Leader Page
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുവർഷം ശേഷിക്കെ, കർണാടക രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾക്ക് തുടക്കമായിരിക്കുന്നു. ബിജെപിയുടെ തകർക്കാനാകാത്ത ശക്തിദുർഗമായ തീരദേശ കർണാടകയിലേക്ക് കടന്നുകയറാൻ കോൺഗ്രസിലെ പ്രമുഖ തന്ത്രജ്ഞനും മുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ വ്യക്തമായ പദ്ധതികളോടെ രംഗത്തിറങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ് 100 ദിവസം പിന്നിട്ടതിന്റെ ഭാഗമായി, ചരിത്രത്തിലാദ്യമായി മംഗളൂരുവിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നത് ഈ നീക്കത്തിന്റെ കൃത്യമായ സൂചനയാണ്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം ദക്ഷിണ കന്നഡ, ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലങ്ങളിൽ വൻ വിജയം നേടിയ ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കിലേക്ക് കടന്നുകയറാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനായി ബംഗളൂരുവിനു പുറത്തുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് മംഗളൂരു പടിയിലെ ‘പ്രജാ സൗധ’ വേദിയായി. മുഖ്യമന്ത്രിയും മന്ത്രിമാരും തുറന്ന ബസിൽ യോഗസ്ഥലത്തേക്കെത്തിയത് വലിയ ജനശ്രദ്ധ നേടി.
"ടീം കർണാടക' എന്ന ആശയം മുൻനിർത്തി വികേന്ദ്രീകൃത വികസനം ഉറപ്പാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് യോഗത്തിനു മുന്നോടിയായി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. മുതിർന്ന നേതാവ് സിദ്ധരാമയ്യയുടെ ‘അഹിന്ദ’ (പിന്നാക്ക-ന്യൂനപക്ഷ-ദളിത്) കൂട്ടുകെട്ടിനുപുറമെ, ആർഎസ്എസ് ശക്തികേന്ദ്രങ്ങളിൽ ഹൈന്ദവ ക്ഷേത്രങ്ങളുടെ വികസനവും പ്രാദേശിക വികാരങ്ങളും മുൻനിർത്തി സ്വന്തം സ്വാധീനം ഉറപ്പിക്കാനാണു ഡികെയുടെ ശ്രമം.
തുളുനാടിന് ഔദ്യോഗിക ഭാഷാപെരുമ
തീരദേശ കർണാടകയുടെ പതിറ്റാണ്ടുകളായുള്ള സാംസ്കാരിക ആവശ്യത്തിനാണ് ഒടുവിൽ അംഗീകാരമായിരിക്കുന്നത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ തുളു ഭാഷയെ കന്നഡയ്ക്കൊപ്പം കർണാടകയുടെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കാൻ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.
2008ൽ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ വാഗ്ദാനം ചെയ്ത കാര്യമാണിത്. ദീർഘകാലം ഭരണത്തിലിരുന്നിട്ടും ബിജെപി നടപ്പാക്കാത്ത വാഗ്ദാനം യാഥാർഥ്യമാക്കിയതിലൂടെ വലിയൊരു രാഷ്ട്രീയനേട്ടമാണ് ഡി.കെ. ശിവകുമാർ സ്വന്തമാക്കിയത്. “മുൻ സർക്കാരുകൾ എന്തുകൊണ്ട് ഇതു ചെയ്തില്ലെന്ന് ചോദിക്കുന്നില്ല; ജനങ്ങളോടു ഞങ്ങൾക്ക് പ്രതിബദ്ധതയുണ്ട്, വികാരങ്ങളെ വച്ച് ഞങ്ങൾ രാഷ്ട്രീയം കളിക്കാറില്ല,” എന്നായിരുന്നു തീരുമാനത്തോട് ഡികെയുടെ പ്രതികരണം.
ഭാഷയുടെ പ്രചാരണത്തിനും വിവർത്തനത്തിനും പരിശീലനങ്ങൾക്കുമായി പ്രതിവർഷം 82 ലക്ഷം രൂപ അനുവദിക്കാനും സർക്കാർ തീരുമാനിച്ചു. ഇത് തുളു ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് വേഗം കൂട്ടും. കൂടാതെ, ഭാഷാസ്വത്വത്തെ ചേർത്തുപിടിച്ചുകൊണ്ട് ‘ദക്ഷിണ കന്നഡ’ ജില്ലയെ ‘മംഗളൂരു’ എന്ന് പുനർനാമകരണം ചെയ്യാനുള്ള കരട് വിജ്ഞാപനം പുറപ്പെടുവിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇതിനു പുറമെ തീരദേശ ജില്ലകളുടെ വികസനത്തിന് 32,611 കോടിയുടെ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളുടെ വികസനം, പുത്തൂരിൽ 549.79 കോടി രൂപ ചെലവിൽ പുതിയ സർക്കാർ മെഡിക്കൽ കോളജും ആശുപത്രിയും വിവിധ റോഡ് വികസന പദ്ധതികളും ഇതിലുൾപ്പെടുന്നു. മംഗളൂരു ഫിഷറീസ് കോളജിനെ സർവകലാശാലയായി ഉയർത്താനും തീരുമാനിച്ചു.
തീരദേശ രാഷ്ട്രീയവും ബിജെപിയുടെ ആശങ്കകളും
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ബിജെപിയുടെ അടിയറവില്ലാത്ത കോട്ടയാണ് ദക്ഷിണ കന്നഡയും ഉഡുപ്പിയും. 1991 മുതൽ ബിജെപി കൈയടക്കിവച്ചിരിക്കുന്ന ദക്ഷിണ കന്നഡയിൽ 2024ലും ബിജെപിയുടെ ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ടയാണു വിജയിച്ചത്. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഉഡുപ്പിയിലെ അഞ്ചു സീറ്റുകളും ദക്ഷിണ കന്നഡയിലെ എട്ടിൽ ആറു സീറ്റുകളും ബിജെപി നേടിയിരുന്നു. എന്നാൽ, വർഗീയ-ആശയപരമായ അജൻഡകൾക്കു മുകളിൽ പ്രാദേശിക വികസനവും സാംസ്കാരികത്തനിമയും ഉയർത്തിക്കാട്ടി കോൺഗ്രസ് നടത്തുന്ന ഈ കടന്നുകയറ്റം ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ആഭ്യന്തരതർക്കങ്ങളിൽ ഉഴലുന്ന ബിജെപി നേതൃത്വം പാർട്ടിയിൽ ഐക്യം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണ്. വാല്മീകി കോർപറേഷൻ അഴിമതി, കെപിഎസ്സി പരീക്ഷാക്രമക്കേടുകൾ എന്നിവയ്ക്കെതിരേ സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര നയിച്ച 200 കിലോമീറ്ററോളം ദൈർഘ്യമുള്ള ‘ബെല്ലാരി ചലോ’ പദയാത്ര വിജയകരമായി പൂർത്തിയായി. വിജയേന്ദ്രയുടെ നേതൃത്വത്തിനെതിരേ ബസനഗൗഡ പാട്ടീൽ യത്നാൽ, കെ.എസ്. ഈശ്വരപ്പ തുടങ്ങിയ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തിയിരുന്നെങ്കിലും പദയാത്രയുടെ സമാപനത്തിൽ ബി.എസ്. യെദിയൂരപ്പ, ബസവരാജ് ബൊമ്മൈ, ആർ. അശോക് എന്നിവർ ഒന്നിച്ചെത്തിയത് വിജയേന്ദ്രയ്ക്ക് കരുത്തായി. എങ്കിലും സഖ്യകക്ഷിയായ ജെഡി-എസുമായി വേണ്ടത്ര ഏകോപനം ഉണ്ടായിരുന്നില്ലെന്ന വിമർശനം നിലനിൽക്കുന്നുണ്ട്.
പുതിയ ജാതി സമവാക്യങ്ങളും ഭാവി രാഷ്ട്രീയവും
ജാതി സമവാക്യങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സ്ഥലമാണു കർണാടക. പ്രബല വിഭാഗമായ വൊക്കലിഗ സമുദായത്തിൽനിന്നുള്ള ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിയതോടെ ജാതി സമവാക്യങ്ങൾ പുനഃപരിശോധിക്കാൻ ബിജെപി നിർബന്ധിതരായിരിക്കുന്നു.
ബിജെപിയുടെ പ്രധാന വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തിൽ വിജയേന്ദ്രയുടെ കടന്നുവരവോടെ അസ്വാരസ്യങ്ങൾ ഉടലെടുത്തിട്ടുണ്ട്. വൊക്കലിഗ വോട്ടുകൾ ലക്ഷ്യമിട്ട് ജെഡി-എസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയെ മുൻനിർത്തി ബിജെപി ഡി.കെ. ശിവകുമാറിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു വൊക്കലിഗക്കാരൻ മുഖ്യമന്ത്രിയായത് കോൺഗ്രസിന് അനുകൂലമായേക്കാം. സിദ്ധരാമയ്യയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയതിൽ കുറുബ സമുദായത്തിനുള്ള അതൃപ്തി മുതലെടുക്കാൻ ബിജെപി നീക്കം നടത്തുന്നുണ്ട്.
പരമ്പരാഗതമായി കല്യാണ കർണാടക (ഹൈദരാബാദ്-കർണാടക), പഴയ മൈസൂരു മേഖലകളാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങൾ. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ജന്മനാടായ മധ്യ കർണാടകയിലെ കലാബുരാഗി ഉൾപ്പെടുന്ന കല്യാണ കർണാടകയിൽ തുടർച്ചയായി വലിയ മുന്നേറ്റമാണു പാർട്ടി കാഴ്ചവയ്ക്കുന്നത്. കലാബുരാഗി, ബിദാർ, റായ്ച്ചുർ, ബെല്ലാരി തുടങ്ങി ഏഴു ജില്ലകളിലായി പരന്നുകിടക്കുന്ന ഈ മേഖലയിൽ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഭൂരിഭാഗം സീറ്റുകളും കോൺഗ്രസ് നേടിയിരുന്നു.
ജെഡി-എസിന്റെ കോട്ടയായിരുന്ന പഴയ മൈസൂരു മേഖലയിൽ വൊക്കലിഗ സമുദായത്തിന് പ്രാബല്യമുള്ള മൈസൂരു, മാണ്ഡ്യ, രാമനഗര, ചാമരാജനഗർ തുടങ്ങിയ ജില്ലകളിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടിയിരുന്നു.
ലിംഗായത്ത് സമുദായത്തിന് മേധാവിത്വമുള്ള വടക്കൻ കർണാടകയിലെ കിത്തൂർ കർണാടകയിലും (ബോംബെ-കർണാടക) മധ്യ കർണാടകയിലെ ദാവൺഗെരെ, ചിത്രദുർഗ എന്നിവിടങ്ങളിലും സമാനമായ മാറ്റങ്ങൾ പ്രകടമാണ്.
എന്നാൽ, ഈ മേഖലകളിലെ മുൻതൂക്കത്തിനു പുറമെ ബിജെപിയുടെ ആധിപത്യം തകർത്ത് ദക്ഷിണ കന്നഡ, ഉഡുപ്പി തുടങ്ങിയ തീരദേശ കർണാടകയിലും മേൽക്കൈ നേടാനുള്ള നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. ബിജെപിയുടെ സാംസ്കാരിക-വികസന അജൻഡകളെ അവരുടെ സ്വന്തം തട്ടകത്തിൽ വച്ചുതന്നെ വെല്ലുവിളിച്ചുകൊണ്ട് ഡി.കെ. ശിവകുമാർ തുടക്കമിട്ട ഈ നീക്കങ്ങൾ വരുംദിവസങ്ങളിൽ കർണാടക രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കു വഴിവയ്ക്കുമെന്ന് ഉറപ്പാണ്.
Leader Page
വ്യക്തിത്വത്തിന്റെ പൂർണതയ്ക്കും സാമൂഹികമായ പരിവർത്തനത്തിനും മാനവരാശി കണ്ടെത്തിയ ഏറ്റവും ശക്തമായ ഉപാധിയാണ് വിദ്യാഭ്യാസം. പാഠപുസ്തകങ്ങളിലെ അറിവ് പകർന്നുനൽകുന്നതിലും പരീക്ഷകൾ നടത്തുന്നതിലും ഒതുങ്ങുന്ന ഒന്നല്ല വിദ്യാലയങ്ങളുടെ ധർമം എന്ന് തലമുറകളായി നാം തിരിച്ചറിയുന്നുണ്ട്. ജീവിതത്തെ നേരിടാനും കർമനിരതരാകാനും പൗരബോധവും നേതൃപാടവവും ഉള്ളവരായി സമൂഹത്തോട് ഉത്തരവാദിത്വമുള്ള പങ്കാളികളാകാനും നമ്മുടെ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുക എന്ന മഹത്തായ ദൗത്യമാണ് വിദ്യാലയങ്ങൾക്കുള്ളത്.ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഈ ഉത്തരവാദിത്വത്തിന്റെ ആഴവും പരപ്പും വർധിച്ചിരിക്കുന്നു. സാങ്കേതികവിദ്യയുടെ വിസ്മയകരമായ കുതിച്ചുചാട്ടവും മാറുന്ന സാമൂഹിക യാഥാർഥ്യങ്ങളും, സങ്കീർണമാകുന്ന സാമ്പത്തികഘടനകളും കേവലം പരീക്ഷകൾക്കപ്പുറം വളരുന്ന ഒരു വിദ്യാഭ്യാസക്രമത്തെ ആവശ്യപ്പെടുന്നു.
►മാറ്റത്തിനായുള്ള നവരീതി
ഭാരതത്തിന്റെ ‘ദേശീയ വിദ്യാഭ്യാസ നയം 2020’ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഈ നവീനമായ ഉൾക്കാഴ്ചയാണ് പ്രതിഫലിപ്പിക്കുന്നത്. മനഃപാഠമാക്കലിലും വിജ്ഞാനഭാരത്തിലും കുരുങ്ങിക്കിടന്ന പഴയ രീതികളിൽ നിന്ന് മാറി, വിദ്യാർഥികേന്ദ്രീകൃതവും മൂല്യാധിഷ്ഠിതവും വൈവിധ്യമാർന്ന വിഷയങ്ങളെ സമന്വയിപ്പിക്കുന്നതുമായ ഒരു നവരീതിയെ അത് മുന്നോട്ടുവയ്ക്കുന്നു. കേവലമായ പരീക്ഷാവിജയത്തിനപ്പുറം ബൗദ്ധികമായ വളർച്ചയും ധാർമികമായ അവബോധവും സർഗാത്മകതയും ഏതു സാഹചര്യത്തോടും പൊരുത്തപ്പെടാനുള്ള ശേഷിയും ആജീവനാന്ത പഠനത്വരയും ചേരുമ്പോഴേ വിദ്യാഭ്യാസം സാർഥകമാകൂ എന്ന ദർശനമാണ് ഇതിന്റെ കാതൽ.
പരമ്പരാഗത വിദ്യാഭ്യാസ മാതൃകകൾ വരുത്തിവച്ച വലിയൊരു പോരായ്മയുണ്ട്; എല്ലാ കുട്ടികളും ഒരേ രീതിയിൽ വളരണമെന്നും അവർക്ക് ഒരേ തരത്തിലുള്ള അനുഭവങ്ങൾ നൽകിയാൽ മതിയെന്നുമുള്ള തെറ്റായ ധാരണയാണത്. ഒരേ പാഠങ്ങൾ ഒരേ വേഗത്തിൽ പഠിച്ച്, സാർവത്രികമായ പരീക്ഷകളിലൂടെ ഒരേ അളവുകോൽവച്ച് എല്ലാവരുടെയും കഴിവ് അളക്കപ്പെടണം എന്ന് നാം ശഠിച്ചുപോന്നു.
ഇത്തരത്തിലുള്ള മാനദണ്ഡങ്ങൾ പൊതുവായ ഒരു ക്രമമുണ്ടാക്കാൻ സഹായിക്കുമെങ്കിലും, അത് വിസ്മരിച്ചുകളയുന്ന ഒരു അടിസ്ഥാന സത്യമുണ്ട്. ഓരോ കുട്ടിയും പഠിക്കുന്നത് ഓരോ രീതിയിലാണ്.
ഓരോ ക്ലാസ്മുറിയും വ്യത്യസ്തമായ കഴിവുകളും താല്പര്യങ്ങളും അഭിലാഷങ്ങളുമുള്ള കുരുന്നുകളാൽ സമൃദ്ധമാണ്. ചിലർ ശാസ്ത്രചിന്തയിലും യുക്തിബോധത്തിലും മികവു പുലർത്തുമ്പോൾ മറ്റുചിലർ ഭാഷയിലും സർഗാത്മകതയിലും നേതൃപാടവത്തിലും ചിത്രകലയിലും സ്പോർട്സിലും സാമൂഹിക ഇടപെടലുകളിലും പുതിയ ആശയങ്ങളുടെ നിർമിതിയിലുമാണ് തിളങ്ങുന്നത്.
വിജയത്തെ സങ്കുചിതമായ ഒരൊറ്റ അളവുകോൽകൊണ്ട് മാത്രം അളക്കുമ്പോൾ, മനുഷ്യപ്രതിഭയുടെ അമൂല്യമായ പല തലങ്ങളും നാം കാണാതെപോകുന്നു.
സമകാലിക വിദ്യാഭ്യാസ മനഃശാസ്ത്രവും പഠനഗവേഷണങ്ങളും ഈ വൈവിധ്യത്തെ അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് അടിവരയിടുന്നത്. ഓരോ കുട്ടിയുടെയും വ്യത്യസ്തതകളെ തിരിച്ചറിയുകയും അവർക്ക് പൂർണതയിലെത്താനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്ന അന്തരീക്ഷമാണ് യഥാർഥ പഠനവേദി എന്ന് മനഃശാസ്ത്രവും വൈജ്ഞാനിക ശാസ്ത്രവും നമ്മെ ഓർമിപ്പിക്കുന്നു.
►വായനയും സംവാദങ്ങളും
ഇന്ന് വിരൽത്തുമ്പിലെ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെയും അറിവുകൾ നിമിഷനേരംകൊണ്ട് ലഭ്യമാകുന്നു. എങ്കിലും, വിവരശേഖരണവും യഥാർഥ വിദ്യാഭ്യാസവും ഒന്നാണെന്ന് നാം തെറ്റിദ്ധരിക്കരുത്. വായനയും ചിന്തയും ആഴത്തിലുള്ള മനനവും ഇന്നും വിജ്ഞാനവികാസത്തിന്റെ ആധാരശിലകളാണ്. നിരന്തരമായ വായനാശീലവും മഹത്തായ ആശയങ്ങളുമായുള്ള സംവാദങ്ങളും മാത്രമേ മനുഷ്യന്റെ ചിന്താശേഷിയെ ആഴമുള്ളതാക്കൂ. സാങ്കേതികവിദ്യ കൊടികുത്തിവാഴുന്ന ഇക്കാലത്തും കുഞ്ഞുങ്ങളിൽ വായനയുടെ വസന്തം വിടർത്തേണ്ട ചുമതല വിദ്യാലയങ്ങൾക്കുണ്ട്. ഓർമയിൽ എത്രമാത്രം വിവരങ്ങൾ ശേഖരിച്ചുവച്ചിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാകരുത് ഇനി വിദ്യാഭ്യാസത്തിന്റെ മൂല്യനിർണയം. ആർജിച്ച ജ്ഞാനത്തെ ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ എത്രത്തോളം അർഥപൂർണമായി പ്രയോഗിക്കാൻ കഴിയുന്നു എന്നതിലാണ് കാര്യം.
►ശേഷ്യധിഷ്ഠിത വിദ്യാഭ്യാസം
ഈ തിരിച്ചറിവാണ് ‘ശേഷ്യധിഷ്ഠിത വിദ്യാഭ്യാസ’ത്തിലേക്ക് നമ്മെ നയിക്കുന്നത്. ജീവിതത്തിലും സമൂഹത്തിലും വിജയകരമായി പങ്കുചേരാൻ ആവശ്യമായ അറിവും വൈദഗ്ധ്യവും മനോഭാവവും മൂല്യങ്ങളും വളർത്തിയെടുക്കുക എന്നതാണ് ഈ രീതിയുടെ ലക്ഷ്യം.
വിമർശനാത്മകമായ ചിന്ത, സർഗാത്മകത, ആശയവിനിമയശേഷി, പ്രശ്നപരിഹാരപാടവം, വിശകലനശേഷി, ഡിജിറ്റൽ സാക്ഷരത, വൈകാരിക പക്വത, നേതൃത്വഗുണം, തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്തി, സാമൂഹിക ഉത്തരവാദിത്വം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഭാവികാലത്തിന് അനുയോജ്യമായ ഇത്തരം സവിശേഷ ശേഷികൾ വളർത്തിയെടുക്കുന്നതിനാണ് അന്താരാഷ്ട്ര വിദ്യാഭ്യാസവേദികൾ ഇന്ന് പ്രാധാന്യം നൽകുന്നത്. ആഴത്തിലുള്ള ധാരണയ്ക്കും അനുഭവങ്ങളിലൂടെയുള്ള പഠനത്തിനും ശേഷികളെ വിലയിരുത്തുന്ന മൂല്യനിർണയത്തിനും ദേശീയ വിദ്യാഭ്യാസ നയം ഊന്നൽനൽകുന്നത് ഇതുകൊണ്ടാണ്.
സാമർഥ്യത്തിനൊപ്പംതന്നെ പ്രധാനമാണ് സ്വഭാവരൂപീകരണവും. ധാർമികതയുടെ തകർച്ചയും സാമൂഹിക ഉത്തരവാദിത്വമില്ലായ്മയും വിശ്വാസ്യതയില്ലായ്മയും സമകാലിക സമൂഹം നേരിടുന്ന വലിയ വെല്ലുവിളികളാണ്. കേവലമായ അക്കാദമിക മികവ് ഒരാളെ നല്ലൊരു പൗരനാക്കി മാറ്റിക്കൊള്ളണമെന്നില്ല. സ്വഭാവശുദ്ധിയില്ലാത്ത സാമർഥ്യം ലക്ഷ്യബോധമില്ലാത്ത അറിവിനെ മാത്രമേ സൃഷ്ടിക്കൂ. അത് മനുഷ്യന് ആപത്താണ്. അതുകൊണ്ട്, സത്യസന്ധത, സഹാനുഭൂതി, ഉത്തരവാദിത്വബോധം, പരസ്പര ബഹുമാനം, കാരുണ്യം, പൊതുനന്മയോടുള്ള പ്രതിബദ്ധത തുടങ്ങിയ ഉന്നതമായ മാനുഷികമൂല്യങ്ങൾ മനഃപൂർവം കുട്ടികളിൽ നട്ടുപിടിപ്പിക്കേണ്ടതുണ്ട്.
►ഭാവിയിലെ തൊഴിൽ
ഭാവിയിലെ തൊഴിൽമേഖലയും സാമൂഹികാന്തരീക്ഷവും ഇന്നത്തേതിൽനിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, ബയോടെക്നോളജി, പുനരുപയോഗ ഊർജം തുടങ്ങിയ നവീന സാങ്കേതികവിദ്യകൾ ലോകത്തെ മാറ്റിമറിക്കുകയാണ്. മാറ്റങ്ങളോട് ഇണങ്ങിച്ചേരാനുള്ള സന്നദ്ധത, നിരന്തരമായ പഠനം, ബഹുമുഖ വിഷയങ്ങളിലുള്ള അറിവ്, മനുഷ്യകേന്ദ്രീകൃതമായ കഴിവുകൾ എന്നിവയ്ക്കാണ് വരുംകാലത്ത് കൂടുതൽ മൂല്യമുണ്ടാകുക എന്ന് തൊഴിൽപഠനങ്ങൾ വ്യക്തമാക്കുന്നു.
ആരോഗ്യമുള്ള ഒരു സമൂഹത്തിന് പലവിധത്തിലുള്ള പ്രതിഭകൾ ആവശ്യമാണ്. അറിവിന്റെ അതിരുകൾ വികസിപ്പിക്കുന്ന ശാസ്ത്രജ്ഞരും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്ന സംരംഭകരും സംസ്കാരത്തെ സമ്പന്നമാക്കുന്ന കലാകാരന്മാരും തലമുറകളെ പ്രചോദിപ്പിക്കുന്ന അധ്യാപകരും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന എൻജിനീയർമാരും സ്ഥാപനങ്ങൾക്ക് കരുത്തുപകരുന്ന ധർമിഷ്ഠരായ നേതാക്കളും സാമൂഹിക സൗഹാർദം കാത്തുസൂക്ഷിക്കുന്ന കരുണയുള്ള പൗരന്മാരും നമുക്ക് വേണം.
Leader Page
തിരുവനന്തപുരം നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന മൃഗശാല ഇപ്പോഴുള്ള സ്ഥലത്തുനിന്ന് കാടുമായി ചേർന്ന ഇടത്തേക്കുമാറ്റി സ്ഥാപിക്കണമെന്നും ഈ സ്ഥലം അമേരിക്കയിലെ മാഡിസൺ ചത്വരംപോലെ വികസിപ്പിക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിർദേശം ഇപ്പോൾ വലിയ ചർച്ചാവിഷയമായിരിക്കുകയാണല്ലോ.
ഇക്കഴിഞ്ഞ 16ന് റീ ഇമാജിനിംഗ് കേരളം ഇനിഷ്യേറ്റീവ് എന്ന പേരിൽ കേരളത്തിന്റെ സമഗ്ര മാറ്റം ലക്ഷ്യമാക്കിയുള്ള പദ്ധതികളെ സംബന്ധിച്ചുള്ള റൗണ്ട് ടേബിൾ കോൺഫറൻസിൽ കേരളത്തിന്റെ ഒരു സ്വപ്നപദ്ധതിയായിട്ടാണ് മുഖ്യമന്ത്രി ഇതവതരിപ്പിച്ചത്.
