കസേര കത്തിച്ച് ഗുരുദക്ഷിണ
ഇത് എറണാകുളം മഹാരാജാസ് കോളജ്. സമരങ്ങളും കലാപവും ലാത്തിച്ചാർജും മഹാരാജാസ് കോളജിനു പുത്തരിയല്ല. എന്നാൽ കോളജ് പ്രിൻസിപ്പലിന്റെ കസേര അധ്യാപകർ തന്നെ എടുത്തു വിദ്യാർഥികൾക്കു കത്തിക്കാൻ കൊടുക്കുന്നതു മഹാരാജാസിന്റെ ചരിത്രത്തിൽ ആദ്യമായിരുന്നു. ജീവനെടുക്കുന്നതിനു തുല്യമായ പ്രവൃത്തി. പ്രിൻസിപ്പൽ സംഭവസ്ഥലത്ത് ഇല്ലാതിരുന്നതു ഭാഗ്യമെന്നു വിദ്യാർഥികളും ഒരുപറ്റം അധ്യാപകരും പറയുന്നു.
കേരളത്തിൽ സർക്കാർ മേഖലയിലുള്ള ഏക സ്വയംഭരണ കോളജാണു മഹാരാജാസ്. എന്നാൽ, മഹത്തായ ഈ കലാലയം ഇന്നു വാർത്തകളിൽ നിറയുന്നത് അക്കഡെമിക് മികവിന്റെ പേരിലല്ല, അക്രമങ്ങളുടെയും ഗുരുനിന്ദയുടെയുമെല്ലാം പേരിലാണ്. എസ്എഫ്ഐയുടെ തേർവാഴ്ച നടക്കുന്ന ഇവിടെ അവർക്കെതിരേ നിന്നാൽ പ്രിൻസിപ്പലിനുപോലും രക്ഷയില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മതസ്പർധ വളർത്തുന്ന ചുവരെഴുത്തു നടത്താൻപോലും മടിക്കാത്തവരുമുണ്ട് ഇവർക്കിടയിൽ. എസ്എഫ്ഐയുടെ തോന്ന്യാസങ്ങൾക്കു കൂട്ടുനിൽക്കാൻ ഒരു വിഭാഗം അധ്യാപകരുമുണ്ട്.
പാരന്പര്യപ്പെരുമ
പേരുപോലെ രാജകീയമാണു മഹാരാജാസ് കോളജിന്റെ പാരന്പര്യ പെരുമ. മഹാരഥന്മാരായ അധ്യാപക പ്രമുഖരുടെ നീണ്ട നിര, വിവിധ മേഖലകളിൽ രാജ്യാന്തര തലത്തിൽവരെ പ്രശസ്തരായി വളർന്ന വിദ്യാർഥികൾ. സാധാരണക്കാരായ കുട്ടികളെ സ്വപ്നം കാണാനും സാധ്യതകളുടെ വിശാലമായ ലോകത്തേക്കു സൗഹൃദത്തിന്റെ കൈപിടിച്ചു വളർത്താനും പഠിപ്പിച്ച സർക്കാർ കലാലയം. രാഷ്ട്രീയത്തിന് ഒരിക്കലും ഈ കലാലയത്തിൽ വിലക്കുണ്ടായിട്ടില്ല. രാഷ്ട്രീയം എന്നും മഹാരാജാസിന്റെ ജീവനാഡിയായിരുന്നു. മഹാരാജാസിനു മുന്നിലെ പൂമരങ്ങൾക്കു ചുവട്ടിൽ കൂടിയിരുന്ന വിദ്യാർഥികൾ കാന്പസിന്റെ അന്തസിനെതിരായി ഒന്നും ചെയ്തിട്ടില്ല മുമ്പ് .
ഇന്നു സ്ഥിതിയാകെ മാറി. കോഴ്സ് കഴിഞ്ഞിട്ടും കോളജ് വിട്ടുപോകാത്ത ക്രിമിനലുകളാണ് ഇന്നു ഹോസ്റ്റൽ മുറികളുടെ അവകാശികൾ. ഇത്തരത്തിലൊരു മുറിയിൽനിന്നാണു മാരകായുധങ്ങൾ പോലീസ് പിടിച്ചെടുത്തത്. എസ്എഫ്ഐയുടെ ആയുധപ്പുരയായിരുന്നു ഇതെന്ന് പോലീസ് തന്നെ റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി എസ്എഫ്ഐയെ ന്യായീകരിക്കുകയാണ് ഉണ്ടായതെങ്കിലും ചോര വീണ കാമ്പസ് അതിന് എതിർസാക്ഷ്യം നൽകുന്നു. സൈമൺ ബ്രിട്ടോ മുതൽ അഭിമന്യു വരെയുള്ള കലാലയ രാഷ്ട്രീയ ഇരകൾ സൃഷ്ടിക്കപ്പെട്ടതു മഹാരാജാസ് കോളജിൽ നിന്നാണ്.
