കോന്നി: സംസ്ഥാന പാതകള് സംഗമിക്കുന്ന പ്രധാന ടൗണായ കോന്നി ഗതാഗതക്കുരുക്കില് വീര്പ്പുമുട്ടുന്നു. പുനലൂര് - മൂവാറ്റുപുഴ സംസ്ഥാന പാത, ഹരിപ്പാട് - കോന്നി, അച്ചന്കോവില് - ചിറ്റാര് മലയോര ഹൈവേ എന്നിവ ഉള്പ്പെടെയുള്ള പ്രധാന റോഡുകള് കടന്നുപോകുന്ന നഗരത്തില് ഗതാഗത നിയന്ത്രണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള് ഒരുക്കാന് അധികൃതര് പരാജയപ്പെട്ടിരിക്കുകയാണ്.
നഗരത്തിലെ റോഡുകള് അനധികൃത പാര്ക്കിംഗിന്റെയും വഴിയോരം കൈയേറി നടത്തുന്ന കച്ചവടങ്ങളുടെയും പിടിയിലാണ്. റോഡില് തോന്നുംപടി വാഹനങ്ങള് തിരിക്കുകയും നിര്ത്തുകയും ചെയ്യുന്ന അവസ്ഥ പതിവായിട്ടും ഇതിനെതിരേ നടപടി സ്വീകരിക്കാന് ബന്ധപ്പെട്ട വകുപ്പുകള് തയാറാകുന്നില്ല. ശബരിമല മകരവിളക്കുകാലവും പുതുവത്സരാഘോഷവുമൊക്കെ ആയതോടെ പിഎം റോഡില് രാവിലെ മുതല് വാഹനങ്ങളുടെ തിരക്കാണ്. ഗതാഗത നിയന്ത്രണ സംവിധാനങ്ങള് പാളുന്നതോടെ കുരുക്ക് മണിക്കൂറുകള് നീളുന്നു.
ഗതാഗത സിഗ്നല് സംവിധാനങ്ങള് നഗരത്തില് ഒരിടത്തും ഇല്ലെന്നത് അധികൃതരുടെ അലംഭാവത്തിന്റെ ഏറ്റവും വലിയ തെളിവായി മാറിയിരിക്കുകയാണ്. പേരിനുപോലും ട്രാഫിക് കാമറകള് ഇല്ലാത്തതും രാത്രികാലങ്ങളില് മതിയായ തെരുവുവിളക്കുകള് ഇല്ലാത്തതും അപകടസാധ്യത വര്ധിപ്പിക്കുന്നു.
ഇതൊന്നും കാണാതെ പുതുതായി ഉയരുന്ന വാണിജ്യ കെട്ടിടങ്ങള്ക്കുപോലും പാര്ക്കിംഗ് സൗകര്യങ്ങള് ഉറപ്പാക്കാതെ അനുമതി നല്കുന്നതിലൂടെ നഗരത്തെ പൂര്ണമായും തകര്ച്ചയിലേക്ക് തള്ളിവിടുകയാണെന്ന വിമര്ശനവും ശക്തമാണ്.
ഗതാഗതം നിയന്ത്രിക്കുന്നത് ഹോം ഗാര്ഡുകള്
ട്രാഫിക് പോലീസ് സംവിധാനം ഇല്ലാത്ത നഗരത്തില്, ഗതാഗത നിയന്ത്രണത്തിന്റെ മുഴുവന് ചുമതലയും ഹോം ഗാര്ഡുകള്ക്കാണ്. മതിയായ പോലീസിനെ നിയോഗിക്കാതെ താത്കാലികാടിസ്ഥാനത്തിലുള്ള പോലീസിനും ഹോം ഗാര്ഡിനുമാണ് കോന്നി ടൗണിന്റെ വിവിധ ഭാഗങ്ങളില് ട്രാഫിക് നിയന്ത്രണച്ചുമതലയുള്ളത്. മെഡിക്കല് കോളജും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും പ്രവര്ത്തിക്കുന്ന പ്രദേശമായിട്ടും, അതിനനുസരിച്ചുള്ള ഗതാഗത നിയന്ത്രണ സംവിധാനങ്ങള്ക്ക് അധികൃതര് തയാറാകാത്തത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുകയാണ്.
അടിയന്തരമായി ഗതാഗത സിഗ്നല് സംവിധാനങ്ങള് സ്ഥാപിക്കുകയും അനധികൃത പാര്ക്കിംഗിനും വഴിയോര കൈയേറ്റങ്ങള്ക്കും ശക്തമായ നടപടി സ്വീകരിക്കുകയും സ്ഥിരം ട്രാഫിക് പോലീസ് സംവിധാനം ഏര്പ്പെടുത്തുകയും ചെയ്യണമെന്ന ആവശ്യമാണ് നാട്ടുകാര് ഉയര്ത്തുന്നത്. അല്ലാത്തപക്ഷം കോന്നിയിലെ ഗതാഗത പ്രശ്നങ്ങള് കൂടുതല് ഗുരുതരമാകുമെന്നും മുന്നറിയിപ്പുണ്ട്.
മൈലപ്രയിലും കുരുക്ക്, വഴിവിളക്കുകളുമില്ല
മൈലപ്ര: ശബരിമല തീര്ഥാടകരുടെ തിരക്കും പത്തനംതിട്ട ടൗണില്നിന്നുള്ള വാഹനങ്ങള് വഴിതിരിച്ചുവിട്ടതും കാരണം മൈലപ്ര പള്ളിപ്പടി, കുമ്പഴവടക്ക് ഭാഗങ്ങളില് ഗതാഗത നിയന്ത്രണ സംവിധാനങ്ങള് പാളി. പത്തനംതിട്ട ടൗണില്നിന്നു കുമ്പഴ ഭാഗത്തേക്കുള്ള ബസുകളടക്കം മുഴുവന് വാഹനങ്ങളും മൈലപ്ര പള്ളിപ്പടി വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്.