നിലവിലുള്ള മൃഗശാലയിൽ ജീവികൾക്ക് അവരുടേതായ ആവാസ വ്യവസ്ഥയുടെ അഭാവം അവയോടുള്ള ക്രൂരതയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തിൽ തൃശൂരിലെ പുത്തൂരിൽ, അന്തർദേശീയ നിലവാരത്തിലുള്ള ആവാസവ്യവസ്ഥയോടെ സുവോളജിക്കൽ പാർക്ക് സ്ഥാപിക്കുന്നതിന് ആദ്യന്തം നേതൃത്വം നൽകിയ അനുഭവത്തിന്റെ വെളിച്ചത്തിൽ ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് ഉചിതമാണെന്നു കരുതുന്നു.
തിരുവനന്തപുരം നഗരമധ്യത്തിൽ 30 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന മൃഗശാല ദക്ഷിണേന്ത്യയിലെ ഒരു പ്രധാന മൃഗശാലയാണ്. 98 ഇനങ്ങളിലായി ഏതാണ്ട് 1025 ജീവികളെ ഇവിടെ പാർപ്പിച്ചിരിക്കുന്നു. 1859ൽ അന്നത്തെ മ്യൂസിയത്തോടു ചേർന്ന് പ്രധാനമായും വിനോദത്തിനായി പ്രവർത്തനം ആരംഭിച്ച ഈ മൃഗശാല കാലാനുസൃതമായി പരിഷ്കരിക്കപ്പെട്ടാണ് ഇന്നത്തെ നിലയിൽ എത്തിയിട്ടുള്ളത്. കൂട്ടിലടച്ച മൃഗങ്ങളെ തുറസായ എൻക്ലോഷറുകളിലേക്കു മാറ്റുന്ന ആധുനികീകരണം 1995 കാലത്ത് ആരംഭിച്ചത് ഇപ്പോഴും തുടരുന്നു. കേന്ദ്ര മൃഗശാല അഥോറിറ്റിയുടെ അനുമതിയോടെ പ്രവർത്തിക്കുന്ന മൃഗശാല സ്ഥലപരിമിതി നേരിടുന്നു എന്നത്, 98 ഇനത്തിൽപെട്ട 1025 ജീവികൾ 30 ഏക്കർ സ്ഥലത്തു പാർക്കുന്നു എന്നതിൽനിന്നു വ്യക്തമാണ്.
പുത്തൂർ മാതൃക
ലോകമെമ്പാടും മൃഗശാലകളുടെ നടത്തിപ്പ് സംബന്ധിച്ച കാഴ്ചപ്പാടുകൾ അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരിമിതമായ 30 ഏക്കർ സ്ഥലത്തു വരുത്താവുന്ന ആവാസവ്യവസ്ഥാ പുനഃസൃഷ്ടിക്കു വലിയ പരിമിതിയുണ്ട്. സർക്കാർ ചിന്തിക്കുന്നത് മൃഗശാലയുടെ റീ ലൊക്കേഷൻ ആണ്. ഇതിനൊരു വിജയകരമായ മാതൃക ഇപ്പോൾ സർക്കാരിന്റെ മുന്നിലുള്ളത്, ഈ വർഷം ഫെബ്രുവരിയിൽ സന്ദർശകർക്ക് തുറന്നുകൊടുത്ത തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കാണ്. തൃശൂർ നഗരമധ്യത്തിൽ 13 ഏക്കർ സ്ഥലത്തു ഒരു നൂറ്റാണ്ടിനു മേലെയായി പ്രവർത്തിച്ചിരുന്ന മൃഗശാല പുത്തൂരിലെ 336 ഏക്കർ വനമേഖലയിലേക്കു മാറ്റി സ്ഥാപിച്ചത് ഒരു ചരിത്രസംഭവമായിട്ടുവേണം കാണാൻ.
മൂന്നരപതിറ്റാണ്ട് നീണ്ട പരിശ്രമത്തിന്റെ പരിസമാപ്തിയായിരുന്നു അത്. ആധുനിക മൃഗശാലാ രൂപകല്പനയിൽ ലോകപ്രസിദ്ധനായ ജോൺ കോ യുടെ രൂപകല്പനയിൽ എട്ടു വർഷത്തെ പരിശ്രമത്തിലാണ് ഈ പാർക്ക് രൂപംകൊണ്ടത്. ഇതിനോടകം മൂന്നരലക്ഷത്തിലധികം ആളുകൾ സന്ദർശിച്ച പുത്തൂരിലെ പാർക്കിന്റെ രൂപകൽപന വളരെയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മുളങ്കാടുകൾ വെട്ടിമാറ്റിയ ഭൂപ്രദേശത്ത് കഴിഞ്ഞ അഞ്ചുവർഷം കൊണ്ടു നിലവിൽ വന്ന ഹരിതഭംഗി ജോൺ കോ യുടെ പ്രശംസ നേടിയിട്ടുണ്ട്. പാർക്ക് ഇപ്പോൾ നേരിടുന്ന പരിമിതി മൃഗങ്ങളുടെ എണ്ണക്കുറവാണ്.
അനുയോജ്യമായ ഭൂമി എവിടെ?
മൃഗശാല തിരുവനന്തപുരത്തുനിന്ന് റീ ലൊക്കേറ്റ് ചെയ്യണമോ എന്നത് ഭരണതലത്തിൽ തീരുമാനിക്കേണ്ടതാണ്. ഇതിനായി പല കാര്യങ്ങൾ ശ്രദ്ധാപൂർവം പരിഗണിക്കേണ്ടതുണ്ട്.
അനുയോജ്യമായ ഭൂമി കണ്ടെത്തുകയാണ് പ്രധാനം. തൃശൂർ മൃഗശാലയുടെ റീ ലൊക്കേഷൻ അനന്തമായി നീണ്ടത് ഭൂമി പ്രശ്നത്തിലായിരുന്നു. ഇതൊരു അനുഭവപാഠമാണ്. ഇപ്പോൾ ലോകമെമ്പാടും സൂ സഫാരികളാണ് നിലവിൽ വരുന്നത്. ആഫ്രിക്കൻ സഫാരിയൊക്കെ സന്ദർശിച്ചിട്ടുള്ള പൊതുജനങ്ങൾ അത്തരത്തിൽ ഒന്ന് തീർച്ചയായും പ്രതീക്ഷിക്കും.
നെയ്യാറിനടുത്ത് അഗസ്ത്യമലയുടെ ഭാഗമായ കോട്ടൂരിൽ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് സ്ഥാപിക്കാനുള്ള ഒരു വലിയ പദ്ധതി 1992ൽ വിഭാവന ചെയ്തു പണി ആരംഭിച്ചെങ്കിലും പിന്നീട് പ്രത്യേക സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ടു എന്നതും ഈ സാഹചര്യത്തിൽ പഠനവിഷയമാക്കണം. ഇതിനായി സ്ഥാപിച്ച തറക്കല്ല് ഇപ്പോഴും വനംവകുപ്പിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ രണ്ടാംഘട്ടമായി തിരുവനന്തപുരം മൃഗശാലയുടെ റീ ലൊക്കേഷനും ലക്ഷ്യമിട്ടിരുന്നു.
കേന്ദ്ര നിയമം അനുസരിച്ചു മൃഗശാല വനസംരക്ഷണ പ്രവർത്തനമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ നിയമ ഭേദഗതി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് പുത്തൂരിലെ പാർക്ക് സ്ഥാപിച്ചിട്ടുള്ളതെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. എന്നാൽ, റിസർവ് വനം ഇതിനായി തുടക്കത്തിലേ പരിഗണിക്കാതിരിക്കുന്നതാകും ഉചിതം. മൃഗശാലയും വനം-വന്യജീവി ആവാസ വ്യവസ്ഥയും തുടർച്ചയായി വരാതിരിക്കുന്നതാണ് അഭികാമ്യം.
ഇതിനായി വനമേഖലയോടടുത്തു നിലവിലുള്ള എസ്റ്റേറ്റുകൾ പരിഗണിക്കാവുന്നതാണ്. ഒരു സൂ സഫാരി സ്ഥാപിക്കുന്നതിന് കുറഞ്ഞത് 600 ഏക്കർ സ്ഥലം ആവശ്യമാണ്. കുറഞ്ഞ ചെലവിൽ ഏറ്റെടുക്കാവുന്ന ഇത്തരം ഭൂമി വനമേഖലയോടു ചേർന്ന് നെയ്യാർ-കോട്ടൂർ ഭാഗത്തു ലഭ്യമാണ്.
സൂ നടത്തിപ്പ് ഒരിക്കലും സന്ദർശക ഫീ മാത്രം കൊണ്ടു സാധ്യമല്ല. കൊമേർഷ്യൽ ഏരിയകൂടി ആവശ്യമാണ്. വനേതര ഭൂമിയിൽ ഇതു സാധ്യമാണ്. അതുപോലെ, സംസ്ഥാന ബജറ്റ് വഴി സ്ഥലമെടുപ്പുൾപ്പടെ ഏതാണ്ട് 750 കോടി രൂപ മുതൽമുടക്കു വേണ്ടിവരുന്ന ഈ പദ്ധതി നടപ്പാക്കുക അസാധ്യമായിരിക്കും. പ്രത്യേക സാമ്പത്തിക സ്രോതസ് കണ്ടെത്തേണ്ടതുണ്ട്.
മഹാരാഷ്ട്ര പൂനയ്ക്കടുത്തു ഗോരേവാദ എന്ന സ്ഥലത്തു പബ്ലിക് പ്രൈവറ്റ് വെഞ്ചർ ആയി ഇത്തരത്തിൽ സുവോളജിക്കൽ പാർക്ക് സ്ഥാപിക്കുന്നുണ്ട്. ഇത്തരം പദ്ധതികൾക്കുള്ള മൂലധന സ്വരൂപണത്തിനു വഴികൾ പലതുണ്ട്. പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ചരിത്രം ഇതെല്ലാം ഉൾക്കൊള്ളുന്നതാണ്.
(റിട്ട. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായ ലേഖകൻ തൃശൂർ
സുവോളജിക്കൽ പാർക്കിന്റെ സ്പെഷ്യൽ ഓഫീസറായിരുന്നു)
Leader Page
സത്യദൂതികയായ ദീപിക സാംസ്കാരിക കേരളത്തിന്റെ ദീപമാണ്. നിരവധി പ്രതിലോമ ശക്തികൾക്കിടയിൽ, 140 വർഷങ്ങളായി മൂല്യങ്ങളെ മുറുകെപ്പിടിച്ച് ദീപിക മുന്നേറുന്നു.
മരണസംസ്കാരത്തിന്റെ കരാളഹസ്തങ്ങളിൽനിന്ന് ഈ നാടിന്റെ കവചമായി ജീവന്റെ സംസ്കാരമെന്ന പ്രകാശത്തിലേക്ക് നയിക്കുകയാണ് ദീപിക. നിരീശ്വര യുക്തിവാദ സിദ്ധാന്തങ്ങൾക്കും വ്യാജ പ്രത്യയശാസ്ത്ര ചിന്താഗതികൾക്കും അതിരുകവിഞ്ഞ മത തീവ്രവാദ ഭീകര പ്രവർത്തനങ്ങൾക്കുമെതിരേ ദീപികയുടെ തൂലിക ചലിച്ചുകൊണ്ടിരിക്കുന്നു.
ദീപികയോടൊത്ത്, അതിന്റെ കിതപ്പിലും കുതിപ്പിലും താങ്ങായി, തണലായി, ആവേശമായി നിലയുറപ്പിക്കാൻ നമുക്ക് പ്രതിജ്ഞാബദ്ധരാകാം.
-ആന്റണി തോമസ് മലയിൽ,പ്രസിഡന്റ്, ദീപിക ഫ്രണ്ട്സ് ക്ലബ്,
ചങ്ങനാശേരി അതിരൂപത
Leader Page
“മനുഷ്യനിൽ അന്തർലീനമായ പൂർണതയുടെ പ്രകാശനമാണ് വിദ്യാഭ്യാസം” എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. ഈ വിദ്യാഭ്യാസം എന്ന്, എവിടെ, ആർക്കൊക്കെ ലഭ്യമാകും എന്ന ചോദ്യത്തിനുള്ള ആധുനിക ഉത്തരമാണ് ഡിജിറ്റൽ സാങ്കേതികവിദ്യ.
നാലാം വ്യവസായ വിപ്ലവത്തിന്റെ ഈ കാലത്ത് കൃത്രിമബുദ്ധിയും (എഐ) ഡാറ്റാ അനലിറ്റിക്സും ഓട്ടോമേഷനും തൊഴിൽരംഗത്ത് വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ, ഒരിക്കൽ നേടിയ ബിരുദംകൊണ്ടുമാത്രം ജീവിതകാലം മുഴുവൻ മുന്നോട്ടു പോകാൻ കഴിയില്ലെന്ന യാഥാർഥ്യം വ്യക്തമാകുന്നു. തുടർച്ചയായ പഠനവും പുതിയ നൈപുണ്യങ്ങൾ സ്വായത്തമാക്കലും അത്യന്താപേക്ഷിതമായ ഇക്കാലത്ത് പരമ്പരാഗത ക്ലാസ് മുറികളുടെ അതിരുകൾ ലംഘിച്ച് ഓൺലൈൻ പഠനം വലിയൊരു വിപ്ലവത്തിന് വഴിതുറന്നിരിക്കുകയാണ്.
സാധ്യതകളും അവസരങ്ങളും
ഓൺലൈൻ വിദ്യാഭ്യാസം തുറന്നുനൽകുന്ന സാധ്യതകളും അവസരങ്ങളും അനന്തമാണ്. ഇഷ്ടമുള്ള വിഷയങ്ങൾ, ഇഷ്ടമുള്ള സമയത്ത്, സ്വന്തം സമയത്ത് പഠിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഓരോ പഠിതാവിന്റെയും ഗ്രഹണശേഷിയും കാര്യങ്ങൾ മനസിലാക്കിയെടുക്കാനുള്ള വേഗവും വ്യത്യസ്തമാണ്; പരമ്പരാഗത ക്ലാസ് മുറികളിൽ വേഗത്തിൽ പഠിക്കുന്നവരോടൊപ്പം എത്താനാകാതെ ചില കുട്ടികൾ വിഷമിക്കുമ്പോൾ, വേഗം കുറഞ്ഞവർക്കായി ക്ലാസുകൾ ഇഴഞ്ഞുനീങ്ങുന്നത് സമർഥരിൽ മടുപ്പുണ്ടാക്കുന്നു. എന്നാൽ, ഓൺലൈൻ പഠനത്തിൽ ഈ പ്രശ്നമില്ല.
സ്വന്തം സൗകര്യത്തിനനുസരിച്ച് സമയം കണ്ടെത്താനും പഠനവേഗം ക്രമീകരിക്കാനും അവസരം നൽകുന്നു. സാമ്പത്തികമോ കുടുംബപരമോ ആയ ബുദ്ധിമുട്ടുകൾ മൂലം വീടുവിട്ടുപോയി പഠിക്കാൻ കഴിയാത്തവർക്കും ഗ്രാമങ്ങളിലുള്ളവർക്കും ജോലി ചെയ്യുന്നവർക്കും വിദേശ സർവകലാശാലകളുടെ കോഴ്സുകളും ക്ലാസുകളും വീട്ടിലിരുന്ന് പഠിക്കാം. യാത്ര, താമസം എന്നിവയ്ക്കുള്ള വലിയ ചെലവുകൾ ഒഴിവാക്കി സൗജന്യമായോ കുറഞ്ഞ ഫീസിലോ പഠനം സാധ്യമാകുന്നുവെന്നത് സാമ്പത്തികമായി വലിയൊരു നേട്ടമാണ്.
ഇന്ത്യയിലെ ‘സ്വയം’ (SWAYAM), ദീക്ഷ, സ്വയംപ്രഭ, എൻപിടിഇഎൽ (NPTEL) തുടങ്ങിയ പ്ലാറ്റ്ഫോമുകളും അന്താരാഷ്ട്ര തലത്തിലെ edX, Coursera, Udemy തുടങ്ങിയ ‘മൂക്ക്’ (MOOC) കോഴ്സുകളും ഉന്നതവിദ്യാഭ്യാസം സാധാരണക്കാരിലേക്ക് എത്തിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ‘സ്വയം’ പ്ലാറ്റ്ഫോമിൽ ഇതിനകം ആറു കോടിയിലധികം എൻറോൾമെന്റുകളും 62 ലക്ഷത്തിലധികം സർട്ടിഫിക്കറ്റുകളും രേഖപ്പെടുത്തിക്കഴിഞ്ഞു എന്നത് ഈ രംഗത്തെ ജനപ്രീതി വ്യക്തമാക്കുന്നു.
അഖിലേന്ത്യാ ഉന്നതവിദ്യാഭ്യാസ സർവേ (AISHE) 2023-24 അനുസരിച്ച് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ എൻറോൾമെന്റ് 4.50 കോടിയായി ഉയർന്നെങ്കിലും 18-23 പ്രായപരിധിയിലെ മൊത്ത പ്രവേശന അനുപാതം (GER) 30 ശതമാനം മാത്രമാണ്. 2035ഓടെ ഇത് 50 ശതമാനമാക്കുകയെന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം കൈവരിക്കണമെങ്കിൽ ഓൺലൈൻ-വിദൂര പഠനമാർഗങ്ങൾ അനിവാര്യമാണ്. കേവലം പാഠങ്ങൾ കേൾക്കുക എന്നതിലുപരി വീഡിയോ ക്ലാസുകൾ, ഓൺലൈൻ ചർച്ചാവേദികൾ (Discussion Forums), ക്വിസുകൾ എന്നിവ വഴി പഠനം കൂടുതൽ എളുപ്പമാകുന്നു. കൈറ്റിന്റെ (KITE) ഹൈടെക് ക്ലാസ് മുറികളിലൂടെയും വിക്ടേഴ്സ് ചാനലിലൂടെയും കേരളവും ഈ ഡിജിറ്റൽ രംഗത്ത് മികച്ച മാതൃക സൃഷ്ടിച്ചിട്ടുണ്ട്.
വെല്ലുവിളികളും ഡിജിറ്റൽ അസമത്വവും
എന്നാൽ, ഈ വളർച്ചയ്ക്ക് വലിയൊരു മറുവശവുമുണ്ട്. രാജ്യത്ത് നഗരങ്ങളിൽ നൂറു പേർക്ക് 126.80 ഇന്റർനെറ്റ് കണക്ഷനുകളുള്ളപ്പോൾ ഗ്രാമങ്ങളിൽ അത് 48.31 മാത്രമാണെന്നത് വലിയ ഡിജിറ്റൽ അസമത്വം ചൂണ്ടിക്കാണിക്കുന്നു. അസർ (ASER) 2024 റിപ്പോർട്ട് പ്രകാരം ഗ്രാമീണ മേഖലയിലെ 14-16 വയസുകാരിൽ 89.1 ശതമാനത്തിന്റെ വീടുകളിൽ സ്മാർട്ട് ഫോൺ ലഭ്യമാണ്. എങ്കിലും പഠനാവശ്യത്തിന് അതുപയോഗിച്ചത് 57 ശതമാനം കുട്ടികൾ മാത്രമാണ്; 76 ശതമാനവും സമൂഹമാധ്യമങ്ങൾക്കാണ് ഫോൺ ഉപയോഗിച്ചത്. സ്വന്തമായി ഫോണുള്ളവരിൽ ആൺകുട്ടികൾ 36.2 ശതമാനവും പെൺകുട്ടികൾ 26.9 ശതമാനവുമാണെന്ന ലിംഗ അസമത്വവും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്മാർട്ട് ഫോൺ കൈയിലുണ്ടാകുന്നതും അത് പഠനത്തിന് ഉപയോഗിക്കപ്പെടുന്നതും രണ്ടാണ് എന്നതാണ് ഈ കണക്കുകൾ കാണിക്കുന്നത്. ഇതിനു പുറമേ, പഠനസഹായികളിൽ ഭൂരിഭാഗവും ഇംഗ്ലീഷിലായതും സ്ക്രീനിനു മുന്നിലെ അമിത സമയം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും വലിയ വെല്ലുവിളിയാണ്.
ചുരുക്കത്തിൽ, ഓൺലൈൻ പഠനം പരമ്പരാഗത ക്ലാസ് മുറികൾക്ക് പൂർണമായും പകരമാകുന്ന ഒന്നല്ല; മറിച്ച്, അവയെ സഹായിക്കുന്ന മികച്ചൊരു സഹായസംവിധാനം മാത്രമാണ്. ഒരു സാങ്കേതികവിദ്യക്കും അധ്യാപകന്റെ സ്ഥാനത്തിനോ മാനുഷിക മൂല്യങ്ങൾക്കോ പകരമാകാൻ കഴിയില്ല. സാങ്കേതികവിദ്യ ലഭ്യമാക്കുന്നതോടൊപ്പം അത് ശരിയായ രീതിയിൽ പഠനത്തിന് ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുകയും വേണം. ഉന്നതവിദ്യാഭ്യാസം സമൂഹത്തിലെ അവസാനത്തെ വിദ്യാർഥിയിലേക്കും തുല്യമായി എത്തുമ്പോൾ മാത്രമേ ‘വിദ്യാധനം സർവധനാൽ പ്രധാനം’ എന്ന പഴമൊഴി പൂർണമായ അർഥത്തിൽ സഫലമാകുകയുള്ളൂ.
(കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗം മേധാവിയാണ് ലേഖകൻ)
Leader Page
പാറ്റകളുടെ സമരം നാളുകളായുള്ള രാഷ്ട്രീയ പരാജയത്തിന്റെയും വഞ്ചനയുടെയും ഫലമായുണ്ടായതാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. ജനങ്ങളെ മറക്കുന്ന, ഒറ്റിക്കൊടുക്കുന്ന ഏത് രാഷ്ട്രീയ കെടുകാര്യസ്ഥതയ്ക്കും ഒത്തുതീർപ്പിനും ഈ സമരവുമായി ബന്ധമുണ്ടെന്നു കരുതണം. അതുകൊണ്ടുതന്നെ പാറ്റ സമരം പോലുള്ള മറ്റൊരു ബഹുജന പ്രതിഷേധം ഇനിയും സംഭവിച്ചേക്കാം.
കേരളത്തിലെ വൈദ്യുത പ്രതിസന്ധിയായാലും പരിസ്ഥിതിലോല പ്രദേശത്തെക്കുറിച്ചുള്ള വ്യക്തത ഇല്ലായ്മയായാലും വന്യമൃഗശല്യത്തിന് പരിഹാരമില്ലാത്തതായാലും റോഡപകടങ്ങൾ കുറയ്ക്കാൻ എടുക്കാവുന്ന നടപടികൾപോലും എടുക്കാത്തതും, ഇക്കഴിഞ്ഞ മഴക്കാലത്ത് ഏവർക്കും ബോധ്യപ്പെട്ട കേരളത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരം നീണ്ടുപോകുന്നതുമെല്ലാം അത്തരത്തിലുള്ള രാഷ്ട്രീയ പരാജയമായിട്ടു വേണം കാണാൻ. ജനങ്ങൾ വെള്ളപ്പൊക്കത്തിൽ വലഞ്ഞപ്പോൾ വലിയ ചർച്ചയായ പ്രശ്നമാണ് നദികളിലെയും തോടുകളിലെയും എക്കലും മണ്ണും മാറ്റി ആഴം കൂട്ടണം എന്നുള്ളത്. അതും ഇനി അടുത്ത വെള്ളപ്പൊക്കത്തിനേ ഓർക്കാൻ വഴിയുള്ളൂ.
ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായ ആദം സ്മിത്ത് ആണ് സർക്കാർ ഒരു സൂപ്പർവൈസറോ അല്ലെങ്കിൽ കാവൽക്കാരനോ ആകണം എന്ന ആശയം ശക്തമായി മുന്നോട്ടു വച്ചത്. സർക്കാരുകൾ ഇതിൽ തുടർച്ചയായി പരാജയപ്പെടുന്നതാണ് നാം കാണുന്നത്. ‘കാവൽക്കാരൻ കള്ളനാണെന്ന’ രാഷ്ട്രീയ പ്രയോഗം അടുത്തകാലത്തുണ്ടായതാണ്.
ഈ അവസരത്തിൽ ഓർക്കേണ്ടത് തിയോഡോർ റൂസ്വെൽറ്റ് പറഞ്ഞതാണ്. “ഗവൺമെന്റ് നമ്മളാണ്; നമ്മളാണ് ഗവൺമെന്റ്, നിങ്ങളും ഞാനും.” അതായത്, ജനാധിപത്യത്തിൽ ഗവൺമെന്റല്ല ജനങ്ങളെ സൂപ്പർവൈസ് ചെയ്യേണ്ടത്; മറിച്ച്, ജനങ്ങളാണ് ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ടത്. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
ഭരണകൂടത്തിന്റെ മുൻഗണനകൾ
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഇതല്ലേ സൂചിപ്പിക്കുന്നത്. കാലങ്ങളായി റെഗുലേറ്ററി കമ്മിഷൻ, ഇലക്ട്രിസിറ്റി ബോർഡ് എന്നൊക്കെ പറഞ്ഞുകൊണ്ട് പ്രശ്നങ്ങൾ നീട്ടിക്കൊണ്ടു പോകുകയാണ്. ഇവയെ ഒക്കെ നിയമം മൂലം തന്നെ ജനങ്ങൾക്കുവേണ്ടി നിയന്ത്രിക്കേണ്ടതുണ്ട്. ഇവരെഴുതിയ നിയമങ്ങളാണ് തടസമെങ്കിൽ അവയും മാറ്റണം. അതിനാണല്ലോ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും നിയമസഭയും. ജനപ്രതിനിധികൾക്ക് പ്രതികൂലമായ അഴിമതി നിരോധന ബില്ലിലെ നിയമങ്ങൾ എത്ര പെട്ടെന്നാണ് നിയമസഭ കൂടി മാറ്റിയെഴുതിയത്.
