത്സാഹനങ്ങളും മാഗിന്റെ പ്രവർത്തനങ്ങളെ വേറിട്ടു നിർത്തുന്നു.
തുടർച്ചയായി ഹെൽത്ത് ഫെയർ, ബ്ലഡ് ഡ്രൈവ് എന്നിവ നടത്തുന്നതിലൂടെ ആരോഗ്യ രംഗത്തെ പ്രതിബദ്ധതയും മുഖമുദ്രയാണ്. ഓണം ക്രിസ്മസ് മുതലായ സാംസ്കാരിക ആഘോഷങ്ങൾക്കൊപ്പം പാസ്പോർട്ട് ഫെയർ ടാക്സ് ഇൻഷുറൻസ് സംബന്ധിച്ച സെമിനാറുകളും ആരോഗ്യ സെമിനാറുകളും വർഷാവർഷം നടത്താറുണ്ട്.
ഈ വർഷം ഏതാണ്ട് 27 ഓളം പരിപാടികൾ സംഘടിപ്പിച്ചു കഴിഞ്ഞു. വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് ഏഴര ലക്ഷം രൂപ ചെലവിൽ വയനാട്ടിലെ പുൽപ്പള്ളിയിൽ വീടിന്റെ പണി പൂർത്തിയായി വരുന്നു. സ്ഥിരതയുള്ള പ്രവർത്തനങ്ങളും ഇടപെടലുകളും ആണ് മാഗിനെ ഈ അവാർഡിന് അർഹയാക്കിയത്.
ഹൂസ്റ്റണിൽ വിശുദ്ധ കാർലോ അക്കുത്തിസിന്റെ തിരുനാൾ ആചരിച്ചു
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വിശുദ്ധ കാർലോ അക്കുത്തിസിന്റെ തിരുനാൾ ആചരിച്ചു. സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടന്നുവരുന്ന പ്രധാന തിരുനാളിന്റെ ഭാഗമായാണ് തിരുനാൾ നടത്തിയത്.
കുർബാനയ്ക്ക് മുൻപായി യുവജനങ്ങളും കുട്ടികളും വിശുദ്ധ കാർലോ അക്കുത്തിസിന്റെ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി പ്രാർഥിച്ചു. തിരുനാളിന് അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു. ഈ വർഷത്തെ തിരുനാൾ ഇടവകയിലെ എല്ലാ യുവജനങ്ങളും പ്രസുദേന്തിമാരായാണ് നടത്തപ്പെടുന്നത്.
തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. കുർബാനയ്ക്കു ശേഷം ഒമ്പതു വരെ ധ്യാനവും ആരാധനയും ഉണ്ടായിരിക്കുന്നതാണ്. ബ്രദർ പ്രിൻസ് വിതയത്തിൽ, ജെറിൻ, നീതു, റോയ് തച്ചിൽ, ഷീബ മുത്തോലത്ത്, മിഷനറീസ് ഓഫ് അപ്പോസ്തോലിക് ഗ്രേസ് യുകെ എന്നിവരാണ് ധ്യാനം നയിക്കുന്നത്. ഈ ദിവസങ്ങളിൽ കുമ്പസാരിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
ഈ മാസം 18, 19 തീയതികളിലായി നടക്കുന്ന പ്രധാന തിരുനാളിന് കൈക്കാരന്മാരായ ജായിച്ചൻ തയ്യിൽപുത്തൻപുരയിൽ, ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ജെയിംസ് ഇടുക്കുതറയിൽ, പാരിഷ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് പുളിക്കത്തൊട്ടിയിൽ, സിസ്റ്റർ റെജി എസ്ജെസി, ബിബി തെക്കനാട്ട്, യുവജന പ്രതിനിധി ജെഫ് പുളിക്കത്തൊട്ടിയിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളായി ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഫാ. എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ അറിയിച്ചു.
ജേക്കബ് മാടമന അന്തരിച്ചു
ഡാളസ്: ഗാർലാൻഡ് സിറ്റിയിൽ ഗ്രേസ് ഇൻഷുറൻസ് ഏജൻസി ബിസിനസ് സ്ഥാപകനും സെന്റ് തോമസ് സീറോമലബാർ ചർച്ച് (ഗാർലാൻഡ്) അംഗവുമായ ജിൻസ് മാടമനയുടെ പിതാവ് ജേക്കബ് മാടമന ചേർത്തലയിലുള്ള ഭവനത്തിൽ വച്ച് അന്തരിച്ചു.
പരേതയായ മറിയാമ്മ ഈരാറ്റുപുഴയാണ് ഭാര്യ. മക്കൾ: ജോസി മാടമന(ഓസ്ട്രേലിയ), ജെസി റോയ്, ജോണി മാടമന, ജോജി മാടമന, ജോമി മാടമന, ജോളി മാടമന, ജിൻസ് മാടമന. മരുമക്കൾ: ടെസി(ഓസ്ട്രേലിയ), റോയ് വാതപ്പള്ളി, സുനി, സുസ്മി, സിനി, മിനി, മേരിലിൻ.
സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച വൈകുന്നേരം 3.30ന് ചെർത്തല മുട്ടം സെന്റ് മേരീസ് ഫോറേനാ കത്തോലിക്കാ പള്ളിയിൽ നടക്കും. കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ, ഡാളസ് മലയാളി അസോസിയേഷൻ മുതലായ സംഘടനകളും സെന്റ് തോമസ് സീറോമലബാർ ചർച്ച് അംഗങ്ങളും അനുശോചനം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന വാട്സ്ആപ് നമ്പറിലേക്കു വിളിക്കാവുന്നതാണ്: +1 214 734 9999.
യുദ്ധ വിരാമത്തിൽ ട്രംമ്പിനോട് നന്ദി പറയാൻ കൂട്ടാക്കാതെ ഒബാമ
വാഷിംഗ്ടൺ ഡിസി: ഇസ്രേലും ഹമാസും മറ്റു രാജ്യങ്ങളും തമ്മിൽ മധ്യപൂർവ മേഖലയിൽ ഉണ്ടായ സമാധാനകരാറിൽ പല രാജ്യ മേധാവികളും ലോക നേതാക്കളും തങ്ങളുടെ അഭിനന്ദനങ്ങൾ അറിയിക്കുകയും സമാധാനം തുടരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ ഈ മേഖലയിലെ യുദ്ധത്തിന് വിരാമം സംഭവിക്കുവാൻ പോകുന്നു. ചിതറിപ്പോയ കുടംബാംഗങ്ങൾക്കു യോജിക്കുവാൻ കഴിയുന്ന, ഇപ്പോഴും ബന്ധനത്തിൽ കഴിയുന്നവർക്ക് മോചനം ലഭിക്കുവാൻ കഴിയുന്ന, സുപ്രധാനമയ സഹായങ്ങൾ ഗാസക്കുള്ളിൽ കഴിയുന്നവർക്ക് എത്തിക്കുവാൻ കഴിയുന്ന അവസ്ഥയിലേക്ക് എത്രയും പെട്ടെന്ന് എത്തിച്ചേരുവാൻ കഴിയട്ടെ എന്നാശിക്കുന്നു.
യുദ്ധം മൂലം ജീവിതങ്ങൾ താറുമാരായവർക്കു പുനരധിവാസം ഉണ്ടാകട്ടെ എന്നും ആശംസിച്ചു. ഇതിലെല്ലാം ഉപരി ഇസ്രേലികളും പലസ്തിനികളും യുഎസിന്റെയും ലോകം മുഴുവനുമുള്ള സമൂഹത്തിന്റെയും പിന്തുണയോടെ ഗാസയുടെ പുനർനിർമാണം നടത്തുവാനും മാനവ സമൂഹത്തിന്റെ സഹായത്തോടെ ഒരു ദീർഘകാല സമാധാനം ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു.
ഒബാമയുടെ ഈ പ്രസ്താവനയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരിശ്രമങ്ങളെ മനപൂർവം വിസ്മരിച്ചതായി ഉടനെ തന്നെ ട്രംപിന്റ അനുയായികളും വലതു പക്ഷത്തുള്ളവരും തിരിച്ചറിഞ്ഞു.
ട്രംപിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂണിയർ ഒബാമ വളരെ പ്രധാനപ്പെട്ട ഭാഗം വിസ്മരിച്ചതായി ചൂണ്ടിക്കാട്ടി. ഞാൻ ഈ പ്രസ്താവന അവസാനിപ്പിച്ചു കൊണ്ട് പറയാം, താങ്ക് യു, പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ ഉപദേശകനും ഹേ, ബാരാക്, യു ഫോർഗോട് ദ വേർഡ്സ്, താങ്ക് യൂ പ്രസിഡന്റ് ട്രംപ്'!' എന്ന അടികുറിപ്പെഴുതി.
ഒരു മണിക്കൂറിനു ശേഷം വൈറ്റ് ഹാവ്സ് ഡയറക്ടർ ഓഫ് കമ്മ്യൂണിക്കേഷൻസ്, സ്റ്റീവൻ ചെയൂംഗ് ഇങ്ങനെ പറഞ്ഞു "അദ്ദേഹത്തിന്റെ പേര് പറയൂ, 'പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ്.' സ്പെഷ്യൽ പ്രസിഡന്റിന്റെ ഓൺവോയ് ഫോർ സ്പെഷ്യൽ മിഷൻസ് റിച്ചാർഡ് ഗ്രെനേൽ (ഇദ്ദേഹം പ്രസിഡന്റ് ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്) ഒബാമയുടെ പോസ്റ്റ് പങ്കുവച്ചതിനു ശേഷം ഇങ്ങനെ പറഞ്ഞു: "ദ ഫയർ സ്റ്റാർട്ടർ ഈസ് പ്രൈസിംഗ് ദ ഫയർമെൻ.'
മിസൗറി സെനറ്റർ എറിക് ഷ്മിറ്റ് കുറേകൂടി നിശിതമായ ഭാഷയിൽ "അയാൾക്കു (ഒബാമയ്ക്ക്) ട്രംപിന്റെ പേരു പോലും ഉച്ചരിക്കുവാൻ അറിയില്ല. ഒബാമ ആധുനിക അമേരിക്കയിലെ ഏറ്റവും വിഭാഗീയനായ പ്രസിഡന്റായിരുന്നു. ഏറ്റവും മഹത്തായ നേട്ടത്തിന്റെയും സമാധാനത്തിന്റെയും നിമിഷത്തിൽ പോലും ഒരു ഐക്യത്തിന്റെ വക്താവാകാൻ അദ്ദേഹത്തിന് കഴിയുന്നില്ല. കഷ്ടം തന്നെ!' എന്ന് പറഞ്ഞു.
