University News
കാഷ്ലെസ് സർവകലാശാല; പെയ്മെന്റ് ഗേറ്റ്വേ സിസ്റ്റം തുടങ്ങി
കാഷ്ലെസ് സർവകലാശാല; പെയ്മെന്റ് ഗേറ്റ്വേ സിസ്റ്റം തുടങ്ങി
തേഞ്ഞിപ്പലം: ഗോത്രവർഗ വിഭാഗക്കാർക്കായി കാലിക്കട്ട് സർവകലാശാല നടത്തുന്ന പ്രത്യേക കേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിന് കേന്ദ്ര ഗവൺമെന്റിന്റെ പരമാവധി സഹായങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് പ്രഫ. റിച്ചാർഡ് ഹേ എംപി അറിയിച്ചു. സർവകലാശാലയിൽ നിന്ന് വിവിധ സേവനങ്ങൾ ലഭ്യമാകുന്നതിനുള്ള ഫീസുകൾ ഓൺലൈനായി അടക്കുന്നതിനുള്ള പെയ്മെന്റ് ഗേറ്റ്വേ സിസ്റ്റം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നവീനമായ ആശയങ്ങളോടെ ഉന്നത പഠന ഗവേഷണ മേഖലകളിൽ പ്രവേശിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മികച്ച സ്‌ഥാപനങ്ങളിൽ ഉപരിപഠനത്തിന് സഹായം ലഭ്യമാക്കും. സാംസ്കാരിക ഔന്നിത്യം പുലർത്തുന്ന പൗരൻമാർ കാലഘട്ടത്തിന്റെ ആവശ്യമാണ്, പുതുതലമുറയിൽ ഭൗതിക വിജ്‌ഞാനത്തിനൊപ്പം മൂല്യബോധം കൂടി വളർത്തുന്നതിന് സർവകലാശാലകൾ ശ്രദ്ധപുലർത്തേണ്ടതുണ്ടെന്ന് റിച്ചാർഡ് ഹേ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അധ്യക്ഷനായിരുന്നു. ഫിനാൻസ് ഓഫീസർ കെ.പി. രാജേഷ് പെയ്മെന്റ് ഗേറ്റ്വേ സിസ്റ്റം പരിചയപ്പെടുത്തി. വി.ടി. മധു, നസീമുദ്ദീൻ എന്നിവർ ടെക്നിക്കൽ പ്രസന്റേഷൻ നടത്തി. സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. ടി.പി. അഹമ്മദ്, കെ.കെ. ഹനീഫ, കെ. വിശ്വനാഥ്, ഒ. അബ്ദുൾ അലി, ഡോ. ഫാത്തിമത്ത് സുഹ്റ, പരീക്ഷാ കൺട്രോളർ ഡോ. വി.വി. ജോർജ്കുട്ടി, എസ്ബിടി ചീഫ് മാനേജർ കെ.ബി. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
More News