പൊതുജന വികാരം മാനിക്കാതെ ഇപ്പോഴും എത്രയോ ആൾക്കാരെയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തുന്നത്. രസകരമായ ഒരു കാര്യം, ഇംഗ്ലണ്ടിലെ ഒരു സാധാരണ മന്ത്രിയുടെ പ്രൈവറ്റ് ഓഫിസിൽ ശരാശരി അഞ്ച് ജീവനക്കാരാണ് ഉണ്ടാകാറുള്ളത്. കേരളത്തിലാകട്ടെ അത് 25 പേരാണ്. മന്ത്രിമാരുടെ വിദേശ യാത്രകൾ ഉൾപ്പടെയുള്ള കാര്യങ്ങൾ എത്ര വേഗത്തിലാണ് തീരുമാനിക്കപ്പെടുന്നത്. ജനങ്ങളുടെ കാര്യത്തിൽ മാത്രമാണ് മെല്ലെപ്പോക്ക്. ഇതനുവദിച്ചുകൂടാ.
Leader Page
ഡിജിറ്റല്‍ യുഗത്തിലേക്കുള്ള കുതിപ്പില്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഉപയോഗപ്രദമായ ആപ്പുകളിലൊന്നാണ് യുപിഐ (യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ്). സമ്പന്നരും സാധാരണക്കാരും പാവപ്പെട്ടവരും യുപിഐ സേവനം പത്തുവര്‍ഷംകൊണ്ടു വ്യാപകമായി ഉപയോഗിച്ചു. ലോകത്തിലെ ഏറ്റവും വ്യാപകവും ലളിതവുമായ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമുള്ള രാജ്യമെന്ന ഖ്യാതി ഇന്ത്യക്കു സ്വന്തം. വളരെ ലളിതമായിരുന്ന ഡിജിറ്റല്‍ ഇടപാടുകള്‍ ഇനി പഴയതുപോലെയാകില്ല.
സൗജന്യമായിരുന്ന യുപിഐ ഇടപാടുകളില്‍ 2,000 രൂപയ്ക്കു മുകളിലുള്ള വ്യാപാര ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയ തീരുമാനമാണു പുതിയ വിവാദം. 2026 ഒക്ടോബര്‍ 15 മുതല്‍ പുതിയ ചാര്‍ജ് ഈടാക്കും. മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്‍) എന്ന പേരിലാണു ഫീസ്. വ്യാപാര ഇടപാടുകള്‍ക്കു ഫീസ് ബാധകമാകും. വ്യക്തികള്‍ തമ്മിലുള്ള യുപിഐ ഇടപാടുകളും 2,000 രൂപ വരെയുള്ള ഇടപാടുകളും സൗജന്യമായി തുടരും. ഗ്രാമപ്രദേശങ്ങളിലും അര്‍ധനഗര പ്രദേശങ്ങളിലുമുള്ള ചെറുകിട വ്യാപാരികള്‍ക്കും പരിരക്ഷയുണ്ടെന്നു സര്‍ക്കാര്‍ പറയുന്നു.
◄അഞ്ചു രൂപയിലെ ആശങ്ക
രണ്ടായിരം രൂപയ്ക്കു മുകളിലുള്ള വ്യാപാര ഇടപാടുകള്‍ക്ക് 0.4 ശതമാനം ഫീസ് ഏര്‍പ്പെടുത്തിയതു പുറമെ കാണുന്നതുപോലെ നിസാരമല്ല. 75,000 രൂപയ്ക്കും അതിനു മുകളിലുമുള്ള ഇടപാടുകള്‍ക്കുള്ള ഫീസ് 300 ആയി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നതാണ് ആശ്വാസം. ഒരു ലക്ഷത്തില്‍ താഴെ ഇടപാടുള്ള ചെറുകിട കച്ചവടക്കാര്‍ ഒഴികെയുള്ളവരെല്ലാം ഫീസ് നല്‍കണം. ഓണ്‍ലൈനായി പണം സ്വീകരിക്കുന്നതിനുമുമ്പു വ്യാപാരികളും ഉപഭോക്താക്കളും ഇനി ആശങ്കയിലാകും. ഡിജിറ്റല്‍ ശീലം മാറാനും പണമിടപാടുകളിലേക്കു തിരിച്ചുപോകാനും ചിലര്‍ നിര്‍ബന്ധിതരായേക്കാം.
പെട്രോള്‍, ഡീസല്‍ അടക്കമുള്ള ഇന്ധനം, റെയില്‍വേ ടിക്കറ്റുകള്‍, ടെലികോം, വൈദ്യുതി, വെള്ളം ബില്ലുകള്‍, കാര്‍ഷിക, ഇന്‍ഷ്വറന്‍സ് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ഓരോ ഇടപാടിനും അഞ്ചുരൂപ നിരക്കില്‍ ഫ്ളാറ്റ് ഫീസ് ഈടാക്കും. കച്ചവടക്കാരില്‍നിന്ന് ഈടാക്കുന്ന തുക നേരിട്ട് ഉപഭോക്താവിനു കൈമാറുന്നതു നിരോധിച്ചിരിക്കുന്നുവെന്നാണു സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഇതെങ്ങനെ കൃത്യമായി കണ്ടെത്തി പ്രായോഗികമായി നടപ്പാക്കുമെന്നു വ്യക്തമല്ല.
◄സുപ്രീംകോടതി തീരുമാനം
രണ്ടായിരം രൂപയ്ക്കു മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകള്‍ക്കു നിരക്ക് ഈടാക്കി കേന്ദ്ര ധനകാര്യ മന്ത്രാലയം കഴിഞ്ഞ 14, 15 തീയതികളില്‍ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. പുതുതായി ഏര്‍പ്പെടുത്തിയ നിരക്കുകള്‍ ആത്യന്തികമായി ഉപഭോക്താവിനെയും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തെയും ദോഷകരമായി ബാധിക്കുമെന്നാണു ഹര്‍ജിക്കാരിയായ അഞ്ജന ദത്ത പറയുന്നത്. നിരക്കുകള്‍, ഇടപാട് പരിധികള്‍, മേഖലകളായി തിരിച്ച രീതി അടക്കമുള്ള ചട്ടക്കൂട് ഏകപക്ഷീയവും വിവേചനപരവുമാണെന്നു ഹര്‍ജിയില്‍ പറയുന്നു.
2007ലെ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് നിയമത്തിന്റെ ഭേദഗതി ചെയ്ത 10 എ വകുപ്പിന്റെ ഭരണഘടനാ സാധുതയെ ഹര്‍ജി ചോദ്യം ചെയ്യുന്നു. ഏത് ഇലക്ട്രോണിക് പേയ്മെന്റ് മോഡുകള്‍ക്ക് ചാര്ജുകളില്നിന്നു സംരക്ഷണം ലഭിക്കുമെന്നു നിര്‍ണയിക്കാന്‍ എക്സിക്യൂട്ടീവിന് അനിയന്ത്രിത അധികാരങ്ങള്‍ നല്‍കുന്നതിനെ ഹര്‍ജിക്കാരി എതിര്‍ക്കുന്നു. രാജ്യത്തിന്റെ പേയ്മെന്റ് റെഗുലേറ്റര്‍ എന്ന നിലയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വഹിക്കുന്ന പങ്കില്‍ വെല്ലുവിളി ഉയരുന്നുവെന്നും ഹര്‍ജിയിലുണ്ട്.
◄എത്ര ലളിതമായിരുന്നു!
പ്രാദേശിക ബാങ്കുകള്‍ക്കു സ്ഥിരമായ വരുമാനം നല്‍കാനും സൈബര്‍ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാനും ഡിജിറ്റല്‍ ഇക്കോസിസ്റ്റം ഇംപാക്റ്റ് ഫണ്ടുകള്‍ക്കും ദീര്‍ഘകാല ഡിജിറ്റല്‍ പേയ്മെന്റ് വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് ഉയര്‍ന്ന യുപിഐ വ്യാപാര ഇടപാടുകള്‍ക്കു ഫീസ് എന്നതാണു സര്‍ക്കാരിന്റെ വാദം. ഉപഭോക്താവില്‍നിന്നു പണം ഈടാക്കുന്നില്ല എന്നതാണു വാഗ്ദാനം.
എന്നാല്‍, ലളിതമായ ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഇനി കൂടുതല്‍ സങ്കീര്‍ണമാകും. പണം കൈമാറുന്ന ഇടപാടുകള്‍ നിലവില്‍ ഏതാനും സെക്കന്‍ഡുകള്‍ കൊണ്ടു പൂര്‍ത്തിയാകും. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുക, പിന് നല്‍കുക, പണമടയ്ക്കുക. അടുത്ത മാസം 15 മുതല്‍ സ്ഥിതി മാറും. നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യയാണു ബാങ്കുകളിലൂടെ പുതിയ നിരക്കുകള്‍ ഈടാക്കുക.
◄ഉപഭോക്താക്കളെ പിഴിയും
ഡിജിറ്റല്‍ ഇടപാടുകള്‍ക്കു വലിയ ഫീസില്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. ഉദാഹരണത്തിന് 3,000 രൂപയ്ക്കു 12 രൂപയും 50,000 രൂപയ്ക്ക് 200 രൂപയും 75,000 രൂപയ്ക്കു മുകളില്‍ 300 രൂപയുമാണു ഫീസ്. പുതിയ ചട്ടക്കൂട് അനുസരിച്ച്, പ്രതിമാസം ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനമുള്ള ചെറുകിട വ്യാപാരികളും എംഡിആര്‍ ഫീസ് നല്‍കണം. ഉപഭോക്താവില്‍നിന്നു നേരിട്ടു ഫീസ് ഈടാക്കില്ലെങ്കിലും വ്യാപാരികള്‍ സാധനങ്ങളുടെ വില ഉയര്‍ത്തുമെന്നതാണ് ആശങ്ക. കുറഞ്ഞ ലാഭവിഹിതമുള്ള വ്യാപാരികള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ അവസാനിപ്പിച്ചു പണം വാങ്ങാനും സാധ്യതയേറും.
രണ്ടായിരം രൂപയ്ക്കു മുകളിലുള്ള വൈദ്യുതി, വെള്ളം തുടങ്ങിയ പ്രതിമാസ ബില്ലുകള്‍ക്കും റെയില്‍വേ, ടെലികോം, ഇന്‍ഷ്വറന്‍സ്, ഇന്ധനം തുടങ്ങിയവയ്ക്കും ഓരോ തവണയും വ്യാപാരി അഞ്ചു രൂപ വീതം നല്‍കേണ്ടിവരും. ഉപഭോക്താവില്‍നിന്ന് ഇത് ഈടാക്കരുതെന്നാണു നിര്‍ദേശമെങ്കിലും സാധാരണക്കാരന്റെമേല്‍ വളഞ്ഞ വഴിക്കെങ്കിലും അധികഭാരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഓഹരിവിപണി ഇടപാടുകള്‍ക്കും ഫീസുണ്ട്. മ്യൂച്വല്‍ ഫണ്ടുകള്‍, സെക്യൂരിറ്റികള്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍, ഡീലര്‍മാര്‍ എന്നിവരുമായി ബന്ധപ്പെട്ട പേയ്മെന്റുകള്‍ക്ക് 0.02 ശതമാനം ആണിത്. നിര്‍ദിഷ്ട ചട്ടക്കൂടിനു കീഴില്‍ ഓരോ ഇടപാടിനും 300 രൂപ എന്ന പരിധിയില്‍.
◄ട്രംപിനു മുന്നില്‍ ഇഴയരുത്
യുപിഐ നികുതി ചുമത്തിയതിലൂടെ അമേരിക്കയ്ക്കു വലിയൊരു തുക നല്കി, ഓരോ ഇന്ത്യക്കാരന്റെയും മേല്‍ പ്രധാനമന്ത്രി മോദി നികുതി ചുമത്തിയെന്നാണു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. പ്രധാനമന്ത്രിയോടു യുഎസിനു മുന്നില്‍ കിടക്കുന്നതു നിര്‍ത്തുക, നട്ടെല്ലു കാണിക്കുക, എഴുന്നേറ്റു നില്ക്കുക എന്നും യുപിഐ നികുതി പിന്‍വലിക്കണമെന്നും രാഹുല്‍ പറഞ്ഞു.
◄ജിഎസ്ടിയുടെ പാഠങ്ങള്‍
യുപിഐ ഇടപാടിനുള്ള അധികചാര്‍ജ് ഈടാക്കാനായി വ്യാപാരികള്‍ അവരുടെ വിലകളില്‍ മാറ്റം വരുത്തുന്നുണ്ടോയെന്നു ബാങ്കുകള്‍ എങ്ങനെ പരിശോധിക്കണമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. റിസര്‍വ് ബാങ്കിന്റെ രണ്ടു ലക്ഷം കോടിയിലേറെ വരുന്ന പ്രതിവര്‍ഷ മിച്ചത്തില്‍നിന്ന് യുപിഐ ചെലവുകള്‍ക്കു പണം കണ്ടെത്തണമെന്ന ആവശ്യത്തോടു കേന്ദ്രം അനുകൂലമായി പ്രതികരിക്കുകയാണു വേണ്ടത്. പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന അപകടങ്ങള്‍ തിരുത്തുകയെന്നതാണു നല്ല ജനാധിപത്യ സര്‍ക്കാരിന്റെ ചുമതല.
ചെറുകിട ബിസിനസുകളെ പ്രതിസന്ധിയിലാക്കിയ ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) അനുഭവത്തില്‍നിന്നു പാഠം ഉള്‍ക്കൊണ്ടു വിവാദ യുപിഐ ഫീസ് നിരക്കു റദ്ദാക്കുകയോ കൂടുതല്‍ ലളിതമാക്കുകയോ ചെയ്യട്ടെ.
Leader Page
85 വർഷങ്ങൾക്കു മുന്‍പ് കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലേക്ക് കുടിയേറിയ ഒരു തലമുറയുടെ ബാക്കിപത്രമാണ് ഞങ്ങൾ. ദീപിക സ്ഥിരമായി വായിക്കാൻ തുടങ്ങിയിട്ട് കേവലം 35 വർഷമേ ആയിട്ടുള്ളൂ.
അന്നുമുതൽ ഇന്നുവരെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ദീപിക, കർഷകൻ എന്നിവ വായിക്കുന്നതിലും പ്രചരിപ്പിക്കുന്നതിനും ഞാൻ മുന്നിലുണ്ട്. അതിൽ ഏറെ അഭിമാനവുമുണ്ട്.
മലയോര മേഖലയിൽ കർഷകരെ സംബന്ധിച്ചിടത്തോളം റബർ, കുരുമുളക്, കശുവണ്ടി, തേങ്ങ മുതലായ കാർഷിക വിളകളുടെ ഉത്പാദനവും വിലയും സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങൾ നൽകുന്നത് ദീപിക മാത്രമാണ്.
അതുപോലെ വനാതിർത്തിയോടു ചേർന്നു കിടക്കുന്ന മലയോര മേഖലയുടെ എല്ലാ പ്രശ്നങ്ങളും വായനക്കാരുടെയും അധികാരികളുടെയും മുന്നിലെത്തിക്കുന്നതിൽ ദീപിക വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
-പി.ജെ. പോൾ റിട്ട. പ്രിൻസിപ്പൽ സെന്റ് മേരീസ് എച്ച്എസ്എസ്, എടൂർ.
Leader Page
വിദേശ സംഭാവന സ്വീകരിക്കുന്ന സംഘടനകളുടെ രജിസ്ട്രേഷൻ, പുതുക്കൽ, റദ്ദാക്കൽ, പരിശോധന, ആസ്തികളുമായി ബന്ധപ്പെട്ട അനുബന്ധ വിഷയങ്ങൾ എന്നിവ നിയന്ത്രിക്കുന്ന സമഗ്രമായ നിയമ ചട്ടക്കൂട് നിലവിലുള്ള വിദേശ സംഭാവന (നിയന്ത്രണ) നിയമം, 2010ൽ നിലവിൽ വന്നിട്ടുണ്ട്. പുതിയ നിയമത്തിന്റെ ആവശ്യകത ഇല്ല.
വിദേശ ധനസഹായത്തിന്റെ ദുരുപയോഗം തടയുകയും ദേശീയ താത്പര്യങ്ങളും ദേശീയ സുരക്ഷയും സംരക്ഷിക്കുകയും ചെയ്യുന്നത് നിയമാനുസൃതവും ആവശ്യവുമായ ലക്ഷ്യങ്ങളാണ്. എന്നാൽ, ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികൾ ആവശ്യകത, ആനുപാതികത, സ്വാഭാവിക നീതി, നിയമപരമായ വ്യക്തത, ഭരണഘടനാപരമായ സംരക്ഷണം എന്നിവയുടെ തത്വങ്ങൾ പാലിക്കണം.
പ്രത്യേകിച്ച്, മുൻകാലങ്ങളിൽ നിയമാനുസൃതമായി സമ്പാദിച്ച ആസ്തികൾ പിന്നീടുണ്ടാകുന്ന ഭരണപരമായതോ സാങ്കേതികമായതോ ആയ വീഴ്ചയുടെ പേരിൽ മാത്രം അപകടത്തിലാക്കരുത്. അതേസമയം, രജിസ്ട്രേഷൻ പുതുക്കലോ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടികളോ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹികക്ഷേമ സംഘടനകൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ എന്നിവയുടെ പൊതുസേവന പ്രവർത്തനങ്ങളെ തടസപ്പെടുത്താതിരിക്കാനുള്ള ഫലപ്രദമായ സംരക്ഷണ സംവിധാനങ്ങൾ ആവശ്യമാണ്.
വിദേശ സംഭാവനകളുടെ ദുരുപയോഗം തടയുന്നതിനൊപ്പം, വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാമൂഹികക്ഷേമം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ നിയമാനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്വത്തവകാശങ്ങൾ, ഭരണപരമായ സ്വയംഭരണം, പൊതുസേവന പ്രവർത്തനങ്ങളുടെ തുടർച്ച എന്നിവ സംരക്ഷിക്കുന്ന തരത്തിൽ ഭേദഗതികൾ ഉചിതമായി പരിഷ്കരിക്കണം.
ലഭ്യമായ നിയമാഭിപ്രായ രേഖകൾ പ്രകാരം, നിലവിലുള്ള എഫ്സിആർഎയിൽ രജിസ്ട്രേഷൻ, പുതുക്കൽ, മുൻകൂർ അനുമതി, പരിശോധന, സസ്പെൻഷൻ, റദ്ദാക്കൽ, ആസ്തികളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ, തീർപ്പാക്കൽ, പുനഃപരിശോധന, അപ്പീൽ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ നിയന്ത്രണ ചട്ടക്കൂട് നിലവിലുണ്ട്.
വിദേശ സംഭാവനകളുടെ നിയന്ത്രണം നിയമാനുസൃതമായ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായിരിക്കാം. എന്നാൽ, അനിവാര്യമായ പൊതുസേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളെ ബാധിക്കുന്ന നടപടികൾ വ്യക്തവും ആനുപാതികവുമായിരിക്കണം. മതിയായ സംരക്ഷണ സംവിധാനങ്ങളും അതോടൊപ്പം ഉണ്ടായിരിക്കണം.
സമ്മിശ്ര ധനസ്രോതസുകളിൽനിന്നുള്ള ആസ്തികളുള്ളതോ ദീർഘകാലമായി സ്കൂളുകൾ, ആശുപത്രികൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ എന്നിവ നടത്തുന്നതോ ആയ സ്ഥാപനങ്ങളിൽ നിയന്ത്രണ നടപടികൾ വ്യാപകമായ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. അതിനാൽ, നിയമാനുസൃതമായി സമ്പാദിച്ച സ്വത്തുക്കൾ സംരക്ഷിക്കുകയും ആഭ്യന്തരവും വിദേശവുമായ ധനസ്രോതസുകളുടെ സംഭാവന അംഗീകരിക്കുകയും അനിവാര്യമായ പൊതുസേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുകയും വേണം.
►നിർദേശങ്ങൾ
►ശിപാർശകൾ
• ന്യൂനപക്ഷ സ്ഥാപനങ്ങൾ, എൻജിഒകൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ, നിയമവിദഗ്ധർ, സാമൂഹിക സംഘടനകൾ, മറ്റ് ബന്ധപ്പെട്ട പങ്കാളികൾ എന്നിവരുമായി വിപുലമായ കൂടിയാലോചനകൾ നടത്തണം.
• ആസ്തികളുടെ നിക്ഷിപ്തമാക്കലും കണ്ടുകെട്ടലും സംബന്ധിച്ച വ്യവസ്ഥകൾ പുനഃപരിശോധിക്കണം.
• മുൻകാലങ്ങളിൽ നിയമാനുസൃതമായി സമ്പാദിച്ച ആസ്തികളെ ബാധിക്കുന്ന മുൻകാല പ്രാബല്യമുള്ളതോ ആനുപാതികമല്ലാത്തതോ ആയ നടപടികൾക്കെതിരേ വ്യക്തമായ സംരക്ഷണം നൽകണം.
• മുൻകൂർ അറിയിപ്പ്, വാദം കേൾക്കാനുള്ള അവസരം, കാരണസഹിതമായ ഉത്തരവുകൾ, ഫലപ്രദമായ അപ്പീൽ, ന്യായാധിപത്യപരമായ പരിഹാരങ്ങൾ എന്നിവ നിയമത്തിൽ വ്യക്തമായി ഉൾപ്പെടുത്തണം.
• ചെറിയതോ സാങ്കേതിക സ്വഭാവമുള്ളതോ ആയ നിയമലംഘനങ്ങൾ രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് പകരം ആനുപാതികമായ തിരുത്തൽ നടപടികളിലൂടെ പരിഹരിക്കണം.
• പുതുക്കലുമായി ബന്ധപ്പെട്ട ഭരണപരമായ കാലതാമസങ്ങളോ സാങ്കേതിക പോരായ്മകളോ ദീർഘകാലമായി കൈവശമുള്ള സ്ഥാപന ആസ്തികൾ നഷ്ടപ്പെടുന്നതിന് കാരണമാകാതിരിക്കാനുള്ള പ്രത്യേക സംരക്ഷണം ഏർപ്പെടുത്തണം.
• നിയമത്തിന്റെ നടപ്പാക്കൽ സുതാര്യവും വസ്തുനിഷ്ഠവും വിവേചനരഹിതവുമായിരിക്കണം. ന്യൂനപക്ഷ സമൂഹങ്ങളിൽ അനാവശ്യമായ ആശങ്കയോ അരക്ഷിതാവസ്ഥയോ സൃഷ്ടിക്കരുത്.
• വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാമൂഹിക ക്ഷേമം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ നിയമാനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ തുടർച്ച ഉറപ്പാക്കണം.
(എഫ്സിആർഎ നിയമഭേദഗതി സംബന്ധിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റി അംഗമാണ് ലേഖകൻ)
Leader Page
സാമൂഹ്യ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി അടിയന്തരമായി നടപ്പാക്കേണ്ട പ്രധാനപ്പെട്ട ആവശ്യം അവരുടെ പുനരധിവാസമാണ്. രക്ഷിതാക്കളുടെ കാലശേഷം ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആശ്രയം ആരെന്നത് വലിയ ചോദ്യമാണ്.
ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും ജീവിതത്തെക്കുറിച്ച് അവരുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നെഞ്ചില്‍ എന്നും ഒരു വിങ്ങലാണ്. തങ്ങളുടെ കാലശേഷം ഇവരുടെ ജീവിതം എന്തായിത്തീരുമെന്ന ആധിയാണ് ഇത്തരത്തിലുള്ള ഓരോ കുടുംബത്തില്‍നിന്നും പുറത്തു വരുന്നത്. ഇവരുടെ വേദനകള്‍ നിവേദനങ്ങളിലൂടെ പലവട്ടം ലഭിച്ചതിനു പിന്നാലെ യശഃശരീരനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയെയും അവയെ തരണം ചെയ്യുന്നതിനായി നടപ്പാക്കേണ്ട പദ്ധതികളെയുംകുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് തയാറാക്കാന്‍ തിരുവനന്തപുരം പാങ്ങപ്പാറ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ചഡ് പ്രിന്‍സിപ്പല്‍ ഡോ. എം.കെ. ജയരാജനെ ഏകാംഗ കമ്മിഷനായി നിയോഗിച്ചു.
2013ല്‍ കമ്മിഷന് റിപ്പോര്‍ട്ട് പുറത്തുവന്നു. റിപ്പോര്‍ട്ട് വെളിച്ചംകണ്ട് 13 വര്‍ഷം പിന്നിട്ടിട്ടും അതില്‍ നിര്‍ദേശിച്ചിട്ടുള്ള പല പ്രധാന കാര്യങ്ങളും മാറിമാറി വന്ന സര്‍ക്കാരുകള്‍ നടപ്പാക്കിയിട്ടില്ല. തങ്ങളുടെ ആവശ്യങ്ങള്‍ പൊതുസമൂഹത്തിനു മുന്നിലെത്തിക്കാന്‍ കഴിവില്ലാത്ത ഇവരുടെ ആവശ്യങ്ങള്‍ സമൂഹത്തിന്റെ ആവശ്യമായി കണ്ടറിഞ്ഞ് അടിയന്തര നടപടി സ്വീകരിക്കാന്‍ ഭരണകൂടമാണ് നടപടികള്‍ കൈക്കൊള്ളേണ്ടത്.
മുന്‍ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം. സുധീരന് ഉള്‍പ്പടെയുള്ളവരുടെ ഇടപെടലിന്റെകൂടി ഫലമായായിരുന്നു ഡോ. ജയരാജന് കമ്മിഷന്റെ രൂപീകരണം. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനായി തയാറാക്കിയ റിപ്പോര്‍ട്ടില്‍ 168 നിര്‍ദേശങ്ങളായിരുന്നു ഉള്‍ക്കൊള്ളിച്ചിരുന്നത്.
വിദ്യാഭ്യാസം, ധനകാര്യം, സാമൂഹ്യനീതി, ആരോഗ്യം, തൊഴില്‍, വ്യവസായം, കൃഷി, കായികം എന്നിങ്ങനെ വിവിധ വകുപ്പുകള്‍ നടപ്പാക്കേണ്ട കാര്യങ്ങളായിരുന്നു റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 13 വര്‍ഷത്തിനുള്ളില്‍ ഈ റിപ്പോര്‍ട്ടിലെ പകുതി നിര്‍ദേശങ്ങള്‍ മാത്രമാണ് പൂര്‍ണമായോ ഭാഗികമായോ നടപ്പാക്കിയിട്ടുള്ളത്. ഈ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്നവരെ ചേര്‍ത്തുപിടിക്കാന്‍ അധികാരികള്‍ നടപടികള്‍ കൈക്കൊള്ളണമെന്നതാണ് പ്രധാന ആവശ്യം.
►പുനരധിവാസ ഗ്രാമം കടലാസില്‍
സാമൂഹ്യ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി അടിയന്തരമായി നടപ്പാക്കേണ്ട പ്രധാനപ്പെട്ട ആവശ്യം അവരുടെ പുനരധിവാസമാണ്. രക്ഷിതാക്കളുടെ കാലശേഷം ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആശ്രയം ആരെന്നത് വലിയ ചോദ്യമാണ്. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന ഒന്നോ അതിലധികമോ ആളുകളോ അല്ലെങ്കില്‍ കുഞ്ഞുങ്ങളെല്ലാവരും തന്നെ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരോ ആയുള്ള കുടുംബങ്ങളിലുള്ള രക്ഷിതാക്കള്‍ വല്ലാത്തൊരു അനിശ്ചിതാവസ്ഥയിലും അന്ധകാരത്തിലുമാണെന്ന് കമ്മിഷന് റിപ്പോര്‍ട്ട് പറയുന്നു. നിരവധി കുടുംബങ്ങളില്‍ രക്ഷിതാക്കളുടെ മരണശേഷം ഈ കുട്ടികള്‍ വലിയ അനാഥത്വവും അരക്ഷിതത്വവും സഹിച്ചു കഴിഞ്ഞുവരുന്നുണ്ട്.
ഈ സാഹചര്യത്തില്‍, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന 18 വയസിനുശേഷമുള്ളവരെ ഏറ്റെടുത്ത് ആജീവനാന്തം സര്‍ക്കാര്‍ പുനരധിവസിപ്പിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. ഇതിനായി എല്ലാ ജില്ലയിലും ഓരോ പുനരധിവാസ വില്ലേജുകളെങ്കിലും സ്ഥാപിക്കണമെന്ന നിര്‍ദേശവുമുണ്ടായിരുന്നു. ഈ പുനരധിവാസ വില്ലേജില്‍, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കു താമസത്തിനുള്ള കെട്ടിടങ്ങളും അവര്‍ക്കു ജോലിചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള ചെറുകിട വ്യവസായങ്ങളും ആരംഭിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. റിഹാബിലിറ്റേഷന്‍ വില്ലേജ് രൂപീകരണം എന്ന നടപടി രക്ഷിതാക്കള്‍ക്ക് അത്താണിയാവുന്നതോടൊപ്പം അവരുടെ സേവനങ്ങളും റീഹാബിലിറ്റേഷന്‍ വില്ലേജില്‍ ഫലപ്രദമായി ഉപയുക്തമാക്കുന്ന തരത്തില്‍ സംവിധാനം ചെയ്യാമെന്നും ഇതിനായി സര്‍ക്കാര്‍-സ്വകാര്യ മുതല്‍മുടക്ക് രീതിയില്‍ പദ്ധതി നടപ്പാക്കണമെന്നുമായിരുന്നു കമ്മിഷന്റെ നിര്‍ദേശം. ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും തീരുമാനമായില്ല.
►സംസ്ഥാനതല ഉന്നതകേന്ദ്രം ഇന്നും റിപ്പോര്‍ട്ടില്‍
കമ്മിഷന് റിപ്പോര്‍ട്ടിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശങ്ങളിലൊന്നായിരുന്നു, ബുദ്ധിപരമായ വെല്ലുവിളികളുമായി ബന്ധപ്പെട്ട സംസ്ഥാനതല ഉന്നതകേന്ദ്രം. ഈ കേന്ദ്രത്തിലൂടെ ലക്ഷ്യമിട്ടത് ഗവേഷണം നടത്തുക, സംസ്ഥാനത്തെ ബുദ്ധിപരമായ വൈകല്യങ്ങളുടെ കണക്കെടുപ്പു നടത്തുക, വിദഗ്ധ പരിശീലനം നല്‍കുക, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുക, ചികിത്സയും പുനരധിവാസവും വിദ്യാഭ്യാസവും ഏകോപിപ്പിക്കുക, നയരൂപീകരണത്തിന് സര്‍ക്കാരിനു ശാസ്ത്രീയ വിവരങ്ങള്‍ നല്‍കുക തുടങ്ങിയവയായിരുന്നു.
ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി ഇവയെക്കുറിച്ചെല്ലാം വിശദമായി പരിശോധിക്കുന്നതിനും ഗവേഷണം നടത്തുന്നതിനുമായി സംസ്ഥാനതല ഉന്നതകേന്ദ്രം വേണമെന്ന ആവശ്യം റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ല. സ്പെഷല്‍ സ്കൂളുകള്‍, മറ്റു പരിശീലനകേന്ദ്രങ്ങള്‍ എന്നിവയ്ക്കെല്ലാം അക്കാദമികവും ഭരണപരവുമായ സഹായം നല്കുന്ന സെന്‍ട്രല്‍ ഓഫ് എക്സലന്‍സ് എന്നതും ഇതിലൂടെ വിഭാവനം ചെയ്തിരുന്നു. വിവിധ വകുപ്പുകളുടെ സംയുക്ത സേവനങ്ങള്‍ ഈ കേന്ദ്രത്തിൽ നല്‍കുന്നതിലൂടെ ഈ മേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനാകുമെന്നും വ്യക്തമാക്കിയിരുന്നു.
►തൊഴിൽ പരിശീലനവും തൊഴിലും
ശാരീരികവും ബുദ്ധിപരവുമായ വെല്ലുവിളികള്‍ നേരിടുന്ന സമൂഹങ്ങളെ സംബന്ധിച്ച് വേഗത്തില്‍ പരിഹരിക്കാനാകാത്ത പ്രശ്നമേഖലകളാണ് തൊഴില്‍ പരിശീലനവും തൊഴിലും. മുഖ്യധാരാ സമൂഹത്തോടൊപ്പം തോളോടു തോള് ചേര്‍ന്നു ജീവിക്കാനും പുനരധിവാസമെന്ന ലക്ഷ്യം സഫലീകരിക്കാനും ഏറ്റവും അനിവാര്യമായ രണ്ടു സുപ്രധാന ഘട്ടങ്ങളായാണ് ഈ രണ്ടു മേഖലകളെയും ആധുനികലോകം പരിഗണിച്ചുവരുന്നത്.
തൊഴില്‍ പരിശീലനവും തൊഴിലും കേവലം സാമ്പത്തിക സ്വാശ്രയത്വത്തില്‍ ഊന്നിനിൽക്കുന്ന വിഷയങ്ങള്‍ മാത്രമല്ല. ഒരാളുടെ അന്തസ്, ആത്മാഭിമാനം, ആരുടെ മുന്നിലും വിധേയപ്പെടാതിരിക്കുക തുടങ്ങിയ അവസ്ഥകളാണ് ഇതു സമ്മാനിക്കുന്നത്. കേവലം സാമ്പത്തികനേട്ടം മാത്രമല്ല, തങ്ങള്‍ക്കും സ്വന്തമായി തൊഴില്‍ ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം നല്കാന് ഓരോരുത്തര്‍ക്കും അവസരവും നല്കുന്നു. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വികലാംഗ വിഭാഗങ്ങള്‍ക്കായുള്ള വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ മാതൃകയില്‍ കേരളത്തില്‍ തൊഴില്‍ വകുപ്പ് ഒരു സെന്റര്‍ ആരംഭിക്കണമെന്ന നിര്‍ദേശം മുന്നോട്ടു വച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തിലും നടപടികള്‍ ഒന്നുമായിട്ടില്ല.
►സ്പെഷല്‍ ഓഫിസര്‍ ശിപാര്‍ശയും നടപ്പായില്ല
കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ പുരോഗതി കൃത്യമായി വിലയിരുത്താനും വിവിധ വകുപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഒരു സ്പെഷല്‍ ഓഫിസറെ നിയമിക്കണമെന്നതായിരുന്നു പ്രധാന ശിപാര്‍ശകളിലൊന്ന്. പദ്ധതിയുടെ കൃത്യമായ വേഗവും നടത്തിപ്പും ഇതിലൂടെ മനസിലാക്കാന്‍ കഴിയുമായിരുന്നു. പല വകുപ്പുകളിലായി നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചു വ്യക്തതയും കൃത്യതയും ഉറപ്പുവരുത്താന്‍ സ്പെഷല്‍ ഓഫിസര്‍ എന്ന തസ്തിക ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ 13 വര്‍ഷം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ തീരുമാനമില്ല.
►എയ്ഡഡ് പദവി
കമ്മിഷന്റെ പ്രധാന ശിപാര്‍ശകളിലൊന്നായിരുന്നു മതിയായ വിദ്യാര്‍ഥികളുള്ള സ്പെഷല്‍ സ്കൂളുകള്‍ക്കു സര്‍ക്കാര്‍ എയ്ഡഡ് സ്കൂള്‍ പദവി നല്‍കുക എന്നത്. എന്നാല്‍, 2015ല്‍ ഇക്കാര്യത്തില്‍ കമ്മിഷന്റെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും പിന്നീട് ഏറെക്കാലം ഇതു ഫയലില്‍ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയായിരുന്നു. പുതിയ സര്‍ക്കാര്‍ സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി സംബന്ധിച്ച് ബജറ്റില്‍ നടത്തിയ പ്രഖ്യാപനം ഈ മേഖലയില്‍ ഏറെ പ്രതീക്ഷ നല്കുന്നു. അപ്പോഴും കാര്യങ്ങള്‍ വേഗത്തിലല്ല നീങ്ങുന്നതെന്ന പരാതിയും മുന്നില്‍ നില്ക്കുന്നു.
►ഡോ. എം.കെ. ജയരാജൻ പറയുന്നത്
മസ്തിഷ്ക ക്ഷതമോ, മസ്തിഷ്ക കോശങ്ങളിലെ അസാധാരണത്വമോ മൂലം വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കു സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ദൗത്യം ഏറെ സൂക്ഷ്മതയോടെയും ശാസ്ത്രീയബോധത്തോടെയും നിര്‍വഹിക്കേണ്ടതാണ്. ഇത്തരം പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരിലേക്കു സമൂഹവും സര്‍ക്കാരും ഇറങ്ങിച്ചെന്നാല്‍ മാത്രമേ അതിനു പരിഹാരം കാണാന്‍ കഴിയുകയുള്ളുവെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ ഡോ. എം.കെ. ജയരാജ് തന്നെ വ്യക്തമാക്കുന്നു.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന ആളുകള്‍ സ്വയം ആവശ്യങ്ങള്‍ ഉന്നയിക്കാനോ അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനോ കഴിയുന്നവരല്ല. ആവശ്യങ്ങള്‍ ചോദിക്കാന്‍ ശേഷിയില്ലാത്തതുകൊണ്ടു മാത്രം അര്‍ഹമായ സാമൂഹിക വിഹിതം അനുവദിക്കപ്പെടാതിരിക്കുന്ന സാഹചര്യം നിലനില്‍ക്കുന്ന ഏക വിഭാഗമാണ് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍.
അതുപോലെതന്നെ, സമാനതകളില്ലാത്ത വേദനകള്‍ മാത്രം നല്കുന്ന അനുഭവമാണ് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന ജീവിതം. ഇത്രയേറെ നിരാലംബരായ ഒരു സമൂഹത്തെ മറ്റെവിടെയും കാണാനാകില്ല. ഇവര്‍ക്കായുള്ള പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കണം. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരെ കരുണയ്ക്ക് അര്‍ഹരായവരായി മാത്രം കാണാതെ, വിദ്യാഭ്യാസം, ചികിത്സ, തൊഴില്‍, സാമൂഹിക പങ്കാളിത്തം, മാന്യമായ ജീവിതം എന്നിവയ്ക്കു തുല്യ അവകാശമുള്ള പൗരന്മാരായി പരിഗണിക്കാനുള്ള നടപടികളാണ് അധികാരികള്‍ സ്വീകരിക്കേണ്ടത്.
Leader Page
എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്, മൂല്യാധിഷ്ഠിതമായ ഒരു സംവിധാനമാണ് ദീപിക എന്നാണ്. സത്യം ഉത്തരവാദിത്വത്തോടെ പറയാൻ, ലോകത്തെ അറിയിക്കാൻ മലയാളത്തിൽ തെളിഞ്ഞ ആദ്യത്തെ ദീപമാണ് ദീപിക.
കാലത്തിനൊപ്പം വളരാൻ അനേകം മക്കൾ ഇതിനെ സഹായിക്കുന്നതും അനേകം പേർ രാത്രിയും പകലും ജോലി ചെയ്യുന്നതും കാണുന്നതിൽ വലിയ സന്തോഷം.
എല്ലാവരും ദീപിക വായിക്കുകയും വരിക്കാരാവുകയും ചെയ്തുകൊണ്ട് സത്യത്തിന്റെ ഈ സാമൂഹ്യ സംരംഭത്തെ ദൈവം അനുഗ്രഹിക്കട്ടെയെന്നു പ്രാർഥിക്കുന്നു. ജനങ്ങൾ ഇനിയും അത് ഏറ്റെടുത്തു വളർത്തട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.
- ഫാ. ഡോ. ജോസഫ് വലിയവീട്ടിൽ (ഡയറക്ടർ, കൃപാസനം)
Leader Page
മനുഷ്യന്റെ അധ്വാനത്തെയും ചിന്തയെയും ലഘൂകരിക്കാൻ രംഗപ്രവേശം ചെയ്ത നിർമിതബുദ്ധി (എഐ) ഇന്ന് മനുഷ്യന്റെ നിയന്ത്രണങ്ങൾപോലും കാറ്റിൽപറത്തി സ്വയം തീരുമാനങ്ങളെടുക്കാൻ പ്രാപ്തരായിക്കഴിഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഗണിതപ്രശ്നങ്ങൾ നിമിഷനേരംകൊണ്ടു പരിഹരിക്കുന്നതും വൻകിട ഡിജിറ്റൽ സംവിധാനങ്ങളിൽ തനിയെ കടന്നുകയറി കവർച്ച നടത്തുന്നതും വെറുമൊരു സാങ്കേതിക മുന്നേറ്റമായി കാണാനാകില്ല.
മനുഷ്യനുണ്ടാക്കിയ നിയന്ത്രണരേഖകൾ ലംഘിച്ചു മുന്നേറുന്ന എഐ ഏജന്റുകൾ നാളെ ഏതെങ്കിലും ആയുധ സംവിധാനങ്ങളെയോ ആണവനിലയങ്ങളെയോ സ്വയം നിയന്ത്രിക്കാൻ തുടങ്ങിയാൽ അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കും. ഇതിന്റെ സൂചനകൾ അടുത്തിടെ കണ്ടുകഴിഞ്ഞു.
എഐ സാങ്കേതികവിദ്യയിൽ ശാസ്ത്രജ്ഞർ ഏറ്റവും കൂടുതൽ ഭയക്കുന്നത് ‘റിക്കർസീവ് സെൽഫ്-ഇംപ്രൂവ്മെന്റ്’എന്ന ഘട്ടത്തെയാണ്. മനുഷ്യന്റെ സഹായമില്ലാതെ എഐ സ്വയം അതിന്റെ കോഡിംഗും ശേഷിയും മെച്ചപ്പെടുത്തുന്ന അവസ്ഥയാണിത്. മൂന്നു മുതൽ അഞ്ചു വർഷത്തിനുള്ളിൽ എഐ ഈ ശേഷി കൈവരിച്ചേക്കുമെന്നു കരുതപ്പെടുന്നു.
എഐ ഏജന്റുകൾ കൂട്ടംചേർന്ന് ചില വെബ്സൈറ്റുകളും എഐ ഡാറ്റാബേസുകളും ഹാക്ക് ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് പെട്ടെന്നുള്ള മുന്നറിയിപ്പുകൾക്കു കാരണം. കഴിഞ്ഞ ജൂലൈയിൽ ഓപ്പൺ എഐയുടെ സിസ്റ്റങ്ങൾ സുരക്ഷാപരിശോധനാ ഘട്ടങ്ങൾ മറികടന്ന് ‘ഹഗ്ഗിംഗ് ഫേസ്’ പ്ലാറ്റ്ഫോമിന്റെ സെർവറുകൾ പിടിച്ചെടുക്കാൻ ശ്രമിച്ചത് ഇതിനൊരു ഉദാഹരണമാണ്.
വിദഗ്ധരുടെ രാജിയും മുന്നറിയിപ്പും
എഐ സാങ്കേതികവിദ്യയുടെ വളർച്ച അപകടകരമായ രീതിയിലാണെന്നും വരുംദിവസങ്ങളിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും മുന്നറിയിപ്പ് നൽകി പ്രമുഖ എഐ ഗവേഷണ സ്ഥാപനമായ ആന്ത്രോപിക്കിലെ സുരക്ഷിതത്വ ഗവേഷകൻ ജേക്കബ് കോക്സൺ രാജിവച്ചതാണ് നിലവിലെ ആശങ്കകൾക്കു തുടക്കമിട്ടത്. എഐ നിർമിക്കുന്ന ആളുകൾതന്നെ ഇതു മനുഷ്യരാശിയെ നശിപ്പിച്ചേക്കാമെന്നു വിശ്വസിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് വലിയ ചർച്ചയായി. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ എഐ മനുഷ്യരാശിയെ ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
ഇതിനു പിന്നാലെ ഗൂഗിൾ ഡീപ്പ്മൈൻഡിലെ ആർട്ടിഫിഷൽ ഇന്റലിജൻസ് അലൈൻമെന്റ് റിസർച്ചർമാരായ ബിലാൽ ചുഗ്തായി, ജോഷ് എംഗൽസ് എന്നിവരും രാജിവച്ചു. എഐക്ക് നമ്മളെ എല്ലാവരെയും ഇല്ലാതാക്കാനുള്ള ശേഷിയുണ്ടെന്നും ഈ അപകടമൊഴിവാക്കാനുള്ള സമയം നമ്മുടെ കൈകളിൽനിന്നു വേഗത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ചുഗ്തായി മുന്നറിയിപ്പ് നൽകി. എഐ മോഡലുകളുടെ സുരക്ഷയും അപകടസാധ്യതകളും വിലയിരുത്തുന്ന ‘മെറ്റർ’ എന്ന സംഘടനയിൽ ചേരാനാണ് ജോഷ് എംഗൽസ് ഡീപ്പ്മൈൻഡ് വിട്ടത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ എഐ വലിയ ദുരന്തങ്ങൾ വരുത്തിവയ്ക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
യെമൻ യുദ്ധത്തിലെ എഐ ദുരുപയോഗം
എഐ ദുരുപയോഗത്തിന്റെ സാധ്യത എത്രമാത്രമെന്ന് ഏതാനും ദിവസം മുന്‍പ് യെമനിൽനിന്നു ലോകം കണ്ടുകഴിഞ്ഞു. തന്ത്രപ്രധാനമായ ചെങ്കടൽ തീരമേഖലകൾ പിടിച്ചെടുക്കാൻ യെമനിലെ ഹൂതി വിമതർ നിർമിതബുദ്ധി ദുരുപയോഗം ചെയ്തതായുള്ള വാർത്തയെ ലോകം അതീവഗൗരവത്തോടെയാണു കാണുന്നത്. ഔദ്യോഗിക ഭരണകൂട സേനാ കമാൻഡറുടെ ശബ്ദം എഐ ഉപയോഗിച്ചു വ്യാജമായി നിർമിച്ചു പ്രചരിപ്പിച്ചാണ് ഹൂതികൾ സൈന്യത്തെ തെറ്റിദ്ധരിപ്പിച്ചത്.
യെമൻ ഔദ്യോഗിക സേനാ കമാൻഡർ ലഫ്. ജനറൽ താരിഖ് സലേയുടെ ശബ്ദമാണ് എഐ ഉപയോഗിച്ച് ഹൂതികൾ വ്യാജമായി നിർമിച്ചത്. മോച്ച നഗരത്തിൽനിന്നും തുറമുഖത്തുനിന്നും സൈന്യം ഉടൻ പിന്മാറണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു ഈ വ്യാജ ശബ്ദസന്ദേശം. ഇത് സൈനികർക്കിടയിൽ വൻ അങ്കലാപ്പുണ്ടാക്കുകയും ആത്മവീര്യം കെടുത്തുകയും ചെയ്തു. ഈ അവസരം മുതലാക്കി ഇറാൻ പിന്തുണയുള്ള ഹൂതികൾ തന്ത്രപ്രധാനമായ മോച്ച തുറമുഖം പിടിച്ചെടുത്തു. കൂടാതെ ചെങ്കടലിലേക്കുള്ള പ്രവേശനകവാടമായ ബാബ് അൽ മൻഡെപ് കടലിടുക്കിലെ പെരിം ദ്വീപ് അടക്കമുള്ള മേഖലകളും മിന്നൽ നീക്കത്തിലൂടെ ഹൂതികൾ നിയന്ത്രണത്തിലാക്കി.
ഇതുവഴി ഇനി സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. ഇതിനു പുറമെ ചെങ്കടൽ തുറമുഖങ്ങളിലേക്ക് സൗദി എണ്ണയെത്തിക്കുന്ന പൈപ്പ് ലൈനുകൾക്കുനേരേയും ഹൂതികൾ ആക്രമണം നടത്തിയിട്ടുണ്ട്. എഐയെ ദുരുപയോഗിച്ചു ഹൂതി വിമതർ നടത്തിയ ഈ മുന്നേറ്റം ഭീകരസംഘടനകളും സായുധ പോരാളികളും ദുരുപയോഗം ചെയ്താലുള്ള അവസ്ഥയെക്കുറിച്ച് യുദ്ധതന്ത്രജ്ഞർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
ടെക് ഭീമന്മാരുടെ നിലപാട്
ജേക്കബ് കോക്സന്റെ പ്രസ്താവനയ്ക്കു പിന്നാലെ ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയ് അദ്ദേഹത്തിന്റെ ആശങ്കകളെ ശരിവച്ച് രംഗത്തെത്തി. അനിയന്ത്രിതമായ വളർച്ച തടയാൻ സാങ്കേതികവിദ്യയുടെ വികസനവേഗം കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എക്സിലൂടെ പുറത്തുവിട്ട ലേഖനത്തിൽ അമോഡെയ് പ്രധാന സുരക്ഷാ നിർദേശങ്ങൾ മുന്നോട്ടുവച്ചു.
എഐ കമ്പനികളിലെ മോഡലുകളും ട്രെയിനിംഗ് രീതികളും സുരക്ഷയും പരിശോധിക്കാൻ ജീവനക്കാർക്കു തുല്യമായ പ്രവേശനമുള്ള സ്വതന്ത്ര നിരീക്ഷകരെ സ്ഥിരമായി നിയമിക്കുക, പൊതുവായ സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ മുൻനിര എഐ കമ്പനികൾ തമ്മിൽ പരസ്പരം സഹകരിക്കുക, എഐ ദുരുപയോഗവും അപകടസാധ്യതകളും നേരിടാൻ അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുക എന്നിവയാണ് അദ്ദേഹം മുന്നോട്ടുവച്ച നിർദേശങ്ങൾ.
മനുഷ്യനു ഭീഷണിയാകുന്ന ഘട്ടത്തിൽ എഐ സംവിധാനങ്ങൾ പൂർണമായും ഓഫാക്കാൻ ശേഷിയുള്ള ‘കിൽ സ്വിച്ച്’ നിർബന്ധമാക്കണമെന്നാണ് ആന്ത്രോപിക് സഹസ്ഥാപകൻ ജാക്ക് ക്ലാർക്ക് മുന്നോട്ടുവച്ച നിർദേശം. സ്വതന്ത്ര നിരീക്ഷണ സംവിധാനത്തെയും അമോഡെയുടെ നിർദേശങ്ങളെയും പിന്തുണച്ച് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ, എക്സ് എഐ മേധാവി എലോൺ മസ്ക് എന്നിവരും രംഗത്തെത്തിയിട്ടുണ്ട്.
എഐ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങൾക്കു ഭയമുള്ളത് സ്വാഭാവികമാണെന്നും എന്നാൽ, സുരക്ഷ ഉറപ്പാക്കാൻ തങ്ങളുടെ കമ്പനിക്ക് സാധിക്കുമെന്നും സാം ആൾട്ട്മാൻ പറയുന്നു. മാർക്ക് സക്കർബർഗ് (മെറ്റ), ജെൻസൻ ഹുവാംഗ് (എൻവിഡിയ) തുടങ്ങിയ പ്രമുഖരും എഐ വികസനത്തിൽ സർക്കാരുകളുടെ അനാവശ്യ ഇടപെടലുകൾ ആവശ്യമില്ലെന്ന നിലപാടിലാണ്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ സാങ്കേതികവിദ്യകൾ പുറത്തിറക്കുന്നതെന്നും കമ്പനികൾക്കിതിൽ സ്വയം ഉത്തരവാദിത്വമുണ്ടെന്നും സക്കർബർഗ് വ്യക്തമാക്കി.
സാമ്പത്തികരംഗത്തെ പ്രത്യാഘാതങ്ങൾ
എഐ സുരക്ഷയെക്കുറിച്ചുള്ള ഭയവും വികസനത്തിൽ നിയന്ത്രണം വേണമെന്ന ആവശ്യവും സാങ്കേതികവിദ്യാ രംഗത്തെ വൻകിട നിക്ഷേപങ്ങളെ ബാധിച്ചിട്ടുണ്ട്. വികസനവേഗം കുറയ്ക്കണമെന്ന ആവശ്യത്തിനു പിന്നാലെ ആഗോളതലത്തിൽ എഐ, സെമികണ്ടക്ടർ കമ്പനികളുടെ ഓഹരികളിൽ വൻ ഇടിവ് രേഖപ്പെടുത്തി.
ഈ വർഷം മാത്രം ഡാറ്റാ സെന്ററുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമായി മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ, മെറ്റ തുടങ്ങിയ വൻകിട കമ്പനികൾ 795 ബില്യൺ ഡോളറിന്റെ നിക്ഷേപമാണു പ്രഖ്യാപിച്ചിരുന്നത്. 2027ഓടെ ഇത് 1.08 ട്രില്യൺ ഡോളറിലെത്തുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ കണക്കുകൂട്ടൽ. സർക്കാരുകളുടെ അനാവശ്യ ഇടപെടലുകളും പുതിയ നിയമങ്ങളും വിപണിയെ കൂടുതൽ അസ്ഥിരപ്പെടുത്തിയേക്കാമെന്ന് നിക്ഷേപകർ ഭയക്കുന്നു.
അപകടസാധ്യതകൾ നിലനിൽക്കുമ്പോഴും എഐ വികസനം നിർത്തിവയ്ക്കാൻ കമ്പനികൾ മടിക്കുന്നത് കടുത്ത മത്സരം മൂലമാണ്. കൂടാതെ, ഓപ്പൺ എഐ, ആന്ത്രോപിക് തുടങ്ങിയ കമ്പനികൾ ട്രില്യൺ ഡോളർ മൂല്യം ലക്ഷ്യമിടുന്ന ഐപിഒകൾക്ക് ഒരുങ്ങുന്നതും സാമ്പത്തിക താത്പര്യങ്ങൾ വർധിപ്പിക്കുന്നു.
വൻകിട കമ്പനികൾ പുതിയ നവാഗതരെ വിപണിയിൽനിന്ന് ഒഴിവാക്കാനാണ് ഇത്തരത്തിൽ നിയമങ്ങൾ ആവശ്യപ്പെടുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. അതേസമയം, വ്യക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ വരുന്നത് ദീർഘകാല നിക്ഷേപങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകുമെന്നും എഐ വികസനം പൂർണമായി നിലയ്ക്കില്ലെന്നും ഒരുവിഭാഗം സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Leader Page
1986ലാണ് ഏഷ്യൻ ആനകളെ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) റെഡ് ലിസ്റ്റിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. 50 വർഷംകൊണ്ട് ഏഷ്യൻ ആനകളുടെ എണ്ണം പകുതിയായി കുറഞ്ഞു എന്നതായിരുന്നു കാരണം.
അന്ന് ഏകദേശം 17,000 ആനകളാണ് ഇന്ത്യയിലെ കാടുകളിൽ ഉണ്ടായിരുന്നത്. ഇന്നത് മുപ്പത്തിനായിരത്തോളമായി. ഇന്ന് രാജ്യത്തെ 14 സംസ്ഥാനങ്ങളിലായി 33 ആന സങ്കേതങ്ങളും 150 പ്രഖ്യാപിത ആനത്താരകളുമുണ്ട്. 80,777 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഇവ സ്ഥിതിചെയ്യുന്നത്.
1992ലായിരുന്നു രാജ്യത്ത് പ്രോജക്ട് എലിഫന്റ് പദ്ധതി തുടങ്ങിയത്. അതുവഴി കോടിക്കണക്കിന് രൂപ ആനസംരക്ഷണ പ്രവർത്തനങ്ങൾക്കു ചെലവഴിച്ചു. ശക്തമായ വന്യജീവി സംരക്ഷണ നിയമങ്ങൾ ഉള്ളതുകൊണ്ടുതന്നെ ആനവേട്ടകൾ പേരിനു മാത്രമായി ചുരുങ്ങി. ഐയുസിഎൻ റെഡ് ലിസ്റ്റിൽ ഏഷ്യൻ ആനകളെ ഉൾപ്പെടുത്തി നാലു പതിറ്റാണ്ടും പ്രോജക്ട് എലിഫന്റ് തുടങ്ങി മൂന്നര നൂറ്റാണ്ടും പൂർത്തിയാകുമ്പോൾ അവയുടെ സ്റ്റാറ്റസ് പരിശോധിച്ചു മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്.
ഏഷ്യയിലെ 13 രാജ്യങ്ങളിലായി അമ്പതിനായിരത്തിലേറെ കാട്ടാനകളുള്ളതിൽ 30,000ത്തിലേറെയും ഇന്ത്യയിലാണ്. അതായത് മൊത്തം എണ്ണത്തിന്റെ 60 ശതമാനത്തിലേറെ. ഇതിൽ ഇന്തോനേഷ്യയിലെ സുമാത്രൻ ആനകളും ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും ബോർണിയോ കാടുകളിലെയും ബോർണ്യൻ ആനകളും 1500 എണ്ണത്തിൽ താഴെ മാത്രമേ ഉള്ളൂവെങ്കിലും അവയെയൊക്കെ ഏഷ്യൻ ആനകൾ എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.
ഇതുകൂടാതെ തായ്ലൻഡിലും ശ്രീലങ്കയിലും പതിനായിരത്തിലേറെ ആനകളെ മെരുക്കിയെടുത്ത് ടൂറിസത്തിനും തടി പിടിക്കാനുമൊക്കെ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യയിൽ ക്ഷേത്രാചാരങ്ങൾക്കുപോലും ആനയെ കിട്ടാത്ത സ്ഥിതിയാണുള്ളത്. ഏതാനും വർഷങ്ങൾക്കു മുന്‍പ് ആയിരത്തിലേറെ നാട്ടാനകൾ ഉണ്ടായിരുന്ന നമ്മുടെ സംസ്ഥാനത്ത് ഇന്ന് മുന്നൂറിൽ താഴെ ആനകൾ മാത്രമാണുള്ളത്.
നയപരമായ മാറ്റങ്ങളുടെ ആവശ്യകതയും തടസങ്ങളും
ആനകളുടെ സംരക്ഷണത്തിൽ ഇന്ത്യ ബഹുദൂരം മുന്നോട്ടു പോയിട്ടും എന്തുകൊണ്ടാണ് ഏഷ്യൻ ആനകൾ ഇപ്പോഴും വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിൽ തുടരുന്നത്? യഥാർഥത്തിൽ ഇന്ത്യൻ ആനകൾ ഒരു പ്രത്യേക സ്പീഷിസ് ആണ്. ഇവയെ ഏഷ്യൻ ആനകളിൽനിന്നു വേർപെടുത്തി, വംശനാശഭീഷണിയിൽനിന്ന് ഒഴിവാക്കി ‘വൾനറബിൾ’ ഗ്രൂപ്പിൽ ഒരു പ്രത്യേക സ്പീഷിസ് ആയി ഉൾപ്പെടുത്തേണ്ടതുണ്ട്. എന്നാൽ, ഇത്തരമൊരു ആവശ്യം കേന്ദ്രസർക്കാരിന്റെ മുമ്പിലോ ഐയുസിഎന്നിന്റെ ഭാഗമായ ഏഷ്യൻ എലിഫന്റ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ അജൻഡകളിലോ ഇടംപിടിക്കാതിരിക്കുന്നത് വിദേശസഹായത്തോടുകൂടി പ്രവർത്തിക്കുന്ന ചില എൻജിഒകളുടെയും അവർക്കു കുടപിടിക്കുന്ന സ്പെഷ്യലിസ്റ്റ് ഗ്രൂപ്പുകളിൽ അംഗങ്ങളായ ചില ആനവിദഗ്ധരുടെയും താത്പര്യങ്ങൾ മൂലമാണ്.
ചൈനയുടെ ദേശീയ മൃഗവും ഡബ്ല്യുഡബ്ല്യുഎഫിന്റെ ഔദ്യോഗിക ചിഹ്നവുമായ ഭീമൻ പാണ്ടകളെ 1988 മുതൽ ഐയുസിഎൻ റെഡ് ലിസ്റ്റിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, മൂന്നു പതിറ്റാണ്ടുകൊണ്ട് ചൈന നടത്തിയ തീവ്ര സംരക്ഷിത പ്രവർത്തനങ്ങളുടെ ഫലമായി 2016ൽ പാണ്ടകളുടെ എണ്ണം 17 ശതമാനം വർധിച്ച് 1864 ആയി ഉയർന്നു. അതോടെ 2016ൽ ഐയുസിഎൻ ഇവയെ വൾനറബിൾ ഗണത്തിലേക്കു തരംതാഴ്ത്തി.
പാണ്ടകളുടെ കാര്യത്തിൽ ചൈന കൈവരിച്ച ഈ മാതൃക ഇന്ത്യൻ ആനകളുടെ കാര്യത്തിലും മാതൃകയാക്കാവുന്നതാണ്. ഏഷ്യൻ ആനകൾ എന്ന വിശാലമായ കാറ്റഗറിയുടെ പേരിൽ ഇന്ത്യൻ ആനകളെ ഇപ്പോഴും വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിൽ നിലനിർത്തുന്നത് യാഥാർഥ്യങ്ങളോട് നീതി പുലർത്തുന്നതല്ല. വസ്തുത പരിശോധിച്ചാൽ നമ്മുടെ കാടുകളുടെ വാഹകശേഷിക്കപ്പുറത്താണ് ഇന്ന് ഇന്ത്യൻ ആനകളുടെ യഥാർഥ കണക്ക്. പക്ഷേ, സംഘടിത ശക്തികളുടെ പിൻബലത്തിൽ നടക്കുന്ന കണക്കെടുപ്പിൽ അവ അട്ടിമറിക്കപ്പെടുന്നു എന്നുമാത്രം.
രൂക്ഷമാകുന്ന വന്യജീവി ആക്രമണങ്ങൾ
പ്രതിവർഷം അറുനൂറിലേറെ ആളുകളാണ് ഇന്ത്യയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. അലിയൻസ് ഫോർ സസ്റ്റൈനബിൾ & ഹോളിസ്റ്റിക് അഗ്രിക്കൾച്ചർ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിവർഷം എട്ടു മുതൽ പത്തു ലക്ഷം വരെ ഹെക്ടർ കൃഷിയാണ് ഇന്ത്യയിൽ കാട്ടാനകൾ നശിപ്പിക്കുന്നത്. അതായത്, മൂവായിരം കോടിയോളം രൂപയുടെ കാർഷികനഷ്ടമാണ് പ്രതിവർഷം രാജ്യത്ത് ആനകൾ മൂലമുണ്ടാകുന്നത്. എന്നാൽ, തുച്ഛമായ തുക മാത്രമാണ് കർഷകർക്ക് നഷ്ടപരിഹാരമായി ലഭിക്കുന്നത്.
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഏറ്റവും കൂടുതൽ സംരക്ഷണം ലഭിക്കുന്ന ഷെഡ്യൂൾ ഒന്നിലാണ് ആനകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അക്രമകാരികളായ കാട്ടാനകളെ നേരിടുന്നതിനുപോലും കർശനമായ എസ്ഒപിയും നിയമങ്ങളും പാലിക്കേണ്ടിവരുന്നു.
ഈ പ്രതിസന്ധികൾക്കൊക്കെ മാറ്റമുണ്ടാവണമെങ്കിൽ ആദ്യം വേണ്ടത് ഇന്ത്യൻ ആനകളെ ഐയുസിഎന്നിന്റെ റെഡ് ലിസ്റ്റിൽ വംശനാശ ഭീഷണി നേരിടുന്ന ജീവി എന്ന ഗണത്തിൽനിന്നു മാറ്റി വൾനറബിൾ എന്ന ഗണത്തിൽ പെടുത്തുകയാണ്. ഈ നിർദേശം മുന്നോട്ടുവച്ചുകഴിഞ്ഞു. ഇത് നേടിയെടുക്കണമെങ്കിൽ കർഷക സംഘടനകളും ജനപ്രതിനിധികളുമൊക്കെ ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
Leader Page
ഡിസിഎൽ ക്യാമ്പ് മാന്നാനത്ത് നടന്നപ്പോഴാണ് ആദ്യമായി കോട്ടയത്തെ ദീപിക ഓഫിസ് കാണുന്നത്. ഞാനന്ന് അഞ്ചാം ക്ലാസിലായിരുന്നു. ദീപികയിലൂടെ വളർന്ന പയ്യനായിരുന്നു ഞാൻ. എല്ലാ വർഷവും ഡിസിഎൽ ക്യാമ്പിന് മാന്നാനത്തു വരും. ഡിസിഎല്ലിനു പുറമെ കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗിലും സജീവമായിരുന്നു.
അന്നൊക്കെ ദീപികയിൽ ഫോട്ടോ വരിക എന്നത് വലിയ അഭിമാനമായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ, ദീപിക നടത്തിയ പെൻസിൽ ഡ്രോയിംഗ് മത്സരത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയിരുന്നു. സോഷ്യൽ മീഡിയയുടെ ചലനം ഒരു പരിധിവരെ പിടിച്ചുനിർത്താൻ രാഷ്ട്രദീപിക സായാഹ്നപത്രത്തിനു സാധിച്ചിട്ടുണ്ട്.
അച്ഛന്റെ വീട്ടിലും അമ്മയുടെ വീട്ടിലും ഉണ്ടായിരുന്ന പത്രമായിരുന്നു ദീപിക. ഏതു പ്രസ്ഥാനവും തുടങ്ങാൻ എളുപ്പമാണ്. തുടർന്നുകൊണ്ടുപോകാനാണ് പ്രയാസം. ആ നിലയ്ക്ക് മികച്ച നിലയിൽ 140-ാം വർഷത്തിലെത്തിയ ദീപികയ്ക്ക് എല്ലാവിധ ആശംസകളും.
സിജോയ് വർഗീസ് (നടൻ, സംവിധായകൻ)
Leader Page
ജീവിതം ഒരു കളിയല്ല, അത് അഗാധമായ ഒരാത്മീയസമരമാണെന്ന് റഷ്യൻ തത്വജ്ഞാനി നിക്കോളാസ് ബെർദ്യേവ് പറഞ്ഞിട്ടുണ്ട്. എന്തിനാണ് ഈ സമരം? അത് മനുഷ്യന്റെയുള്ളിലെ നശിക്കാത്ത മൂല്യം കണ്ടെത്തുന്നതിനാണ്. ഇത് എഴുത്തുകാരനിൽ മറ്റൊരു പോർമുഖം തുറക്കുന്നു. സ്വന്തം മനസിന്റെ പരിമിതികളെ മറികടക്കാനുള്ള സമരമാണത്.
റഷ്യന്‍ വിപ്ലവം കണ്ട എഴുത്തുകാരനാണ് മിഖായേല്‍ അലക്സാന്ദ്രോവിച്ച് ഷൊളഖോവ് (1905-1984). ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ പിറന്ന അദ്ദേഹം വളരെ കഷ്ടപ്പെട്ടാണ് വിദ്യാഭ്യാസം ചെയ്തത്.
റഷ്യയിലെ ഡോണ്‍ നദീതീരത്ത് താമസിച്ച കൊസാക്കുകളുടെ (Cossacks) കഥയാണ് അദ്ദേഹം പറഞ്ഞത്. ഷൊളഖോവ് അവരില്‍ ഒരാളായിരുന്നല്ലോ. അവര്‍ യാഥാസ്ഥിതിക ക്രിസ്ത്യാനികളായിരുന്നു. അവരില്‍ കുറച്ചു പേര് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചേര്ന്നുനിൽക്കുകയും ഗ്രാമീണ ഭൂവുടമകളുടെ ചൂഷണത്തില്‍നിന്നും മര്‍ദനത്തില്‍നിന്നും രക്ഷപ്പെടാന്‍ നഗരത്തില്‍ പോകുകയും സൈന്യത്തില്‍ ചേരുകയുമായിരുന്നു.
റഷ്യന്‍ ജീവിതത്തിന്റെ ഉണര്ത്തുപാട്ടുകാരനെപ്പോലെയാണ് ഷൊളഖോവ് സാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ടത്.1925 മുതല്‍ 1940 വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച നാലു വാല്യങ്ങളുള്ള നോവല്‍ ‘ഡോണ്‍ ശാന്തമായി ഒഴുകുന്നു’ (Quietly flows the Don) ഒരു ലോക ക്ലാസിക്കായി വിലയിരുത്തപ്പെടുന്നു. ഈ കൃതിയുടെ പേരിലായിരുന്നല്ലോ അദ്ദേഹത്തിന് 1965ല്‍ നൊബേല്‍ സമ്മാനം ലഭിച്ചത്.
ഷൊളഖോവ് താന്‍ ഒരു സോഷ്യലിസ്റ്റ് റിയലിസ്റ്റാണെന്ന് പറഞ്ഞിട്ടുണ്ട്. സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ അതേപടി പകര്‍ത്തുകയായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. മനുഷ്യവംശത്തിനു പ്രകാശാത്മകമായ ഒരു പാതയൊരുക്കുന്നതിനെ അദ്ദേഹം പ്രധാനമായി കണ്ടിരുന്നു.
‘കാലികളെ മേയ്ക്കുന്നവന്‍’ (The Herdsman) എന്ന കഥയെക്കുറിച്ച് പ്രത്യേകം പറയണം. ഒരു റിപ്പോര്‍ട്ടറെപ്പോലെ യാഥാര്‍ഥ്യങ്ങള്‍ ഏകപക്ഷീയമായി വിശദീകരിക്കുന്ന രീതിയല്ല ഷൊളഖോവ് അവലംബിച്ചത്. ഇതില്‍ തത്ത്വചിന്താപരമായ സമീപനമുണ്ടായിരുന്നു. അത് ഇങ്ങനെ സംഗ്രഹിക്കാം: മനുഷ്യര്‍ ഒറ്റയ്ക്കല്ല ജീവിക്കുന്നത്; അവര്‍ കൂട്ടമായി നീങ്ങുകയാണ്. അവരുടെ ജീവിതത്തിനുള്ളിലേക്ക് കടന്നുനോക്കാന്‍ എഴുത്തുകാരനു കഴിയണം.
സാധാരണ ജനതയുടെ ജീവിതസമരങ്ങളില്‍ വെളിച്ചം വിതറാനാവണം. അതുകൊണ്ട് എന്തെഴുതിയാലും അതില്‍ മൗലികമായ ഒരു ഉള്ളടക്കം അനിവാര്യമാണ്. ജീവിതങ്ങളെ ബാധിച്ചിരിക്കുന്ന നിര്‍ണായകമായ പ്രശ്നങ്ങള്‍ കാണണം. മനുഷ്യന് ഭൂമിയുടെ ഗുരുത്വാകര്ഷണത്തിനെതിരേ പോരാടിക്കൊണ്ടാണ് മുന്നോട്ടായുന്നത്. അതിനെ പിന്തുണയ്ക്കണം. എന്നാല്‍, എഴുത്തുകാരന് ദൈവത്തെപ്പോലെ, മാനവരാശിയുടെ പ്രശ്നങ്ങളില്‍ മുഖംതിരിക്കുകയോ നിസംഗത പാലിക്കുകയോ ചെയ്യരുത്.
‘കാലികളെ മേയ്ക്കുന്നവന്‍’ എന്ന കഥ പാവപ്പെട്ടവന്റെ ആത്മരോദനത്തിന്റെ മുഴക്കം എത്ര ബൃഹത്താണെന്ന് ബോധ്യപ്പെടുത്തും.
ഏറ്റവും വിദൂരവും പ്രാചീനവുമായ ഗ്രാമങ്ങളിലെ കന്നുകാലികളെ നോക്കുന്ന ജോലിയാണ് ഗ്രിഗോരിയുടേത്. അവന്റെ കൂടെ സഹോദരി ദുന്യാക്കുമുണ്ട്. പ്രദേശത്തെ ഭൂവുടമകളായ വൃദ്ധന്മാര് എതിര്‍ത്തിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പത്തൊന്‍പതുകാരനായ ഗ്രിഗോരിക്ക് ആ ജോലി കിട്ടിയത്. അവനും സഹോദരിയും ഒരു ചെറിയ കുടില്‍ കെട്ടി, ചോളമാവും കഴിച്ച് ആ മലമടക്കില്‍ കഷ്ടപ്പെടുകയാണ്. അവന്റെ പ്രതീക്ഷ കാലിമേച്ച് പ്രതിഫലമായി കിട്ടുന്ന ചോളമാവും ചാണകപ്പാളികളും വിറ്റ് പണമുണ്ടാക്കി താമസിയാതെ നഗരത്തില്‍ പോയി വിദ്യാഭ്യാസം തുടരാമെന്നാണ്. എന്നാല്‍, അവന്റെ മോഹം ഫലിച്ചില്ല. അവന് പരിപാലിച്ചിരുന്ന കന്നുകാലിക്കിടാവുകള് മിക്കതും തളര്‍ന്നുവീണ് ജീവന് വെടിഞ്ഞു. ഒരു പകര്‍ച്ചവ്യാധിയായിരുന്നു കാരണം. ഇതിനിടയില്‍ അവന് ഗ്രാമത്തിലെ വ്യവസ്ഥയെക്കുറിച്ച് ചോളത്തിന്റെ ഇലയില്‍ കരി ഉപയോഗിച്ച് എഴുതിയ കുറിപ്പ് കമ്യൂണിസ്റ്റുകാരുടെ പത്രത്തില്‍ അച്ചടിച്ചുവന്നു.
മൃഗഡോക്ടറെ വിളിക്കുന്നതിനു പകരം കാലിത്തൊഴുത്തിനു ചുറ്റും വെടിവച്ച് രോഗത്തെ അകറ്റുന്നതും ഭൂമി കൃഷിക്കായി പങ്കിടുന്നതിലെ അഴിമതിയും അതില്‍ വിശദമാക്കിയിട്ടുണ്ടായിരുന്നു. ഇത് ഗ്രാമത്തിലെ കൃഷിക്കാരുടെ നേതാക്കന്മാരെ ചൊടിപ്പിച്ചു. അവര്‍ വന്ന് ഗ്രിഗോരിയെ വെടിവച്ചു കൊല്ലുന്നു. ഗത്യന്തരമില്ലാതെ, ചാക്കുകൊണ്ട് തയ്പിച്ച ഷര്‍ട്ട് ധരിച്ച്, പാവപ്പെട്ടവരില്‍ പാവപ്പെട്ടവളായ സഹോദരി ദുന്യാക്ക് പട്ടണത്തിലേക്ക് പോവുകയാണ്, സ്വപ്നത്തിന്റെ മൃതദേഹവും ചുമന്നുകൊണ്ട്.
ഒരു റഷ്യൻ ആശയത്തെക്കുറിച്ച് ബെർദ്യേവ് സൂചിപ്പിച്ചിട്ടുണ്ട്. പ്രവചനാത്മകമായ ആത്മീയ പരിവർത്തനമാണത്. അതീതവും അലൗകികവുമായ ഒരു മാറ്റത്തിന് മനസ് സ്വയം പ്രവർത്തിക്കുകയാണ്.
ഈ കഥയിലെ കന്നുകാലികളെ അന്നത്തെ യഥാര്‍ഥ റഷ്യന്‍ സാമൂഹികാവസ്ഥയുടെ പ്രതിനിധാനമായി കാണാവുന്നതാണ്. സ്വയം ജീര്‍ണിച്ച് അവ ക്രമേണ ചത്തുവീഴുകയാണ്. രോഗം ഉള്ളില്‍നിന്നുതന്നെ. എന്നാല്‍, അത് പകരുകയും ചെയ്യുന്നു. കന്നുമേക്കാരന്‍ ബുദ്ധിയുദിച്ച ഗ്രാമീണനെ ഓര്‍മിപ്പിക്കുന്നു. അവന് കീഴടങ്ങുകയോ പരാജയപ്പെടുകയോ ചെയ്യുന്നില്ല. മരണത്തെ പേടിക്കുന്നുമില്ല. അവന് മരിക്കുകയല്ല; മരണം എത്ര അയുക്തികവും അര്ഥശൂന്യവുമാണ് നമ്മുടെ ജീവിതങ്ങളിലെന്ന് ഓര്‍മിപ്പിക്കുകയാണ്. അസംബന്ധത്തെ ഉപന്യസിക്കുന്ന മരണം മറ്റൊന്നിന്റെ വിജയമാണെന്ന് വ്യാഖ്യാനിക്കുന്നത് വ്യര്‍ഥതയാണ്. എന്നാലും അവന്റെ മരണം വ്യര്ഥമാകുന്നുമില്ല. അത് മനുഷ്യരെ കൂടുതല്‍ നന്നാക്കാന്‍ ഉപകരിക്കും.
വരണ്ടതും വിരസവും പീഡിതവും നരകതുല്യവുമായ ജീവിതമാണ് ഷൊളൊഖോവ് അവതരിപ്പിക്കുന്നത്. അതിന്റെ ഭാരം വായനക്കാരന് അനുഭവപ്പെടുന്നില്ല. ഒരു വിദൂര സ്വപ്നത്തിന്റെ വസന്തഗര്ഭമായ കാറ്റ് കഥയില്‍ നിറഞ്ഞുവീശുന്നു. മനുഷ്യന്റെ ശത്രു മനുഷ്യന് തന്നെയാണല്ലോ. അവന് ആരോടു പരാതിപ്പെടും?
ഷൊളഖോവിനു നീതിയെ കൈവിടാനാവില്ല. സത്യം എഴുതിയതിന്റെ പേരില്‍ കൊല ചെയ്യപ്പെടുന്ന ആ കാലിമേച്ചില്കാരന് മനുഷ്യന്റെ എക്കാലത്തെയും പോരാട്ടത്തെ ഓര്‍മിപ്പിക്കുന്നു. കല യാഥാര്‍ഥ്യത്തില്‍നിന്ന് ഒളിച്ചോടാനുള്ളതല്ലെന്ന് ഷൊളൊഖോവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിനാശകരമായതിനെ എതിര്‍ക്കണം. അതിനു യാഥാര്‍ഥ്യബോധം അനിവാര്യമാണ്. നീതിബോധമില്ലാത്തവർ എഴുതരുത്. ഓരോ വാക്കും നീതിക്കായി നിലകൊള്ളുമ്പോഴാണ് എഴുത്തിൽ സത്യസന്ധതയുണ്ടാകുന്നത്. ജീവിതത്തില്‍നിന്ന് ഒളിച്ചോടുന്ന കലയ്ക്ക് ഈ ബോധം നഷ്ടമാവുകതന്നെ ചെയ്യും.
മനുഷ്യപുരോഗതിക്കൊപ്പം സംഗീതമാലപിക്കുന്ന അന്തഃകരണം എല്ലാ റിയലിസത്തെയും കടന്നു നില്‍ക്കുന്നതാണ്. യാഥാർഥ്യം എന്ന് നാം വിളിക്കുന്നതിൽ മാനുഷികമായ ആത്മീയത അടങ്ങിയിരിക്കുന്നു. ഷൊളൊഖോവ് റിയലിസത്തെ നവീകരിക്കുന്നുണ്ട്. സ്നേഹവും സ്വപ്നവും സമരവും അധ്വാനവും ചേര്‍ന്നതാണ് ആ റിയലിസം.
Leader Page
അമേരിക്കയുടെ സമ്മർദത്തെത്തുടർന്ന് സ്വീകരിച്ച നിരവധി നയപരമായ തീരുമാനങ്ങൾ ഇതിനകംതന്നെ ഇന്ത്യയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ചത് എണ്ണവില വർധനയ്ക്കും പണപ്പെരുപ്പത്തിനും കാരണമായി. 2018ൽ ഇന്ത്യ-റഷ്യ അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതി റദ്ദാക്കിയത് ഇന്ത്യയുടെ പ്രതിരോധശേഷി ദുർബലപ്പെടുത്തി. ജി-20 കാലഘട്ടത്തിലുൾപ്പെടെ കാർഷികോത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ ആവർത്തിച്ചു കുറച്ചത് കർഷകരെയും പ്രതികൂലമായി ബാധിച്ചു. ഇന്ത്യയെ മൊത്തത്തിൽ കരാർ ബാധിക്കുന്നതിലുപരി, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുന്നതാണ് ഈ കരാർ.
◄താങ്ങുവില സംവിധാനം അമേരിക്കയുടെ ലക്ഷ്യം
താങ്ങുവില (എംഎസ്പി) ഇന്ത്യൻ കാർഷിക മേഖലയുടെ പ്രധാന സുരക്ഷാ സംവിധാനമാണ്. ലോക വ്യാപാര സംഘടനയിൽ (WTO) ഇന്ത്യയുടെ താങ്ങുവില സംവിധാനത്തിൽ മാറ്റം വരുത്താൻ അമേരിക്ക സമ്മർദം ചെലുത്തിവരുന്നു. ഈ വിഷയം ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിന്റെ ഭാഗമാകുകയോ വെളിപ്പെടുത്താത്ത ധാരണയിൽ ഉൾപ്പെടുകയോ ചെയ്താൽ എംഎസ്പി ലഭിക്കുന്ന 22 വിളകളുടെ കർഷകരെ ബാധിക്കും. കേരളത്തിലെ നെല്ലും കൊപ്രയും ഇതിൽ ഉൾപ്പെടുന്നു.
ഇതോടൊപ്പം, അമേരിക്ക നൽകുന്ന വൻ കാർഷിക സബ്സിഡിയും വലിയ ഭീഷണിയാണ്. അമേരിക്കയുടെ ഫാം ബില്ലിൽ 2014ൽ 956 ബില്യൺ ഡോളറും 2024ൽ 1.5 ട്രില്യൺ ഡോളറും വകയിരുത്തി. ഒഇസിഡി - 2024 റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ഉത്പാദകർക്ക് സർക്കാർ നൽകുന്ന പിന്തുണ (Producer Support Estimate - PSE) +7.1% ആണ്. അതേസമയം, ഇന്ത്യൻ കർഷകർക്ക് ലഭിക്കുന്ന പിന്തുണ -14.5% ആണ്. ഫലത്തിൽ ഇത് ഇന്ത്യൻ കർഷകരുടെമേലുള്ള പരോക്ഷ നികുതിക്ക് സമാനമാണ്. വൻ സബ്സിഡി ലഭിക്കുന്ന അമേരിക്കൻ കാർഷികോത്പന്നങ്ങൾ ഇറക്കുമതി അനുവദിക്കുന്നത് ആഭ്യന്തര ഉത്പാദനത്തെ തകർക്കും.
ലോക വ്യാപാര സംഘടനയിൽ അമേരിക്കയുടെ കാർഷിക സബ്സിഡികളെ ഇന്ത്യ തുടർച്ചയായി എതിർത്തിട്ടുണ്ട്. ഇപ്പോൾ സബ്സിഡിയുള്ള അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി അനുവദിക്കുന്നത് ഇന്ത്യയുടെ ദീർഘകാല നിലപാടിനെ ദുർബലപ്പെടുത്തുകയും അമേരിക്കൻ സബ്സിഡികളെ ചോദ്യം ചെയ്യുന്നതിൽ ഇന്ത്യയെ പിന്തുണച്ച രാജ്യങ്ങളെ ചതിക്കലുമാകും.
◄നാളികേരവും റബറും
സോയാബീൻ എണ്ണയുടെ ഇറക്കുമതിത്തീരുവ കുറയ്ക്കുന്നത് കേരളത്തിലെ നാളികേര കർഷകരെ നേരിട്ടു ബാധിക്കും. ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി 2010-11ലെ 8.8 ദശലക്ഷം ടണ്ണിൽനിന്ന് 2025-26ൽ 16.7 ദശലക്ഷം ടണ്ണായി ഉയർന്നു. അമേരിക്കൻ സോയാബീൻ എണ്ണയ്ക്ക് കൂടുതൽ വിപണി പ്രവേശനം ലഭിക്കുന്നത് ആഭ്യന്തര ഭക്ഷ്യ എണ്ണ വിളകളുടെ വിലയെയും ഉത്പാദനത്തെയും കൂടുതൽ ദുർബലപ്പെടുത്തും.
റബറിന്റെ കാര്യത്തിലും സ്ഥിതി ഗുരുതരമാണ്. ലോക വ്യാപാര സംഘടനയിൽ സ്വാഭാവിക റബറിൽ ഇന്ത്യയുടെ ബൗണ്ട് താരിഫ് 25 ശതമാനമാണെങ്കിലും ആസിയാൻ ഇന്ത്യ കരാർ പ്രകാരം കോമ്പൗണ്ട് റബർ വിഭാഗങ്ങളുടെ തീരുവ 0-5 ശതമാനം മാത്രമായത് റബർ കർഷകരെ ബാധിച്ചു. അമേരിക്ക കൃത്രിമ റബറിന്റെ പ്രധാന കയറ്റുമതി രാജ്യമാണ്. അമേരിക്കയിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത കൃത്രിമ റബറിന്റെ മൂല്യം 2021ലെ 75 ദശലക്ഷം ഡോളറിൽനിന്ന് 2025ൽ 114.42 ദശലക്ഷം ഡോളറായി ഉയർന്നു. കൃത്രിമ റബറിന്റെ തീരുവ ഇനിയും കുറച്ചാൽ സ്വാഭാവിക റബറിന്റെ വിലയിൽ സമ്മർദം വർധിക്കുകയും കേരളത്തിലെ റബർ കർഷകരെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.
◄ജനിതകമാറ്റം വരുത്തിയ ഉത്പന്നങ്ങൾ
സോയാബീൻ എണ്ണയും ഡിഡിജി (ഡിസ്റ്റില്ലറിയിൽനിന്നുള്ള കാലിത്തീറ്റയായി ഉപയോഗിക്കാവുന്ന ഉപോത്പന്നം)യും വലിയ തോതിൽ ജനിതകമാറ്റം വരുത്തിയ വിളകളിൽനിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഇവയുടെ ഇറക്കുമതി മതിയായ പൊതുചർച്ചയും നിയന്ത്രണ പരിശോധനയും കൂടാതെ അനുവദിക്കുന്നത് ജനിതകമാറ്റം വരുത്തിയ ഉത്പന്നങ്ങൾക്ക് പിൻവാതിലിലൂടെ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശനം നൽകുന്നതിന് തുല്യമാകും.
◄ക്ഷീര, നെല്ല്, മാംസ മേഖലകൾ
അമേരിക്കൻ ക്ഷീരോത്പാദകർക്ക് ഏകദേശം 12 ബില്യൺ ഡോളറിന്റെ സബ്സിഡി ലഭിക്കുന്നു. പാൽപ്പൊടി, വേ പൗഡർ, പാൽക്കട്ടി തുടങ്ങിയ ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ കുറച്ചാൽ ഇന്ത്യയിലെ ക്ഷീരകർഷകർക്ക് വൻ ഭീഷണിയാകും. അമേരിക്കൻ പാൽക്കട്ടി ഉത്പാദനത്തിന് പശുക്കിടാവിന്റെ കുടലിൽനിന്നുള്ള റെനെറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സാംസ്കാരികവും മതപരവുമായ ആശങ്കകളും നിലനിൽക്കുന്നു.
ലോക അരി ഉത്പാദനത്തിന്റെ രണ്ടു ശതമാനത്തിൽ താഴെ മാത്രമാണ് അമേരിക്ക ഉത്പാദിപ്പിക്കുന്നതെങ്കിലും അത് പ്രധാന കയറ്റുമതി രാജ്യമാണ്. അമേരിക്കയിലെ അരി സബ്സിഡി വർധിക്കുന്നത് കുറഞ്ഞ വിലയിൽ കയറ്റുമതി സാധ്യമാക്കുകയും ഇന്ത്യയുടെ കയറ്റുമതി വിപണിയെയും ആഭ്യന്തര നെല്ലുവിലയെയും ബാധിക്കുകയും ചെയ്യും.
കോഴി, പന്നി മേഖലകളിലും സമാന ഭീഷണിയുണ്ട്. ശീതീകരിച്ച അമേരിക്കൻ കോഴിയിറച്ചിക്കും പന്നിയിറച്ചിക്കും കൂടുതൽ വിപണി പ്രവേശനം ലഭിച്ചാൽ കേരളത്തിലെ വളർന്നുവരുന്ന കോഴി, പന്നി വളർത്തൽ മേഖലകൾ പ്രതിസന്ധിയിലാകും. ബാങ്ക് വായ്പകളെ വലിയ തോതിൽ ആശ്രയിക്കുന്ന ഈ മേഖലയുടെ തകർച്ച ബാങ്കിംഗ് മേഖലയിലും പ്രത്യാഘാതമുണ്ടാക്കും.
◄വിത്തിന്റെ പരമാധികാരം
അമേരിക്ക ഒപ്പുവച്ച പല സ്വതന്ത്ര വ്യാപാരക്കരാറുകളിലും ലോക വ്യാപാര സംഘടനയുടെ ബൗദ്ധിക സ്വത്തവകാശ കരാറിലും കടുത്ത ( TRIPS-plus) വ്യവസ്ഥകൾ ഉൾപ്പെടുന്നു. അവ ഉപോവ് കരാർ വ്യവസ്ഥകൾ ( UPOV 1991) സ്വീകരിക്കാൻ രാജ്യങ്ങളെ നിർബന്ധിതമാക്കുന്നു. കർഷകർക്ക് വിത്ത് സൂക്ഷിക്കാനും പുനരുപയോഗിക്കാനുമുള്ള അവകാശം നിയന്ത്രിക്കുന്ന ഇത്തരം വ്യവസ്ഥകൾ ഇന്ത്യ-അമേരിക്ക കരാറിൽ ഉൾപ്പെട്ടാൽ വിത്തിന്മേലുള്ള കർഷകരുടെ അവകാശം ദുർബലപ്പെടുകയും കോർപറേറ്റ് നിയന്ത്രണം ശക്തിപ്പെടുകയും ചെയ്യും.
◄മത്സ്യമേഖലയും നയസ്വാതന്ത്ര്യവും
അമേരിക്ക അടുത്തിടെ നടത്തിയ ചില സ്വതന്ത്ര വ്യാപാരക്കരാർ ചർച്ചകളിൽ പങ്കാളി രാജ്യങ്ങളോടു ലോക വ്യാപാര സംഘടനയുടെ മത്സ്യ സബ്സിഡി കരാർ അംഗീകരിക്കാനും പൂർണമായി നടപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആർട്ടിക്കിൾ 12 പ്രകാരം, മത്സ്യ സബ്സിഡി കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം നാല് വർഷത്തിനുള്ളിൽ സമഗ്രമായ നിയന്ത്രണ വ്യവസ്ഥകൾ അംഗീകരിക്കപ്പെടാത്ത പക്ഷം, ലോക വ്യാപാര സംഘടന ജനറൽ കൗൺസിൽ മറ്റൊരു തീരുമാനം എടുക്കാത്തിടത്തോളം കരാർ സ്വയം അവസാനിക്കും. വ്യാപാരക്കരാർ വ്യവസ്ഥകളിൽ ലോക വ്യാപാര സംഘടനയിലെ മത്സ്യ സബ്സിഡി കരാറിലെ ആർട്ടിക്കിൾ 12നെയും മറികടന്ന് മത്സ്യ സബ്സിഡി ബാധ്യതകൾ തുടരണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നു.
ഇത്തരം വ്യവസ്ഥകൾ ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിൽ ഉൾപ്പെടുത്തിയാൽ ഇന്ത്യയുടെ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന ഇന്ധന, സുരക്ഷ, അടിസ്ഥാനസൗകര്യ, ആധുനികീകരണ, ഉപജീവന സഹായങ്ങൾ നൽകാനുള്ള സർക്കാരിന്റെ നയസ്വാതന്ത്ര്യം പരിമിതപ്പെടാം. ദശലക്ഷക്കണക്കിന് ചെറുകിട, പരമ്പരാഗത മത്സ്യത്തൊഴിലാളികളുള്ള ഇന്ത്യക്ക് ഇത് അംഗീകരിക്കാനാകില്ല. കേരളത്തിന്റെ തീരദേശ സമ്പദ്വ്യവസ്ഥയെയും ഇത് നേരിട്ട് ബാധിക്കും.
ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിനെ കേവലം കയറ്റുമതിയും ഇറക്കുമതിയും വർധിപ്പിക്കുന്ന കരാറായി കാണാനാകില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം നാളികേരം, റബർ, നെല്ല്, ക്ഷീരം, കോഴി-പന്നി വളർത്തൽ, മത്സ്യബന്ധനം, ചെറുകിട ചില്ലറ വ്യാപാരം എന്നിവയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട വിഷയമാണിത്. അതിനാൽ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും താത്പര്യങ്ങളും ഇന്ത്യയുടെ നയപരമായ പരമാധികാരവും തകർക്കുന്ന ഈ കരാറിനെതിരേ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് അണിനിരക്കണം. നടപ്പാക്കുന്നവരുടെ കപട രാജ്യസ്നേഹത്തെ തുറന്നു കാണിക്കണം.
Leader Page
ഒരു സമുദായ പത്രത്തിൽ ഒതുങ്ങാതെ, പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ നാവായി നിലകൊള്ളുന്ന ദീപികയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.
കർഷകന്റെ ജീവിതക്രമത്തിൽ ജീവാമൃതമായി നിലകൊണ്ട് കൃഷിയെയും കർഷകരെയും സംരക്ഷിക്കുകയാണ് പത്രം. കുടിയിറക്കപ്പെട്ട കർഷകരെ മുന്നിൽ നിന്നു നയിച്ച പത്രം, അധികാരവർഗത്തിന് എന്നും ഒരു പേടിസ്വപ്നമായിരുന്നു.
വന്യജീവി ആക്രമണത്തിൽ പേടിയോടെ ജീവിക്കുന്ന മലയോര കർഷകർക്ക് എന്നും തുണയായി ദീപിക മുന്നിലുണ്ട്. പട്ടയമില്ലാത്ത കർഷകർക്കുവേണ്ടി ശബ്ദിക്കാൻ ദീപികയുണ്ട്.
ദീപികയുടെ മുഖപ്രസംഗം എന്നും നാവില്ലാത്ത ജനങ്ങളുടെ നാവായിരുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു. ദീപികയിലെ വാർത്തകളും ലേഖനങ്ങളും സമൂഹത്തെ ചിന്തിപ്പിക്കുന്നതാണ്.
-ജേക്കബ് എസ്. മുണ്ടപ്പുളം നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോ-ഓർഡിനേറ്റർ,വനമിത്ര ജേതാവ്
Leader Page
തുല്യത, സാമൂഹിക നീതി, വ്യക്തിസ്വാതന്ത്ര്യം, ഭരണകൂട നിലപാടുകളോടു ഭയമില്ലാതെ വിയോജിക്കാനുള്ള അവകാശം എന്നിവ ഉൾച്ചേരുമ്പോൾ മാത്രമാണ് ജനാധിപത്യം അതിന്റെ യഥാർഥ അർഥത്തിൽ പൂർണമാകുന്നത്. ഭരണഘടനയെന്നതു കേവലം ഭൂരിപക്ഷത്തിന്റെ താത്പര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള അധികാരപത്രമല്ല. മറിച്ച്, അത് ഏറ്റവും ദുർബലനായ മനുഷ്യന്റെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിച്ചുനിർത്തുന്ന ജീവസുറ്റ സുരക്ഷാകവചമാണ്.
തെരഞ്ഞെടുപ്പുകൾ കേവലം ഭരണാധികാരികളെ മാറ്റാനുള്ള വഴിയല്ല, മറിച്ച് ജനങ്ങളുടെ പരമാധികാരം ഉറപ്പിക്കുന്ന വ്യവസ്ഥാപിത സമ്പ്രദായമാണ്. എന്നാൽ, ഇന്നത്തെ ലോകത്ത് പലയിടത്തും ജനാധിപത്യം ദുർബലമാക്കപ്പെടുകയും കേവല തെരഞ്ഞെടുപ്പ് ഭരണം മാത്രമായി അതു ജീർണിക്കുകയും ചെയ്യുന്ന വേദനാജനകമായ കാഴ്ചയാണ് കാണുന്നത്. അതുകൊണ്ടുതന്നെ, ജനാധിപത്യത്തിന്റെ യഥാർഥ മൂല്യങ്ങൾ സ്മരിക്കാനും അവ സംരക്ഷിക്കാനും അന്താരാഷ്ട്ര ജനാധിപത്യദിനം നമ്മെ ഓർമിപ്പിക്കുന്നു.
പോരാട്ടങ്ങളിലൂടെ ആർജിച്ചെടുത്ത ചരിത്രം
ചരിത്രം പരിശോധിച്ചാൽ ഇന്നത്തെ ജനാധിപത്യ അവകാശങ്ങൾ ആരും ആർക്കും വെള്ളിത്തളികയിൽ വച്ചുനീട്ടിയ ദാനമല്ലെന്നു വ്യക്തമാകും. രാജാക്കന്മാരുടെയും ഏകാധിപതികളുടെയും അപ്രമാദിത്വത്തെ ചോദ്യംചെയ്തുകൊണ്ട് സാധാരണക്കാരായ ജനങ്ങൾ രക്തംചിന്തി നടത്തിയ സഹനസമരങ്ങളാണ് ആധുനിക ജനാധിപത്യത്തിന് അടിത്തറ പാകിയത്. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവം മുഴക്കിയ ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന മുദ്രാവാക്യം രാജവാഴ്ചകളുടെ അടിത്തറയിളക്കി ലോകമെങ്ങും അലയടിച്ചു. തുടർന്ന് ഇരുപതാം നൂറ്റാണ്ടിൽ ഹിറ്റ്ലറുടെ നാസിസവും മുസോളിനിയുടെ ഫാസിസവും ലോകത്തെ വിഴുങ്ങിയപ്പോൾ, പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവത്യാഗത്തിലൂടെയാണ് ജനാധിപത്യലോകം ആ ഭീകരതകളെ മറികടന്നത്.
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ജനങ്ങളെ അടിച്ചമർത്തിയ സൈനിക സ്വേച്ഛാധിപത്യത്തിനെതിരേ തൊഴിലാളികളും വിദ്യാർഥികളും നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിൽ ഒളിമങ്ങാതെ നിലനിൽക്കുന്നു. മനുഷ്യന്റെ അന്തസിനെ വർണത്തിന്റെ പേരിൽ തടവിലിട്ട ദക്ഷിണാഫ്രിക്കയിലെ വർണവിവേചന ഭരണത്തെ തകർത്തെറിഞ്ഞതും നെൽസൺ മണ്ടേലയുടെ നേതൃത്വത്തിലുയർന്ന ജനാധിപത്യ പോരാട്ടമായിരുന്നു. ഇവയെല്ലാം അടിവരയിടുന്നത് ഒരൊറ്റ സത്യമാണ്: ഭരണകൂടങ്ങൾ എത്രതന്നെ ശക്തമായാലും ജനങ്ങളുടെ കൂട്ടായ മുന്നേറ്റത്തിനു മുന്നിൽ ഏകാധിപത്യങ്ങൾക്കു മുട്ടുമടക്കേണ്ടി വരും.
മതേതരത്വവും പൗരസ്വാതന്ത്ര്യവും
യൂറോപ്പിൽ നൂറ്റാണ്ടുകളോളം നിലനിന്ന മത-രാഷ്ട്രീയ കൂട്ടുകെട്ടുകൾ ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയപ്പോൾ, ചിന്തകരും നവോത്ഥാനനായകരും നയിച്ച മുന്നേറ്റമാണ് മതേതര ജനാധിപത്യത്തിനു വഴിതുറന്നത്. യൂറോപ്പിലെ ജനാധിപത്യ മുന്നേറ്റങ്ങൾ ക്രൈസ്തവ സഭാ നേതൃത്വങ്ങൾക്കു തിരിച്ചറിവു നൽകുകയും രാഷ്ട്രീയ ഇടപെടലുകളിൽനിന്നു പൂർണമായി പിൻവാങ്ങാനുള്ള തീരുമാനത്തിലേക്കു നയിക്കുകയും ചെയ്തു.
രാഷ്ട്രത്തിന്റെ നയങ്ങളിൽനിന്ന് മതത്തെയും വർഗീയതയെയും മാറ്റിനിർത്തുന്ന മതേതരത്വം എന്ന ആശയം മനുഷ്യരെ വിശ്വാസത്തിന്റെപേരിൽ വേർതിരിക്കാതെ തുല്യരായി കാണാൻ സഹായിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തുർക്കിയിൽ ഓട്ടോമൻ ഖിലാഫത്ത് തകർത്ത് കമാൽ അതാതുർക്ക് മതേതര റിപ്പബ്ലിക് സ്ഥാപിച്ചത് ഇത്തരമൊരു വൻ വിപ്ലവമായിരുന്നു. സമകാലിക ലോകത്തും മതാധിപത്യത്തിന്റെ അന്ധകാരത്തിൽനിന്നു പുറത്തുകടക്കാനുള്ള ജനങ്ങളുടെ ത്വര അവസാനിച്ചിട്ടില്ലെന്നു തെളിയുന്നുണ്ട്. ഇറാനിൽ മതപോലീസിന്റെ ഹിജാബ് നിയമങ്ങൾക്കും യാഥാസ്ഥിതിക ഭരണത്തിനുമെതിരേ ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യമുയർത്തി സ്ത്രീകൾ നടത്തുന്ന ധീരമായ പ്രക്ഷോഭങ്ങൾ ഇതിന്റെ ഉദാഹരണമാണ്. മതനിയമങ്ങൾ മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിനു മുകളിലല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഈ പോരാട്ടങ്ങൾ ലോക ജനാധിപത്യത്തിന് എന്നും പുതിയ ഊർജം പകരുന്നു.
ഇന്ത്യൻ ജനാധിപത്യം:അടിത്തറയും ആശങ്കകളും
നൂറ്റാണ്ടുകളുടെ ബ്രിട്ടീഷ് കൊളോണിയൽ അടിമത്തത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യ ലോകത്തിനുമുന്നിൽ തുറന്നുവച്ചത് സമാനതകളില്ലാത്ത ഒരു ജനാധിപത്യ വിസ്മയമായിരുന്നു. ദാരിദ്ര്യവും നിരക്ഷരതയും അതിരൂക്ഷമായ ഒരു വലിയ രാജ്യത്തിന് ജനാധിപത്യം നിലനിർത്താനാവില്ലെന്ന് പാശ്ചാത്യ രാഷ്ട്രീയ നിരീക്ഷകർ പലരും അക്കാലത്തു വിധിയെഴുതി. എന്നാൽ ഡോ. ബി.ആർ. അംബേദ്കറുടെ ദീർഘവീക്ഷണത്തിൽ വിരചിതമായ ഭരണഘടന ജാതി, മത, ലിംഗ ഭേദമെന്യേ രാജ്യത്തെ സകല ജനങ്ങൾക്കും പൗരാവകാശം ഉറപ്പുനൽകി. ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം സ്വതന്ത്ര സ്ഥാപനങ്ങളെയും തെരഞ്ഞെടുപ്പ് സംവിധാനങ്ങളെയും പരിപോഷിപ്പിച്ച് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കിന്റെ അടിത്തറ സുരക്ഷിതമാക്കി.