ഇന്ത്യ പ്രസ് ക്ലബിന്റെ വിമൻ എംപവർമെന്റ് അവാർഡ് ആശ തോമസ് മാത്യുവിന്
ന്യൂജഴ്സി: വനിതാ നേതൃത്വത്തെയും സാമൂഹിക പങ്കാളിത്തത്തെയും പുതിയ ഉയരങ്ങളിലെത്തിച്ച ആശ തോമസ് മാത്യുവിന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഈ വർഷത്തെ വിമൻ എംപവർമെന്റ് അവാർഡ്.
എഡിസണിലെ ഷെറാട്ടൺ ഹോട്ടലിൽ നടന്ന 11ാം അന്താരാഷ്ട്ര മീഡിയ കോൺഫറൻസിന്റെയും അവാർഡ് നൈറ്റിന്റെയും വേദിയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി. അവാർഡ് സമ്മാനിച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ജോയിന്റെ സെക്രട്ടറിയായും, ഫോമാ വിമൻസ് ഫോറത്തിന്റെ സെക്രട്ടറിയായും ഒരേസമയം സ്തുത്യർഹമായ പ്രവർത്തനമാണ് ഈ വനിതാരത്നം കാഴ്ചവയ്ക്കുന്നത്. രണ്ട് പ്രമുഖ സംഘടനകളുടെ ദേശീയ എക്സിക്യൂട്ടീവ് ബോർഡുകളിൽ ഒരേസമയം സേവനമനുഷ്ഠിക്കുന്ന അപൂർവ ബഹുമതി.
ടിവി ആങ്കറും പ്രോഗ്രാം പ്രൊഡ്യൂസറുമായ ആശ തോമസ് മാത്യുവിന്റെ മാധ്യമജീവിതം സമർപ്പണത്തിന്റെയും സൃഷ്ടിപരതയുടെയും ഉദാഹരണമാണ്. കൈരളി ടിവിയിൽ ന്യുസ് ആങ്കറായ ആശ, നേരത്തെ ഏഷ്യാനെറ്റിൽ അമേരിക്കൻ കാഴ്ച എന്ന പരമ്പരയുടെ ആങ്കറും കണ്ടന്റ് ക്രിയറ്ററുമായും പ്രവർത്തിച്ചു.
വനിതകളുടെ വളർച്ചയ്ക്കും പങ്കാളിത്തത്തിനും വേണ്ടിയുള്ള നിരവധി പദ്ധതികൾക്ക് അവർ നേതൃത്വം നൽകി. വനിതാ ശാക്തീകരണത്തിന് പ്രായോഗിക ദിശയും പുതിയ അവസരങ്ങളുമൊരുക്കാൻ അവർ എക്കാലവും ശ്രദ്ധചെലുത്തിയിട്ടുണ്ട്.
ഡോ. സിമി ജെസ്റ്റോ ജോസഫിന് ഇന്ത്യ പ്രസ് ക്ലബിന്റെ മീഡിയ എക്സലൻസ് അവാർഡ്
ന്യുജേഴ്സി: 2025ലെ ഐപിസിഎൻഎ മീഡിയ എക്സലൻസ് അവാർഡ് ടെലിവിഷൻ ആങ്കറിംഗ് വിഭാഗത്തിൽ ഡോ. സിമി ജെസ്റ്റോ ജോസഫ് നേടി. എഡിസൺ ഷെറാട്ടണിൽ നടന്ന ഇന്ത്യ പ്രസ് ക്ലബ് പതിനൊന്നാമത് അന്താരാഷ്ട്ര കോൺഫറൻസിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി അവാർഡ് സമ്മാനിച്ചു.
ഐപിസിഎൻഎ ഷിക്കാഗോ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി കൂടിയായ ഡോ. സിമി ജെസ്റ്റോയുടെ മാധ്യമരംഗത്തെ പത്ത് വർഷത്തിലേറെയായുള്ള സമർപ്പണത്തിനും മികവിനുമാണ് ഈ പുരസ്കാരം.
ഷിക്കാഗോയിലെ കുക്ക് കൗണ്ടി ഹെൽത്ത് സിസ്റ്റത്തിൽ Nursing Innovation and Research Center സിസ്റ്റം സീനിയർ ഡയറക്ടറായി ആയി പ്രവർത്തിക്കുന്ന ഡോ സിമി ജെസ്റ്റോ മൂന്ന് ഫെല്ലോഷിപ്പുകളും രണ്ടു ഡോക്ട്രേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
അമേരിക്കയിലെ ആരോഗ്യ രംഗത്തെ നേതൃപാടവത്തിന് ലഭിക്കുന്ന ഏറ്റവും പ്രാധാന്യമേറിയ American College of Healthcare എക്സിക്യൂട്ടീവിന്റെ ഫെല്ലോഷിപ്പ് ഡോ. സിമി ജെസ്റ്റോയുടെ ഏറെ ശ്രദ്ധേയമായ നേട്ടമാണ്.
ഡോ. കൃഷ്ണ കിഷോറിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
ന്യൂജേഴ്സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ന്യൂജേഴ്സിയിൽ നടന്ന വർണാഭമായ ചടങ്ങിൽ എൻകെ പ്രേമചന്ദ്രൻ എംപി ഡോ. കൃഷ്ണ കിഷോറിനെ ആദരിച്ചു.
വികെ ശ്രീകണ്ഠൻ എംപി, പ്രമോദ് നാരായണൻ എംഎൽഎ. പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, കേരളത്തിലെ പ്രശസ്ത മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്.
1989ൽ ഫുൾ മെറിറ്റ് സ്കോളർഷിപ്പോടെ ഉപരി പഠനത്തിനായി അമേരിക്കയിൽ എത്തിയ അദ്ദേഹം, അക്കാദമിക് മേഖലയിലും , കോർപ്പറേറ്റ് രംഗത്തും, മാധ്യമ രംഗത്തും ഒരു പോലെ തിളങ്ങിയ വ്യക്തിത്വമാണ്.
58 ബില്യൺ ഡോളർ വാർഷിക വരുമാനമുള്ള പ്രഫഷണൽ സർവീസ് സ്ഥാപനങ്ങളിലൊന്നായ പ്രൈസ്വാട്ടർഹൗസ്കൂപ്പേഴ്സ് (ജംഇ) യിലെ മെർജേഴ്സ് & അക്ക്വിസിഷൻസ് ബിസിനസിനായുള്ള ഇൻഫർമേഷൻ മാനേജ്മെന്റിന്റെ സീനിയർ ഡയറക്ടറും യുഎസ് ലീഡറുമാണ്.
37 വർഷങ്ങൾക്ക് മുൻപ് ആകാശവാണിയിൽ ന്യൂസ് റീഡറായിരുന്ന അദ്ദേഹം, കഴിഞ്ഞ 18 വർഷമായി ഏഷ്യാനെറ്റ് ന്യൂസിൽ പ്രവർത്തിക്കുന്നു.
ടെലികമ്യൂണികേഷൻസ് രംഗത്തെ ഗവേഷണത്തിന് യുഎസ് ഗവൺമെന്റിന്റെ ഔട്ട്സ്റ്റാന്‍ഡിംഗ് റിസേർച്ചർ ബഹുമതി, സതേൺ ഇല്ലിനോയ് യൂണിവേസിറ്റിയിൽ നിന്ന് മാസ്റ്റർ ബിരുദം, പെൻസിൽവേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച് ഡി, ഈ വർഷത്തെ ഔട്സ്റ്റാന്ഡിങ് അലുംനി അവാർഡും അദ്ദേഹത്തിന് ലഭിച്ചു.
എഡിസണ് ഷെറാട്ടണില്‍ ഐപിസിഎന്‍എ കോണ്‍ഫറന്‍സിന് തിരശീല വീണു
ന്യൂജഴ്സി: അമേരിക്കന്‍ മലയാളി മാധ്യമ ചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടുന്ന ഒട്ടനവധി അറിവുകളും അവബോധവും പങ്കുവച്ചുകൊണ്ടാണ് എഡിസണ് ഷെറാട്ടണില്‍ ഐപിസിഎന്‍എ 11ാം കോണ്‍ഫറന്‍സിന് തിരശീല വീണത്.
കേരളത്തിലെ മുഖ്യധാരാ ചാനലുകളില്‍ പ്രഫഷണല്‍ മത്സരം കാഴ്ചവയ്ക്കുന്ന പ്രതിഭകളുടെ സജീവ സാന്നിധ്യവും അവരുമായുള്ള ഇന്ററാക്ടീവ് സെഷനുകളും സെമിനാറുകളും പുതുമയുള്ളതും സമകാലിക വിഷയങ്ങളെയും ചില ആശങ്കകളെയും ആഴത്തില്‍ സ്പര്‍ശിക്കുന്നതായിരുന്നു. കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കെടുത്ത സമ്മേളനത്തിന് കൊടിയിറങ്ങിയത് സമാനതകളില്ലാത്ത ചില അടയാളപ്പെടുത്തലുകളുമായാണ്.
ലോകമെങ്ങും മാധ്യമ സ്വാതന്ത്ര്യം കടുത്ത വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിതെന്നും ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളാണെങ്കിലും, അവയെല്ലാം ഇല്ലാതായി വരികയാണെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത എന്‍.കെ പ്രേമചന്ദ്രന് എം.പി പറഞ്ഞു. അതേസമയം, കേരളത്തിലെ പ്രശസ്തരായ മാധ്യമ പ്രതിഭകളെ അമേരിക്കയിലെത്തിച്ച് പ്രവാസി സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുകയെന്നത് അനിതര സാധാരണമായ നേട്ടം തന്നെയാണ്.