കേരളത്തെ ഞെട്ടിച്ച കസേര കത്തിക്കൽ
പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവമാണ് മഹാരാജാസിന്റെ യശസിൽ തീരാക്കളങ്കം ചാർത്തിയത്. ക്ലാസ് കട്ടുചെയ്തു കാന്പസിൽ കറങ്ങുന്ന കുട്ടികളെ പിടികൂടിയതും ഹോസ്റ്റലിലെ ക്വട്ടേഷൻ താവളം പൂട്ടിയതും പ്രിൻസിപ്പലിനെ വിദ്യാർഥി രാഷ്ട്രീയക്കാരുടെ ശത്രുവാക്കി.
പ്രഫ. എൻ.എൽ. ബീനയായിരുന്നു ഈ കാലഘട്ടത്തിൽ പ്രിൻസിപ്പൽ. പ്രഫ. ബീന വന്ന നാൾമുതൽ പഠിക്കാൻ വരുന്ന കുട്ടികളിൽ സുരക്ഷിതത്വബോധം സൃഷ്ടിക്കപ്പെട്ടു. കുട്ടികൾ പഠിക്കാൻ വരുന്നതാണെന്നും അല്ലാത്ത പ്രവർത്തനം നിർത്തിവയ്ക്കണമെന്നും അവർ കുട്ടികളോടു പറഞ്ഞു. സമരവും കലഹവും അക്രമവും വേണ്ടെന്ന നിലപാടുമായി പ്രിൻസിപ്പൽ കാന്പസിലൂടെ ചുറ്റിക്കറങ്ങി. തന്റെ ഓഫീസ് മുറിയിൽ മാത്രം ഇരിക്കാതെ കാന്പസിലൂടെ യാത്ര നടത്തുന്ന പ്രിൻസിപ്പലിന്റെ നോട്ടം ഓരോ മേഖലയിലും എത്തുമായിരുന്നു.
കോളജിന്റെയും കുട്ടികളുടെയും നന്മ ലാക്കാക്കി ഇവരെടുത്ത പല തീരുമാനങ്ങളും എസ്എഫ്ഐ എന്ന സംഘടനയ്ക്കു സഹിക്കാൻ കഴിയാത്തതായി. വിവാദമായ ചുവരെഴുത്തിൽ എസ്എഫ്ഐക്കാർ കുടുങ്ങിയതോടെ വീറും വാശിയും വർധിച്ചു. പെണ്‍കുട്ടികളെ ഉപയോഗിച്ചു വനിതാ പ്രിൻസിപ്പലിനെ നേരിടാൻ നീക്കം നടന്നു. അതും പരാജയപ്പെട്ടപ്പോഴാണ് ഒരവസരം കുട്ടിനേതാക്കൾ പ്രയോജനപ്പെടുത്തുന്നത്.
ഒരു ദിവസം പ്രിൻസിപ്പൽ കാമ്പസിലൂടെ നടക്കുന്പോൾ ഒരു ക്ലാസിനു വെളിയിൽ കുറച്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളും മര്യാദയില്ലാത്തതെന്നോ സഭ്യമല്ലാത്തതെന്നോ തോന്നാ വുന്ന രീതിയിൽ ഇരിക്കുന്നു. അടുത്തുള്ള ക്ലാസിൽ അധ്യാപകൻ പഠിപ്പിക്കുന്നുണ്ട്. ക്ലാസിലിരിക്കുന്ന കുട്ടികളും ഈ കാഴ്ച കാണുന്നുണ്ട്. ആണ്‍കുട്ടികളോടു ക്ലാസിൽ പോകാൻ പ്രിൻസിപ്പൽ പറയുന്നു. പെണ്‍കുട്ടികളോട് ഏത് ക്ലാസിലാണു പഠിക്കുന്നതെന്ന് അന്വേഷിച്ചു. അവരെ ക്ലാസിലാക്കി, അവരോടു മാതാപിതാക്കളെ കുറിച്ചു ചോദിക്കുന്നു.