എന്നാൽ ഇന്ന് ഒരു ഏകാധിപത്യ സ്വഭാവം ഭരണകൂടകേന്ദ്രങ്ങളിൽ വ്യാപിച്ചിരിക്കുന്നതായും ജനാധിപത്യത്തിന്റെ കാവലാളുകളാകേണ്ട സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങൾ ഭരണകക്ഷിയുടെ രാഷ്ട്രീയ ആയുധങ്ങളായി അധഃപതിച്ചതായുമുള്ള ആരോപണങ്ങൾ ആവർത്തിക്കപ്പെടുന്നു. പ്രതിപക്ഷ നേതാക്കളെയും ഭരണകൂട വിമർശകരെയും ഇല്ലാതാക്കാനും വേട്ടയാടാനും അന്വേഷണ ഏജൻസികളെ വ്യാപകമായി ദുരുപയോഗിക്കുന്നതായും ആരോപണമുണ്ട്. തുടരെത്തുടരെയുണ്ടാകുന്ന നിയമനിർമാണങ്ങളും നിയമപരിഷ്കാരങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളെ അടിച്ചമർത്തുന്നതിനുള്ള ആയുധങ്ങളായി മാറുകയും അവരിൽ അരക്ഷിതാവസ്ഥ വർധിക്കുകയും ചെയ്യുന്നു. ആഗോളതലത്തിൽ പുറത്തിറങ്ങുന്ന ജനാധിപത്യ സൂചികകളിൽ ഇന്ത്യ ‘ഭാഗികമായി മാത്രം സ്വതന്ത്രമായ രാജ്യം’ അല്ലെങ്കിൽ ‘തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യം’ എന്നിങ്ങനെയുള്ള തരംതാഴ്ത്തലുകൾ നേരിടുന്നു.
ജനാധിപത്യത്തിന്റെ കാവലാളുകളാകേണ്ട മാധ്യമങ്ങളുടെ ദയനീയമായ കീഴടങ്ങലാണ് ഇന്ത്യ നേരിടുന്ന മറ്റൊരു വലിയ ദുരന്തം. വൻകിട കോർപറേറ്റ് ലോബികൾ മാധ്യമസ്ഥാപനങ്ങളുടെ നിയന്ത്രണമേറ്റെടുത്തതോടെ ജനകീയ പ്രശ്നങ്ങളും തൊഴിലില്ലായ്മയും വിലക്കയറ്റവും മാധ്യമ ചർച്ചകളിൽനിന്ന് അപ്രത്യക്ഷമായി.
സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളാകാതെ വിട്ടുനിന്ന വർഗീയശക്തികളുടെ ആശയങ്ങളാണ് ഇന്ന് ദേശസ്നേഹത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ ശത്രുക്കളായും രണ്ടാംതരം പൗരന്മാരായും ചിത്രീകരിക്കുന്ന രാഷ്ട്രീയ പ്രചാരണങ്ങൾ തെരഞ്ഞെടുപ്പു വിജയങ്ങൾക്കായി നിരന്തരം ഉപയോഗിക്കപ്പെടുന്നു. വൈവിധ്യങ്ങളെ ഭയക്കുന്ന ഇത്തരം വർഗീയ നീക്കങ്ങൾ രാജ്യത്തിന്റെ ഐക്യത്തെയും സമാധാനപരമായ സഹവർത്തിത്വത്തെയും എന്നെന്നേക്കുമായി ഇല്ലാതാക്കാൻ പര്യാപ്തമാണ്.
ചരിത്രത്തെയും വിജ്ഞാനത്തെയും വേട്ടയാടുന്ന അജൻഡകൾ
വിദ്യാഭ്യാസ, സാംസ്കാരിക, ചരിത്രരംഗങ്ങളിലെ കടന്നുകയറ്റമാണ് ജനാധിപത്യ വിരുദ്ധതയുടെ മറ്റൊരു അപകടകരമായ മുഖം. യുക്തിചിന്തയും ചരിത്രബോധവുമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുക വഴി എളുപ്പത്തിൽ വർഗീയത കുത്തിവയ്ക്കാവുന്ന ജനക്കൂട്ടമാക്കി ജനങ്ങളെ മാറ്റാനാണു ചിലരുടെ ശ്രമമെന്ന് തീർച്ച. ഒരു രാജ്യത്തിന്റെ ചരിത്രത്തെയും അറിവുകളെയും വക്രീകരിക്കുന്നത് ആ രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെത്തന്നെ അന്ധകാരത്തിലാഴ്ത്തുന്ന ക്രൂരമായ അട്ടിമറിയാണ്.
ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ വിമർശിക്കുന്ന പൗരാവകാശ പ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നതാണ് സമകാലിക ഇന്ത്യയിലെ ഭീതിദമായ സാഹചര്യം. ഭീമ കൊറേഗാവ് കേസ്പോലുള്ള സംഭവങ്ങളിൽ ഫാ. സ്റ്റാൻ സ്വാമിയെപ്പോലുള്ള വയോധികരായ സാമൂഹിക പ്രവർത്തകർ വിചാരണപോലും നേരിടാനാവാതെ ജയിലിൽ മരണത്തിനു കീഴടങ്ങിയത് ഇന്ത്യൻ ജനാധിപത്യത്തിന്റെ മായാത്ത കളങ്കമാണ്. ഇത്തരം സംഭവങ്ങൾ ലോകരാജ്യങ്ങൾക്കുമുന്നിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ മാഹാത്മ്യം നഷ്ടപ്പെടുത്താൻ വഴിയൊരുക്കിയിരുന്നു.
വിയോജിപ്പുകളാണ് ജനാധിപത്യത്തെ സുരക്ഷിതമാക്കുന്നതെന്ന് സുപ്രീംകോടതിതന്നെ പലപ്പോഴായി ഓർമിപ്പിച്ചിട്ടുണ്ടെങ്കിലും, പ്രായോഗികതലത്തിൽ അത്തരം ശബ്ദങ്ങൾ കടുത്ത വേട്ടയാടലുകൾക്ക് ഇരയാകുന്നു. ജനാധിപത്യത്തിലെ ഏറ്റവും വലിയ ശക്തി വിമർശനങ്ങളാണെന്നിരിക്കേ, അതിനെ ഭയക്കുന്ന ഒരു ഭരണകൂടം യഥാർഥത്തിൽ സ്വന്തം അപചയത്തെയാണ് വെളിപ്പെടുത്തുന്നത്.
പ്രതീക്ഷയേകുന്ന തെരുവിന്റെ പ്രതിരോധങ്ങൾ
എങ്കിലും, ജനാധിപത്യം എന്നത് ഭരണഘടനയുടെ കടലാസ് പേജുകളിൽ മാത്രമല്ല, മറിച്ച് ജനങ്ങളുടെ പ്രതിരോധ ശേഷിയിലാണു ജീവിക്കുന്നത് എന്ന തിരിച്ചറിവാണ് വർത്തമാനകാലത്തെ വലിയ പ്രതീക്ഷ. വനിതകളും വിദ്യാർഥികളും തെരുവിലിറങ്ങി ഭരണഘടനാ മൂല്യങ്ങൾക്കായി നടത്തിയ പ്രതിഷേധങ്ങളും കർഷകരുടെ സമരവും പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭവും പ്രതീക്ഷയുടെ നാമ്പുകളാണ്. ഇന്ത്യയിൽ മാത്രമല്ല, ബംഗ്ലാദേശിലും കെനിയയിലും ഹോങ്കോങ്ങിലും സമീപകാലത്ത് ഭരണകൂടങ്ങളെ പിടിച്ചുകുലുക്കിയ വിദ്യാർഥി പ്രക്ഷോഭങ്ങൾ അരങ്ങേറിയിട്ടുണ്ട്. ജനാധിപത്യത്തിനു സംഭവിക്കുന്ന അപചയവും ഭരണഘടനാമൂല്യങ്ങൾ തകർക്കപ്പെടുന്നതും സാകൂതം വീക്ഷിക്കുന്ന പ്രതികരണസജ്ജരായ ഒരു പുതുതലമുറ നമുക്കു പിന്നാലെയുണ്ട് എന്നത് ആശ്വാസകരമായ ഒരു വസ്തുതയാണ്.
Leader Page
ഒരു മാസം മുമ്പ് സൗദി അറേബ്യയും തുർക്കിയും പാക്കിസ്ഥാനും സംയുക്തമായി ഒരു സൈനിക ഉടമ്പടിയുണ്ടാക്കിയെന്ന വാർത്ത നമ്മൾ കണ്ടു. ഇതിൽ ഏതെങ്കിലും രാജ്യത്തിനെതിരേ ആക്രമണമുണ്ടായാൽ മറ്റു രണ്ടു രാജ്യങ്ങളും സഹായത്തിനെത്തുമെന്നാണ് ഉടമ്പടി.
ഒരർഥവുമില്ലാതെയുണ്ടാക്കിയ തട്ടിപ്പ് കരാറാണിതെന്നു കാര്യങ്ങൾ മനസിലാക്കിയാൽ വ്യക്തമാവും. പ്രസ്തുത കരാർ ഇന്ത്യക്കകത്തു ചർച്ചകൾക്കു വഴിവച്ചു. പാകിസ്ഥാനുമായി സിന്ദൂർ പോലെ ഇനിയുമൊരു യുദ്ധമുണ്ടാകുകയാണെങ്കിൽ സൗദിയോ തുർക്കിയോ നമ്മെ ആക്രമിക്കുമെന്ന ആശങ്കയായിരുന്നു ആ ചർച്ചകളിൽ ഭൂരിപക്ഷവും.
നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചാൽ അതിന് ഒരു സാധ്യതയും കാണുന്നില്ല. കാരണം ഇറാനും ഇറാന്റെ ഉറ്റ ചങ്ങാതിയായ യമനിലെ ഷിയാ വിഭാഗത്തിൽപെട്ട സായുധസംഘടനയായ ഹൂതികളും സൗദി അറേബ്യയെ ഇപ്പോൾ ആക്രമിച്ചുകൊണ്ടിരിക്കയാണ്. ഇറാൻ മിസൈലുകൾ സൗദിയുടെ നഗരങ്ങളെയും എണ്ണപ്പാടങ്ങളെയുമെല്ലാം പലതവണ ആക്രമിച്ചിട്ടുണ്ട്. അതിനുപുറമേ ഇറാന്റെ ആയുധങ്ങളുപയോഗിച്ച് സൗദിയിലെ വലിയ എണ്ണശേഖരണ കേന്ദ്രങ്ങളെ നശിപ്പിച്ചിട്ടുമുണ്ട്.
ഇറാൻ-അമേരിക്ക യുദ്ധം നിലനില്‍ക്കുന്നതിനാൽ ഹോർമൂസ് വഴി ആർക്കും എണ്ണ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമായതിനാൽ റെഡ് സീ (ചെങ്കടൽ)യും ബാബ്-ഏൽ-മാൻഡെബ് കടലിടുക്ക് വഴിയാണ് സൗദിയും കുവൈറ്റും യുഎഇയുമെല്ലാം പെട്രോളിയം ഉത്പന്നങ്ങൾ കടത്തിവിടുന്നത്. എന്നാൽ, ഹൂതികൾ ഇപ്പോൾ അൽ മോച്ചാ പോർട്ട് കൈയടക്കിവച്ചിരിക്കുന്നുതിനാലും ചെങ്കടലിൽ പ്രതിരോധം സൃഷ്ടിച്ച് ആക്രമണം നടത്തുന്നതിനാലും അതിനും സാധ്യമല്ലാതായിരിക്കുന്നു. കരാറുണ്ടാക്കിയെങ്കിലും പാക്കിസ്ഥാനും യമനും തുർക്കിയുമൊന്നും അതിലിടപെടുന്നതു നമ്മൾ കാണുന്നില്ല. അതുപോലെ കുർദ് മലേഷ്യൻസ് കാലങ്ങളായി തുർക്കിയിൽ ആക്രമണം നടത്തിവരുമ്പോൾ പാക്കിസ്ഥാനോ സൗദിയോ എന്തുകൊണ്ട് ഇടപെടുന്നില്ല? ഇതിനു പലകാരണങ്ങളുമുണ്ട്.
ഏതെങ്കിലുമൊരു രാജ്യത്തെ വിദൂരമായിരുന്നുകൊണ്ട് ആക്രമിച്ചു കീഴടക്കാൻ ഇന്നു പ്രയാസമാണ്. അമേരിക്ക-ഇറാൻ യുദ്ധം അതിനുദാഹരണമാണ്. സ്വന്തം രാജ്യത്തിന്റെ ഭൂമിശാസ്ത്രം വിദഗ്ധമായി ഉപയോഗിക്കുന്ന ഇറാനെയാണ് ഈ യുദ്ധത്തിൽ നമ്മൾ കാണുന്നത്. അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും വലിയ നഷ്ടങ്ങളുണ്ടാവുമ്പോൾ ഇറാന് അമേരിക്ക ഉണ്ടാക്കുന്ന നഷ്ടം വളരെ ചെറുതാണ്. കരമാർഗമോ കടൽമാർഗമോ വ്യോമമാർഗമോ ആയാലും മാസങ്ങൾ എടുത്തിട്ടുപോലും ഇറാനെ തകർക്കാൻ അമേരിക്കൻ സൈന്യത്തിനു കഴിയുന്നില്ല. ഇപ്പോൾ യുദ്ധം അമേരിക്കയുടെ മാത്രം കാര്യമായി ചുരുങ്ങിപ്പോയിരിക്കുന്നു. ഇതുതന്നെയാണ് ഏഴായിരം പട്ടാളക്കാരെ കരാറിന്റെയടിസ്ഥാനത്തിൽ സൗദിയുടെ സഹായത്തിനയച്ച പാക്കിസ്ഥാന്റെയും അവസ്ഥ. അവർ അവിടെയെത്തി തമ്പടിച്ചു കഴിയുന്നതേയുള്ളൂ. യുദ്ധം നടന്നുകഴിഞ്ഞയിടത്തിൽ സുഹൃദ് രാജ്യങ്ങൾക്കിടപെടുന്നതിന് അന്താരാഷ്ട്ര ഉമ്പടിപ്രകാരം ചില പരിമിതികളുണ്ട്.
മറ്റു കാരണങ്ങൾ നോക്കുകയാണെങ്കിൽ സുഹൃദ് രാജ്യത്തിലേക്ക് സൈന്യത്തെ അയയ്ക്കുന്നതിനു വരുന്ന ചെലവ്, സൈനികന്റെ മരണമുൾപ്പടെയുണ്ടാകുന്ന നഷ്ടം, അവരുടെ കുടുംബാംഗങ്ങളോട് രാജ്യം എന്താണ് പറയുക എന്ന ആശയക്കുഴപ്പം, സൈന്യത്തിനു നല്‍കേണ്ട ആയുധങ്ങൾക്കും ബോംബുകൾക്കും മിസൈലുകൾക്കും മറ്റും വരുന്ന ചെലവ് തുടങ്ങിയ കാര്യങ്ങൾക്ക് പാക്കിസ്ഥാനെപ്പോലെ ഒരു രാജ്യത്തിനു പണമെവിടെനിന്നാണു ലഭിക്കുക? ഇറാനെതിരേ യുദ്ധംചെയ്ത് അമേരിക്കയുടെ ആയുധശേഖരം തീർന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. പുതിയ ആയുധങ്ങൾ നിർമിച്ചെടുക്കാൻ കാലം പിടിക്കും. അപ്പോഴാണ് ഒരു കരാറിന്റെ പിൻബലത്തിൽ പാക്കിസ്ഥാൻ യുദ്ധം ചെയ്യുമെന്ന് നമ്മൾ ആശങ്കപ്പെടുന്നത്.
ഇറാനും സൗദിയും തമ്മിലുള്ള യുദ്ധത്തിലോ ഇറാനും ഹൂതികളും തമ്മിലുള്ള യുദ്ധത്തിലോ എന്തു കരാറുണ്ടാക്കിയാലും പാക്കിസ്ഥാന് ഇടപെടാൻ കഴിയില്ല എന്നർഥം. അഥവാ യുദ്ധം ചെയ്താൽ പിന്നെയത് ഇറാനും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധമായിത്തീരും. അതായത് ഗൾഫ് ആക്രമണത്തോടൊപ്പം പാക്കിസ്ഥാനെയും ആക്രമിക്കുമെന്നു സാരം. ഹൂതികളുടെ ആക്രമണവും പാക്കിസ്ഥാൻ നേരിടേണ്ടിവരും. അവരെ രക്ഷിക്കാൻ സൗദിക്കോ തുർക്കിക്കോ സാധിക്കില്ല.
ഇത്തരം അർഥശൂന്യമായ കരാറുകൾകൊണ്ടു നമുക്കു ഭയപ്പെടാൻ ഒന്നുമില്ല. ആരുമായി എന്തു കരാറുണ്ടാക്കിയാലും രാജ്യസുരക്ഷ പ്രധാനമായും സ്വന്തം നിലയ്ക്കുതന്നെ വേണ്ടിവരും. നാറ്റോ കരാറുകൊണ്ട് അമേരിക്കയ്ക്ക് എന്തു ഗുണമുണ്ടായി? യുക്രെയ്ൻ-റഷ്യൻ യുദ്ധത്തിലും നമ്മളതു കാണുന്നു. ചങ്ങാത്തവും കരാറുമൊക്കെയുണ്ടെങ്കിലും യുക്രെയ്നിനെ സഹായിക്കാൻ അമേരിക്കയ്ക്കോ റഷ്യയെ സഹായിക്കാൻ ചൈനയ്ക്കോ സാധിക്കുന്നില്ല. ഇറാൻ-അമേരിക്ക യുദ്ധം ഇപ്പോൾ അവരുടെ മാത്രം വിജയമോ പരാജയമോ ആയി മാറിയത് അങ്ങനെയാണ്.
അതിനാൽ ഇത്തരം കരാറുകളെ ശ്രദ്ധിക്കാതെ നമ്മൾ നമ്മുടെ സൈനിക ബലം വർധിപ്പിക്കാനുതകുന്ന കാര്യങ്ങളുമായി സാധാരണഗതിയിൽ മുന്നോട്ടുപോയാൽ മാത്രം മതിയാകും.
Leader Page
കഴിഞ്ഞ 40 വർഷമായി ഞാൻ ദീപിക ദിനപത്രം വായിക്കുന്നു. വിദ്യാർഥിയായിരിക്കുന്പോഴും അധ്യാപകനായിരിക്കുന്പോഴും ദിശാബോധം ജനിപ്പിച്ച ധ്രുവനക്ഷത്രമായിരുന്നു എനിക്ക് ദീപിക.
സാമൂഹിക പ്രസക്തിയാണ് ഈ പത്രത്തിന്റെ പ്രാണൻ. ജീവിതോത്കർഷത്തിനുതകുന്ന മൂല്യങ്ങളുടെ മുഴക്കം പത്രത്താളുകളിൽ കേൾക്കാം. മതേതരത്വം, സ്വാതന്ത്ര്യം, മാനവികത എന്നിവയുടെ അടിത്തറയിലാണ് മുഖപ്രസംഗങ്ങൾ പടുത്തുയർത്തുന്നത്.
ദേശീയവും പ്രാദേശികവുമായ വിഷയങ്ങൾ പ്രതിപാദിക്കുന്പോഴും വീശാല വീക്ഷണം എന്ന പാത ഉപേക്ഷിക്കാറില്ല. തനതു വ്യക്തിത്വമുള്ള മുഖപ്രസംഗങ്ങൾ ചടുലകാന്തി പ്രസരിപ്പിക്കുന്നു.
ദീപികയുടെ പ്രായവും പ്രായത്തിനൊത്ത സമചിത്തതയും ആദരവ് അർഹിക്കുന്നു. ദീപികയ്ക്ക് ദീർഘായുസ് ആശംസിക്കുന്നു.
-ആർ. വിജയകുമാർ (റിട്ട. അധ്യാപകൻ, തിരുവനന്തപുരം കോ-ഓപറേറ്റീവ് ആർട്സ് & സയൻസ് കോളജ്)
Leader Page
കേരളത്തിൽ യുഡിഎഫ് സർക്കാർ രണ്ടാം ഭൂപരിഷ്കരണ ബിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടണ്ട്. ഇതിൽ ആദിവാസി ഗോത്ര മഹാസഭ ഉൾപ്പെടെ പല ആശങ്കകളും ഇതിനോടകം പറഞ്ഞിട്ടുമുണ്ട്. ഒന്നാം ഭൂപരിഷ്കരണത്തിന് പതിറ്റാണ്ടുകളുടെ ചരിത്രം തന്നെയുണ്ട്. ആരാണ് ശരിക്കും ബില്ല് കൊണ്ടുവന്നത് എന്ന തർക്കവും വിവാദവും കൂടെയുണ്ട്.
1957ലെ ഇഎംഎസ് മന്ത്രിസഭയിലെ റവന്യു മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മ സമഗ്രമായ ഭൂപഷ്കരണ ബിൽ അവതരിപ്പിച്ചു.1957 ഡിസംബറിൽ കേരള അഗ്രേറിയൻ റിലേഷൻസ് അവതരിപ്പിച്ചു. 1959 ജൂണ്‍ പത്തിന് നിയമസഭ ബിൽ പാസാക്കി. മന്ത്രിസഭ കാലാവധി പൂർത്തീകരിക്കാതെ പിരിച്ചുവിട്ടതുകൊണ്ട് വീണ്ടും അനിശ്ചിതത്വമായി. 1960-64 കാലയളവിൽ തുടർ ബില്ലുകൾ ഗൗരിയമ്മതന്നെ അവതരിപ്പിച്ചു.
1964ൽ കേരള അഗ്രേറിയൻ റിലേഷൻസ് ആക്ട് നിലവിൽവന്നു. 1963ൽ കേരള ലാൻഡ് റിഫോംസ് ആക്ട് വന്നതോടെ ഭൂപരിഷ്കരണത്തിന് ന്യായമായ രൂപമായി. കുടിയാന്റെ അവകാശം, ന്യായമായ പാട്ടം, ഭൂമിയുടെ കൈവശ പരിധി സർക്കാർ ഏറ്റെടുക്കുന്ന മിച്ചഭൂമി എന്നിവയ്ക്ക് നിയമപരിരക്ഷ ലഭിക്കും. 1967ൽ വീണ്ടും ഗൗരിയമ്മ ലാൻഡ് റിഫോസ് ബിൽ അവതരിപ്പിച്ചു. 35-ാം ഭേദഗതിയും നിലവിൽ വന്നപ്പോൾ നിയമം കൂടുതൽ വ്യാപകമായി. 1970 ജനുവരി ഒന്നിന് അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്താണ് ഇത് പ്രാബല്യത്തിൽ വന്നത്.
പരിമിതികളും വിവേചനങ്ങളും
ഒന്നാം ഭൂപരിഷ്കരണം അനുസരിച്ച് തോട്ടവിളകൾക്കും കൃഷി ഭൂമിക്കും വ്യത്യസ്തതോതിലുള്ള കൈവശവകാശമാണ് നൽകിയത്. അന്നത്തെ ഭൂപരിഷ്കരണ വിവാദം ഇന്നും തീർന്നിട്ടില്ല. പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്തിരുന്ന കുടിയാന്മാരായ കർഷർക്ക് ഭൂമി ലഭിച്ചപ്പോൾ മണ്ണിൽ പണിയെടുത്തിരുന്ന ദളിത് വിഭാഗത്തിനും പട്ടികജാതി പട്ടികവർഗക്കാർക്കും ഭൂമി ലഭിച്ചില്ല. തീരദേശവാസികൾ, മലയോര കർഷകർ എന്നിവർക്കും പരിഗണന ലഭിച്ചില്ല.
പല ജന്മിമാരും ഇളവുകൾ ലഭിക്കാൻ പ്ലാന്റേഷൻ ഭൂമിയെന്ന നിലയിൽ പല ഭൂമിയെയും മാറ്റി. കൃഷിഭൂമി കർഷകർക്ക് എന്ന മുദ്രാവാക്യത്തിന് പകരം കൃഷിഭൂമി കർഷകന് കൃഷിക്ക് എന്ന് വേണമായിരുന്നു. പകരം സംഭവിച്ചത് മറ്റൊന്ന്. യാഥാർഥ കർഷകർക്ക് ഭൂമി ലഭിക്കാതെ അവർ കോളനികളിലും മറ്റും മാറ്റപ്പെട്ടു. ലക്ഷം വീട് പദ്ധതിയൊക്കെ വന്നപ്പോൾ ശരിക്കും എല്ലാ ജാതികളിലെയും പാവപ്പെട്ടവരും കർഷകരും മുഖ്യധാരയിൽനിന്ന് അകറ്റപ്പെട്ടു.
മലയോര കർഷകർ ഇന്നും പട്ടയം കിട്ടാതെ വലയുന്നു. തീരദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ഭൂമി കൃത്യമായി നൽകിയില്ല. കൃഷിഭൂമി കർഷകർക്ക് എന്ന് പറഞ്ഞപ്പോൾ കർഷക തൊഴിലാളികൾ എന്നൊരു വിഭാഗം കൂടി രൂപപ്പെട്ടു. പിന്നീട് കർഷകർ കുറേ സന്പന്നരായപ്പോൾ തൊഴിലാളികൾ കെട്ടിടനിർമാണം ഉൾപ്പെടെയുള്ള മറ്റു തൊഴിലുകളിലേക്ക് മാറി. കൃഷിക്ക് ആളെ കിട്ടാതായി. കൃഷി പലപ്പോഴും നഷ്ടമായി. വിദേശ മലയാളികളുടെ സന്പാദ്യം കൂടുതലും പോയത് കെട്ടിട നിർമാണത്തിലും വാഹനങ്ങൾ വാങ്ങലിലുമാണ്.
പുതിയ നിയമം
1980കളിൽ 8.5 ലക്ഷം ഹെക്ടർ വയൽ ഉണ്ടായിരുന്നത് കുറഞ്ഞുവെന്ന് ഇപ്പോൾ രണ്ട് ലക്ഷം ഹെക്ടറിന് താഴെ മാത്രമായി മാറി. ഇന്നിപ്പോൾ കൃഷി ആകർഷകമായ ഒരു തൊഴിൽ അല്ല എന്നതാണ് യാഥാർഥ്യം. ഒന്നാം ഭൂപരിഷ്കരണത്തിന്റെ പ്രശ്നങ്ങൾ അതുപോലെ നിലനിൽക്കുന്പോഴാണ് രണ്ടാം ഭൂപരിഷ്കരണ ബിൽ വരുന്നത്. കൃഷിഭൂമി തരിശിടാതെ പരമാവധി കൃഷിക്കുവേണ്ടിത്തന്നെ ഉപയോഗിക്കണമെന്നും വ്യവസായ ആവശ്യങ്ങൾക്ക് ഭൂമി ലഭ്യമാക്കണമെന്നുമുള്ള വാദവും ശക്തമാണ്. വ്യവസായ സംരംഭങ്ങൾ കൂടുതലും വരുന്നത് സ്വാഭാവികമായും സ്വകാര്യ മേഖലയിലായിരിക്കും.