കേരളത്തിലെ മാധ്യമ സംവിധാനം തീവ്രവും സജീവവുമാണ്. അതിന് അതിന്റേതായ ഗുണദോഷങ്ങളുണ്ടെങ്കിലും, കേരളം വേറിട്ട് നില്‍ക്കുന്നത് മാധ്യമങ്ങളുടെ വലിയ സംഭാവനകള്‍ കൊണ്ടുതന്നെയാന്ന് ഐപിസിഎന്‍എയുടെ മാധ്യമ ജാഗ്രതയെ അഭിനന്ദിച്ചുകൊണ്ട് എന്‍.കെ പ്രേമചന്ദ്രന് പറഞ്ഞു.
സമാപന സമ്മേളനത്തിന് സ്വാഗതമാശംസിച്ച ഐപിസിഎന്‍എ നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, ഈ വിശാലമായ രാജ്യത്ത് മലയാളി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം നമ്മുടെ മാധ്യമ പ്രവര്‍ത്തനവും അഭിവൃദ്ധിപ്പെട്ടുവെന്ന് വ്യക്തമാക്കി. ഐപിസിഎന്‍എയുടെ കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തെ വിജയത്തിന്റെ ക്രെഡിറ്റ് അഡൈ്വസറി ബോര്‍ഡിനാണ്. അഡൈ്വസറി ബോര്‍ഡിനും എക്സിക്യൂട്ടീവ് കമ്മിറ്റിക്കും നാഷണല്‍ കമ്മിറ്റിക്കും ചാപ്റ്ററുകള്‍ക്കും സ്പോണ്‍സര്‍മാര്‍ക്കുമെല്ലാം പടിയിറങ്ങുന്ന പ്രസിഡന്റ് ഹൃദയപൂര്‍വം നന്ദി പ്രകാശിപ്പിച്ചു.
ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അതിനെ അതിശക്തമായി ചോദ്യം ചെയ്യേണ്ടത് മാധ്യമങ്ങളാനെന്നും അത് അവരുടെ ധര്‍മമാണെന്നും പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന് അഭിപ്രായപ്പെട്ടു. ഭരണകര്‍ത്താക്കള്‍ വിമര്‍ശനത്തിനതീതരല്ല. വിമര്ശിക്കപ്പെടുമ്പോള് അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരാണ് യഥാര്‍ത്ഥ ജനാധിപത്യ വാദികളെന്നും മീഡിയയോട് അസഹിഷ്ണുതയുള്ളവര്‍ ഏകാധിപത്യ ചിന്ത മനസില്പേറി നടക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് പതിറ്റാണ്ട് പിന്നിടുന്ന ഐപിസിഎന്എയെ കുറിച്ച് തലഉയര്‍ത്തി അഭിമാനത്തോടെ അവസരം കിട്ടിയാല്‍ താന്‍ കേരള നിയമസഭയിലും പറയുമെന്ന് റാന്നി എംഎല്‍എ പ്രമോദ് നാരായണന് വ്യക്തമാക്കിയപ്പോള്‍ സദസില്‍ നിറഞ്ഞ കരഘോഷം മുഴങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ അബ്ജോദ് വര്‍ഗീസ്, 24 സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിം, റിപ്പോര്‍ട്ടര്‍ ചാനല്‍ കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ സുജയ പാര്‍വതി, മാതൃഭൂമി ടി.വി സീനിയര്‍ സബ് എഡിറ്റര്‍ മോത്തി രാജേഷ് തുടങ്ങിയവര്‍ തങ്ങള്‍ക്ക് എന്നെന്നും മനസ്സില്‍ സൂക്ഷിക്കാന്‍ പറ്റുന്ന ദിവസങ്ങള്‍ സമ്മാനിച്ച ഐ.പി.സി.എന്‍.എയ്ക്ക് ഊഷ്മളമായ നന്ദി പ്രകാശിപ്പിച്ചു.
ന്യൂസ് 18 കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ലീന്‍ ബി ജെസ്മസ്, ബിലീവേഴ്സ് ചര്‍ച്ച് മാനേജിങ് ഡയറക്ടര്‍ ഫാ. സിജോ പന്തപ്പള്ളില്‍, ഐപിസിഎന്‍എ ഷിജോ പൗലോസ്, ട്രഷറര്‍ വിശാഖ് ചെറിയാന്, അഡൈ്വസറി ബോര്‍ഡ് ചെയര്മാന് സുനില്‍ തൈമറ്റം, ഐപിസിഎന്‍എ 2026-27 പ്രസിഡന്റ് ഇലക്ട് രാജു പള്ളത്ത്, നാഷണല്‍ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ ആറന്മുള, ജോയിന്റ് സെക്രട്ടറി ആഷ മാത്യു, ജോയിന്റ് ട്രഷറര്‍ റോയി മുളകുന്നം, കോണ്‍ഫറന്‍സ് ചെയര്മാന് സജി എബ്രഹാം, ഷോളി കുമ്പിളുവേലി തുടങ്ങിയവര്‍ സംസാരിച്ചു. മധു കൊട്ടാരക്കരയും മാത്യു വര്‍ഗീസും എം.സിമാരായി പ്രവര്‍ത്തിച്ചു.
സൗത്ത് കാരോലിനയിൽ അഞ്ചാംപനി: 153 പേർ ക്വാറന്റീനിൽ
സൗത്ത് കാരോലിന: സൗത്ത് കാരോലിനയിലെ വടക്കൻ പ്രദേശങ്ങളായ സ്പാർട്ടൻബർഗ്, ഗ്രീൻവിൽ എന്നിവിടങ്ങളിൽ അഞ്ചാംപനി(മീസിൽസ്) വ്യാപിക്കുന്നു. ഇതുവരെ എട്ട് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതിൽ ഏഴ് കേസുകൾ പ്രാദേശികമായും എട്ടാമത്തെ കേസ് ഗ്രീൻവില്ലിൽ സ്ഥിരീകരിക്കുകയും ചെയ്തു. സ്പാർട്ടൻബർഗിലെ രണ്ട് സ്കൂളുകളിലായി 153 പേർ ക്വാറന്റീനിൽ കഴിയുകയാണ്. ഇവർക്ക് വൈറസ് ബാധിച്ചേക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
വാക്സീൻ എടുക്കാത്ത കുട്ടികളാണ് ഇവരിലേറെയും. ആരോഗ്യ മുൻകരുതലുകൾ കണക്കിലെടുത്ത് 21 ദിവസത്തേക്ക് ഇവരെ സ്കൂളിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്.പകർച്ചവ്യാധിയായ അഞ്ചാംപനി, വാക്സീൻ എടുക്കാത്തവരിൽ 90 ശതമാനം പേർക്ക് വരെ പടരാൻ സാധ്യതയുണ്ട്.
ഈ വർഷം മാത്രം അമേരിക്കയിൽ 1,563 മീസിൽസ് കേസുകളും മൂന്നു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രാദേശിക തലത്തിൽ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ, വാക്സീനെടുക്കാത്തവരും രോഗലക്ഷണങ്ങളുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
പാപമോചനത്തിന്റെയും സൗഖ്യത്തിന്റെയും അനുഭവം മറ്റുള്ളവർക്ക് ക്ഷമയും കരുണയും നൽകാനുള്ള കടമ നമ്മെ ഓർമ്മിപ്പിക്കുന്നു : മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ
ന്യൂയോർക്ക് : ദൈവത്തിൽ നിന്നും നാം പ്രാപിച്ച പാപമോചനത്തിന്റെയും സൗഖ്യത്തിന്റെയും അനുഭവം മറ്റുള്ളവർക്ക് ക്ഷമയും കരുണയും നൽകാനുള്ള കടമ നമ്മെ ഓർമ്മിപ്പിക്കുന്നതായി അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ പറഞ്ഞു.
ഒക്ടോബർ 13 തിങ്കളാഴ്ച രാത്രി 8 മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സീനിയർ സിറ്റിസൺ ഫെലോഷിപ് സംഘടിപ്പിച്ച വിശേഷ പ്രാർഥനായോഗത്തിൽ നൂറ്റിപ്പതിനാറാം സങ്കീർത്തനത്തിലെ വാക്യങ്ങൾ ആധാരമാക്കി മുഖ്യ സന്ദേശം നൽകുകയായിരുന്നു സെറാഫിം എപ്പിസ്കോപ്പാ.

മറ്റുള്ളവരോട് ദയയും കരുണയും കാണിക്കുക, ഓരോ വ്യക്തിയെയും കടമയോടെ സമീപിക്കുക എന്നത് ക്രിസ്തീയ ജീവിതത്തിന്റെ നിലപാടാണ്. ഓരോ അനുഭവത്തിലൂടെയും നമ്മൾ ദൈവത്തിന്റെ അനുഗ്രഹത്തോട് കടപ്പെട്ടവരാണ്.
മദർ തെരേസയുടെ മാതൃകയും യൂറോപ്യൻ കലാകാരൻ ആൽബ്രക്റ്റ് ഡ്യൂററുടെ ’പ്രാർഥിക്കുന്ന കൈകൾ’ എന്ന വിശ്വവിഖ്യാത ചിത്രം, സഹോദരനോടുള്ള കടപ്പാടിന്റെ മകുടോദാഹരണമായി പ്രഭാഷണത്തിൽ തിരുമേനി എടുത്തു കാട്ടി.
അറ്റ്ലാന്റ മാർത്തോമാ വികാരി റവ. ഡോ. കെ. ജെയിംസൺ അച്ചന്റെ പ്രാർഥനയോടെ യോഗം ആരംഭിച്ചു .ജോർജ് ജോൺ ഗാനം ആലപിച്ചു ഈശോ മാളിയേക്കൽ (സെക്രട്ടറി, SCF)സ്വാഗതം പറഞ്ഞു . സൗത്ത് ഫ്ലോറിഡയിൽ നിന്നുള്ള ഡോ. ജോൺ കെ ഡാനിയേൽ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.മധ്യസ്ഥപ്രാർഥനയ്ക്ക് കുരിയൻ കോശി നേതൃത്വം നൽകി.

തുടർന്ന് ഡൽഹി ഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പാ ആശംസ സന്ദേശം നൽകി.ദീർഘകാലമായി ഒരുമിച്ചു ചേരാൻ സാധിക്കാതെയിരുന്ന സാഹചര്യത്തിൽ വീണ്ടും കാണാൻ കഴിഞ്ഞതിന്റെ സന്തോഷം സഖറിയാസ് മാർ അപ്രേം തിരുമേനി ആശംസ സന്ദേശത്തിൽ പങ്കിട്ടു തിരുമേനിയുടെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ചും പരാമർശിച്ചു.
