പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ ഡിസി: നിർബന്ധിത തൊഴിൽ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി വിവിധ രാജ്യങ്ങൾക്കുമേൽ യുഎസ് ഏർപ്പെടുത്തിയ തീരുവയിൽ, ഇന്ത്യ കുറഞ്ഞ സ്ലാബിൽ ഇടം നേടി.
നേരത്തെ ഇന്ത്യക്ക് 12.5 ശതമാനം തീരുവ ചുമത്താനാണു യുഎസ് തീരുമാനിച്ചതെങ്കിലും തൊഴിൽനയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളെയും ഇന്ത്യയുടെ വിദേശവ്യാപാര നയത്തിലെ ഭേദഗതികളെയും തുടർന്നാണ് നിരക്ക് കുറച്ചത്.
തീരുവയിലെ ഇളവിനെ ഇന്ത്യ സ്വാഗതം ചെയ്തു. യുഎസുമായുള്ള വിപുലമായ ഉഭയകക്ഷി വ്യാപാരക്കരാർ എത്രയും വേഗം യാഥാർഥ്യമാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വാണിജ്യമന്ത്രാലയം വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടാൻ ഈ തീരുമാനം സഹായിക്കുമെന്ന് വാണിജ്യമന്ത്രാലയ വക്താവ് വ്യക്തമാക്കി.
ഓഫീസ് ഓഫ് ദി യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് വ്യാഴാഴ്ച പുറത്തുവിട്ട ഉത്തരവുപ്രകാരം 60 രാജ്യങ്ങൾക്ക് മേലാണ് 10 മുതൽ12.5 ശതമാനം വരെ പുതിയ തീരുവ ചുമത്തിയിട്ടുള്ളത്. ഇതിൽ യുകെ, കാനഡ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, മെക്സിക്കോ എന്നിവയുൾപ്പടെ 17 രാജ്യങ്ങൾക്കാണ് 10 ശതമാനം തീരുവ ചുമത്തിയിട്ടുള്ളത്.
ചൈന, വിയറ്റ്നാം, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾക്ക് 12.5 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് യുഎസ് വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കൂടുതൽ മത്സരക്ഷമത നൽകുമെന്നാണു പ്രതീക്ഷിക്കുന്നത്.
Tags : US Tariffs India LowSlab ForcedLabor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash