പ്രിയപ്പെട്ട കൂട്ടുകാരേ,
എസ്എസ്എൽസി മോഡൽ പരീക്ഷ പൂർത്തിയായിരിക്കുകയാണല്ലോ. പരീക്ഷാ മാതൃകകൾ നമ്മൾ പരിചയപ്പെട്ടുകഴിഞ്ഞു. ഇനിയുള്ള ദിവസങ്ങൾ ഏറെ പ്രധാനപ്പെട്ടവയാണ്. മികച്ച വിജയം കരസ്ഥമാക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ.
പരീക്ഷയ്ക്കു മുന്പ്
ഓരോ വിഷയത്തിലും മോഡൽ പരീക്ഷയുടെ ചോദ്യങ്ങൾ മനസിലാക്കി ഉത്തരങ്ങൾ കണ്ടെത്തണം. ഏതു ഭാഗത്തുനിന്നുള്ള ചോദ്യങ്ങളുടെ ഉത്തരമാണ് എഴുതാൻ സാധിക്കാതെ പോയതെന്നു മനസിലാക്കി ആ ഭാഗങ്ങൾ അധ്യാപകരുടെ സഹായത്തോടെ സംശയനിവാരണം നടത്തണം. അതിനെക്കാൾ ഉപരിയായി ചോദ്യമാതൃകകളും ഓരോ ചോദ്യത്തിനും ഉത്തരമെഴുതേണ്ട രീതികളും ശ്രദ്ധയോടെ മനസിലുറപ്പിക്കണം.
പഠനം ചിട്ടപ്പെടുത്തുന്നതിനും ആവർത്തന പരിശീലനങ്ങൾക്കുമായി വിശദമായ ഒരു ടൈംടേബിൾ സ്വയം തയാറാക്കണം. പരീക്ഷയ്ക്കു മുന്പ് പഠിക്കാൻ ലഭ്യമാകുന്ന സമയം കണക്കിലെടുത്ത് ഓരോ വിഷയത്തിനും ആനുപാതികമായ സമയം കണ്ടെത്തണം. ഓരോ വിഷയത്തിലും പഠിക്കാനുള്ള ഭാഗങ്ങളുടെ ദൈർഘ്യവും കാഠിന്യവും പരിഗണിച്ചുവേണം സമയം ക്രമീകരിക്കാൻ.
സോഷ്യൽ സയൻസ് പോലുള്ള വിഷയങ്ങളിൽ പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ള പാഠഭാഗങ്ങൾ ഏതൊക്കെയെന്ന് ഉറപ്പുവരുത്തണം. ഈ പഠനവേളയിൽ പ്രധാന ആശയങ്ങളുടെ ലഘുവായ നോട്ടുകളും ഓർമയിൽ സൂക്ഷിക്കാനുള്ള കോഡുകളും തന്ത്രങ്ങളും ഫോർമുലകളുമൊക്കെ കുറിച്ചുവയ്ക്കണം.
മുൻകാല ചോദ്യക്കടലാസുകൾ ശേഖരിച്ച് ഓരോ വിഷയത്തിലെയും ചോദ്യപാറ്റേണുകളും മാർക്കിന്റെ വിതരണക്രമവും മനസിലാക്കുക. അധ്യാപകരുമായി നിരന്തരം ബന്ധപ്പെട്ടു സംശയങ്ങൾ ദൂരീകരിക്കണം. നിത്യവും ആറു മണിക്കൂറെങ്കിലും ഉറങ്ങണം.
പതിവിൽനിന്നു വ്യത്യസ്തമായ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. വെജിറ്റേറിയൻ വിഭവങ്ങളും പഴവർഗങ്ങളും കൂടുതൽ കഴിക്കാം. വെള്ളം ധാരാളമായി കുടിക്കുക. ദീർഘമായ പഠനത്തിനിടയിൽ ആവശ്യാനുസരണം, ഇടവേളകൾ എടുക്കുക. പിരിമുറുക്കം കുറയ്ക്കുന്ന ലഘുവിനോദങ്ങൾക്കായി ഈ ഇടവേളകൾ പ്രയോജനപ്പെടുത്താം.
അത്യാവശ്യ സന്ദർഭങ്ങളൊഴികെ ദീർഘദൂര യാത്രകളും ആഘോഷങ്ങളും അതിഥി സന്ദർശനങ്ങളും ഒഴിവാക്കുക. രോഗം പിടിപെടാനുള്ള സാഹചര്യങ്ങളിൽനിന്ന് ശ്രദ്ധയോടെ ഒഴിഞ്ഞുമാറുക. നന്നായി പ്രാർഥിക്കുകയും മനസിനെ ഏകാഗ്രമാക്കുകയും ചെയ്യുക.
പരീക്ഷാ ദിവസങ്ങളിൽ
മാർച്ച് 10, 11 തീയതികളിൽ ഒന്നാംഭാഷ (മലയാളം)യുടെ പരീക്ഷകളായതിനാൽ അതിനു തൊട്ടു മുന്പുള്ള രണ്ടു ദിവസങ്ങൾ ആ വിഷയത്തിനായി നീക്കിവയ്ക്കാം. 12 മുതൽ 15 വരെ തീയതികളിൽ സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി, ബയോളജി എന്നിവ പഠിക്കാം. 20, 21, 22 തീയതികൾ ഗണിതം, ഉൗർജതന്ത്രം എന്നിവയ്ക്കായും 25-ാം തീയതി രസതന്ത്രത്തിനായും മാറ്റിവയ്ക്കുക.
പരീക്ഷയുടെ തലേന്ന് അധികം ഉറക്കമിളച്ചിരുന്ന് പഠിക്കരുത്. നിശ്ചിത സമയത്തിനും 15 മിനിറ്റ് മുന്പ് പരീക്ഷാകേന്ദ്രത്തിൽ എത്താൻ ശ്രമിക്കുക. ഹാൾടിക്കറ്റ്, പേനകൾ, മറ്റു പഠനോപകരണങ്ങൾ എന്നിവ കൃത്യമായി കൊണ്ടുപോകാൻ മറക്കരുത്. പരീക്ഷാഹാളിൽ കയറുന്നതിനു തൊട്ടു മുന്പ്, വെപ്രാളപ്പെടുകയോ പുസ്തകം തുറന്നുനോക്കുകയോ ചെയ്യേണ്ടതില്ല.
സ്വസ്ഥമായ മനസോടെ വേണം പരീക്ഷാഹാളിൽ പ്രവേശിക്കുവാൻ. രജിസ്റ്റർ നന്പർ തെറ്റുകൂടാതെ, കൃത്യമായി എഴുതുക. പരീക്ഷയുടെ തുടക്കത്തിൽ ലഭ്യമാകുന്ന ’കൂൾ ഓഫ് ടൈം’ ചോദ്യങ്ങൾ വായിച്ചു മനസിലാക്കാനും പഠിച്ചകാര്യങ്ങളും ഉത്തരങ്ങളും മനസിലേക്കു കൊണ്ടുവരുവാനും വിനിയോഗിക്കണം. നന്നായി അറിയാവുന്ന ഉത്തരങ്ങൾ ആദ്യം എഴുതുക. ചോദ്യത്തിന്റെ നന്പർ കൃത്യമായി രേഖപ്പെടുത്തുക എന്നത് ഏറെ പ്രധാനമാണ്.
അവസാനത്തെ അഞ്ചു മിനിറ്റിൽ എഴുതിയ ഭാഗങ്ങൾ പെട്ടെന്നു വായിച്ചുനോക്കുകയും ഏതെങ്കിലും ചോദ്യങ്ങൾ വിട്ടുപോയിട്ടുണ്ടോയെന്നു പരിശോധിക്കുകയും അശ്രദ്ധമൂലം എന്തെങ്കിലും തെറ്റുവരുത്തിയിട്ടുണ്ടെങ്കിൽ തിരുത്തുകയും ചെയ്യുക.
ഐടി പരീക്ഷയിൽ, മോഡൽ പരീക്ഷയുടെ ചോദ്യശേഖരത്തിൽനിന്നുതന്നെയായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക. ആ ചോദ്യങ്ങൾ നേരത്തെതന്നെ ചെയ്തു പരിശീലിക്കണം. ഐടി പ്രാക്ടിക്കൽ പരീക്ഷ ചെയ്യുന്പോൾ എല്ലാ ചോദ്യവിഭാഗങ്ങളും ഓപ്പണ് ചെയ്യാൻ മറക്കരുത്.
ഒരു വിഷയത്തിലെ പരീക്ഷ തീർന്നാൽ അതിനേക്കുറിച്ചുള്ള അമിതമായ സന്തോഷമോ, ഉത്കണ്ഠയോ ചർച്ചകളോ ഒഴിവാക്കുക. അടുത്ത പരീക്ഷയ്ക്കായി ഒരുങ്ങാൻ സമയം വിനിയോഗിക്കുക. ഓർക്കുക - പരീക്ഷ ഒരിക്കലും ഒരു പേടിസ്വപ്നമാകരുത്. മറിച്ച് ഉന്നത വിജയത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണത്. സന്തോഷത്തോടെയും ത്യാഗപൂർണമായ അധ്വാനത്തോടെയും ആത്മവിശ്വാസത്തോടെയും നമുക്കാ ചവിട്ടുപടികൾ കയറാം. വിജയാശംസകൾ..........
ബാബു ടി. ജോൺ
മുൻ ഹെഡ്മാസ്റ്റർ, ദേശീയ അധ്യാപക അവാർഡ് ജേതാവ്