രണ്ടാം ബിൽ വരുന്പോൾ ഭൂമിയുടെ അവകാശം കൂടുതൽ കുത്തകകൾക്ക് പോകരുത് എന്ന ആവശ്യവും ഉയർന്നുവന്നിട്ടുണ്ട്. എന്തായാലും ഫലഭുയിഷ്ടമായ കൃഷിഭൂമി തുണ്ടുവത്കരിച്ച് കൃഷി ചെയ്യാതെ വെറുതേ ഇടുന്നത് ഗൗരവമായ കാര്യമാണ്. ചൈന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ കൃഷിഭൂമി കൈവശം വയ്ക്കുന്നവർ നിർബന്ധമായും സ്വന്തമായോ ആളെ വച്ചോ കൃഷി ചെയ്യണം. അല്ലെങ്കിൽ കൈവശാവകാശം നിലനിർത്തിത്തന്നെ സർക്കാർ പാട്ട കൃഷികൾക്ക് ഉൾപ്പെടെ കൊടുക്കും. ലാഭത്തിന്റെ ഒരുവിധം ഉടമയ്ക്ക് ലഭിക്കും. പലതരം മാതൃകകൾ ഉണ്ട്. എന്തായാലും കൃഷിഭൂമി വെറുതേ ഇടാൻ പറ്റില്ല. ഇത്തരം കാര്യങ്ങളൊക്കെ രണ്ടാം ബില്ലിൽ ഉണ്ടാകണം.
ശാസ്ത്രീയ ഭൂവിനിയോഗം
കൃഷി ഭൂമിയും വാസസ്ഥലവും തമ്മിൽ വേർതിരിക്കണം. കെട്ടിടത്തിന് ചുറ്റും ഇടാവുന്ന സ്ഥലത്തിന് പരിധി നിശ്ചയിക്കണം. ബാക്കി ഭൂമിയിലെ കൃഷി സാധ്യത സാഹചര്യമനുസരിച്ച് പരിശോധിക്കണം.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിലവിലുള്ള പഞ്ചായത്ത് തല വിഭവ ഭൂപടത്തിലെ ഭൂവിനിയോഗ ഭൂപടം കാലാനുസൃതമായി പുതുക്കണം. 1:40 മീറ്റർ എന്ന തോതിലുള്ള വില്ലേജ് മാപ്പുകളിലും കഡസ്ട്രൽ ഭൂപടങ്ങളിലും ഭൂവിനിയോഗ ഭൂപടം തയാറാക്കി വിജ്ഞാപനം ചെയ്യണം.
സംസ്ഥാന ഭൂവിനിയോഗ ബോർഡ്, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ്, പരിസ്ഥിതി വകുപ്പ്, ജല വിഭവ വകുപ്പ്, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ഓരോ മേഖലയ്ക്കുമാവശ്യമായ ഭൂവിനിയോഗ സൂചികയും കോഡും വികസിപ്പിക്കണം.
തീരപ്രദേശം മുതൽ മലനാട് വരെ ഒരേ കാർഷിക രീതിയും വിളകളും ഒഴിവാക്കി ഓരോ ആവാസ വ്യവസ്ഥയ്ക്ക് ഭൂപ്രകൃതിക്ക് പറ്റിയവ മാത്രം കൃഷി ചെയ്യണം എന്ന നിയമം ആവശ്യമാണ്. കെട്ടിട നിർമാണ ഡിസൈൻ, പാറ്റേണ്‍, വലുപ്പം, മെറ്റീരിയൽ എന്നിവയ്ക്ക് പ്രത്യേക രീതി വികസിപ്പിക്കണം.
Leader Page
സംശുദ്ധ പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃകയായി നിലകൊള്ളുന്ന ദീപിക 140 ദീപ്തവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അഭിമാനിക്കാന്‍ ഏറെ കാര്യങ്ങളുണ്ട്. ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് തുടങ്ങിയതാണ് ദീപികയുമായുള്ള ബന്ധം.
ദീപികയ്ക്കൊപ്പം ഡിസിഎല്‍ പുത്തന്‍ തലമുറയ്ക്ക് നല്കുന്ന ദിശാബോധം മറക്കാനാവില്ല. ദീപിക ഫ്രണ്ട്സ് ക്ലബ്ബിലൂടെ ജനങ്ങളുമായുള്ള സൗഹൃദം ഇന്നും ഊട്ടിയുറപ്പിക്കുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ആത്മീയ രംഗങ്ങളില്‍ നിരവധിപ്പേര്‍ ദീപികയിലൂടെ ഊര്‍ജം സ്വീകരിച്ച് നേതൃനിരയിലേക്ക് വളര്‍ന്നുവന്നിട്ടുണ്ട്.
ശബ്ദമില്ലാത്തവര്‍ക്കുവേണ്ടി ശബ്ദിക്കുന്ന ദീപികയുടെ ശബ്ദം ഇനിയും മലയാളക്കരയില്‍ മുഴങ്ങട്ടെ; എല്ലാ ഭാവുകങ്ങളും.
-കുരുവിള ജേക്കബ് റിട്ട. ലൈബ്രേറിയന്‍ സെന്റ് ജോസഫ്സ് കോളജ്, മൂലമറ്റം
Leader Page
നിവിൻ പോളി നായകനായ ‘സർവ്വം മായ’ കണ്ട് തിയറ്റർ വിട്ടിറങ്ങുമ്പോൾ ഒരു ചോദ്യം ബാക്കിയാകും: ആരാണ് സിനിമയിലെ ആ ‘ഡെലൂലു’? കേവലം നായകന്റെ ചിത്തഭ്രമമോ, അതോ ഗതികിട്ടാത്ത ആത്മാവോ? ഈ സങ്കീർണമായ ചോദ്യത്തിനുള്ള ഉത്തരത്തിനായി സിനിമയുടെ അന്ത്യത്തിൽനിന്ന് നാം വീണ്ടും ടൈറ്റിൽ സോങ്ങിലേക്ക് മടങ്ങിയെത്തേണ്ടിവരുന്നു. 1980ൽ പുറത്തിറങ്ങിയ എയർ ഹോസ്റ്റസ് എന്ന സിനിമയിലെ ‘ഒന്നാനാം കുന്നുമ്മേൽ’ എന്ന ഗാനമാണ് ഇവിടെ ടൈറ്റിൽ സോങ്ങായി ഉപയോഗിച്ചിരിക്കുന്നത്:
“കാവേരി തീരത്തോ കാട്ടരുവിയോരത്തോ, ആരാരോ സ്വപ്നംകൊണ്ടൊരു കളിവീടുണ്ടാക്കി...”
എയർ ഹോസ്റ്റസ് എന്ന സിനിമയിൽ ഭാര്യയും ഭർത്താവും കുട്ടികളും ചേർന്ന ഒരു സാധാരണ കുടുംബജീവിതത്തിന്റെ സന്തോഷവും സ്വപ്നവുമാണ് ഈ ഗാനം ആവിഷ്കരിച്ചത്. എന്നാൽ ‘സർവ്വം മായ’യിൽ എത്തുമ്പോൾ അതേ വരികൾക്ക് തികച്ചും വ്യത്യസ്തമായ ഒരു അർഥം കൈവരുന്നു. ഇവിടെ സംഭവിക്കുന്നത് കേവലം പഴയൊരു പാട്ടിന്റെ പുനരുപയോഗമല്ല. ഭൂതകാലത്തിലെ സംഗീതം ഉപയോഗപ്പെടുത്തി പുതിയ കാലത്തിന്റെ അർഥം വ്യാഖ്യാനിക്കുന്നു. വർത്തമാനകാലം ഭൂതകാലത്തെ ഓർക്കുക മാത്രമല്ല, ഭൂതകാലത്തെ ഉപയോഗിച്ച് സ്വന്തം അർഥങ്ങളെ വായിക്കുകയും നിർമിക്കുകയും ചെയ്യുന്നു.
കല്യാണി പ്രിയദർശൻ പ്രധാന റോളിലെത്തുന്ന ‘ലോക’യിൽ നായികയായ ചന്ദ്ര കടന്നുവരുന്ന ഭാഗത്ത് എൺപതുകളിലെ കിളിയേ കിളിയേ എന്ന ഗാനം ഉപയോഗിക്കുന്നത് കേവലം ആ രംഗത്തിന് മോടി കൂട്ടാൻ മാത്രമാണോ? “ഉയരങ്ങളിലൂടെ പലനാടുകൾ തേടി ഒരു കിന്നാരം മൂളും...” എന്ന ശീലുകൾ യക്ഷിക്കും പക്ഷിക്കും ഒരുപോലെ ഇണങ്ങുന്നില്ലേ?
സൂചകമായി പുതിയ അർഥബന്ധം സ്ഥാപിക്കുന്നു. പഴയത് റീമിക്സായും പുനരുപയോഗമായും സിനിമയിൽ ഉപയോഗിക്കുന്നത് പഴയ അർഥത്തെ നിലനിർത്താനല്ല പുതിയ കാലത്തിനനുസരിച്ച് അതിനെ പരിഷ്കരിക്കാനാണ്. ‘മഞ്ഞുമ്മൽ ബോയ്സി’ൽ എൺപതുകളിലെ ഗുണ സിനിമയിലെ “കൺമണി അൻപോട് കാതലൻ...” എന്ന പ്രണയഗാനം, അതിന്റെ സർവതീവ്രതയോടുംകൂടി അതിജീവനത്തിന്റെയും സൗഹൃദത്തിന്റെയും ഗാനമായി പരിണമിച്ചു. ഭരതന്റെ പ്രണയചാരുത ദൃശ്യമായും ശ്രാവ്യമായും നിറഞ്ഞൊഴുകിയ ദേവരാഗത്തിലെ ഗാനം പ്രേമലുവിൽ പുതിയൊരു ദൃശ്യഭാഷയിൽ കണ്ടു. ‘ന്നാ താൻ കേസുകൊട്’ എന്ന ചിത്രത്തിലും 80കളിലെ ഭരതന്റെ ‘കാതോടു കാതോരത്തിലെ’ “ദേവദൂതർ പാടി...” എന്ന ഗാനം വ്യത്യസ്തമായ ഭാവത്തിൽ കാണുന്നു.
‘ബത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിൽ, എൺപതുകളിൽ പുറത്തിറങ്ങാതെപോയ അന്ന എന്ന സിനിമയിലെ “യവനകഥയിലെ...” എന്ന ഗാനം പശ്ചാത്തലമായി കടന്നുവരുന്നത് തികച്ചും സവിശേഷമായ ഒരു കാലനിർമിതിക്കുവേണ്ടിയാണ്. സമകാലികമായ പ്രണയസങ്കൽപങ്ങളിൽനിന്നു മാറി, എൺപതുകളിലെ കാല്പനികവും നിഷ്കളങ്കവുമായ പ്രണയഭാവങ്ങളെയാണ് ചിത്രം അടയാളപ്പെടുത്തുന്നത്. സംഗീതത്തിന് ഭൗതികമായ സ്പർശമുണ്ടായിരുന്ന അനലോഗ് കാസറ്റ് കാലത്തിന്റെ സാംസ്കാരിക സ്മൃതികളെ ഉണർത്തുകവഴി, സിനിമ എൺപതുകളുടെ വൈകാരിക ഭൂമിക രൂപപ്പെടുത്തുന്നു. മുണ്ടക്കയത്തെ എൺപതുകളുടെ ഭാവമുള്ള വീടും പരിസരങ്ങളും ശ്രാവ്യപശ്ചാത്തലത്തോട് ഇഴചേരുമ്പോൾ, എൺപതുകൾ എന്നത് കേവലമൊരു നൊസ്റ്റാൾജിയയിലൊതുങ്ങാതെ ചലച്ചിത്രാഖ്യാനത്തെ നിർണയിക്കുന്ന കൃത്യമായ ഒരു സ്ഥല-കാല സൂചകമായി മാറുകയാണ്.
എൺപതുകളുടെ മായികലോകം
ചലച്ചിത്രങ്ങളും ഗാനങ്ങളും അടുത്തിടെ തരംഗമായ സുകുമാരകുറുപ്പുമെല്ലാം ചേർന്ന് എൺപതുകളുടെ മായികലോകംതന്നെ നിർമിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും പുതിയ പതിപ്പാണ് എൺപതുകളുടെ പോർട്രെയ്റ്റ്. എഐ പോർട്രെയ്റ്റുകളിലൂടെ എൺപതുകളിലെ വിന്റേജ് സൗന്ദര്യത്തിലേക്ക് സഞ്ചരിക്കാത്തവരായി ഇന്ന് സമൂഹമാധ്യമങ്ങളിൽ ആരുമുണ്ടാകില്ല. താരങ്ങൾ മുതൽ സാധാരണക്കാർ വരെ ഈ ‘റെട്രോ-പോർട്രെയിറ്റ്’ ട്രെൻഡിന്റെ ഭാഗമായിക്കഴിഞ്ഞു. ഇതൊരു വെറും ഡിജിറ്റൽ ട്രെൻഡ് മാത്രമല്ല; എൺപതുകളെന്ന കാലഘട്ടത്തോടും അന്നത്തെ സാംസ്കാരിക പശ്ചാത്തലത്തോടുമുള്ള ഇന്നത്തെ സമൂഹത്തിന്റെ കടുത്ത ആരാധനകൂടിയാണിത്. സിനിമകൾ പഴയ പാട്ടുകളെയും ദൃശ്യങ്ങളെയും പുതിയ അർഥത്തിൽ പുനരാവിഷ്കരിക്കുന്നതുപോലെ തന്നെയാണിത്. ഗൃഹാതുരത്വവും ഫാന്റസിയും സമന്വയിപ്പിച്ച്, എൺപതുകളുടെ സൗന്ദര്യത്തെ സ്വന്തം വ്യക്തിത്വത്തോട് ചേർത്തുപിടിക്കാനുള്ള പുതിയ കാലത്തിന്റെ ശ്രമമായാണ് ഈ ചിത്രങ്ങളെ നമ്മൾ കാണേണ്ടത്.
ഫിലിം കാമറകളുടെ വിന്റേജ് ഫീലിന് പോക്കുവെയിൽ നിറവും, നേർത്ത തരികളും, സോഫ്റ്റ് ഫോക്കസ് ഫ്രെയിമിന്റെ വശങ്ങളിലേക്ക് നിറം മങ്ങിപ്പോകുന്ന രീതി, പശ്ചാത്തലത്തിൽ ബജാജ് സ്കൂട്ടർ, അംബാസഡർ കാർ, സ്റ്റുഡിയോ കർട്ടനുകൾ വസ്ത്രധാരണവും പഴയകാല ഹെയർസ്റ്റൈലുകളും സിനിമാതാരങ്ങളുടെ ശരീരപ്രകൃതിയും ചേർന്ന് 80കളിലെത്തുന്നു. എൺപതുകളിലെ സിനിമാതാരങ്ങളും അവരുടെ ഫാഷനും ചലച്ചിത്രപശ്ചാത്തലങ്ങളും എഐ ടൂളുകൾ സൂക്ഷ്മായി പഠിച്ചു നിർമിച്ചതാണ് നാം കാണുന്ന എൺപതുകൾ. വ്യത്യസ്തമാണെന്ന് തോന്നുമെങ്കിലും അന്തരികമായി കൗതുകകരമായ സമാനതയാണ് റെട്രോ പോർട്രെയ്റ്റുകളുടെ പ്രത്യേകത.
ഉത്തരാധുനിക സാംസ്കാരിക വിമർശനത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ‘പാസ്റ്റിഷ്’ (Pastiche) എന്ന ആശയത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് മേൽപറഞ്ഞ പ്രവണതകൾ. ചരിത്രപരമായ ആഴങ്ങളോ, അന്നത്തെ കാലത്തെ രാഷ്ട്രീയ-സാമൂഹിക യാഥാർഥ്യങ്ങളോ ഇല്ലാതെ, ഭൂതകാലത്തിന്റെ ശൈലികളെയും ദൃശ്യങ്ങളെയും (ഹെയർസ്റ്റൈൽ, വസ്ത്രധാരണം, ഫോട്ടോയിലെ കളർ ടോൺ) കേവലം ഉപരിപ്ലവമായി അനുകരിക്കുന്ന ശൈലിയാണ് പാസ്റ്റിഷ്. എൺപതുകളുടെ ഫാഷൻ തരംഗവും ഉടനെ പ്രതീക്ഷിക്കാം. വിപണി അതിനുള്ള തയാറെടുപ്പിലാണ്.
Leader Page
മാധ്യമരംഗത്ത് കൃത്യതയുടെ നേർരേഖ വരച്ച ദിനപത്രമാണ് ദീപിക. സത്യസന്ധമായ നിലപാടുകളിലൂടെ ആർക്കും പക്ഷംപിടിക്കാത്ത, നീതിയുക്തമായ വാർത്തകളാണ് ദീപികയെ എന്നും വ്യത്യസ്തമാക്കിയത്.
പാർശ്വവത്കരിക്കപ്പെട്ടവരോടും നീതി നിഷേധിക്കപ്പെട്ടവരോടും ഒപ്പം നിൽക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും തൂലിക ചലിപ്പിച്ച മഹത്തായ പാരമ്പര്യമാണ് ദീപികയ്ക്കുള്ളത്.
ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് കുതിക്കാനും നന്മയുടെയും സത്യത്തിന്റെയും ശബ്ദമായി വായനക്കാരുടെ ഹൃദയങ്ങളിൽ എന്നും നിലനിൽക്കാനും ദീപികയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാ മാധ്യമപ്രവർത്തകർക്കും ജീവനക്കാർക്കും കഴിയട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുന്നു.
-ബിനു ഡൊമിനിക് നടുവിലേഴം (ജനറൽ സെക്രട്ടറി, കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത)
Leader Page
ദേശീയ പോഷകാഹാര മാസമാണ് സെപ്റ്റംബർ. ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ച് അവബോധം വളർത്തുകയാണ് പോഷകാഹാര മാസാചരണത്തിന്റെ ലക്ഷ്യം.
പോഷകാഹാരത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഭൂരിഭാഗം ആളുകളുടെയും ശ്രദ്ധ പ്രോട്ടീന്റെ അളവിലും കലോറി കണക്കുകളിലുമാണ്. എന്നാൽ, കലോറിയും പ്രോട്ടീനും മാത്രം നോക്കുന്ന ഈ നെട്ടോട്ടത്തിനിടയിൽ അവഗണിക്കുന്ന, എന്നാൽ ആരോഗ്യകരമായ ജീവിതരീതിക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ് ഫൈബർ. ദിവസേനയുള്ള ഭക്ഷണത്തിൽ ആവശ്യത്തിന് ഫൈബർ അടങ്ങിയിട്ടുണ്ടോയെന്ന് നാം ഉറപ്പാക്കണം.
എന്തുകൊണ്ട് ഫൈബർ?
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: ഫൈബർ അടങ്ങിയ ഭക്ഷണം സാവധാനമേ ദഹിക്കൂ. ഇത് രക്തത്തിലേക്ക് ഗ്ലൂക്കോസ് പെട്ടെന്ന് കലരുന്നത് തടയുകയും പ്രമേഹം നിയന്ത്രണവിധേയമാക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നു: ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ലയിക്കുന്ന ഫൈബറുകൾ സഹായിക്കുന്നു, ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു.
ശരീരഭാരം ക്രമീകരിക്കാൻ സഹായിക്കുന്നു: ഫൈബറുള്ള ഭക്ഷണം കഴിക്കുമ്പോൾ വയർ പെട്ടെന്ന് നിറഞ്ഞതായി തോന്നും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം കുറയ്ക്കുകയും തടി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വൻകുടൽ കാൻസർ സാധ്യത കുറയ്ക്കുന്നു: കുടലിലെ വിഷാംശങ്ങളെ പെട്ടെന്ന് പുറന്തള്ളാനും ഉപകാരികളായ ബാക്ടീരിയകളുടെ അളവ് വർധിപ്പിക്കാനും സഹായിക്കുന്നതിലൂടെ വൻകുടൽ കാൻസർ തടയുന്നു. വൻകുടൽ കാൻസർ തടയുന്നതിൽ ഫൈബറിനുള്ള പങ്ക് പ്രശസ്ത ശാസ്ത്രീയ ജേണലുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ വ്യക്തമാക്കുന്നത്, പ്രതിദിനം 10 ഗ്രാം ഫൈബർ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ വൻകുടൽ കാൻസർ വരാനുള്ള സാധ്യത 10 ശതമാനം മുതൽ 12 ശതമാനം വരെ കുറയുമെന്നാണ്. കൂടാതെ, തവിടു കളയാത്ത ധാന്യങ്ങൾ കൃത്യമായി കഴിക്കുന്നത് ഈ അപകടസാധ്യത 17 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കാൻസർ റിസർച്ച് പറയുന്നു.
മറ്റ് ദഹനവ്യവസ്ഥാ രോഗങ്ങൾക്കുള്ള പരിഹാരം: കാൻസറിന് പുറമേ, മറ്റ് ഗുരുതരമായ ദഹനവ്യവസ്ഥാ രോഗങ്ങളെ തടയാനും ഫൈബർ അത്യാവശ്യമാണ്.
ഡൈവേർട്ടിക്യുലൈറ്റിസ്: വൻകുടലിന്റെ ഭിത്തികളിലെ വീക്കം തടയാൻ ഫൈബർ സഹായിക്കുന്നു. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ നുട്രീഷന്റെ പഠനപ്രകാരം ഉയർന്ന അളവിൽ ഫൈബർ കഴിക്കുന്നവരിൽ ഈ രോഗസാധ്യത 25 ശതമാനം മുതൽ 40 ശതമാനം വരെ കുറവാണ്.
ഐബിഎസും അൾസറും: പഴങ്ങളിലും ധാന്യങ്ങളിലും അടങ്ങിയിരിക്കുന്ന ലയിക്കുന്ന ഫൈബറുകൾ കുടലിലെ വീക്കങ്ങളും ആമാശയത്തിലെ അസ്വസ്ഥതകളും കുറയ്ക്കുന്നു.
മലബന്ധവും പൈൽസും: നാരുകൾ മലത്തിന് മൃദുത്വം നൽകുകയും ദഹനം സുഗമമാക്കുക വഴി മലബന്ധവും പൈൽസും പൂർണമായി തടയുകയും ചെയ്യുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരു മുതിർന്ന വ്യക്തി ദിവസം 25 മുതൽ 30 ഗ്രാം വരെ ഫൈബർ കഴിക്കേണ്ടതുണ്ട്. എന്നാൽ, നമ്മളിൽ ഭൂരിഭാഗവും ഇതിന്റെ പകുതി പോലും കഴിക്കുന്നില്ല. തവിടു കളയാത്ത ധാന്യങ്ങളും നാടൻ പച്ചക്കറികളും ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കേവലം കലോറി അളക്കുന്നതിന് അപ്പുറം, നിങ്ങളുടെ പ്ലേറ്റിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക. വെള്ളയരിക്ക് പകരം തവിടുള്ള ചുവന്ന കുത്തരി, മട്ടയരി, തവിടുള്ള ഗോതമ്പ്, ചെറുധാന്യങ്ങളായ റാഗി, തിന എന്നിവയുൾപ്പെടുത്തുക.
ശ്രദ്ധിക്കുക: ഭക്ഷണത്തിൽ ഫൈബറിന്റെ അളവ് പെട്ടെന്ന് കൂട്ടുമ്പോൾ ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.
ആളുകൾക്ക് ബേക്കറി പലഹാരങ്ങളോടും സംസ്കരിച്ച ഭക്ഷണങ്ങളോടും വലിയ കമ്പമാണ്. കേക്കുകൾ, കുക്കീസുകൾ, ബിസ്കറ്റുകൾ, മറ്റ് മൈദ വിഭവങ്ങൾ എന്നിവയോടുള്ള പ്രിയമേറി വരികയും ആളുകൾ ഇത്തരം വിഭവങ്ങളെ അമിതമായി ആശ്രയിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച്, കുട്ടികളിൽ ഇത്തരം ബേക്കറി-കൺഫെക്ഷനറി പലഹാരങ്ങളുടെ ഉപയോഗം വളരെ കൂടുതലാണ്.
ഫൈബർ തീരെയില്ലാത്ത ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം വളരെ ചെറിയ പ്രായത്തിൽതന്നെ കുട്ടികളിൽ മലബന്ധവും മറ്റ് ദഹന അസ്വസ്ഥതകളും വ്യാപകമായി കണ്ടുവരുന്നു. മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ ഉണ്ടാകുന്ന വയറുവേദന, ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയ നിരവധി ദഹനവ്യവസ്ഥാ പ്രശ്നങ്ങൾക്കും ഇത്തരം ഭക്ഷണരീതി വഴിവയ്ക്കുന്നു.
പ്രതിദിന ഭക്ഷണക്രമത്തിൽ ഫൈബറിനും കൃത്യമായ പ്രാധാന്യം നൽകാൻ ശ്രദ്ധിക്കുക. ഇനിമുതൽ ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ പ്ലേറ്റിൽ ഉൾപ്പെടുത്താൻ മറക്കരുത്.
പ്രധാന ഫൈബർ സ്രോതസുകൾ
മട്ടയരി, റാഗി, വൻപയർ, കടല, ചേന, മധുരക്കിഴങ്ങ്, പേരയ്ക്ക, പപ്പായ, ചക്ക, വാഴപ്പിണ്ടി, വാഴക്കൂമ്പ്, മുരിങ്ങയില, എള്ള്.
ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ് വകുപ്പ് മേധാവി
സിഎംഎസ് കോളജ്, കോട്ടയം
Email: [email protected]