ബര്ലിന്: ജർമനിയിൽ തൊഴിൽ, പഠനം, അല്ലെങ്കിൽ സന്ദർശനം എന്നിവയ്ക്കായുള്ള വിസ അപേക്ഷകർക്ക് ഇനിമുതൽ വിസ നിരസിക്കപ്പെട്ടാൽ സൗജന്യ സർക്കാർ പുനരവലോകന പ്രക്രിയ ലഭ്യമല്ല.
ജൂലൈ മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം, വീസ അപേക്ഷകരെ ഗണ്യമായി ബാധിക്കും. നിലവിലുണ്ടായിരുന്ന "റിമോൺസ്ട്രേഷൻ' എന്ന സൗജന്യ അപ്പീൽ പ്രക്രിയ നിർത്തലാക്കിയതോടെ, നിരസിക്കപ്പെട്ട അപേക്ഷകർക്ക് പുതിയ അപേക്ഷ സമർപ്പിക്കുകയോ അല്ലെങ്കിൽ കോടതിയിൽ നിയമപരമായി വെല്ലുവിളിക്കുകയോ ചെയ്യേണ്ടിവരും.
ഇതുവരെ, വീസ അപേക്ഷ നിരസിക്കപ്പെട്ടവർക്ക് എംബസിയിലോ കോൺസുലേറ്റിലോ ഒരു പുനരവലോകന കത്ത് സമർപ്പിക്കാൻ സാധിച്ചിരുന്നു. അപേക്ഷകർക്ക് അധിക രേഖകൾ സമർപ്പിക്കാനും, ആദ്യ അപേക്ഷയിൽ ശ്രദ്ധിക്കപ്പെടാതെ പോയേക്കാവുന്ന പ്രധാന വിശദീകരണങ്ങൾ രേഖപ്പെടുത്താനും ഈ പ്രക്രിയ സഹായകമായിരുന്നു.
വീസയ്ക്ക് അർഹരായവർക്ക് അധിക ചെലവോ, കോടതി ഇടപെടലോ ഇല്ലാതെ പുനർമൂല്യനിർണ്ണയം നടത്താനുള്ള അവസരമായിരുന്നു ഈ ’റിമോൺസ്ട്രേഷൻ’ പ്രക്രിയ.∙ പുതിയ മാറ്റങ്ങൾ അപേക്ഷകരെ എങ്ങനെ ബാധിക്കും?’റിമോൺസ്ട്രേഷൻ’ ഓപ്ഷൻ നീക്കം ചെയ്തതോടെ, വീസ അപേക്ഷ നിരസിക്കപ്പെട്ടവർക്ക് ജൂലൈ മുതൽ കൂടുതൽ സാമ്പത്തിക ബാധ്യതകളും കാത്തിരിപ്പ് സമയവും നേരിടേണ്ടി വരും.
ഒരു നിരസിക്കലിനെ ചോദ്യം ചെയ്യാനുള്ള ഏക മാർഗം ഇനി ജുഡീഷ്യൽ അപ്പീലാണ്. അതായത്, കോടതിയിൽ വീസ നിഷേധത്തെ ചോദ്യം ചെയ്യേണ്ടി വരും. അല്ലെങ്കിൽ വീണ്ടും ഒരു പുതിയ അപേക്ഷ സമർപ്പിക്കാം. ജർമൻ നിയമവ്യവസ്ഥ സങ്കീർണമായതിനാൽ, ജുഡീഷ്യൽ അപ്പീൽ വളരെ ചെലവേറിയതാണ്.
പല കേസുകളിലും അഭിഭാഷകന്റെ സഹായം ആവശ്യമായി വരും. സാധാരണയായി, കോടതി ഫീസ് ഏകദേശം 483 യൂറോ ആയിരിക്കും, എന്നാൽ നിയമപരമായ പ്രാതിനിധ്യത്തിന് 1,500 യൂറോ മുതൽ 2,500 യൂറോ വരെ ചെലവാകും. മാത്രമല്ല, കോടതിയിലെ അപ്പീലുകൾക്ക് ലളിതമായ പുനരവലോകന പ്രക്രിയയേക്കാൾ വളരെയധികം സമയമെടുത്തേക്കാം.
അതിനാൽ, ഹ്രസ്വകാല യാത്രക്കാർക്കും, ജർമൻ സർവകലാശാലകളിൽ ഉന്നത പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും ഇത് പ്രായോഗികമായ ഒരു ഓപ്ഷനായിരിക്കില്ല.∙ എന്തുകൊണ്ട് ഈ മാറ്റം?ജർമൻ എംബസി വെബ്പേജിൽ പങ്കുവച്ച വിവരമനുസരിച്ച്, ഷെംഗൻ, ദേശീയ വീസകൾ ഉൾപ്പെടെയുള്ള നിരവധി തരം ’റിമോൺസ്ട്രേഷനുകൾ’ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഒരു പൈലറ്റ് പ്രോജക്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
"റിമോൺസ്ട്രേഷൻ' പ്രക്രിയ നീക്കം ചെയ്യുന്നത് കൂടുതൽ വീസ അപേക്ഷകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യുന്നതിന് ജീവനക്കാരെ സഹായിക്കുമെന്നും ജർമനിയുടെ വിദേശകാര്യ ഓഫിസ് പറയുന്നു.ഇക്കാരണത്താൽ, വീസ അപേക്ഷകർ അവരുടെ അപേക്ഷകൾ തയാറാക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
ഈ വർഷം ആദ്യം മുതൽ വിദഗ്ധ തൊഴിലാളികൾക്കും, അപ്രന്റീസുകൾക്കും, വിദ്യാർഥികൾക്കും കുടുംബ പുനരേകീകരണ ആവശ്യങ്ങൾക്കും ദേശീയ വീസയ്ക്ക് കോൺസുലാർ സർവീസസ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും, കാത്തിരിപ്പ് സമയം ഒഴിവാക്കാൻ കഴിയില്ല.