രണ്ടു എപ്പിസ്കോപ്പാമാരെയും റവ. ഡോ. പ്രമോദ് സക്കറിയ (വൈസ് പ്രസിഡന്റ്, SCF),യോഗത്തിൽ ആദരിച്ചു. സി. വി. സൈമൺകുട്ടി (ട്രഷറർ, SCF)) നന്ദി പറഞ്ഞു റവ. ജേക്കബ് തോമസ് അച്ചന്റെ പ്രാർഥനയ്ക്കു ശേഷം യോഗം സമാപിച്ചു.യോഗത്തിനു നേതൃത്വവം വഹിച്ചത് ഭദ്രാസന സീനിയർ സിറ്റിസൺ ഫെലോഷിപ് സൗത്വെസ്റ് റീജണിന്നാണ്
വിശുദ്ധ മറിയം ത്രേസ്യാ സീറോ മലബാർ മിഷനിൽ തിയോളജി ഡിപ്ലോമ ഗ്രാജ്വേറ്റ്സിനെ ആദരിച്ചു
ഫ്രിസ്കോ: നോർത്ത് ഡാളസിലെ വിശുദ്ധ മറിയം ത്രേസ്യാ സീറോ മലബാർ മിഷനിൽ തിയോളജി ഡിപ്ലോമ ഗ്രാജ്വേറ്റ്സിനെ ആദരിച്ചു. മിഷനിൽ നിന്നുള്ള കിരൺ ജോർജ്, ഷീന അന്ന ജോൺ എന്നിവരാണ് രണ്ടു വർഷത്തെ ദൈവശാസ്ത്ര പഠനത്തിൽ ഡിപ്ലോമ നേടിയ ബിരുദധാരികൾ.
ഇരുവരും മിഷനിലെ സജീവ ശുശ്രൂഷകരും മതബോധന അധ്യാപകരുമാണ്. കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിനു കീഴിൽ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയിലെ തീയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പഠനസൗകര്യം ഒരുക്കിയത്.

മിഷനിൽ വിശുദ്ധ കുർബാനക്ക് ശേഷം നടന്ന അനുമോദന ചടങ്ങിൽ, ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത്, മിഷൻ ഡയറക്ടർ ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ എന്നിവർ ബിരുദധാരികളെ അനുമോദിക്കുകയും ഡിപ്ലോമ സമ്മാനിക്കുകയും ചെയ്തു.
ദൈവത്തെയും, സഭയുടെ പാരമ്പര്യത്തെയും, വിശ്വാസസത്യങ്ങളെയും കുറിച്ച് ആഴത്തിലുള്ള അറിവ് നേടുന്നതിലൂടെ, വിശ്വാസജീവിതം കൂടുതൽ അർത്ഥപൂർണവും ഫലദായകവുമാക്കാൻ ദൈവശാസ്ത്ര പഠനം സഹായിക്കും. അതിനാൽ കൂടുതൽ വിശ്വാസികൾ ഇത്തരം പഠനത്തിനായി മുന്നോട്ട് വരണം എന്ന് ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ മിഷൻ അംഗങ്ങളോട് ആഹ്വാനം ചെയ്തു.
അൽമായർക്ക് വേണ്ടി ദൈവശാസ്ത്ര പഠനത്തിന് സൗകര്യം ഒരുക്കിയ ഷിക്കാഗോ രൂപതയേയും വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തെയും മിഷൻ ഡയറക്ടർ അഭിനന്ദിച്ചു.
ജോർജ് തുമ്പയിലിന് ഇന്ത്യ പ്രസ് ക്ലബിന്റെ "പയനിയർ ഇൻ ജേണലിസം' അവാർഡ്
ന്യൂജഴ്സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ "പയനിയർ ഇൻ ജേണലിസം' അവാര്‍ഡ് പ്രശസ്ത മാധ്യമ പ്രവർത്തകൻ ജോര്‍ജ് തുമ്പയിലിനു പ്രമോദ് നാരായൺ എംഎൽഎ സമ്മാനിച്ചു.
ഇന്ത്യ പ്രസ് ക്ലബിന്റെ രാജ്യാന്തര കോൺഫറൻസിൽ എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, വി.കെ. ശ്രീകണ്ഠൻ, നാട്ടിൽ നിന്ന് എത്തിയ പ്രമുഖ മാധ്യമ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവാർഡ് സമ്മാനിച്ചത്.
ദൃശ്യ, ശ്രാവ്യ, അച്ചടി മേഖലകളിലെല്ലാം സ്വന്തം തട്ടകമൊരുക്കി തുമ്പയിൽ ശ്രദ്ധേയനായിട്ട് 32 വർഷം പിന്നിടുന്നു. മുൻപുണ്ടായിരുന്ന വാര്‍ത്താവാരിക "മലയാളംപത്ര'ത്തിന്റെ നാഷണല്‍ കറസ്പോണ്ടൻഡ്, ഇപ്പോൾ ഇ-മലയാളി സീനിയര്‍ എഡിറ്റര്‍ എന്നിവയ്ക്ക് പുറമെ വിവിധ സംഘടനകളുടെ മീഡിയ ലയസണ്‍ ഓഫീസറും പബ്ലിക് റിലേഷന്‍സ് ഓഫിസറുമായി സേവനമനുഷ്ഠിക്കുന്നു.
സമയരഥമുരുളുന്ന പുണ്യഭൂമി (വിശുദ്ധനാടുകളിലേക്കുള്ള യാത്രാവിവരണം), ജന്മഭൂമിയുടെ വേരുകള്‍ തേടി (ഇന്ത്യന്‍ യാത്രാവിവരണം), ഒരു പിറന്നാളിന്റെ ഓര്‍മ്മയ്ക്ക് (എം.ടി വാസുദേവന്‍ നായരെക്കുറിച്ച്), ഭൂമിക്കുമപ്പുറത്തു നിന്ന് (ചെറുകഥ സമാഹരണം), ദേശാന്തരങ്ങള്‍ (യാത്രാവിവരണം) ഡി സി ബുക്ക്സ് കോവിഡ് കാലത്ത് പ്രസിദ്ധീകരിച്ച മുരളി തുമ്മാരുകുടിയുടെ "കൊറോണക്കാലത്തെ വീട്' എന്ന ഒരു അധ്യായമുള്ള പുസ്തകം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2010 ൽ "ലാളിത്യത്തിന്റെ സങ്കീർണതകൾ', 2011 ൽ "പരിണാമഗാഥ', 2012/ 13ൽ 'അപ്പോസ്തോല വഴിയിലൂടെ ഒരു തീർഥയാത്ര', 2014ൽ "പ്രകൃതിയുടെ നിഴലുകൾ തേടി', 2015ൽ "പകൽക്കിനാവ്', 2017ൽ "ലൗഡ് സ്പീക്കർ' എന്ന പേരിലും തുടർച്ചയായി എഴുതി.
ഫൈന്‍ ആർട്ട്സ് മലയാളം ആര്‍ട്ട്സ് ക്ലബിന്റെ സ്ഥാപക സെക്രട്ടറി, പിന്നീട് മൂന്നുതവണ സെക്രട്ടറി, രണ്ട് തവണ പ്രസിഡന്റ്, ഇപ്പോൾ ചെയർമാൻ എന്നീ നിലകളിലും പ്രവര്‍ത്തിക്കുകയും നാടകാവതരണത്തില്‍ പങ്കാളിയാകുകയും ചെയ്യുന്നു.
അമേരിക്കയിലും കാനഡയിലും മലേഷ്യയിലും വിവിധ സ്റ്റേജുകളില്‍ നാടക അഭിനേതാവായി കെെയടി നേടുകയും ചെയ്തു. അമേരിക്കന്‍ മലയാളികളുടെ മാധ്യമകൂട്ടായ്മയുടെ തുടക്കം മുതല്ക്കുതന്നെ ജോര്‍ജിന്റെ സഹകരണമുണ്ട്.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2010-12 വര്‍ഷങ്ങളില്‍ നാഷനല്‍ ട്രഷററായിരുന്നു. സംഘടനയുടെ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008-2009 ല്‍ ന്യൂജഴ്സി കേരള അസോസിയേഷന്റെ മീഡിയ പബ്ലിക്കേഷന്‍സ് ലയസണ്‍ ഓഫീസറായിരുന്നു.
അതേവര്‍ഷം തന്നെ ന്യൂജഴ്സി എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ പിആര്‍ഒയുമായിരുന്നു. അമേരിക്കന്‍ ഭദ്രാസന ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സിന്റെയും മാധ്യമ പ്രതിനിധിയായി 2009 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.
പുരസ്കാരങ്ങളും അവാര്‍ഡുകളും നിരവധി തവണ ജോര്‍ജിനെ തേടിയെത്തി. മികച്ച ന്യൂസ് റിപ്പോര്‍ട്ടിങ്ങിന് ആദ്യമായി ന്യൂജഴ്സി കേരള കള്‍ച്ചറല്‍ ഫോറം 1994ല്‍ പുരസ്കാരം നല്കി. മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ഫൊക്കാനയുടെ പുരസ്ക്കാരം 1994ലും 1996ലും ലഭിച്ചിട്ടുണ്ട്.
മികച്ച വികസനാത്മക റിപ്പോര്‍ട്ടിനുള്ള പുരസ്ക്കാരവും ഈ വര്‍ഷങ്ങളില്‍ ഫൊക്കാനയില്‍ നിന്നും ലഭിച്ചു. "ഈ മലയാളി' അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറത്തിന്റെ മികച്ച പെര്‍ഫോമന്‍സിനുള്ള 2003ലെ പുരസ്കാരമാണ് ശ്രദ്ധേയമായ മറ്റൊന്ന്.
പുറമേ ഇന്ത്യ കാത്തലിക് അസോസിയേഷന്റെ മികച്ച ലേഖനത്തിനുള്ള അവാര്‍ഡും ആ വര്‍ഷം തന്നെ ലഭിച്ചത് നേട്ടമായി. തുടര്‍ന്ന് ഇതേ പുരസ്കാരം 2004ല്‍ ഫൊക്കാനയില്‍ നിന്നും ലഭിച്ചു. ഫോമ, നാമം എന്നീ സംഘടനകളും പുരസ്ക്കാരം നല്കി ആദരിച്ചിട്ടുണ്ട്.
2006 ല്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സാഹിത്യസംഭാവനകള്‍ക്ക് ഫൊക്കാനയില്‍ നിന്നുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി. രണ്ട് തവണ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ ജനറൽ സെക്രട്ടറിയായി റവ .ഡോ . വർഗീസ് എം ഡാനിയേലിനോടൊപ്പവും പ്രവർത്തിച്ചു.
മൗണ്ട് ഒലിവ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ കൈക്കാരൻ ആയി രണ്ട് തവണ, സെക്രട്ടറി ആയി ആറ് തവണയും (ഇത്തവണയും സെക്രട്ടറി) സേവനമനുഷ്ഠിച്ചു. 2008ല്‍ മികച്ച ലേഖനങ്ങള്‍ക്കും മികച്ച മ്യൂസിക്കല്‍ ആല്‍ബത്തിനും ഫോമ അവാര്‍ഡുകള്‍ നല്കി ആദരിച്ചു.
യാത്രാനുഭവങ്ങള്‍ തേടി ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, ബ്രസീല്‍, സിംഗപ്പൂര്‍, മലേഷ്യ, ജർമനി, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ടര്‍ക്കി, ഗ്രീസ്, ഇസ്രയേല്‍, ഇറ്റലി, വത്തിക്കാന്‍, ജോര്‍ദാന്‍, ഈജിപ്ത്, കോസ്റ്റാറിക്കാ, യുഎഇ, കുവൈറ്റ്, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ജമൈക്ക, മെക്സിക്കോ , ഗ്വാട്ടിമാല, പാനമ, എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
ഏറെക്കാലം സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്നതു കൊണ്ട് ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനായി. കേരള ഗവണ്മെന്റ്, ഇന്ത്യന്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് എന്നിവരുടെ പ്രത്യേക ക്ഷണിതാവായി ഇന്ത്യ ഒട്ടാകെ സന്ദര്‍ശിച്ചു.
നാലായിരത്തിലേറെ പേര് ജോലി ചെയ്യുന്ന ന്യൂവാര്‍ക്ക് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്ററിലെ എംപ്ലോയ് ഓഫ് ദി മംത്, കോര്‍വാല്യു അവാര്‍ഡ് ജേതാവ്, ഡിപ്പാര്‍ട്ട്മെന്റ് വിഷണറി അവാര്‍ഡ് ജേതാവ് മാനേജര്‍ ഓഫ് ദി മംത് ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. റെസ്പിറേറ്ററി ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ച് കഴിഞ്ഞ വർഷം റിട്ടയർ ചെയ്തു.
ബെര്‍ഗന്‍ കൗണ്ടി കമ്യൂണിറ്റി കോളജില്‍ 16 വർഷം അഡ്ജങ്ക്റ്റ് ഫാക്കല്‍റ്റി അംഗവുമായിരുന്നു. ബെർഗൻ കമ്യൂണിറ്റി കോളജ്, മോറിസ് കൗണ്ടി കോളജ് എന്നിവിടങ്ങളിൽ അഡ്വൈസറി ബോർഡ് അംഗവുമായിരുന്നു. ഭാര്യ ഇന്ദിര ന്യൂവാര്‍ക്ക് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്ററില്‍ നഴ്സ് പ്രാക്ടീഷണർ ആയി റിട്ടയർ ചെയ്തു.
മകന് ബ്രയന്‍ ഷിക്കാഗോയിൽ എൻജിനീയര്‍. മകള്‍ ഷെറിന് ഫിസിഷ്യനും കനക്ടികട്ട് യേൽ സ്കൂൾ ഓഫ് മെഡിസിനിൽ അസി. പ്രഫസറും റെസ്പിറേറ്ററി സ്ലീപ് മെഡിസിൻ ഉപമേധാവിയുമാണ്. മരുമകന് ജയ്സണ്‍ അക്കൗണ്ടന്റ്. രണ്ട് കൊച്ചുമക്കളുമുണ്ട്.
ന്യൂയോർക്കിൽ 11 വയസുകാരൻ വെടിയേറ്റ് മരിച്ച സംഭവം: 13 വയസുകാരന് അറസ്റ്റില്‍
ന്യൂയോർക്ക്: വീടിനുള്ളിൽ കളിക്കുന്നതിനിടെ 11 വയസുകാരൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ 13 വയസുകാരൻ അറസ്റ്റിൽ. ന്യൂബർഗിലെ 184 നോർത്ത് മില്ലർ സ്ട്രീറ്റിൽ വ്യാഴാഴ്ച രാവിലെ എട്ടിനാണ് സംഭവം നടന്നത്.
കുട്ടികൾ തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു.
നഴ്സ് പ്രാക്ടീഷണേഴ്സ് വീക്ക് സെലിബ്രേഷൻ വെള്ളിയാഴ്ച
ഡാളസ്: നാഷണൽ ഇന്ത്യൻ നഴ്സ് പ്രാക്ടീഷണർ അസോസിയേഷൻ ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ നഴ്സ് പ്രാക്ടീഷണേഴ്സ് വീക്ക് ഡാളസിൽ ആഘോഷിക്കുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ ആഞ്ചലീനാസ് ഡോൺ ഫ്രാൻസിസിയോസ്, 4851 മെയിൻ സ്ട്രീറ്റ്, ദ കോളനിയിൽ നടക്കുന്ന പരിപാടിയിൽ ഡോ. മായ ഉപാധ്യായ മുഖ്യാതിഥിയായി പങ്കെടുക്കും.
നാഷണൽ ചെയർമാൻ ഡോ. ആനി പോൾ, പ്രസിഡന്റ് സാറ അമ്പാട്ട്, സെക്രട്ടറി സോണി പോൾ എന്നിവരാണ് പരിപാടിയുടെ കോഓർഡിനേഷൻ നിർവഹിക്കുന്നത്.
സമ്മേളനത്തിൽ നഴ്സ് പ്രാക്ടീഷണർമാരുടെ ബിസിനസ് ഓപ്പർച്യൂണിറ്റിയെക്കുറിച്ചുള്ള ഗ്രൂപ്പ് ചർച്ച, പുതിയ ഗ്രാജുവേറ്റുകളെ ആദരിക്കൽ, സർവീസ് അവാർഡ് വിതരണം എന്നിവ ഉണ്ടായിരിക്കും.
പ്രതീക്ഷകളുടെ തോണി തുഴഞ്ഞു സ്മിത; കെെത്താങ്ങായി വേൾഡ് മലയാളി കൗൺസിൽ
കൊച്ചി: വെള്ളത്താൽ ചുറ്റപ്പെട്ട വളന്തകാട് ദീപിലെ വീട്ടിൽ പ്രായമായ അമ്മയ്ക്കും സ്കൂൾ വിദ്യാർഥിയായ മകനുമൊപ്പം കഴിയുന്ന സ്മിതയ്ക്ക് കെെത്താങ്ങായി വേൾഡ് മലയാളി കൗൺസിൽ. സ്വന്തം വള്ളം എന്ന സ്മിതയുടെ സ്വപ്നമാണ് ഡബ്ല്യുഎംസി തിരുകൊച്ചി പ്രൊവിൻസ് യാഥാർഥ്യമാക്കിയത്.
വളന്തകാട്ടിലെ സ്മിതയുടെ വീട്ടിൽ നടന്ന ചടങ്ങിൽ തിരുകൊച്ചി പ്രൊവിൻസ് പ്രസിഡന്റ് ജോൺസൺ സി. അബ്രഹാം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചെയർമാൻ ജോസഫ് മാത്യു സ്വാഗതം പറഞ്ഞു. ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യുവും ചേർന്ന് വള്ളം സ്മിതയ്ക്ക് കൈമാറി.
സ്മിതയുടെ കുടുംബത്തിനാവശ്യമായ ലൈഫ് ജാക്കറ്റുകൾ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ കൈമാറി. മകനാവശ്യമായ പഠനോപകരണങ്ങൾ വനിതാ ഫോറം ഗ്ലോബൽ ചെയർപേഴ്സൺ സലീന മോഹൻ നൽകി.
ചടങ്ങിൽ ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോഷി പന്നാരാകുന്നേൽ, മിഡിൽ ഈസ്റ്റ് സെക്രട്ടറി അരുൺ ജോർജ്, സ്വിറ്റ്സർലൻഡ് പ്രൊവിൻസ് പ്രസിഡന്റ് ജോബിൻസൺ, അഡ്വൈസറി ബോർഡ് ചെയർമാൻ സുരേന്ദ്രൻ ഐപിഎസ്, എറണാകുളം ചാപ്റ്റർ പ്രസിഡന്റ് എൻ.എൻ. സുനിൽ, കഴക്കൂട്ടം ചാപ്റ്റർ പ്രസിഡന്റ് സുരേഷ് കുമാർ, ബിനു അലക്സ്, ലാലി ജോഫിൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
മാർത്തോമ്മാ യുവജനസഖ്യം കലാമേള മത്സര വിജയികളെ അഭിനന്ദിച്ചു
ഡാളസ്: മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയൺ കലാമേളയിൽ മികച്ച വിജയം കരസ്ഥമാക്കിയ ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയിൽ നിന്നുള്ള മത്സരാർഥികളെ അഭിനന്ദിച്ചു.
റീജിയണിലെ വിവിധ മാർത്തോമ്മാ ഇടവകകളിൽ നിന്നും പങ്കെടുത്ത അംഗങ്ങളുടെ മത്സരങ്ങളിൽ ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയിൽ നിന്നും പങ്കെടുത്ത ആൻഡ്രൂ അലക്സാണ്ടർ (പുരുഷ സോളോ ഒന്നാം സ്ഥാനം), ആഷ്ലി സുഷിൽ (ഇംഗ്ലിഷ് പ്രബന്ധം ഒന്നാം സ്ഥാനം), റെഷ്മ ജേക്കബ് (മലയാളം പ്രബന്ധം രണ്ടാം സ്ഥാനം), ക്വിസ് ടീം (മൂന്നാം സ്ഥാനം) എന്നിവർ കരസ്ഥമാക്കി.