എല്ലാവരും സാധാരണക്കാരുടെ മക്കൾ. മാതാപിതാക്കളുടെ കഷ്ടപ്പാടും വിഷമതകളെല്ലാം കുട്ടികൾക്കു മനസിലാകുന്നവിധം അവരെ പറഞ്ഞുമനസിലാക്കുന്നു. രാവിലെ വന്ന് ആണ്‍കുട്ടികളോടൊപ്പം ഇരിക്കാതെയിരുന്നുകൂടേ എന്നു പ്രിൻസിപ്പൽ പെൺകുട്ടികളോടു ചോദിച്ചുവെന്നാണ് പിന്നീട് ആരോപണം ഉയർന്നത്. ചിലർക്ക് ഇതൊരു അപമാനമായി തോന്നുകയും അവർ വിഷയം അധ്യാപകരോടും വിദ്യാർഥികളോടും പറയുകയും ചെയ്തു.
ഏതാനും അധ്യാപകരുടെ നേതൃത്വത്തിൽ കുറേ കുട്ടികൾ പ്രിൻസിപ്പലിന്റെ ചേംബറിൽ വന്നു പ്രതിഷേധിച്ചു. എസ്എഫ്ഐ സംഭവം ഏറ്റെടുത്തു. കുട്ടികളെ ക്ലാസിൽ കയറ്റിവിട്ടതോടെ അന്നു നടന്നതെല്ലാം അവസാനിച്ചതാണ്. മിക്ക കുട്ടികൾക്കും കാര്യത്തിന്റെ ഗൗരവം മനസിലായി. എന്നാൽ, ഒരു അധ്യാപകന്റെ ബുദ്ധിയിലുദിച്ച കാര്യങ്ങളാണു പിന്നീടു നടന്നതെന്നു പറയുന്നു. പ്രധാന അധ്യാപികയെ അപമാനിക്കണമെന്നുവരെ ആലോചന നടന്നുവത്രേ. കാന്പസിൽ ഏതായാലും അതു സംഭവിച്ചില്ല.
പക്ഷേ, മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ ഒൗദ്യോഗിക കസേര എസ്എഫ്ഐക്കാർ നടുറോഡിലിട്ടു കത്തിച്ചു. ഇടതു അധ്യാപക സംഘടനയിൽപ്പെട്ട ഒരുകൂട്ടം അധ്യാപകരുടെ പിന്തുണയോടെയാണു പ്രിൻസിപ്പലിന്റെ കസേര കത്തിച്ചത്. എസ്എഫ്ഐക്കാർ, വൈസ് പ്രിൻസിപ്പലിന്റെ സാന്നിധ്യത്തിൽ ചേംബറിൽ അതിക്രമിച്ചു കയറി കസേര വലിച്ചുപുറത്തിട്ടു. ഈ സമയത്തു ചേംബറിൽ പ്രിൻസിപ്പൽ ഉണ്ടായിരുന്നില്ല. കോളജിന്റെ പ്രധാന ഗേറ്റിനു മുൻപിൽ അധ്യാപകർ നോക്കിനിൽക്കേ റോഡിലിട്ട് പ്രിൻസിപ്പലിന്റെ കസേര മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വിദ്യാർഥികൾ പിരിഞ്ഞുപോയിരുന്നു.
നേരത്തെ അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിന്റെ ചേംബറിലേക്കു പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഏകപക്ഷീയ നിലപാടുകൾ അവസാനിപ്പിക്കുക, അധ്യാപകർക്കെതിരെ പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന നടപടി നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അഞ്ച് അധ്യാപകർ പടിഞ്ഞാറെ ഗേറ്റിൽ നിന്നു ചേംബറിലേക്ക് മാർച്ച് നടത്തിയത്. പ്രിൻസിപ്പൽ അവധിയായിരുന്നതിനാൽ ചേംബറിനു മുന്നിൽ സമരം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു.
കസേര കത്തിച്ച സംഭവത്തെ തുടർന്നു നൂറോളം അധ്യാപകർ അടിയന്തര യോഗം ചേർന്നു പ്രിൻസിപ്പലിനു പിന്തുണ പ്രഖ്യാപിച്ച് കോളജിൽ പ്രകടനം നടത്തി. കോളജിന്റെ ഉന്നമനത്തിനായി പ്രിൻസിപ്പൽ എടുക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുമെന്ന് അധ്യാപകർ അറിയിച്ചു. പക്ഷേ എസ്എഫ്ഐക്കാരെ കൂസാത്ത പ്രിൻസിപ്പലിനെ സ്ഥലംമാറ്റി ഇടതു സർക്കാർ പ്രതികാരം ചെയ്തു.