പിഎം റോഡിലെ തിരക്ക് കാരണം പള്ളിപ്പടിയില് വാഹനങ്ങള് തിരിയാന് നന്നേ ബുദ്ധിമുട്ടാണ്. ഹോം ഗാര്ഡുകളോ താത്കാലിക പോലീസോ ആണ് മിക്കപ്പോഴുംപള്ളിപ്പടിയില് ഡ്യൂട്ടിയിലുള്ളത്. ശബരിമല തീര്ഥാടകരുടെ വാഹനങ്ങളുടെ എണ്ണം വര്ധിച്ചതോടെ തിരക്ക് നിയന്ത്രണം പലപ്പോഴും പാളുകയാണ്. വാഹനങ്ങള് തിരിച്ചുവിടുന്നതിലെ കാലതാമസം കാരണം കുരുക്ക് മൈലപ്ര ജംഗ്ഷനും കുമ്പഴ വടക്ക് ജംഗ്ഷനും അപ്പുറത്തേക്ക് നീളുകയാണ്.
രാത്രി എട്ടിനുശേഷം ഗതാഗത നിയന്ത്രണത്തിനു പോലീസും ഉണ്ടാകാറില്ല. പിഎം റോഡിലൂടെ അമിതവേഗത്തില് വരുന്ന വാഹനങ്ങള് പലപ്പോഴും പത്തനംതിട്ടയില് നിന്നും പിഎം റോഡിലേക്ക് കയറുന്ന വാഹനങ്ങളില് തട്ടുന്നതു പതിവായിട്ടുമുണ്ട്.
കാല്നടയായി ശബരിമലയിലേക്കും എരുമേലിയിലേക്കും പോകുന്നവരുടെ എണ്ണവും വര്ധിച്ചിരിക്കുകയാണ്. രാത്രികാലങ്ങളിലാണ് ഇവരുടെ യാത്ര കൂടുതലും. എന്നാല് മൈലപ്ര, മണ്ണാറക്കുളഞ്ഞി, ഉതിമൂട് ഭാഗങ്ങളില് രാത്രിവെളിച്ചം കുറവായതിനാല് കാല്നടക്കാര് നന്നേ ബുദ്ധിമുട്ടുന്നു.
കറുത്ത വസ്ത്രം ധരിച്ചു നടക്കുന്ന കാല്നട തീര്ഥാടകരെ പിന്നാലെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്മാര്ക്കും വിദൂരത്തില്നിന്നു കാണാനാകുന്നില്ല. ഇത് അപകടങ്ങള്ക്കു കാരണമാകും. വഴിവിളക്കുകള് ഉണ്ടെങ്കില് കാല്നടക്കാരെ തിരിച്ചറിയാനാകും.
പന്തളത്ത് എംസി റോഡിലും കുരുക്ക്
പന്തളം: എംസി റോഡില് പന്തളം ഭാഗത്തെ ഗതാഗതക്കുരുക്ക് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ശബരിമല മകരവിളക്ക് കാലമെത്തിയതോടെ പന്തളത്ത് അയ്യപ്പഭക്തരുടെ തിരക്കാണ്. പന്തളം കൊട്ടാരത്തിലും ക്ഷേത്രത്തിലും എത്തുന്ന തീര്ഥാടകരുടെ വാഹനങ്ങള് കൂടി ആയതോടെ പന്തളത്തെ കുരുക്കിന്റെ രൂക്ഷതയേറി. തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന 12 വരെ പന്തളത്തേക്ക് വാഹനങ്ങളുടെ തിരക്കുണ്ടാകും. ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തരുടെ വാഹനങ്ങളുടെ പാര്ക്കിംഗ് അടക്കമുള്ള സംവിധാനങ്ങള് കാര്യക്ഷമമല്ല.
ക്ഷേത്രത്തിലേക്കും കൊട്ടാരത്തിലേക്കു വരുന്ന വാഹനങ്ങള് തിരിച്ചുവിടാനും സംവിധാനങ്ങളില്ല. പന്തളത്ത് കൂടുതല് പോലീസിനെ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ടെങ്കിലും എംസി റോഡിലെ കുരുക്ക് കിലോമീറ്ററുകള്ക്കപ്പുറത്തേക്ക് നീളുമ്പോള് പോലീസും നിസഹായാവസ്ഥ പ്രകടിപ്പിക്കുന്നു. പറന്തല്, കുളനട ഭാഗങ്ങളിലേക്ക് കുരുക്കിന്റെ രൂക്ഷത പ്രകടമാണ്. പന്തളം ടൗണ് കഴിഞ്ഞാലും വാഹനങ്ങളുടെ നിര നീളുകയാണ്.
തിരക്കേറുമ്പോഴും പന്തളത്തെ അനധികൃത പാര്ക്കിംഗ് അടക്കമുള്ള പ്രശ്നങ്ങള് പരിഹരിച്ചിട്ടില്ല. ഗതാഗത നിയന്ത്രണത്തിനു മുന്പരിചയമുള്ള പോലീസുകാരെ മണികണ്ഠനാല്ത്തറയിലും മറ്റും നിയോഗിച്ചിട്ടുമില്ല. ആംബുലന്സുകള്, കെഎസ്ആര്ടിസിയുടേതടക്കം ദീര്ഘദൂര ബസുകള്, വിമാനത്താവളങ്ങളിലേക്കും റെയില്വേ സ്റ്റേഷനുകളിലേക്കുമുള്ള യാത്രക്കാര് തുടങ്ങിയവരാണ് പന്തളത്തെ കുരുക്കില് വലയുന്നത്.