കുർബാനയ്ക്ക് ശേഷം ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയിൽ നിന്നും കലാമേളയിൽ പങ്കെടുത്തു വിജയിച്ച മത്സരാർഥികളെ വികാരി റവ. റെജിൻ രാജു, റവ. എബ്രഹാം കുരുവിള എന്നിവർ ട്രോഫി നൽകി ആദരിച്ചു. മത്സരത്തിൽ പങ്കെടുത്ത ഇതര മത്സരാർഥികളെയും പരിശീലകരെയും റവ. മനു അഭിനന്ദിച്ചു. സെക്രട്ടറി സോജി സ്കറിയ നന്ദി പറഞ്ഞു.
ഈ മാസം 10ന് ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ചർച്ചിലാണ് മാർത്തോമ്മാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൺ യുവജനസഖ്യം കലാമേള സംഘടിപ്പിച്ചത്. റീജിയൺ പ്രസിഡന്റ് റവ. റെജിൻ രാജു അധ്യക്ഷത വഹിച്ചു.
സ്നേഹത്തിന്റെ വീൽചെയർ നൽകി അമേരിക്കൻ മലയാളി
വൈക്കം: പിതാവിന്റെ ഓർമദിനത്തിൽ അംഗപരിമിതർക്ക് വീൽചെയർ സമ്മാനിച്ച് അമേരിക്കൻ മലയാളിയും കുടുംബവും. വൈക്കം സ്വദേശിയായ സാജുമോൻ മത്തായിയും ഭാര്യ ഷീബയുമാണ് വൈക്കം നിയോജകമണ്ഡലത്തിൽ താമസിക്കുന്ന പത്ത് അംഗപരിമിതർക്ക് വീൽചെയർ വിതരണം ചെയ്തത്.
വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ നടന്ന യോഗം സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. 45 വർഷമായി അമേരിക്കയിലുള്ള സാജുമോൻ മത്തായി കോവിഡുകാലത്തടക്കം നിരവധി സഹായവുമായി ജന്മനാടിനെ ചേർത്തുപിടിച്ചിരുന്നു. വൈക്കത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആശാപ്രവർത്തകരെ സി.കെ. ആശ ഉപഹാരം നൽകി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി, മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, ടിവിപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, വൈക്കം നഗരസഭാ കൗൺസിലർ അശോകൻ വെള്ളവേലി, ജോൺ വി. ജോസഫ്, ഫാ. പോൾ തോട്ടക്കാട് എന്നിവർ പ്രസംഗിച്ചു.
പിറവം വാര്‍ഷിക സംഗമം വർണാഭമായി
ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ന്യൂയോർക്കിലെ കേരള സെന്റർ ഓഡിറ്റോറിയത്തിൽ നടന്നു. അമീഷ ജെയ്മോന്റെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രസിഡന്റ് ജെസി ജെയിംസ് കോളങ്ങായിൽ സ്വാഗതം പറഞ്ഞു.
എത്തിച്ചേർന്ന എല്ലാവരോടുമുള്ള സ്നേഹം ജെസി ജെയിംസ് അറിയിച്ചു. ഫൊക്കാന മുൻ എക്സി വൈസ് പ്രസിഡന്റും സാമൂഹിക ചാരിറ്റി രംഗത്ത് വിവിധ അവാർഡുകൾ നേടിയിട്ടുള്ള ജോയി ഇട്ടനെ ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു.
വർണാഭമായ കലാവിരുന്നുകൾ അംഗങ്ങൾ അവതരിപ്പിച്ചു. പിറവം സംഗമത്തിലെ സീനിയർ അംഗങ്ങളായ ജോർജ് പാടിയേടത്തു, ലിസി ഉച്ചിപ്പിള്ളിൽ, അബ്രാഹം പെരുമ്പളത്തു, ജയ്നമ്മ പെരുമ്പളത്തു എന്നിവരെ ഭാരവാഹികൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
റോഷിനി ജോജി, അമീഷ ജെയ്മോൻ, ആരൻ ജെയിംസ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. ഷെറി, ലിസി, വീണ, റാണി, ഷെറിൻ എന്നിവരുടെ മനോഹരമായ സിനിമാറ്റിക് ഡാൻസ് പരിപാടികൾക്ക് മിഴിവേകി.
മനോഹർ തോമസ്, ജോൺ ഐസക്, ജോയ് ഇട്ടൻ, ഷെവലിയാർ ജോർജ് പാടിയേടത്തു എന്നിവർ ആശംസകൾ അർപ്പിച്ചു. ഷൈല പോൾ പരിപാടിയുടെ എംസിയായിരുന്നു. മനോഹർ തോമസ് (പ്രസിഡന്റ്), ജെനു കെ. പോൾ(സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
1995ല്‍ തുടങ്ങിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 30 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു.
പിറവം നിവാസികളുടെ സംഗമത്തിൽ എത്തിയ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി സ്നേഹവിരുന്നോടെ വർണാഭമായ ഈ വർഷത്തെ പിറവം സംഗമം സമാപിച്ചു.
മിനസോട്ടയിലെ ഹൈന്ദവ ക്ഷേത്രത്തിൽ അയ്യപ്പ പടിപൂജ നടന്നു
മിനസോട്ട: അമേരിക്കൻ മണ്ണിൽ ശബരിമലയുടെ പവിത്രമായ ഓർമകളുണർത്തി മിനസോട്ടയിലെ ഹൈന്ദവ ക്ഷേത്രത്തിൽ നടന്ന അയ്യപ്പ പടിപൂജയും പതിനെട്ടാം പടിയുടെ വെള്ളി കവച സമർപ്പണവും മലയാളി ഭക്തർക്ക് ആത്മീയ നിർവൃതി നൽകി.
ചടങ്ങിൽ മിനസോട്ടയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി അയ്യപ്പ ഭക്തർ പങ്കെടുത്തു. കേരളത്തിലെ ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് പടിപൂജ.
പതിനെട്ട് പടികൾക്ക് അതീവ പ്രാധാന്യം നൽകിക്കൊണ്ട് നടത്തപ്പെടുന്ന ഈ ചടങ്ങ് മിനസോട്ട ക്ഷേത്രത്തിലെ അയ്യപ്പസന്നിധിയിൽ യഥാവിധി പുനഃസൃഷ്ടിക്കപ്പെട്ടപ്പോൾ വിശ്വാസികൾക്ക് അത് ഭക്തിസാന്ദ്രമായ ഒരു അനുഭവും ആയി.
ക്ഷേത്രത്തിലെ മുഖ്യശാന്തി മുരളി ഭട്ടരുടെയും മറ്റ് പൂജാരിമാരുടെയും നേതൃത്വത്തിൽ പ്രത്യേകമായി അലങ്കരിച്ച പതിനെട്ട് പടികളിൽ മന്ത്രോച്ചാരണങ്ങളോടെ പൂജകൾ നടന്നു. രാമനാഥൻ അയ്യരും ലീലാ രാമനാഥനും ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഓരോ പടികളെയും മനോഹരമായി പുഷ്പങ്ങൾ കൊണ്ടും ദീപങ്ങൾ കൊണ്ടും അലങ്കരിച്ചിരുന്നു. ഭക്തിയുടെ പ്രഭ ചൊരിഞ്ഞ ഈ ദൃശ്യം ഭക്തർക്ക് അവിസ്മരണീയമായ അനുഭവമായി. പടിപൂജക്ക് ശേഷം ലീലാ രാമനാഥനും സംഘവും ഭക്തിസാന്ദ്രമായ ഭജനയും നടത്തി. തുടർന്ന് എല്ലാ ഭക്തർക്കും പ്രസാദ വിതരണവും ഒരുക്കിയിരുന്നു.
മിനസോട്ടയിലെ ഹൈന്ദവ സമൂഹം, പ്രത്യേകിച്ച് മലയാളി സമൂഹം, തങ്ങളുടെ സാംസ്കാരികവും ആത്മീയവുമായ പാരമ്പര്യങ്ങൾ അമേരിക്കൻ മണ്ണിൽ നിലനിർത്തുന്നതിൽ ഈ ചടങ്ങുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
പുതിയ തലമുറയ്ക്ക് ഹൈന്ദവ ആചാരങ്ങളെക്കുറിച്ച് മനസിലാക്കാനും പഠിക്കാനും ഇത്തരം പരിപാടികൾ അവസരം നൽകുന്നു. മിനസോട്ട ഹൈന്ദവ ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ നടന്ന ഈ ചടങ്ങ് പ്രവാസലോകത്ത് ഭക്തിയുടെയും ഐക്യത്തിന്റെയും ദീപം കെടാതെ സൂക്ഷിക്കുന്നു എന്നതിന്റെ സാക്ഷ്യമായി.
പ്രോസ്റ്റേറ്റ് കാൻസർ: ജോ ബൈഡന് റേഡിയേഷൻ ചികിത്സ ആരംഭിച്ചു
വാഷിംഗ്ടൺ ഡിസി: മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസറിന് റേഡിയേഷൻ ചികിത്സ ആരംഭിച്ചതായി അദ്ദേഹത്തിന്റെ പ്രതിനിധി അറിയിച്ചു. അടുത്ത മാസം 83 വയസ് തികയുന്ന മുൻ പ്രസിഡന്റിന് ഹോർമോൺ ചികിത്സയും നടത്തി വരികയാണ്.
മേയിലാണ് ബൈഡന് കാൻസർ സ്ഥിരീകരിച്ചത്. നിലവിൽ കാൻസർ അസ്ഥികളിലേക്ക് വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞമാസം ബൈഡൻ സ്കിൻ കാൻസറിനെ പ്രതിരോധിക്കുന്നതായി ശസ്ത്രക്രിയയും നടത്തിയിരുന്നു.
മയാമിയില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു
ഫ്ലോറിഡ: മയാമിയിലെ ലിബർട്ടി സിറ്റിയിലെ സാമൂഹ്യപ്രവർത്തകനും റസ്റ്ററന്റ് ഉടമയുമായ ഡ്വൈറ്റ് വെൽസ്(40) വെടിയേറ്റ് മരിച്ചു. സ്വന്തം റസ്റ്ററന്റിന് മുന്നിൽ വച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.
അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം, കഴിഞ്ഞദിവസം റസ്റ്ററന്റിന് മുന്നിൽ ഡ്വൈറ്റ് വെൽസിന് ആദരം ആർപ്പിക്കുന്നതിനായി ആളുകൾ എത്തിചേർന്നു.
സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ ഡ്വൈറ്റ് വെൽസിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചു.
ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം
ഹൂസ്റ്റൺ: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ശ്രീമത് ഭാഗവത സപ്താഹ യജ്ഞം ഈ മാസം 19 വരെ (1201 കന്നി 26 മുതൽ തുലാം മൂന്ന് വരെ) നടക്കും. 12ന് രാവിലെ 10.30ന് ഭാഗവത മാഹാത്മ്യ പ്രഭാഷണത്തോടെയാണ് യജ്ഞത്തിന് തുടക്കമായത്.
സംസ്കൃത പണ്ഡിതനും വേദാന്ത ആചാര്യനുമായ കിഴക്കേടം ഹരിനാരായണൻ നമ്പൂതിരിയാണ് ഇത്തവണത്തെ സപ്താഹയജ്ഞത്തിന്റെ ആചാര്യൻ.
ഭക്തിയും ജ്ഞാനവും പകർന്നു നൽകുന്ന ഈ മഹായജ്ഞത്തിൽ ഭക്തജനങ്ങൾ പങ്കെടുത്ത് ഗുരുവായൂരപ്പന്റെ അനുഗ്രഹം നേടണമെന്നും സംഭാവനകളും സേവനങ്ങളും നൽകി യജ്ഞത്തിന്റെ വിജയത്തിന് സഹകരിക്കാനും ക്ഷേത്ര ഭരണസമിതി അഭ്യർഥിച്ചു.
കേരള ഫെസ്റ്റ് നവംബർ എട്ടിന്; ദിവ്യ ഉണ്ണി മുഖ്യാതിഥി
ഷിക്കോഗോ: വിശ്വാസം, പൈതൃകം, ഐക്യം എന്നിവയുടെ സാംസ്കാരിക ആഘോഷമായ കേരള ഫെസ്റ്റ് 2025ന് സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ഷിക്കോഗോ ആതിഥേയത്വം വഹിക്കുന്നു. നവംബർ എട്ട് വൈകുന്നേരം 5.30 മുതൽ ഒമ്പത് വരെ ഇലിനോയിലെ ബെൽവുഡിലുള്ള സീറോമലബാർ പാരിഷ് ഹാളിലാണ് ഫെസ്റ്റ് നടക്കുക.
സിനിമാ താരവും നർത്തകിയുമായ ദിവ്യ ഉണ്ണി മുഖ്യാതിഥിയായി പരിപാടി പങ്കെടുക്കും. പരിപാടിയിൽ ഷിക്കോഗോയിലെ മലയാളി സമൂഹത്തിൽ നിന്നുള്ള പ്രാദേശിക കലാകാരന്മാരുടെ സംഗീത, നൃത്ത പരിപാടികളും അരങ്ങേറും.
ഷിക്കോഗോയിൽ ഒരു പുതിയ സിഎസ്ഐ ക്രൈസ്റ്റ് ദേവാലയം സ്വന്തമാക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പിന് ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് കേരള ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഈ സ്വപ്നം ഷിക്കോഗോയെ തങ്ങളുടെ രണ്ടാമത്തെ വീടാക്കി മാറ്റിയ മലയാളികൾക്കിടയിലെ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണെന്ന് പബ്ലിക് റിലേഷൻസ് കോഓർഡിനേറ്റർ ഷിബു കുര്യൻ അറിയിച്ചു.
വികാരി ഫാ.ജോ മലയിൽ (രക്ഷാധികാരി), സോമ ലുക്ലോസ് (ജനറൽ കൺവീനർ), സുധ കുര്യൻ (ഇവന്റ് കോഓർഡിനേറ്റർ), ബെൻ കുരിയൻ (ഫണ്ട് റൈസിംഗ് കോഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി പരിപാടിയിൽ പങ്കുചേരുന്നതിനും ദേവാലയ നിർമാണത്തിന് പിന്തുണ നൽകാനും എല്ലാവരും ക്ഷണിക്കുന്നതായി അറിയിച്ചു.
രണ്ട് ഇന്ത്യൻ - അമേരിക്കൻ ഗവേഷകർക്ക് യുഎസ് മക്ആർതർ ഫെലോഷിപ്പ്
ന്യൂയോർക്ക്: ഈ വർഷത്തെ യുഎസ് മക്ആർതർ ഫെലോഷിപ്പ് നേടിയ 22 പേരിൽ രണ്ട് ഇന്ത്യൻ വംശജർ. നബറൂൺ ദാസ്ഗുപ്തയും മലയാളിയായ ഡോ. തെരേസ പുതുശേരിയുമാണ് പട്ടികയിൽ ഇടം പിടിച്ച ഇന്ത്യൻ വംശജർ.
ജീനിയസ് ഗ്രാൻഡ് എന്ന് അറിയപ്പെടുന്ന ഈ ഫെലോഷിപ്പ് നേടിയവർക്ക് 800,000 ഡോളർ സമ്മാനമായി ലഭിക്കും. നോർത്ത് കാരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എപ്പിഡെമിയോളജിസ്റ്റാണ് നബറൂൺ ദാസ്ഗുപ്ത.
കൺസർവേറ്റീവ് ന്യൂറോബയോളജിയിലും ഓപ്റ്റോമെട്രിയിലും മികവ് പുലർത്തുന്ന ഡോ. തെരേസ പുതുശേരി ബർക്ക്ലിയിലെ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രഫസറാണ്.
ഗ്ലോക്കോമ, മാക്കുലാർ ഡിജനറേഷൻ പോലുള്ള രോഗങ്ങൾക്കുള്ള ചികിത്സയിൽ നവീന മാറ്റങ്ങൾക്കുള്ള ഗവേഷണങ്ങൾക്കാണ് ഡോ. തെരേസ പുതുശേരി ശ്രമിക്കുന്നത്.
അമേരിക്കയിലെ ബാറിൽ വെടിവയ്പ്; നാലുപേർ മരിച്ചു
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ബാറിലുണ്ടായ വെടിവയ്പില്‍ നാലുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. സൗത്ത് കരോലിനയിലെ ദ്വീപിലെ തിരക്കേറിയ ബാറിലാണ് വെടിവയ്പുണ്ടായത്.
സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാര്‍ ആന്‍ഡ് ഗ്രില്ലില്‍ ഞായറാഴ്ച അര്‍ധരാത്രി ഒന്നോടെയാണ് വെടിവയ്പുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. വെടിവയ്പില്‍നിന്ന് രക്ഷപ്പെടാനായി ആളുകൾ അടുത്തുള്ള വ്യാപാരസ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും അഭയംതേടുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരെത്തുമ്പോള്‍ പലരും വെടികൊണ്ട് പരിക്കേറ്റ നിലയിലായിരുന്നു. സംഭവസ്ഥലത്തുനിന്ന് നാലുപേരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 20 പേര്‍ക്കെങ്കിലും പരിക്കുണ്ട്.
ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രാർഥനായോഗം ഇന്ന്
ന്യൂയോർക്ക്: മാർത്തോമ്മാ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ വിശേഷ പ്രാർഥനായോഗവും റൈറ്റ് റവ. സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ, റൈറ്റ് റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ എന്നിവരെ ആദരിക്കലും തിങ്കളാഴ്ച നടക്കും.
അമേരിക്കൻ ഈസ്റ്റേൺ ടൈം രാത്രി എട്ടിന് സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു ഈ യോഗത്തിനു ആതിഥേയത്വം വഹിക്കുന്നത് സൗത്ത്വെസറ്റ് റീജിയൺ ആണ്. റൈറ്റ് റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ (അടൂർ ഭദ്രാസനാധ്യക്ഷൻ, കേരളം) യോഗത്തിൽ പ്രധാന സന്ദേശം നൽകും.
യോഗത്തിൽ എല്ലാ സീനിയർ സിറ്റിസൺ അംഗങ്ങളും പങ്കെടുക്കണമെന്ന് റൈറ്റ് റവ.ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ (പ്രസിഡന്റ്, എൻഎഡി എസ്സിഎഫ്), റവ. ജോയൽ എസ്. തോമസ് (ഡയോസിസൻ സെക്രട്ടറി), റവ.ഡോ. പ്രമോദ് സക്കറിയ (വൈസ് പ്രസിഡന്റ്, എസ്സിഎഫ്), ഈശോ മല്യക്കൽ (സെക്രട്ടറി, എസ്സിഎഫ്), സി.വി. സൈമൺകുട്ടി (ട്രഷറർ, എസ്സിഎഫ്) എന്നിവർ അഭ്യർഥിച്ചു.
സൂം മീറ്റിംഗ് ഐഡി: 890 2005 9914, പാസ്കോഡ്: prayer.
മിനസോട്ടയിൽ കഥകളി നവംബർ രണ്ടിന്
മിനസോട്ട: കേരളത്തിലെ ക്ലാസിക്കൽ നൃത്ത-നാടകമായ കഥകളിയുടെ അപൂർവ പ്രദർശനം ഒരുക്കി മിനസോട്ടയിലെ മലയാളികൾ. ഡോ. ഡാഷ് ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്ത്യയുടെ സാംസ്കാരിക പൈതൃകം കഥകളിയിലൂടെ അവതരിപ്പിക്കാനൊരുങ്ങുന്നു.
ഊർജസ്വലമായ വസ്ത്രങ്ങൾ, സങ്കീർണമായ മേക്കപ്പ്, ആവിഷ്കാരാത്മകമായ കഥപറച്ചിൽ എന്നിവയ്ക്ക് പേരുകേട്ട ഒരു ക്ലാസിക്കൽ ഇന്ത്യൻ നൃത്ത-നാടകമായ കഥകളി, പ്രശസ്ത ഗായകരും താളവാദ്യക്കാരും ഉൾപ്പെടെയുള്ള പ്രമുഖ കലാകാരന്മാരുടെ ഒരു സംഘം അവതരിപ്പിക്കും.
ആകർഷകമായ പ്രകടനങ്ങളിലൂടെയും വിജ്ഞാനപ്രദമായ പ്രകടനങ്ങളിലൂടെയും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം അനുഭവിക്കാൻ പ്രേക്ഷകർക്ക് ഒരു സവിശേഷ അവസരം ഈ ടൂർ നൽകുന്നു.