മതവികാരം വ്രണപ്പെടുത്തി ചുവരെഴുത്ത്
കസേര കത്തിക്കുന്നതിനു മുന്‍പാണു മഹാരാജാസിന്റെ ചുവരുകളെ കളങ്കിതമാക്കിയ വിവാദമായ ചുവരെഴുത്തു നടന്നത്. യേശുക്രിസ്തുവിനെ അപമാനിച്ചുകൊണ്ടുള്ള കവിത രൂപത്തിലുള്ള ചുവരെഴുത്താണു പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് നടത്തുന്നതിൽ മിടുക്കരാണ് അത് എഴുതിയതെന്നു വ്യക്തം. പ്രിൻസിപ്പലും എസ്എഫ്ഐയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കു നയിച്ച ആദ്യ സംഭവമാണിത്.
മതവിദ്വേഷം വളർത്തുന്നതും അശ്ലീലം നിറഞ്ഞതുമായ ചുവരെഴുത്ത് കോളജ് കെട്ടിടത്തിന്റെ ചുവരിൽ പ്രത്യക്ഷപ്പെട്ടതു കണ്ട് പ്രിൻസിപ്പൽ പ്രഫ. എൻ.എൽ ബീന പോലീസിനു പരാതി നൽകി. ആറു വിദ്യാർഥികൾ അറസ്റ്റിലായി.
കേസ് കൊടുത്തശേഷം ആ ചുവരെഴുത്തുകൾ മായ്ച്ചു കളഞ്ഞു. പിന്നീട് കേസ് പിൻവലിച്ചെങ്കിലും പ്രിൻസിപ്പലും എസ്എഫ്ഐക്കാരും തമ്മിലുള്ള അകലം കൂടി. കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതാശകലങ്ങളാണ് ചുവരെഴുത്തിലുണ്ടായിരുന്നതെന്ന് എസ്എഫ്ഐക്കാർ പറയുന്നു.
പ്രിൻസിപ്പലിന്റെ ചിത്രം എടുത്തുമാറ്റി
പ്രിൻസിപ്പലിന്റെ കസേര കത്തിച്ച മഹാരാജാസ് കോളജിൽ മുന്‍പ് പ്രിൻസിപ്പലിന്റെ ചിത്രം എടുത്തുമാറ്റിയ പാരന്പര്യവുമുണ്ട്. 1992 ൽ പ്രിൻസിപ്പലായി വിരമിച്ച പ്രഫ. ഏബ്രഹാം അറയ്ക്കലിന്റെ ചിത്രം കോളജ് മുഖ്യ ഹാളിൽ സ്ഥാപിച്ചത് കാണാതായി. മുൻ പ്രിൻസിപ്പൽമാരുടെ ചിത്രം മുഖ്യഹാളിൽ സ്ഥാപിക്കാറുണ്ട്. കാന്പസിൽ ജീവനക്കാരോടും വിദ്യാർഥികളോടും വളരെ കർക്കശക്കാരനായിരുന്നു പ്രഫ. ഏബ്രഹാം. യൂണിയൻ ഓഫീസ് എസ്എഫ്ഐയുടെ തന്നിഷ്ട പ്രവർത്തന കേന്ദ്രമാക്കിയതു വിലക്കി. എന്നും വൈകിട്ട് കോളജ് സമയം കഴിഞ്ഞാൽ മുറി പൂട്ടി താക്കോൽ പ്രിൻസിപ്പലിനെ ഏൽപ്പിക്കണമെന്ന വ്യവസ്ഥ വച്ചു.
നേതാക്കളുൾപ്പെടെ എല്ലാവർക്കും കോളജ് പരീക്ഷ നിർബന്ധമാക്കി, 12 വർഷം മുടങ്ങിക്കിടന്ന പരീക്ഷാസംവിധാനം പുനഃസ്ഥാപിച്ചു ഇതെല്ലാം അദ്ദേഹത്തിന്റെ ചിത്രം അപ്രത്യക്ഷമാകാൻ കാരണമായി. അക്രമപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളിൽ ഏറിയ ഭാഗവും നേതാക്കന്മാരെ പേടിച്ചാണ് രംഗത്തിറങ്ങുന്നത്. നേതാക്കളുടെ നിർബന്ധത്തിനു വഴങ്ങാതിരിക്കാൻ ഇവർക്കു ധൈര്യമില്ല. (തുടരും)
ജോൺസൺ വേങ്ങത്തടം