തപസ്യ ആർട്സ് സാൻ ഫ്രാൻസിസ്കോ ആണ് കഥകളി എന്ന മാസ്മരിക കലയെ അമേരിക്കൻ നഗരങ്ങളിലേക്ക് എത്തിക്കുന്നത്. നവംബർ രണ്ടിന് വൈകുന്നേരം നാലിനാണ് കഥകളി നടക്കുന്നത്.
പങ്കെടുക്കുന്ന കലാകാരന്മാർ: കലാമണ്ഡലം മനോജ്, പീശപ്പള്ളി രാജീവ്, കോട്ടക്കൽ ഹരികുമാർ, റോഷ്നി പിള്ള, കലാനിലയം ശ്രീജിത്ത് സുന്ദരൻ, ജിഷ്ണു നമ്പൂതിരിപ്പാട്.
ഗായകർ: കോട്ടക്കൽ മധു, സദനം ജ്യോതിഷ് ബാബു. ചെണ്ട: കലാമണ്ഡലം ശിവദാസ്, സദനം ജിതിൻ. മദളം: കലാമണ്ഡലം വേണു. ചുട്ടി (മേക്കപ്പ്): ഏരൂർ മനോജ്
നാടകീയമായ കഥാകഥനം, സങ്കീർണ്ണവും വർണാഭമായ വേഷവിധാനങ്ങൾ, വിശദമായ മുഖത്തെഴുത്ത് എന്നിവയാൽ ലോകമെമ്പാടും പ്രശസ്തമായ ഈ കലാരൂപത്തിന്റെ വിസ്മയിപ്പിക്കുന്ന പ്രദർശനമാണ് മിനസോട്ടയിൽ നടക്കുന്നത്.
കുചേല വൃത്തം, കിരാതം എന്നീ കഥകളാണ് മിനസോട്ടയിൽ അരങ്ങേറുന്നത്. "കഥകളി' എന്നാൽ "കഥയുടെ കളി' എന്നാണർഥമാക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാടക പാരമ്പര്യങ്ങളിലൊന്നാണിത്. ഈ പ്രകടനം മിനസോട്ടയിലെ താമസക്കാർക്ക് ഈ കലാരൂപത്തിന്റെ ഭാവപ്രകടനങ്ങളുടെ ശക്തിയും ശാരീരികമായ ചിട്ടയും അടുത്തറിയാനുള്ള അതുല്യമായ അവസരം നൽകുന്നു.
"ഇതൊരു നൃത്തം മാത്രമല്ല; ഇതൊരു സമ്പൂർണ നാടകാനുഭവമാണ്. അതിമനോഹരമായ ഈ സാംസ്കാരിക നിധി മിനസോട്ടയിലെ നമ്മുടെ സമൂഹത്തിന് മുന്നിൽ എത്തിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇത് വഴി നമ്മുടെ പാരമ്പര്യങ്ങൾ ഇവിടെ പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കഴിയും' കെഎച്ച്എംഎൻ പ്രസിഡന്റ് നാരായണൻ നായർ അഭിപ്രായപ്പെട്ടു.
നിരവധി ആളുകൾ പങ്കെടുക്കാൻ സാധ്യതയുള്ളതിനാൽ ടിക്കറ്റുകൾ നേരത്തെ തന്നെ ഉറപ്പാക്കണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും പൊതുജനങ്ങൾക്ക്
[email protected] എന്ന വിലാസത്തിലോ നേരിട്ടോ ബന്ധപ്പെടാവുന്നതാണ്.
ഡാളസില്‍ 162 കിലോഗ്രാം ലഹരിമരുന്നുകളും വൻ തുകയും ആയുധവും പിടിച്ചെടുത്തു
ഡാളസ്: വെസ്റ്റ് ഓക്ക് ക്ലിഫ് ഭാഗത്ത് ഡാളസ് പോലീസ് നടത്തിയ റെയ്ഡിൽ 162 കിലോഗ്രാം മെത്ത്അംഫെറ്റാമിൻ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും വൻ തുകയും ആയുധവും പിടിച്ചെടുത്തു. ഈ മാസം ആദ്യവാരം നടന്ന ഈ റെയ്ഡുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ലഹരിമരുന്ന് കടത്തുകാരനെക്കുറിച്ചുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. പടിഞ്ഞാറൻ പട്രോൾ ടീം ഒരു ട്രാഫിക് സ്റ്റോപ്പിനിടെ വാഹനം പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് ശേഖരവും ഒരു ലക്ഷം ഡോളർ തുകയും ഒരു തോക്കും കണ്ടെത്തിയത്.
160 കിലോയ്ക്ക് മുകളിൽ ലഹരിമരുന്ന് പിടികൂടുന്നത് വലിയൊരു വിജയം തന്നെയാണ് എന്ന് ഡെപ്യൂട്ടി ചീഫ് കൈലി ഹോക്സ് പ്രതികരിച്ചു. കുറ്റകൃത്യം കുറയ്ക്കുന്നതിൽ സമൂഹ സഹായം നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്.
ഐപിസിഎൻഎ മാധ്യമ കോൺഫറൻസിന് ആശംസകൾ നേർന്ന് കനേഡിയൻ ചാപ്റ്റർ പ്രസിഡന്റ് ഷിബു കിഴക്കേക്കുറ്റ്
ന്യൂജഴ്സി: ന്യൂജഴ്സിയിൽ നടക്കുന്ന ഐപിസിഎൻഎ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന്റെ വിജയത്തിനായി ആത്മാർഥമായി പരിശ്രമിച്ച എല്ലാ ചാപ്റ്ററുകൾക്കും എക്സിക്യൂട്ടീവ് അംഗങ്ങൾക്കും ഹൃദയപൂർവം നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായി കനേഡിയൻ ചാപ്റ്റർ പ്രസിഡന്റ് ഷിബു കിഴക്കേക്കുറ്റ്.
നിങ്ങളുടെ സമർപ്പിതമായ സേവനവും കൂട്ടായ മനോഭാവവുമാണ് ഈ വിജയത്തിന്റെ അടിത്തറ. മുൻകാല എക്സിക്യൂട്ടീവ് അംഗങ്ങളെയും ഈ അവസരത്തിൽ ആദരപൂർവം ഓർക്കുന്നു. നിങ്ങളുടെ ദീർഘദർശനമാണ് ഈ കൂട്ടായ്മയെ ഇന്നത്തെ ഈ ഉയരത്തിലേക്ക് എത്തിച്ചത്.
നിങ്ങൾ വിതച്ച വിത്തുകൾ ഇന്ന് വിജയത്തിന്റെ വൃക്ഷമായി വളർന്നു. സുനിലിന്റെ നേതൃത്വത്തിലുള്ള നിലവിലെ എക്സിക്യൂട്ടീവ് ടീമിനും അഭിനന്ദനങ്ങൾ. നിങ്ങളുടെ നേതൃത്വവും ഏകകൃതമായ പരിശ്രമവുമാണ് ഈ സമ്മേളനത്തിന് തിളക്കം പകർന്നത്.
അഡ്വൈസറി ബോർഡ് അംഗങ്ങൾക്കും അവരുടെ വിലമതിക്കാനാവാത്ത മാർഗനിർദേശത്തിനും പിന്തുണയ്ക്കും ഹൃദയപൂർവം നന്ദി. വ്യക്തികളുടെതല്ല, കൂട്ടായ പരിശ്രമമാണ് യഥാർഥ വിജയത്തിന്റെ രഹസ്യം. ഇത് ഭാവി തലമുറകൾക്ക് പ്രചോദനമാകട്ടെ.
മാധ്യമ സ്വാതന്ത്ര്യത്തിനും സത്യത്തിനും വേണ്ടി നിലകൊള്ളുന്ന ഇന്ത്യ പ്രസ് ക്ലബ് നോർത്ത് അമേരിക്കയുടെ ഈ യാത്ര എന്നും പ്രകാശിക്കട്ടെ. കാനഡയിൽ നിന്ന് എല്ലാ സഹപ്രവർത്തകർക്കും ബിഗ് സല്യൂട്ട് നേരുന്നതായി അദ്ദേഹം പറഞ്ഞു.
ടെന്നസിയിലെ സ്ഫോടകവസ്തു പ്ലാന്റ് സ്ഫോടനത്തിൽ തകർന്നു; നിരവധിപ്പേർ മരിച്ചു
ടെന്നസി: മെക്ക്വെൻ നഗരത്തിൽ വെള്ളിയാഴ്ച സ്ഫോടകവസ്തു നിർമാണ പ്ലാന്റിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ നിരവധിപ്പേർ മരിച്ചു. മിലിട്ടറിക്കായി സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും നിർമിക്കുന്ന അക്യുറേറ്റ് എനർജെറ്റിക് സിസ്റ്റംസ് എന്ന സ്ഥാപനത്തിലാണ് സ്ഫോടനം നടന്നത്.
പ്ലാന്റ് പൂർണമായി തകർന്നതായി ഹംഫ്രിസ് കൗണ്ടി ഷെരീഫ് ക്രിസ് ഡേവിസ് പറഞ്ഞു. രാവിലെ 7.45ഓടെയാണ് സ്ഫോടനമുണ്ടായത്. നാഷ്വില്ലെയിൽ നിന്ന് ഏകദേശം 97 കിലോമീറ്റർ അകലെയുള്ള ഈ എട്ട് കെട്ടിടങ്ങളുള്ള കോമ്പൗണ്ട് പൂർണമായും തകർന്നു.
സ്ഫോടനത്തിന്റെ ശബ്ദവും പ്രകമ്പനവും കിലോമീറ്ററുകൾ അകലെ വരെ ആളുകൾക്ക് അനുഭവപ്പെട്ടു. വീടുകൾ തകർന്നതുപോലെയാണ് തനിക്ക് തോന്നിയതെന്ന് സമീപവാസികൾ പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.
തുടക്കത്തിൽ തുടർച്ചയായ സ്ഫോടനങ്ങൾ കാരണം രക്ഷാപ്രവർത്തകർക്ക് പ്ലാന്റിനുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
മിലിട്ടറിക്കായി സി4 ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും നിർമിക്കുന്ന സ്ഥാപനമാണിത്. തൊഴിലാളികളുടെ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 2019ൽ സ്ഥാപനത്തിനെതിരേ യുഎസ് തൊഴിൽ വകുപ്പ് പിഴ ചുമത്തിയിരുന്നു.